ദശലക്ഷക്കണക്കിന് പേരുടെ ജീവനെടുത്ത 2002-ലെ ഗുജറാത്ത് വംശഹത്യയെത്തുടർന്ന് നരേന്ദ്ര മോദിക്ക് അമേരിക്കയിൽ പ്രവേശന വിലക്കുണ്ടായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മോദിയെ വേദിയിലിരുത്തി പറഞ്ഞു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വൈറൽ വീഡിയോയിൽ ട്രംപ് പറയുന്നത് -
"അദ്ദേഹം അതിസുന്ദരനാണ്. ഒരു മാലാഖയെപ്പോലെയുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ ഇയാളൊരു കില്ലറാണ്. 2002-ൽ ഗുജറാത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ കൊന്നു, അതിന്റെ പേരിൽ ഇയാൾക്ക് അമേരിക്കയിൽ പ്രവേശ വിലക്കേർപ്പെടുത്തിയിരുന്നു... പക്ഷേ വളരെ നല്ലവനാണ്, നിങ്ങളെ എപ്പോഴും അത്ഭുതപ്പെടുത്തും” ഇതുതന്നെ വീഡിയോക്കൊപ്പമുള്ള വിവരണമായും നൽകിയിട്ടുണ്ട്.
അന്വേഷണം
2002-ൽ ഗോധ്ര ട്രെയിൻ തീവെപ്പിനെത്തുടർന്ന് ഗുജറാത്തിലുണ്ടായ വർഗീയ കലാപം തടയുന്നതിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് വീഴ്ച പറ്റിയെന്നും അക്രമങ്ങൾക്ക് അദ്ദേഹം മൗനാനുവാദം നൽകിയെന്നും വ്യാപകമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ, മതസ്വാതന്ത്ര്യ ലംഘനം ചൂണ്ടിക്കാട്ടി 2005-ൽ അമേരിക്ക അദ്ദേഹത്തിന് വിസ നിഷേധിക്കുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
ഗുജറാത്ത് കലാപത്തിൽ മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥാപിക്കാൻതക്ക തെളിവുകളില്ലെന്ന് ഇന്ത്യൻ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (SIT) പിന്നീട് കണ്ടെത്തുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. 2014-ൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഒരു രാഷ്ട്രത്തലവൻ എന്ന നിലയിലുള്ള നയതന്ത്ര പരിരക്ഷയും ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്താനുള്ള അമേരിക്കയുടെ താൽപ്പര്യവും കാരണം അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യുകയും ഇതോടെ പത്ത് വർഷത്തോളം നീണ്ടുനിന്ന വിസ വിലക്ക് ഔദ്യോഗികമായി അവസാനിക്കുകയും ചെയ്തു.
മോദിയെ അടുത്തിരുത്തിക്കൊണ്ട് ട്രംപ് ഗുജറാത്ത് വംശഹത്യയെക്കുറിച്ചും മോദി ഘാതകനാണെന്നും മറ്റും പറഞ്ഞിരുന്നെങ്കിൽ അത് ഇരുരാജ്യങ്ങളും തമ്മിൽ വലിയ രാഷ്ട്രീയ, നയതന്ത്ര പ്രശ്നങ്ങൾ സൃഷ്ടിച്ചേനെ. ഇങ്ങനെ ഒരു പരാമർശം അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നെങ്കിൽ ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ടും ചെയ്തേനെ. എന്നാൽ, വൈറൽ സന്ദേശത്തിൽ പറയുന്നതുപോലെയുള്ള റിപ്പോർട്ടുകളൊന്നുമില്ല.
പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചപ്പോൾ ഇതേ പശ്ചാത്തലത്തിലുള്ള ദൈർഘ്യമേറിയ മറ്റൊരു വീഡിയോ ലഭിച്ചു. വൈറ്റ് ഹൗസിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ‘ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ട്രംപ് പങ്കെടുക്കുന്നു’ എന്ന തലക്കെട്ടോടെ 2026 ജൂൺ 17-നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 18 മിനുട്ട് 30 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 6-ാം മിനുട്ടിലാണ് വൈറൽ വീഡിയോ ഭാഗം ഉൾപ്പെട്ടിരിക്കുന്നത്.
യഥാർത്ഥ വീഡിയോയിൽ മോദിയെ ട്രംപ് പ്രശംസിക്കുകയാണ് ചെയ്യുന്നത്. മോദി സുമുഖനാണ്, കില്ലർ ആണ് എന്നെല്ലാം ട്രംപ് വിശേഷിപ്പിച്ചത് വ്യാപാര ചർച്ചകളിലെ അദ്ദേഹത്തിന്റെ കാർക്കശ്യത്തെ സൂചിപ്പിക്കാനാണ്. ട്രംപിന്റെ സംസാരത്തിനിടയിൽ ഗുജറാത്ത് വംശഹത്യയെക്കുറിച്ചോ യുഎസ് പ്രവേശന വിലക്കിനെക്കുറിച്ചോ പരാമർശിച്ചിട്ടില്ല.
ജൂൺ 15 മുതൽ 17 വരെ ഫ്രാൻസിലെ എവിയാൻ ലെ ബെയ്ൻസിൽ വച്ച് നടന്ന ജി7 ഉച്ചകോടിക്കിടെയായിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച നടന്നത്. പ്രചരിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തിൽ ജി7 ഫ്രാൻസ് എന്ന് എഴുതിയിരിക്കുന്നതായി കാണാനാകും. എന്നാൽ, വീഡിയോയിൽ വിവാദഭാഗം വരുമ്പോൾ പശ്ചാത്തലത്തിലുള്ള അക്ഷരങ്ങൾ വികലമാകുന്നതായും ഇത് കഴിഞ്ഞ ഉടൻ അത് സാധാരണ നിലയിലാകുന്നതായും കാണാം. വീഡിയോയിൽ കൃത്രിമം നടന്നതിന്റെ സൂചനയാണിത്.
തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് വീഡിയോയുടെ ഓഡിയോ പരിശോധിച്ചു. വീഡിയോയിൽ 65 ശതമാനവും ഡിജിറ്റൽ മാനിപ്പുലേഷൻ നടന്നു എന്ന ഫലമാണ് ലഭിച്ചത്.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. ജി7 ഉച്ചകോടിക്കിടെ നടന്ന മോദി- ട്രംപ് കൂടിക്കാഴ്ചയിൽനിന്നുള്ള ദൃശ്യങ്ങളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ സംഭാഷണം ചേർക്കുകയായിരുന്നു.
Content Highlights: The viral video claiming Trump called Modi a 'killer' is fake., AI-generated audio was used to manipulate the original G7 summit footage., No such derogatory remarks were made by Donald Trump during the 2026 meeting., The original video shows Trump praising Modi's negotiation skills in trade., Visual artifacts in the video confirm digital manipulation.
Published: 23 Jun 2026, 05:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented