കാഞ്ഞിരപ്പള്ളി: കോട്ടയത്ത് അമ്മയുടെ സ്വർണമാല പൊട്ടിച്ച മകനെയും അത് വിൽക്കാൻ സഹായിച്ച് കൂട്ടുകാരനെയും അറസ്റ്റുചെയ്ത് പോലീസ്. തീക്കോയി വില്ലേജിൽ മരാമറ്റത്തിൽ ഹൗസിൽ കുര്യന്റെ മകൻ ടോജൻ കുര്യൻ (26), മീനച്ചിൽ വില്ലേജിൽ അരുവിത്തറ ചേല പീരുപറമ്പിൽ കബീറിന്റെ മകൻ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്ന കുട്ടാപ്പി എന്നിവരാണ് അറസ്റ്റിലായത്.

To advertise here,

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ കാളകെട്ടി എന്ന സ്ഥലത്താണ് സംഭവം. കടംവീട്ടാനായാണ് മകൻ അമ്മയുടെ താലിമാല പൊട്ടിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. വീടിനുള്ളിൽ വെച്ചാണ് ടോജൻ അമ്മയുടെ കഴുത്തിൽ കിടന്ന രണ്ടു പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ച് ഓടിരക്ഷപ്പെട്ടത്.

പൊട്ടിച്ച മാല രണ്ടാംപ്രതിയുടെ സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയംവെച്ച് പൈസ വാങ്ങി. ശേഷം, പുതിയ മൊബൈൽ ഫോൺ വാങ്ങുകയും കടം കൊടുക്കാനുള്ളവർക്കും നൽകി. ബാക്കി തുക കൂട്ടുകാരുമൊത്ത് മദ്യപിച്ച് തീർത്തു. ടോജൻ മുമ്പും വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും മറ്റ് സാധനങ്ങളും എടുത്തുകൊണ്ടുപോയി വിറ്റിട്ടുള്ളതായി വീട്ടമ്മ പറയുന്നു.

രണ്ടാംപ്രതി അൽത്താഫ് മുൻപ് കോട്ടയം എറണാകുളം, പത്തനംതിട്ട ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ ജയിലിൽ കിടന്നിട്ടുള്ള ആളാണ്. കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം. ഐപിഎസിന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി. ജോസഫിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.

കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ സി.കെ. മനോജ്, സബ് ഇൻസ്‌പെക്ടർ വർഷാ മധു, എസ്‌ഐമാരായ രംഗനാഥൻ, മനോജ്, എഎസ്‌ഐമാരായ അജീവുദ്ദിൻ, സീന, ഓമന, എസ്‌സിപിഒ ശ്രീജിത്ത്, സിപിഒമാരായ ബിനു ടി.കെ., ഹോം ഗാർഡ് ബൈജു എന്നിവ അടങ്ങിയ സംഘമാണ് ഈ കേസിന്റെ തുടരന്വേഷണം നടത്തുന്നത്.