
ഇന്ത്യയുടെ പ്രതിരോധ പങ്കാളിയാണ് ഫ്രാന്‍സ്. യുദ്ധവിമാനങ്ങളും അന്തര്‍വാഹികളുമൊക്കെയായി ഇന്ത്യ ഫ്രാന്‍സില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിക്കുന്നുണ്ട്. റഫാൽ യുദ്ധവിമാനമടക്കമുള്ളവ ഇന്ത്യയിലേക്ക് ഫ്രാൻസിൽ നിന്നെത്തിച്ചതൊക്കെ നമ്മൾ നേരിട്ട് കണ്ടതാണ്. എന്നാല്‍, ഇന്ത്യയില്‍നിന്ന് ആയുധം വാങ്ങിയ ചരിത്രം ഇതുവരെ ഫ്രാന്‍സിനില്ല. ആ ചരിത്രവും വഴിമാറുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് ഇതിനകം തന്നെ കരുത്ത് തെളിയിച്ച, പിനാക റോക്കറ്റ് സംവിധാനം വാങ്ങാന്‍ ഫ്രാന്‍സ് ആലോചിക്കുന്നുവെന്നാണ് പ്രതിരോധവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകൾ. അങ്ങനെയാണെങ്കിൽ അത് രാജ്യചരിത്രത്തിൽ മറ്റൊരു സുപ്രധാന ഏടായി മാറും എന്നതിൽ സംശയമില്ല.
നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ വിതരണക്കാരാണ് ഫ്രാന്‍സ്. അങ്ങനെയൊരു രാജ്യമാണ് ഇന്ത്യയില്‍ നിന്ന് ആയുധം വാങ്ങുന്നതിനേപ്പറ്റി ചിന്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലോക ആയുധ വ്യാപാരത്തില്‍ ഇതിനകംതന്നെ ഇന്ത്യക്ക് സ്വന്തമായൊരിടം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. പതിയെ പതിയെ ആയുധ കയറ്റുമതി ഇന്ത്യ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ ഘട്ടത്തിലാണ് പിനാക റോക്കറ്റ് സംവിധാനം വാങ്ങാൻ ഫ്രാൻസ് ആലോചിക്കുന്നുവെന്ന് വാർത്തകളും പുറത്തുവരുന്നത്.
പിനാക കണ്ട് ഫ്രാൻസ് സംഘം
യു.എസിന്റെ ഹിമാർസിനോട് കിടപിടിക്കുന്ന സംവിധാനമാണ് ഇന്ത്യയുടെ പിനാക. ലക്ഷ്യം, കൃത്യത, ക്ഷമത, ഇന്ധനത്തിന്റെ ജ്വലനം എന്നിവയിൽ കേന്ദ്രീകരിച്ചാണ് പിനാകയുടെ പ്രവർത്തനം. 2024- അവസാനത്തിൽ ഫ്രഞ്ച് പ്രതിനിധികൾ ഇന്ത്യയിൽ എത്തി പിനാകയുടെ പ്രവർത്തനം നേരിട്ട് കണ്ടറിഞ്ഞിരുന്നു. പിനാകെയുടെ പ്രഹരശേഷിയിലും കൃത്യതയും സംഘം വിലയിരുത്തുകയും ചെയ്തു. ഈ പ്രദർശനത്തിൽ ഫ്രാൻസ് തൃപ്തരാണെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർചർച്ചകൾ.
അടുത്തിടെ സംഘർഷബാധിതപ്രദേശമായ അർമേനിയ ഇന്ത്യയിൽ നിന്ന് നാല് പിനാക റോക്കറ്റ് സംവിധാനങ്ങൾ വാങ്ങിയിരുന്നു. 2000 കോടി രൂപയുടെ ഇടപാടായിരുന്നു അത്. ഇന്തോനേഷ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും ഇതിനകം തന്നെ പിനാകയിൽ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഫ്രാൻസുമായുള്ള ചർച്ചകൾ വിജയം കണ്ടാൽ അത് ഇന്ത്യൻ ചരിത്രത്തിൽ മറ്റൊരു പൊൻതൂവലായി മാറും.
ഇന്ത്യ - പാക് യുദ്ധത്തിൽ പിനാക ശക്തി
1999-ലെ ഇന്ത്യ - പാക് യുദ്ധത്തിലാണ് ആദ്യമായി പിനാക ഉപയോഗിക്കുന്നത്. കാർഗിലിൽ ഇന്ത്യയുടെ ധീര സൈനികർ ജീവൻ നൽകി നാടിന്റെ അഭിമാനം വാനോളം ഉയർത്തിയപ്പോൾ അതിന് മുൻനിരയിൽ തന്നെ പിനാകയുടെ ശക്തിയും ഉണ്ടായിരുന്നു. പർവതനിരകളിൽ ചെന്ന് പാക് ഭീകരരെ തുരത്താൻ പിനാകെ വഹിച്ച പങ്ക് ചെറുതല്ല.
മാർക് 1, മാർക് -2
മാർക് -1, മാർക് -2 എന്നീ വകഭേദങ്ങളാണ് നിലവിൽ പിനാകയ്ക്കുള്ളത്. മാർക് -1 വകഭേദത്തിന്റെ ദൂരപരിധി 45 കിലോമീറ്ററും മാർക്-2 വകഭേദത്തിന്റെ പരിധി 90 കിലോമീറ്ററുമാണ്. 120 കിലോമീറ്റർ ദൂരപരിധിയിലുള്ള വകഭേദവും അണിയറയിലുണ്ട്. 44 സെക്കൻഡുകൾക്കുള്ളിൽ 12 തവണവരെ പിനാകയിൽ റോക്കറ്റുകൾ ലോഞ്ച് ചെയ്യാനാകും. മണിക്കൂറിൽ 5800 കിലോമീറ്റർ വേഗത്തിൽ പിനാകയിൽ നിന്ന് റോക്കറ്റുകൾ തൊടുക്കാനാകും.
18 ലോഞ്ചറുകളാണ് ഒരു പിനാക മൾട്ടിപ്പിൾ ബാരൽ ലോഞ്ചറിലുണ്ടാവുക. ഇതിൽ ഓരോന്നും 12 വീതം ലോഞ്ചർ ട്യൂബുകളിൽ നിന്ന് ശത്രുവിന് മേൽ തീതുപ്പും. വെറും 44 സെക്കൻഡ് കൊണ്ട് 60 കിലോമീറ്റർ അകലത്തുള്ള ശത്രുവിന് മേൽ 7 ടൺ സ്ഫോടക വസ്തു വർഷിപ്പിക്കാൻ പിനായ്ക്ക് സാധിക്കും. അതായത്, എന്താണ് സംഭവിക്കുന്നതെന്നറിയും മുമ്പേ ശത്രു ചാരമാകുമെന്നർത്ഥം.

ഇനേർഷ്യൽ നാവിഗേഷൻ സംവിധാനത്തിലാണ് പിനാക പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ സംവിധാനം വഴി സഞ്ചാരപാത നിശ്ചയിക്കാൻ ഇതിലൂടെ സാധിക്കും. റേഡിയോ തരംഗമായി നൽകുന്ന നിർദേശങ്ങൾ ഓരോ 20 മൈക്രോ സെക്കൻഡിലും പിനാകയിലെത്തും. ഇതനുസരിച്ച് സ്വയം സഞ്ചാരപാത ക്രമീകരിക്കാനും പിനാകയ്ക്ക് സാധിക്കുമെന്നാണ് ഡി.ആർ.ഡി.ഒ. വിശദീകരിക്കുന്നത്.
പിനാകെയുടെ നിർമ്മാണം
1980-ലാണ് പിനാകെയുടെ നിർമ്മാണം ആരംഭിച്ചത്. 1990-ൽ പിനാക മാർക് 1 വിജയകരമായി പരീക്ഷിച്ചു. 1999-ലെ കാർഗിൽ വാറിൽ പിനാകെ ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് പിനാകെയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുകയും കൂടുതൽ വികസിപ്പിക്കുകയും ചെയ്യുകയായിരുന്നു.

പൂണെയിലെ രണ്ട് ഡി.ആർ.ഡി.ഒ. ലബോറട്ടറികളിലായാണ് പിനാകയുടെ റോക്കറ്റ് ലോഞ്ചർ വികസനിപ്പിച്ചത്. ലാർസൻ ആന്റ് ടർബോ, ടാറ്റ പവർ കമ്പനി എന്നിവയും പിനാകയുടെ നിർമാണ- വികസനത്തിൽ പങ്കാളികളായിരുന്നു. ഇവയ്ക്ക് പുറമെ ഭാരത് എർത് മുവേഴ്സ്, ട്രാക്ടേഴ്സ് ഇന്ത്യ ലിമിറ്റഡ്, അർമാറ്റിക് എഞ്ചിനീയറിങ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ്, മിധാനി, ഇസിഐഎൽ തുടങ്ങിയ കമ്പനികളും പിനാകയുടെ നിർമാണ - വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നു.
പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ പിനാക
ഇന്ത്യൻ സൈന്യത്തിന് നിലവിൽ നാല് പിനാക റജിമെന്ററുകളാണുള്ളത്. ആറെണ്ണം കൂടി ഉടൻ സജ്ജമാകും. കാര്‍ഗില്‍ യുദ്ധ സമയത്ത് റഷ്യന്‍ നിര്‍മിത ഗ്രാഡ് BM 21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് പിനാക ആദ്യമായി ഉപയോഗിച്ചത്. വെറും 37.5 കിലോമീറ്റര്‍ മാത്രം ദൂരപരിധിയുണ്ടായിരുന്ന പിനാക മാര്‍ക് I വന്‍നാശമാണ് ഉയരമേറിയ ക്യാംപുകളില്‍ തമ്പടിച്ചിരുന്ന പാക് നുഴഞ്ഞുകയറ്റക്കാര്‍ക്കിടയില്‍ വിതച്ചത്.

പിനാകയുടെ പ്രഹരശേഷി തിരിച്ചറിഞ്ഞ സൈന്യം തദ്ദേശീയമായി റോക്കറ്റ് ലോഞ്ചർ വികസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ രാജ്യത്തിന് അഭിമാനമായ പിനാകയുടെ കരുത്തുറ്റ രൂപം പിറന്നു. അരക്കിലോമീറ്റർ മാത്രമായിരുന്നു മാർക് വണ്ണിന്റെ കൃത്യത. ഇതിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനായി 2016-ൽ സൈന്യം എൻഹാൻസ് പിനാക എന്ന പ്രോജക്ടിന് രൂപം നൽകി. 75 കിലോമീറ്ററായി പിനാകയുടെ ദൂരപരിധി വർധിപ്പിക്കാനും 10 മീറ്ററായി ലക്ഷ്യസ്ഥാനം ഉയർത്താനുമായിരുന്നു ലക്ഷ്യം.
പിനാക ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നതോടെ അതിർത്തി കൂടുതൽ ഭദ്രമാവുകയാണ്. സൈന്യത്തെ അതിർത്തിയിലേക്ക് അയക്കാതെ തന്നെ ഭീകരരേയും ശത്രു ക്യാമ്പുകളേയും തകർക്കാൻ പിനാകയ്ക്ക് സാധിക്കും. ആഗോളതലത്തിൽ രാജ്യങ്ങൾ ഇന്ത്യയെ ആയുധങ്ങൾക്കായി സമീപിച്ചു തുടങ്ങുമ്പോൾ അത് മറ്റൊരു ചരിത്രത്തിന് കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്.
Content Highlights: what is pinaka multi barrel rocket launcher all you need to know
Published: 14 Feb 2025, 11:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented