മൂന്ന് വർഷത്തിനിടെ ഫൈസൽ പിടിച്ചത് നാലായിരത്തോളം പാമ്പുകളെ, രാജവെമ്പാല മാത്രം 104 തവണ
കണ്ണൂർ: ‘നിലത്ത് വീണ തൈലത്തിന്റെ കുപ്പിയെടുക്കാൻ കുനിഞ്ഞ ആൾ കാണുന്നത് കട്ടിലിനടിയിൽ ചുരുണ്ടുകിടക്കുന്ന രാജവെമ്പാലയെ. കുറച്ച് മാസം മുൻപ് ആറളത്തെ വീട്ടിലുണ്ടായതാണീ അനുഭവം. കിടപ്പുമുറിയിലും കുളിമുറിയിലും അടുക്കളയിലും മുറ്റത്തും കടമുറിയിലുമെല്ലാം രാജവെമ്പാലയെ കാണുന്നത് മലയോരത്ത് കൂടിവരുന്നു...’’-മൂന്ന് വർഷത്തിനിടെ കണ്ണൂർ ജില്ലയിൽനിന്ന് 104 തവണ രാജവെമ്പാലയെ പിടിച്ച വനം വകുപ്പിന്റെ താത്കാലിക വാച്ചറും ‘മാർക്ക്’ പ്രവർത്തകനുമായ ഫൈസൽ വിളക്കോട് പറയുന്നു. ആറളം പുനരധിവാസമേഖലയിലെ ബ്ലോക്ക് 13-ലെ സീതാ ബാലഗോപാലന്റെ വീട്ടിലെ കുളിമുറിയിൽനിന്ന് തിങ്കളാഴ്ച രാത്രി രാജവെമ്പാലയെ പിടിച്ചതാണ് ഒടുവിലത്തെ സംഭവം.
കാടില്ലാതാകുന്നതും കാലാവസ്ഥാവ്യതിയാനവും ചൂട് കൂടുന്നതുമെല്ലാം രാജവെമ്പാലകൾ വീട്ടുപരിസരങ്ങളിലേക്കെത്താൻ കാരണമാകുന്നു. ആറളം, കേളകം എന്നിവിടങ്ങളിൽനിന്ന് ഒരുദിവസം മൂന്ന് മണിക്കൂറിനിടെ നാല് രാജവെമ്പാലകളെ പിടിച്ച അനുഭവവും 38-കാരനായ ഫൈസലിനുണ്ടായിരുന്നു. അർധരാത്രിയും പുലർച്ചെയുമെല്ലാം ഇവയെ പിടിച്ച അനുഭവങ്ങളേറെയുണ്ട്. ലോകത്തെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണെങ്കിലും പിടിക്കാൻ കൂടുതൽ എളുപ്പം രാജവെമ്പാലയെയാണെന്ന് ഫൈസൽ പറയുന്നു. ആക്രമണസ്വഭാവം തീരേയില്ലെന്നതാണ് കാരണം.
‘വലിയ മൂർഖൻ പാമ്പുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് നെടുമ്പോയിലെത്തി വീട്ടുമുറ്റത്തെ ഓല നീക്കി നോക്കിയപ്പോഴാണ് അത് രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞത്. രാജവെമ്പാലയെ പിടിക്കാൻ വലിയ ബാഗ് വേണം. തുടർന്ന് തിരിച്ചുപോയി വലിയ ബാഗെടുത്ത് വന്നാണ് അതിനെ പിടിച്ചത്’. കൊട്ടിയൂർ, കേളകം, കണ്ണവം, നെടുമ്പൊയിൽ, ശ്രീകണ്ഠപുരം, കീഴ്‌പ്പള്ളി, പേരട്ട തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് രാജവെമ്പാലകളെ കിട്ടിയത്. കീഴ്‌പ്പള്ളിയിലെ കടമുറിയിൽനിന്ന് രാജവെമ്പാലയെ പിടിച്ച അനുഭവവുമുണ്ടായി. കുട്ടിക്കാലം മുതൽ പാമ്പ് പിടിത്തത്തിൽ കമ്പമുണ്ടായിരുന്നു. മൂന്ന് വർഷത്തിനിടെ 3900-ലേറെ പാമ്പുകളെ പിടിച്ച് ഉൾവനങ്ങളിൽ വിട്ടിട്ടുണ്ടെന്നും താനുൾപ്പെടെയുള്ള റെസ്ക്യൂ പ്രവർത്തകർക്ക് ഇത് തൊഴിലല്ല, സേവനമാണെന്നും ഫൈസൽ പറയുന്നു. പിടിക്കാൻ ഏറ്റവും ബുദ്ധിമുട്ട് അണലിയെയാണ്. അതിശ്രദ്ധ പുലർത്തുകയെന്നതാണ് അതിപ്രധാന കാര്യം. ‘നാലുവർഷത്തിനിടെ സ്കൂട്ടറിൽ ഒന്നരലക്ഷം കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ട്. ഇത് നല്ലൊരു ശതമാനവും സ്റ്റിക്കും ബാഗുമായി പാമ്പ് പിടിക്കാനുള്ള യാത്രയായിരുന്നു. പാമ്പിനെ തല്ലിക്കൊല്ലുന്നത് കുറഞ്ഞിട്ടുണ്ട്. അത് നല്ല കാര്യമാണ്’-ഫൈസൽ ചൂണ്ടിക്കാട്ടുന്നു.
Content Highlights: King cobra sightings are rising in Kannur's residential areas due to climate change. Rescuer Faisal Vilakkodu shares his experience catching 104 snakes
Published: 26 Feb 2026, 07:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented