വിശ്വാസ സംരക്ഷണത്തിന് സർക്കാർ പിന്തുണ സ്വാഗതാർഹം

To advertise here,

വിശ്വാസത്തെ സംരക്ഷിക്കാൻ സർക്കാർ പിന്തുണ കൊടുക്കുന്നത് സ്വാഗതാർഹം, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് എതിരെ കരുതിക്കൂട്ടി ആക്രമണങ്ങൾ ഉണ്ടെന്ന് കരുതാൻ കഴിയില്ല.കുർബാന തർക്കത്തിൽ ചർച്ചകളിലൂടെ പരിഹാരം ഉണ്ടാകുമെന്ന് പ്രത്യാശ.പലസ്തീനും ഇസ്രയേലും പരമാധികാര രാജ്യങ്ങൾ.

ഈ അഭിപ്രായങ്ങൾ വത്തിക്കാനിലെ മതസൗഹാർദ്ദ ഡിക്കസ്റ്ററിയുടെ പ്രീഫെക്ടായ കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാടിന്റെതാണ്.മുംബൈയിലെ ഒരു ചടങ്ങിനായി ഇന്ത്യയിലെത്തിയ മാർ കൂവക്കാട് സ്വദേശമായ ചങ്ങനാശ്ശേരിയിൽ വെച്ച് മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു.

വൈദീകനായിരിക്കെ കർദ്ദിനാളായി ഉയർത്തപ്പെടുക എന്നത് അപൂർവ്വമാണ്.ഇന്ത്യയൊന്നാകെ അഭിമാനത്തോടെ കണ്ട ഇൗ നേട്ടത്തെ എങ്ങനെ വിലയിരുത്തുന്നു?

*ആശംസകൾക്കും പ്രാർഥനകൾക്കും ‘മാതൃഭൂമി’യോടും മറ്റെല്ലാവരോടും നന്ദി അറിയിക്കുന്നു.വൈദീകനിൽ നിന്ന് കർദ്ദിനാളായി ഉയർത്തപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു.എന്റെ യോഗ്യത കൊണ്ടല്ലത്. അത് ദൈവീകമായ തിരഞ്ഞെടുപ്പായി കാണുന്നു.കർദ്ദിനാൾമാരെ തിരഞ്ഞെടുത്തത് ഫ്രാൻസിസ് മാർപാപ്പയുടെ അവസാന പ്രഖ്യാപനമായിരുന്നു.അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല.എനിക്ക് അദ്ദേഹത്തിനൊപ്പം ശുശ്രൂഷ ചെയ്യാൻ ഭാഗ്യമുണ്ടായി.എന്നെ അദ്ദേഹം മനസിലാക്കി. ആ സ്നേഹം തീരുമാനത്തിലുണ്ടാകാം.

ഫ്രാൻസിസ് മാർപാപ്പയുടെ യാത്രകളുടെ ചുമതലയായിരുന്നുവല്ലോ. സഞ്ചാരങ്ങൾ എങ്ങനെയായിരുന്നു?

*യാത്രയ്ക് മുമ്പേ വിളിപ്പിക്കും.ഒരുക്കങ്ങൾ പറഞ്ഞുതരും. പോകുമ്പോൾ കാണേണ്ട വ്യക്തിയോ രാഷ്ട്രത്തലവനോ ,ആരോപണവിധേയനോ മറ്റോ ആണെങ്കിൽ കാണാതിരിക്കാം എന്നൊരു നിലപാട് അദ്ദേഹത്തിനില്ല.പുണ്യപ്പെട്ട വ്യക്തികളെ മാത്രമേ കാണൂ എങ്കിൽ നമുക്ക് വളരെ കുറിച്ച് പേരെ മാത്രമേ കാണാൻ പറ്റൂ എന്നദ്ദേഹം പറയുമായിരുന്നു.അദ്ദേഹം കുറവുകളെ നോക്കിയില്ല. മാർഗ്ഗനിർദ്ദേശം ചോദിച്ചാൽ അത് നീയ് ചെയ്യ് എന്ന് പറയും. എന്നിട്ട് നമ്മൾ പറയുന്നത് അദ്ദേഹം അനുസരിക്കും. ആ ലാളിത്യം അമ്പരിപ്പിക്കുന്നതായിരുന്നു.

മാർ പൗവ്വത്തിൽ ചെലുത്തിയ സ്വാധീനം?

*അദ്ദേഹം സഭയെ അമ്മയായി കണ്ടു.സാധാരണ കഴിവ് മാത്രമുള്ള എന്നെ അദ്ദേഹം ചില പദ്ധതികൾക്കായി ഒരുക്കി.ഇവിടെ ഇരിക്കാൻ താത്പര്യപ്പെട്ട എന്നെ റോമിലേക്ക് അയച്ചത് അദ്ദേഹമാണ്.

ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയെ എങ്ങനെയാണ് കണ്ടിരുന്നത്?

*ഇന്ത്യൻ സംസ്കാരത്തെ അദ്ദേഹം ആദരിച്ചിരുന്നു.എന്റെ മാതാപിതാക്കളുടെ 50-ാം വാർഷികത്തിൽ അവരെ ഞാൻ വത്തിക്കാനിലേക്ക് വിളിച്ചു.സുഹൃത്തുക്കളായ അച്ചൻമാരും ചേർത്ത് ഭക്ഷണം നൽകി. അത് പിതാവ് അറിഞ്ഞു.മാതാപിതാക്കളെ ആദരിക്കുന്ന നിങ്ങളുടെ സംസ്കാരം എത്ര ശ്രേഷ്ഠം എന്നാണ് അദ്ദേഹം പറഞ്ഞത്.

അദ്ദേഹത്തെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു.വരാനൊത്തില്ല. ലിയോ മാർപാപ്പ വരുമോ?

*ഫ്രാൻസിസ് പാപ്പ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിച്ചു.കോവിഡ് യാത്രാനിയന്ത്രണം അതിനിടെ വന്നു. അക്കാലത്ത് മുടങ്ങിയ ചില യാത്രകൾ നടത്തേണ്ടി വന്നു. ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. ലിയോ മാർപാപ്പ ഇൗ സ്ഥാനത്ത് വരും മുമ്പ് കേരളത്തിലും വന്നിട്ടുണ്ട്.അദ്ദേഹം ഇന്ത്യാ സന്ദർശനം നടത്തുമെന്ന് പ്രതീക്ഷിക്കാം.

സമാധാനക്കേടിന്റെയും കാലമാണിത്. വത്തിക്കാന് മരുന്ന് പുരട്ടാൻ കഴിയുമോ?

*ദൈവത്തിൽ വിശ്വസിക്കുന്നവരാണ് ലോകത്തിലേറെയും.മതത്തെയും മതവികാരത്തെയും എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രശ്നം. അതിൽ വ്യക്തി,രാഷ്ട്രീയ താത്പര്യം വരുമ്പോഴാണ് കുഴപ്പം.യോജിപ്പിക്കാനുള്ള മതം ഭിന്നിപ്പിക്കാനുള്ള വഴിയാക്കുന്നവരെ തിരിച്ചറിയണം.

യുദ്ധങ്ങൾ തുടരുകയാണ്?

*റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയപ്പോൾ ഫ്രാൻസിസ് മാർപാപ്പ റോമിലെ റഷ്യൻ എംബസിയിൽ പോയി സംസാരിച്ചിരുന്നു.ലിയോ മാർപാപ്പയും സമാധാന ശ്രമം നടത്തുന്നു.നയതന്ത്രശ്രമങ്ങൾ റഷ്യ-യുക്രൈൻ പ്രശ്നത്തിലും ഇസ്രയേൽ-പലസ്തീൻ വിഷയത്തിലും വത്തിക്കാൻ തുടരുന്നു.

പലസ്തീൻ ഉണ്ടാകില്ലന്ന രീതിയിൽ ഇസ്രയേൽ യുദ്ധം ശക്തമാക്കുന്നു.വത്തിക്കാന്റെ നിലപാടെന്താണ്.?

*രാഷ്ട്രീയ പ്രശ്നമാണിത്. പലസ്തീനും ഇസ്രയേലും രണ്ട് പരമാധികാര്യ രാജ്യങ്ങൾ എന്ന നിലപാടാണ് വത്തിക്കാനുള്ളത്.

കുടിയേറ്റങ്ങൾക്ക് എതിരായ വലിയ പ്രക്ഷോഭങ്ങൾ ലോകമെങ്ങും നടക്കുന്നു.ഇത് മോശമായ നിലയിലേക്ക് പോകുമോ?

*കുടിയേറ്റം രണ്ട് രീതിയിലാണ്. തൊഴിലിന് നിയമസംവിധാനം വഴിയുള്ള കുടിയേറ്റമാണ് ഒന്ന്.യുദ്ധക്കെടുതിയിൽ നിന്ന് രക്ഷപ്പെട്ട് ചെല്ലുന്ന അഭയാർഥികളാണ് മറ്റൊന്ന്.ഏത് രീതിയിൽ ആണെങ്കിലും ചെല്ലുന്നവർക്കും സ്വീകരിക്കുന്നവർക്കും വേണ്ട ചില മര്യാദകളുണ്ട്.ചെല്ലുന്നിടത്തെ നിയമം,സംസ്കാരം എന്നിവ കുടിയേറ്റക്കാർ ബഹുമാനിക്കണം.അംഗീകരിക്കണം.കടലിൽ നിന്ന് നീന്തി കയറി വരുന്നവരെ വെടിവെച്ച് കടലിലേക്ക് തള്ളിവിടുന്ന രീതിയും പാടില്ല.

ട്രമ്പിന്റെ പകരച്ചുങ്ക വിഷയം ലോകത്തെ പുകയ്കുകയാണ്.?

*ലിയോ മാർപാപ്പ ആദ്യ അഭിമുഖത്തിൽ ഇൗ വിഷയം പറഞ്ഞിട്ടുണ്ട്.അദ്ദേഹം യുഎസ് സ്വദേശിയാണല്ലോ.തീരുമാനങ്ങൾ രാഷ്ട്രീയമായി എടുക്കുന്നതാണ്. പക്ഷേ മനുഷ്യതാത്പര്യം പരിഗണിക്കണം.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതിയെ എങ്ങനെ കാണുന്നു.?

*ഇന്ത്യ എക്കാലത്തും മതേതരത്വം പുലർത്തി വന്നിരുന്ന ദേശമാണ്.എന്നും അത് സംരക്ഷിക്കപ്പെടണം. തീപ്പൊരി എപ്പോഴും വീഴാം. നാം കരുതലോടെ ഇരിക്കണം.ഇവിടെ ഉണ്ടായ ചില പ്രശ്നങ്ങൾ വ്യക്തിപരമോ പ്രാദേശികമോ ആകാം.അത് പോലും ഉണ്ടായിക്കൂടാ.കരുതികൂട്ടി എന്തെങ്കിലും ചെയ്തതായി തോന്നിയിട്ടില്ല.

ബിജെപി സർക്കാരിന്റെ നിലപാടുകളെ എങ്ങനെ കാണുന്നു?

*രാഷ്ട്രീയ അഭിപ്രായം പറയാൻ ഞാൻ ചുമതലപ്പെട്ടയാളല്ല.എന്നെ കർദ്ദിനാളായി തിരഞ്ഞെടുത്തപ്പോൾ നമ്മുടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അത് വലിയ അഭിമാനത്തോടെ കണ്ടു.ഇന്ത്യയുടെ മകന് കിട്ടിയ അംഗീകാരമായി പറഞ്ഞു.അത്തരം വികാരം ശ്രേഷ്ഠമാണല്ലോ.നല്ല മതനേതാക്കളും നല്ല രാഷ്ട്രനേതാക്കളും ഒരിക്കലും ന്യൂനപക്ഷം,ഭൂരിപക്ഷം എന്ന് നോക്കില്ല.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ചിരുന്നു?

*വാർത്തകളാണ് ഞാൻ കണ്ടത്.പ്രതിസന്ധിയുണ്ടായി എന്ന് മനസിലാക്കുന്നു.എല്ലാവരും പരിശ്രമിച്ചു.അത് കൂട്ടായ്മയായി. ഇതാണ് സൗഹാർദ്ദം.

ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കാൻ ബിജെപി ഒൗട്ട് റീച്ച് പ്രവർത്തനം തുടങ്ങി.ഇതിനെ എങ്ങനെ കാണുന്നു?

*പരസ്പരം മനസിലാക്കാൻ എല്ലാ പാർട്ടികളും ശ്രമിക്കുന്നത് നല്ലതാണ്.

കേരളത്തിൽ കുർബാന തർക്കം വലിയ വിവാദമാണ്.?

*കുടുംബത്തിനുള്ളിലെ തർക്കമാണിത്.സഭ എല്ലാവരെയും കേട്ട് ഒരു തീരുമാനം എടുത്താൽ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.ചർച്ചകളിലൂടെ പരിഹാരം കാണണം.

സഭയിലെ ആരോപണ വിധേയർക്കെതിരെ വത്തിക്കാനിൽ നിന്ന് നടപടിയുണ്ടായി. ആരോപണവിധേയനെ നിയമസംവിധാനം വിട്ടയച്ചിട്ടും വത്തിക്കാൻ സ്ഥാനങ്ങളിൽ നിന്ന് നീക്കിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു.?

*സഭയുടെ മക്കളിൽ വന്ന കുറവുകൾക്ക് ക്ഷമ ചോദിക്കാൻ ഫ്രാൻസിസ് മാർപാപ്പ തയ്യാറായിരുന്നു.മനുഷ്യർ പരിപൂർണരല്ല.പക്ഷേ കുട്ടികൾ,ബലഹീനർ, സ്ത്രീകൾ,അധികാര ദുർവിനിയോഗത്തിനിരയാകുന്നവർ എന്നിവരുടെ വിഷയത്തിൽ വത്തിക്കാൻ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

കേരളത്തിലിപ്പോൾ ചർച്ച സംസ്ഥാന സർക്കാർ ശബരിമല വിഷയത്തിൽ പുതുതായി എടുത്ത നിലപാട്.വിശ്വാസികള്ക്കൊപ്പം എന്നതാണത്.ഇതിനെ സഭ എങ്ങനെ കാണുന്നു?

*വിശ്വാസം,മതസ്വാതന്ത്ര്യം എന്നിവയിൽ രാഷ്ട്രീയ അധികാരികളിൽ നിന്ന് പിന്തുണ കിട്ടുന്നത് സ്വാഗതാർഹമാണ്.സർക്കാർ എല്ലാ മതവിശ്വാസികൾക്കും അവരുടെ വിശ്വാസം പുലരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം