തിരുവനന്തപുരം: ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്ത് ആറ് വർഷം പിന്നിടുമ്പോൾ, ഐ.എസ്.ആർ.ഒ.യുടെ പ്രധാന നിർമാണ-പ്രവർത്തന ചുമതലകൾ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിൽ ആശങ്കയറിയിച്ച് ജീവനക്കാർ രംഗത്ത്. ഇതുസംബന്ധിച്ച നയങ്ങളിലും ഭാവി നിയമനങ്ങളിലും വ്യക്തതവരുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ ജീവനക്കാരുടെ സംഘടനകൾ ഐ.എസ്.ആർ.ഒ. ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ വി. നാരായണന് കത്തയച്ചു. സെപ്റ്റംബർ നാലിനാണ് ഇത് സംബന്ധിച്ച കത്ത് ജീവനക്കാരുടെ സംഘടനകൾ നൽകിയത്.

To advertise here,

ബഹിരാകാശ വകുപ്പിന് കീഴിലുള്ള നോഡൽ ഏജൻസിയായ 'ഇൻ-സ്പേസ്' ചെയർമാൻ പവൻ ഗോയങ്ക അടുത്തിടെ നടത്തിയ പ്രസ്താവനകളാണ് ജീവനക്കാരുടെ ആശങ്ക വർധിപ്പിച്ചത്. വിക്ഷേപണ വാഹനങ്ങൾ നിർമിക്കുന്ന ജോലിയിൽനിന്ന് ഭാവിയിൽ ഐ.എസ്.ആർ.ഒ. പിൻവാങ്ങുമെന്നും ഈ ചുമതലകൾ പൂർണമായും സ്വകാര്യ മേഖലയോ പൊതുമേഖലാ സ്ഥാപനങ്ങളോ ഏറ്റെടുക്കുമെന്നുമായിരുന്നു പവൻ ഗോയങ്ക പറഞ്ഞത്. ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ മാത്രമാകും ഐ.എസ്.ആർ.ഒ. ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്.എസ്.എൽ.വി) കാര്യത്തിൽ ഈ മാറ്റം ഇതിനകം ആരംഭിച്ചതായും ഇത് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിലേക്കും (പി.എസ്.എൽ.വി) എൽ.വി.എം-3 ലേക്കും വ്യാപിപ്പിച്ചേക്കാമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഉപഗ്രഹ നിർമാണം ഐ.എസ്.ആർ.ഒ.ക്ക് പുറത്തേക്ക് മാറ്റുന്നതായും തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്തെ സ്പേസ് ലോഞ്ച് കോംപ്ലക്സ് അടക്കമുള്ള പുതിയ വിക്ഷേപണ സംവിധാനങ്ങൾ സ്വകാര്യ മേഖലയ്ക്ക് തുറന്നുനൽകുന്നതായും ഉള്ള റിപ്പോർട്ടുകൾ കത്തിൽ പരാമർശിക്കുന്നുണ്ട്. ഐ.എസ്.ആർ.ഒ.യുടെ നൂറ്റിയിരുപതോളം സാങ്കേതികവിദ്യകൾ സ്വകാര്യ മേഖലയ്ക്ക് കൈമാറിയതിനെക്കുറിച്ചും കത്തിൽ പറയുന്നുണ്ട്.

വാർത്തകൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക നയത്തെക്കുറിച്ചോ നിലവിലെ ജീവനക്കാരുടെ നിയമപരമായ സുരക്ഷിതത്വത്തെക്കുറിച്ചോ വ്യക്തമാക്കുന്ന യാതൊരു ഔദ്യോഗിക വിശദീകരണവും ബഹിരാകാശ വകുപ്പ് തങ്ങൾക്ക് നൽകിയിട്ടില്ലെന്ന് കത്തിൽ പറയുന്നു. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമാണത്തിൽനിന്ന് ഐ.എസ്.ആർ.ഒ. പിൻവാങ്ങുന്നു എന്ന തരത്തിലുള്ള വിവരങ്ങൾ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ഇടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നും കത്തിലുണ്ട്.

ഇത്തരം നടപടികൾ ഗവേഷണങ്ങൾക്ക് ശേഷമുള്ള പരീക്ഷണങ്ങളെ ബാധിക്കുമെന്നും സ്ഥാപനത്തിനുള്ളിലെ തൊഴിലവസരങ്ങൾ കുറയ്ക്കുമെന്നും ജീവനക്കാർ ഭയപ്പെടുന്നു. വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപ്പന, നിർമാണം, പരിശോധന, വിക്ഷേപണ പ്രവർത്തനങ്ങൾ എന്നിവ വെറുമൊരു നിർമാണ കരാർ മാത്രമല്ലെന്നും അത് സംഘടനയുടെ അടിസ്ഥാനപരമായ കഴിവും അറിവുമാണെന്നും കത്തിൽ ഓർമിപ്പിക്കുന്നു.

കൃത്യമായ ചട്ടക്കൂടോടെയുള്ള സ്വകാര്യ പങ്കാളിത്തത്തെയോ വാണിജ്യവൽകരണത്തെയോ തങ്ങൾ എതിർക്കുന്നില്ലെന്ന് സംഘടനകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, സ്വകാര്യ പങ്കാളിത്തത്തിന് അവസരം നൽകുന്നതും ഐ.എസ്.ആർ.ഒയുടെ ശേഷി ഇല്ലാതാക്കുന്നതും തമ്മിലുള്ള വ്യക്തത ബഹിരാകാശ വകുപ്പിന്റെ ഭാഗത്തുനിന്നും ഇല്ലാത്തതാണ് ആശങ്കയ്ക്ക് കാരണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിക്രം സാരാഭായ് സ്പേസ് സെന്റർ, സതീഷ് ധവാൻ സ്പേസ് സെന്റർ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ ഒമ്പത് സംഘടനകളാണ് ഈ കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.