ഇന്ത്യയുടെ സ്വന്തം ബഹിരാകാശനിലയം 2035-ഓടെ പൂര്‍ണമായും കമ്മിഷന്‍ ചെയ്യാനാകുമെന്ന് ഗഗന്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ.എം. മോഹന്‍. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കവേ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്‍ജിനീയറിങ്, മെഡിസിന്‍ എന്നതിനപ്പുറം മറ്റൊരു ഓപ്ഷന്‍ കേരളത്തിലെ മാതാപിതാക്കളോ വിദ്യാര്‍ഥികളോ ചിന്തിക്കുന്നില്ലെന്നും അഭിരുചി അനുസരിച്ചാവണം കോഴ്‌സുകളെടുക്കേണ്ടതെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു. 

To advertise here,

റോക്കറ്റ് വിക്ഷേപണവും ലാന്‍ഡിങ്ങുമെല്ലാം കണ്ടതിന്റെ ത്രില്ലിലായിരുന്നു ശാസ്ത്രസംവാദത്തിനെത്തിയവര്‍. ഐ.എസ്.ആര്‍.ഒ.യുടെ പ്രവര്‍ത്തനങ്ങള്‍തൊട്ട് റോക്കറ്റ് വിക്ഷേപണത്തിന്റെ ഘട്ടങ്ങള്‍വരെ അവര്‍ കണ്ടു മനസ്സിലാക്കി. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ രസകരമായ രീതിയിലായിരുന്നു മറുപടികളോരോന്നും. 

ഗഗന്‍യാന്‍ പോലുള്ള ബഹിരാകാശ ദൗത്യങ്ങള്‍കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നായിരുന്നു എട്ടാം ക്ലാസുകാരന്റെ ചോദ്യം. ഭാവിയില്‍ ഭൂമിയില്‍ ജീവിക്കാന്‍ പറ്റാതായെങ്കില്‍ മറ്റെവിടേക്കെങ്കിലും മാറണ്ടേ? എന്നായിരുന്നു ഗഗന്‍യാന്‍ ഡയറക്ടറുടെ മറുപടി. അതിനു നമുക്ക് ബസ്സും കാറും ഓട്ടോയുമൊക്കെ വേണ്ടേയെന്നായിരുന്നു  കുട്ടികളുടെ മറു ചോദ്യം. 2008-ല്‍ ചന്ദ്രയാന്‍-1 പോയപ്പോഴാണ് ചന്ദ്രനില്‍ വെള്ളത്തിന്റെ അംശമുണ്ടെന്നു കണ്ടെത്തിയത്. ഗവേഷണം നടത്തുക, പഠിക്കുക എന്നതാണ് ലക്ഷ്യമെന്നും മോഹന്‍ പറഞ്ഞു. 

ബഹിരാകാശത്തു പോയാല്‍ കാന്‍സര്‍ വന്നാലോ? ബഹിരാകാശം എങ്ങനെ വൃത്തിയാക്കും? തുടങ്ങി ചിരിയും ചിന്തയുമുണര്‍ത്തുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ലളിതമായ ഭാഷയില്‍ ആശയങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി