ഇരിട്ടി: ഇരയെ പിന്തുടർന്ന് വീടിന്റെ അടുക്കളയിലേക്ക് ഇഴഞ്ഞുകയറിയ രാജവെമ്പാല വീട്ടുകാരുടെ ‘അത്താഴം മുടക്കി’. വാണിയപ്പാറ തുടിമരത്തെ പുതുപ്പറമ്പിൽ ജോസിന്റെ വീട്ടിലാണ്‌ വ്യാഴാഴ്ച രാത്രി എട്ടോടെ പാമ്പെത്തിയത്‌. ഇരയെ കിട്ടാതെ അടുക്കളയിലെ തട്ടിനുള്ളിൽ ചുരുണ്ട നാഗരാജൻ വീട്ടുകാരെ മണിക്കൂറുകളോളം ആശങ്കയിലാക്കി.

To advertise here,

ജോസും മക്കളും അത്താഴം കഴിക്കുന്നതിനിടെ, തുറന്നിട്ട അടുക്കളവാതിലിലൂടെ കയറിയ ഒരു പാമ്പ് മകന്റെ കിടപ്പുമുറിയിലേക്കാണ്‌ നേരേയെത്തിയത്. ഇതിനെ പിന്തുടർന്ന്‌ മറ്റൊരു പാമ്പ്‌ കൂടിയെത്തിയതോടെ വീട്ടുകാർ പകച്ചു. കുട്ടികൾ ഭക്ഷണമേശയ്ക്കും കസേരയ്ക്കും മുകളിൽ കയറിനിന്നു. അടുക്കളയിലെത്തിയ പാമ്പ് തട്ടിനടിയിലെ മൂലയിൽ ചുരുണ്ടു. വീട്ടുകാരുടെ ബഹളം കേട്ട് സമീപവാസികളെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയിലുള്ളത് രാജവെമ്പാലയാണെന്നും കിടപ്പുമുറിയിലേക്ക് പാഞ്ഞുകയറിയത്‌ ചേരയാണെന്നും മനസ്സിലായത്‌.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ‘മാർക്ക്’ പ്രവർത്തകരായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, അജിൽകുമാർ, സാജിദ് ആറളം എന്നിവർ സ്ഥലത്തെത്തി ആദ്യം രാജവെമ്പാലയെ പിടിച്ചു. പന്നിലെ കിടപ്പുമുറയിൽനിന്ന്‌ ചേരയെയും പിടികൂടി കാട്ടിലേക്ക് വിട്ടു. വീട്ടിൽ ജോസിന്റെ ഭാര്യ ഓമനയും മകൻ റോയിയും റോയിയുടെ മക്കളായ എയ്ഞ്ചൽ, ആൻഡ്രിയ എന്നിവരുമാണ് ഉണ്ടായിരുന്നത്. ഭീതി വിട്ടുമാറിയിട്ടില്ലെന്ന് ജോസ് പറഞ്ഞു.

മൂന്നാഴ്ച മുൻപ്‌ ജോസിന്റെ വീടിന്റെ 30 മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ മറ്റൊരു വീട്ടിൽനിന്ന് ഫൈസൽ വിളക്കോടിന്റെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടിച്ചിരുന്നു. കാട്ടാനഭീഷണി മൂലം തുടിമരത്തെ സ്വന്തം വീട് ഉപേക്ഷിച്ച് വാടകവീട്ടിലേക്ക് താമസം മാറ്റിയതാണ്‌ ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗമായ ജോസ്.