To advertise here,

കേരളരാഷ്ട്രീയത്തിലെ അതികായനെ തറപറ്റിച്ച ‘ദ ജയിന്റ് കില്ലർ’. ഐഷ പോറ്റിയെന്നാൽ ഒറ്റ വാക്കിൽ അതാണ്. കേരള രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിലൊന്ന് എൽഡിഎഫിന് സമ്മാനിച്ച വണ്ടർ വുമൺ. അന്ന് പരാജയപ്പെട്ട അതികായന്റെ പേരു കൂടി പറഞ്ഞാൽ വിജയത്തിന് തിളക്കമേറും. ആർ ബാലകൃഷ്ണപ്പിള്ള. പാലായ്ക്ക് കെ.എം മാണിയെപ്പോലെ, പുതുപ്പള്ളിക്ക് ഉമ്മൻചാണ്ടിയെപോലെ ഒരു കാലത്ത് കൊട്ടാരക്കരയെന്നാൽ ആർ.ബാലകൃഷ്ണപ്പിള്ളയായിരുന്നു. ആ പേരിനൊരു മറുപേര് പോലും കൊട്ടാരക്കരക്കാർക്കില്ലാതിരുന്ന കാലത്താണ് ഐഷ പോറ്റിയെന്ന കമ്യൂണിസ്റ്റുകാരി 12000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയത്.

1977 മുതൽ 2001 വരെ തുടർച്ചയായി ഏഴുതവണ അതായത് മുപ്പത് വർഷമാണ് ആർ.ബാലകൃഷ്ണപിള്ള കൊട്ടാരക്കരയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 2006ൽ ഐഷ പോറ്റിയോട് പരാജയപ്പെടും വരെ. അഞ്ചു പതിറ്റാണ്ട് കേരളാ കോൺഗ്രസുകാരനായും, കോൺഗ്രസുകാരനായും, കേരള കോൺഗ്രസ് ബി നേതാവായും തിളങ്ങിയ ആർ.ബാലകൃഷ്ണപ്പിള്ളക്ക് പിന്നീടൊരു ജയം അവിടെ ഉണ്ടായിട്ടില്ല. അന്നു മുതൽ അടുത്ത മൂന്ന് ടേമും ജയം ഐഷാ പോറ്റിക്കൊപ്പമായിരുന്നു

അതേ ഐഷാ പോറ്റി ഇന്ന് കോൺഗ്രസുകാരിയാണ്. നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ അവർ തിരുവനന്തപുരത്തെത്തി ലോക്ഭവനിലെ സമരവേദിയിൽ വെച്ച് അവർ അംഗത്വം ഏറ്റുവാങ്ങി. മൂന്നു പതിറ്റാണ്ടു നീണ്ട ഇടതുപക്ഷ രാഷ്ട്രീയം പൂർണമായി ഉപേക്ഷിച്ചുകൊണ്ട്. ഇനി ഐഷ പോറ്റിയെന്ന രാഷ്ട്രീയക്കാരിയേപ്പറ്റി പറയാം.

വയലാർ രാമവർമയുടെ ‘ആയിഷ’ വായിച്ച് പേരിൽ ജാതി വേണ്ടെന്ന് തീരുമാനിച്ച പട്ടാഴി പന്തപ്ലാവ് തെന്നാട്ട്മഠത്തിൽ വാസുദേവൻ പോറ്റി സ്വന്തം മകൾക്ക് ഐഷയെന്ന് പേരിട്ടു. കുട്ടിക്കാലം മുതലേ കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഐഷാപോറ്റി എസ്എഫ്‌ഐയിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. 1991ലാണ് സിപിഎം അംഗത്വമെടുക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രവർത്തകയായും ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിയായും സജീവമായി. സിപിഎം കൊട്ടാരക്കര ഏരിയകമ്മിറ്റിയംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, വനിതാ സബ് കമ്മിറ്റി കൺവീനർ, കൊല്ലം ജില്ല ലോയേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ്, ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ദേശീയസമിതിയംഗം, ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ട്രഷറർ...ഐഷപോറ്റിക്ക് പറയാൻ പദവികളേറയുണ്ട്.

2000-ൽ കൊട്ടാരക്കരയിൽ നിന്ന് കൊല്ലം ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു പാർലമെന്ററി രംഗത്തെ ആദ്യ ചുവടുവെപ്പ്.
2005വരെ കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്നു ഐഷപോറ്റി. 2005-ൽ നടന്ന തിരഞ്ഞെടുപ്പിലും ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപെട്ടെങ്കിലും 2006-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനേ തുടർന്ന് ഈ സ്ഥാനം രാജിവച്ചു.

കൊട്ടാരക്കരയിൽ 11 തവണ മത്സരിക്കുകയും എട്ട് തവണ വിജയിക്കുകയും ചെയ്ത ചരിത്രമുണ്ടായിരുന്നു 2006ൽ മത്സരിക്കുമ്പോൾ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് പറയാൻ. കേരളരാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ വിജയമാണ് അന്ന് ഐഷ പോറ്റി എൽഡിഎഫിന് സമ്മാനിച്ചത്. അതും 12000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. 2011ൽ ഐഷ പോറ്റിയുടെ ഭൂരിപക്ഷം 20000 ആയും 2016ൽ 40000 ആയും ഉയർന്നു. എന്നാൽ ഒരു മണ്ഡലത്തിൽ രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിൽ ഐഷ പോറ്റി തഴയപ്പെട്ടു. 2021ൽ ഐഷ പോറ്റിക്ക് പകരം അവിടെ മത്സരിച്ചത് ഇന്നത്തെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. എൽഡിഎഫ് തരംഗമുണ്ടായിരുന്നിട്ടും അന്ന് ബാലഗോപാലിന് നേടാനായത് 10,814 വോട്ടിന്റെ ഭൂരിപക്ഷം. ഇതോടുകൂടിയാണ് പാർട്ടിയുമായി ഐഷ പോറ്റി നീരസത്തിലാകുന്നതും. 2016ൽ സ്പീക്കറായും 2021ൽ തുടർഭരണകാലത്ത് വനിതാ കമ്മിഷൻ ചെയർപഴ്സൻ ആയും ഐഷപോറ്റിയുടെ പേര് ഉയർന്നുവന്നെങ്കിലും ഒന്നും സംഭവിച്ചില്ല. മാത്രമല്ല മണ്ഡലത്തിലെ തന്നെ പൊതുപരിപാടികളിലും ഐഷ പോറ്റിയെ കാണാതായി.

എംഎൽഎ ആയിരുന്നപ്പോൾ അനുവദിച്ച പല പദ്ധതികളുടേയും ഉദ്ഘാടനം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന ഐഷാ പോറ്റിയുടെ പ്രതികരണവും വിവാദമായി. 'വിളിക്കേണ്ട എന്നു തീരുമാനിച്ചു കാണും. എനിക്ക് ഇടം ഇല്ലാത്തിടത്ത് ഞാൻ പോകേണ്ട കാര്യമില്ല. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്' എന്നായിരുന്നു അന്ന് ഐഷപോറ്റിയുടെ പ്രതികരണം

സിപിഎം കൊട്ടാരക്കര ജില്ലാ കമ്മറ്റിയിൽനിന്നും കൊട്ടാരക്കര ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ ഐഷാ പോറ്റിയെ പിന്നീട് ഏരിയാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പാർട്ടി ചുതലകളൊന്നും നൽകിയുമില്ല. പൊതുവേദികളിൽ നിന്നും പൂർണമായും അകന്ന ഐഷ പോറ്റിയെ പിന്നീട് കാണുന്നത് 2025ൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ്. പാർട്ടി വിട്ടേക്കുമെന്നും, ബിജെപിയിലോ കോൺഗ്രസിലോ ചേരാനുള്ള സാധ്യതതൾ തള്ളിതക്കളയാനാവില്ലെന്നുമുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഐഷ പോറ്റി സമ്മേളനത്തിനെത്തുന്നത്. എന്നാൽ എം.എൽ.എ ആയിരുന്ന കാലത്ത് ഉമ്മൻചാണ്ടിയുമായുണ്ടായിരുന്ന വ്യക്തിബന്ധത്തിന്റെ പേരിലാണ് അനുസ്മരണ സമ്മേളനത്തിൽ എത്തിയതെന്നും കോൺഗ്രസ് മെമ്പർഷിപ്പ് എടുക്കാനല്ലെന്നുമായിരുന്നു അന്ന് ഐഷ പോറ്റി പ്രതികരിച്ചത്. ഒരു പാർട്ടിയിലേക്കും പോവുന്നതിനെകുറിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും ജനങ്ങൾക്കൊപ്പമുണ്ടാവുമെന്നും പിന്നേയും വന്നു പ്രതികരണം. എന്നാൽ നേതൃത്വുവുമായി അകൽച്ചയിലാണെന്ന് പലപ്പോഴും ഐഷപോറ്റി തുറന്നടിച്ചു.

വിസ്മയം നമ്പർ വണ്ണെന്നാണ് ഐഷ പോറ്റിയുടെ കൂടുമാറ്റത്തെ കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിക്കുന്നത്. മുന്നണിയുമായി അകന്നു കഴിയുന്ന പല ബിജെപി, ഇടത് നേതാക്കളും അധികം വൈകാതെ കോൺഗ്രസിലെത്തുമെന്നും വിസ്മയം രണ്ടും മൂന്നും നാലുമൊക്കെ ആവർത്തിക്കുമെന്നും നേതാക്കൾ പറയുന്നുണ്ട്.

കൊട്ടാരക്കര മണ്ഡലത്തിൽ വൻ സ്വാധീനമുണ്ടായിരുന്ന ഐഷ പോറ്റിയെപ്പോലൊരു നേതാവ് കോൺഗ്രസിലെത്തുമ്പോൾ അത് യുഡിഎഫിന് ഗുണകരമാവുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബാലഗോപാലിനെതിരേ യുഡിഎഫ് സ്ഥാനാർഥിയായി ഐഷ പോറ്റി എത്തുമ്പോൾ മത്സരം തീപാറും. കേരള രാഷ്ട്രീയത്തിൽ മറ്റൊരു അട്ടിമറി കൂടി ഐഷയുടെ പേരിൽ എഴുതപ്പെടുമോ എന്നാണ് ഇനിയറിയേണ്ടത്.