എന്റെ ജീവിതം തന്നെ സിനിമാറ്റിക് ആണ്. ലവ്-ഹേറ്റ് റിലേഷൻഷിപ്പ് ആണ് അച്ഛനുമായി ഉണ്ടായിരുന്നത്. ചെറിയ പ്രായത്തിൽ തന്നെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നു, പട്ടിണി പരിവട്ടം അവിടെ നിന്ന് ചേട്ടൻ വിളിച്ചു കൊണ്ടുവരുന്നു അങ്ങനെ ആകെ മൊത്തം ജഗപൊക. ഞാൻ സിനിമയെ സ്നേഹിച്ചിട്ടില്ല, എനിക്ക് ചുറ്റുമുള്ളവരെയാണ് സ്നേഹിച്ചത്. സിനിമയെ സ്നേഹിച്ചാൽ സിനിമ നമുക്കെന്തെങ്കിലും തിരിച്ചു തരുമെന്നും ഞാൻ വിശ്വസിക്കുന്നില്ല... പറയുകയാണ് മലയാളത്തിന്റെ സ്വന്തം ധ്യാൻ ശ്രീനിവാസൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മരുടെ വിശേഷങ്ങളുമായി സഹതാരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ദിവ്യ പിള്ള, അമേര, ജിബിൻ ഗോപിനാഥ്,ഷാജു ശ്രീധർ എന്നിവർക്കൊപ്പം Talkies ൽ സംസാരിക്കുകയായിരുന്നു ധ്യാൻ.

To advertise here,

തന്റെ അഭിമുഖങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത് വലിയ സമ്മർദ്ദം നൽകുന്ന കാര്യമാണെന്ന് പറയുന്നു ധ്യാൻ. ഈ കൗണ്ടറുകളും തമാശകളും കണ്ട് എല്ലാ പരിപാടികൾക്കും തമാശ പറയാൻ ആവശ്യപ്പെടുന്നത് വലിയ സമ്മർദ്ദം നൽകുന്നുണ്ടെന്നും അസ്ഥാനത്ത് തമാശ പറയുന്നത് അടി കിട്ടുന്ന പരിപാടിയാണെന്നും ധ്യാൻ പറയുന്നു.

തങ്ങളെങ്ങനെ ഒരമ്മയുടെ വയറ്റിൽ പിറന്നുവെന്നാണ് അത്ഭുതമെന്നാണ് ചേട്ടൻ വിനീത് ശ്രീനിവാസനെക്കുറിച്ച് ധ്യാനിന് പറയാനുള്ളത്. നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് പോലെ തീർത്തും വ്യത്യസ്തരായ രണ്ട് പേരാണ് തങ്ങളെന്നും എല്ലാ കാര്യത്തിലും ആത്മാർഥതയുള്ള, സെൻസിറ്റീവ് ആയ, എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയും കൊണ്ടു നടക്കുന്ന ആളാണ് വിനീത് എങ്കിൽ താൻ അടിച്ച വഴിയെ പോയില്ലെങ്കിൽ പോയ വഴിയെ അടിക്കുക എന്ന നിലപാട് ഉള്ള ആളാണെന്ന് ധ്യാൻ പറയുന്നു.