ജൂഹുവിൽ ഞായറാഴ്ച നടൻ ടൈഗർ ഷ്‌റോഫിന് നേരെ നീണ്ട വധശ്രമത്തോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് ബിഷ്‌ണോയി സമൂഹവും അവർക്ക് സൽമാൻ ഖാനോടുള്ള വൈരാഗ്യവും. മഹാരാഷ്ട്ര മുൻമന്ത്രി ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിന്റെ രണ്ടാം വാർഷികത്തിനു തൊട്ടുപിന്നാലെയാണ് നടൻ ടൈഗർ ഷ്റോഫിനുനേരേ വെടിവെപ്പു നടന്നത്. രണ്ടു സംഭവങ്ങളിലും സൽമാൻ ഖാനുമായുള്ള അടുപ്പമാണ് ആക്രമണത്തിനു കാരണമായി ലോറൻസ് ബിഷ്‌ണോയ് സംഘം ചൂണ്ടിക്കാട്ടുന്നത്.

To advertise here,

1998ൽ കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട വൈര്യമാണ് ബിഷ്ണോയ് ഗ്യാങിന് സൽമാൻ ഖാനോടുള്ളത്. കൃഷ്ണമൃഗങ്ങളെ സ്വന്തം കുടുംബാംഗത്തെപ്പോലെയും ദൈവത്തെപ്പോലെയുമാണ് ഇവർ കാണുന്നത്. രാജസ്ഥാൻ മരുഭൂമികളുടെ ഉള്ളടരുകളിൽ ഇപ്പോഴും തങ്ങളുടെ പുരാതനജീവിതം നയിക്കുന്ന ഈ വംശത്തിന്റെ ചരിത്രം 16-ാം നൂറ്റാണ്ടിൽ തുടങ്ങുന്നു. പ്രകൃതിയോട് പോരാടാനല്ല, അതിനോട് സമരസപ്പെട്ട് ജീവിക്കാനാണ് ബിഷ്‌ണോയ് വംശത്തിന്റെ ഗുരു ജംബോജി തന്റെ ജനതയെ പഠിപ്പിച്ചത്. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തിനും വന്യജീവികൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിഭാഗമാണ് ബിഷ്‌ണോയ് സമൂഹം.

പതിനഞ്ചാം നൂറ്റാണ്ടിൽ ഗുരു ജംഭേശ്വർ (ജംഭോജി) ആണ് ഈ ജീവിതരീതിക്ക് അടിത്തറയിട്ടത്. ജംഭോജി നൽകിയ 29 അടിസ്ഥാനതത്വങ്ങൾ (20+9 =ബിഷ്+നോയ്) പിന്തുടരുന്നതിനാലാണ് ഈ സമൂഹം 'ബിഷ്ണോയ്' എന്നറിയപ്പെടുന്നത്. വ്യക്തിഗത പെരുമാറ്റത്തിനും ശീലങ്ങൾക്കുമുള്ള 10 തത്വങ്ങൾ, സാമൂഹിക പെരുമാറ്റത്തിനായുള്ള 10 തത്വങ്ങൾ, പരിസ്ഥിതി- വന്യജീവി സംരക്ഷണത്തിനായുള്ള 9 തത്വങ്ങൾ എന്നിങ്ങനെയാണ് 29 തത്വങ്ങൾ. പൂർണമായി സസ്യാഹാരികളായ ഇവർ വിറകിനായി മരങ്ങൾ വെട്ടിമാറ്റുന്നത് ഒഴിവാക്കാൻ, മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് പകരം മണ്ണിൽ മറവു ചെയ്യുകയാണ് ചെയ്യുന്നത്

1998 സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനായി രാജസ്ഥാനിലെ ജോധ്പൂരിലെത്തിയ സൽമാൻ ഖാൻ ബിഷ്ണോയ് ഗ്രാമത്തിന് (ഗുഡ ബിഷ്ണോയ്) സമീപത്തു വെച്ച് ബിഷ്ണോയ് സമൂഹം ജീവനുതുല്യം സംരക്ഷിക്കുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടുകയായിരുന്നു. വെടിയൊച്ച കേട്ട് ബൈക്കിൽ പിന്തുടർന്നെത്തിയ ഒരു ഗ്രാമീണൻ സൽമാൻ ഖാനെയും മറ്റ് അഭിനേതാക്കളെയും സംഭവസ്ഥലത്തു വെച്ച് കാണുകയും, അദ്ദേഹത്തിന്റെ നിർണ്ണായക മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് മുന്നോട്ടുപോവുകയും ചെയ്തു. കേസിനെത്തുടർന്ന് സൽമാൻ ഖാന് ദിവസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നു. ബിഷ്ണോയ് സമൂഹം സ്വന്തമായി ഫണ്ട് സ്വരൂപിച്ചാണ് ഈ കേസ് മുന്നോട്ട് കൊണ്ടുപോവുന്നത്. വേട്ടയാടൽ നടന്ന അതേ സ്ഥലത്ത് കൊല്ലപ്പെട്ട കൃഷ്ണമൃഗത്തിന്റെ ഓർമ്മയ്ക്കായി ബിഷ്ണോയ് സമൂഹം ഒരു സ്മാരകവും നിർമ്മിച്ചിട്ടുണ്ട്