ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്ന ദമ്പതിമാരുടെ കിടപ്പുമുറിയിലെ കട്ടിലിനടയിൽ കയറിക്കൂടിയ കൂറ്റൻ രാജവെമ്പാലയെ പിടിച്ചു. ഫാം പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പൻ-വസന്ത ദമ്പതിമാരുടെ കിടപ്പുമുറിയിലെ കട്ടിലിനടിയിലാണ് രാജവെമ്പാല കയറിക്കൂടിയത്. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ കട്ടിലിനടിയിൽനിന്ന്‌ ശബ്ദം കേട്ട് എന്താണെന്നറിയാൻ ടോർച്ചടിച്ച് നോക്കിയപ്പോഴാണ് കൂറ്റൻ രാജവെമ്പാലയാണെന്നറിയുന്നത്. രാവിലെ ഇരുവരും ജോലിക്ക് പോകുന്ന സമയത്ത് കിടപ്പുമുറിയുടെ ജനൽപ്പാളികൾ തുറന്നുവെച്ചിരുന്നു. ഇതു വഴിയാണ് പാമ്പ് മുറിക്കുള്ളിലേക്ക് കയറിയതെന്ന് സംശയിക്കുന്നു.

To advertise here,

പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി സെക്ഷൻ താത്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടും ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമൽ, വാച്ചർമാരായ ബാബു, അഭിജിത്ത്, മെൽജോ, സജി എന്നിവർ ചേർന്ന് രാജവെമ്പാലയെ പിടിച്ചു. പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു. ഫൈസൽ വിളക്കോട് പിടികൂടുന്ന 101-ാമത് രാജവെമ്പാലയാണ് ഇത്.