ന്യൂഡൽഹി: ഫ്രാൻസിൽനിന്നു 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി ഔദ്യോഗിക നടപടി ആരംഭിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന മേധാവി അമർ പ്രീത് സിങ് ഫ്രാൻസിൽ സന്ദർശനം നടത്തുകയാണെന്നും പ്രമുഖ പ്രതിരോധ കമ്പനികളുമായി ചർച്ചകൾ നടത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

To advertise here,

നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ വ്യോമസേന മേധാവി ഫ്രാൻസിൽ എത്തിയത്. പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഔദ്യോഗിക നിർദ്ദേശം ഇന്ത്യ ഫ്രാൻസിന് കൈമാറി. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധവിമാന സംഭരണ പദ്ധതികളിൽ ഒന്നാണിത്.

ഇന്ത്യ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ വിമാനത്തിന്റെ വില, ഉൽപ്പാദന ശേഷി, ലോജിസ്റ്റിക്‌സ് പിന്തുണ തുടങ്ങിയ കാര്യങ്ങളിൽ ഫ്രാൻസ് മറുപടി നൽകും. അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളിൽ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. അടുത്ത വർഷത്തിനുള്ളിൽ കരാർ അന്തിമമാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

വ്യോമസേന മേധാവിയുടെ സന്ദർശനം ചടങ്ങിനു മാത്രമുള്ള ഒന്നല്ലെന്നും അദ്ദേഹം ഫ്രാൻസിലെ പ്രമുഖ പ്രതിരോധ കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. റഫാൽ നിർമ്മാതാക്കളായ ദസ്സാൾട്ട് ഏവിയേഷൻ (Dassault Aviation), മിറ്റിയോർ (Meteor), സ്‌കാൽപ് (SCALP) തുടങ്ങിയ അത്യാധുനിക മിസൈലുകൾ നിർമ്മിക്കുന്ന എംബിഡിഎ (MBDA) എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനും അപ്പുറമുള്ള കാര്യങ്ങളാണ് ചർച്ചകളിൽ ഉണ്ടാവുക എന്നാണ് വിവരം.

ഇന്ത്യയിലെ ഉൽപ്പാദനം, സാങ്കേതിക സഹകരണം, ഇന്ത്യയുടെ സ്വന്തം ആയുധങ്ങൾ ഈ വിമാനങ്ങളിൽ ഉൾപ്പെടുത്തുന്നത് തുടങ്ങിയ കാര്യങ്ങളും ചർച്ചയുടെ ഭാഗമാകും. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രകാരം ഭൂരിഭാഗം വിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കാനും വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കാനും ഈ കരാർ സഹായിക്കും.

ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ പകുതിയോടെ ഫ്രാൻസ് സന്ദർശിച്ചേക്കാം. ഈ സന്ദർശനം നടക്കുകയാണെങ്കിൽ റഫാൽ ഇടപാട് പ്രധാന ചർച്ചാവിഷയമാകും. ഗവൺമെന്റ് ടു ഗവൺമെന്റ് (Government-to-Government) മാതൃകയിലാണ് ഈ ഇടപാട് നടക്കുക. അതിനാൽ ഇരുരാജ്യങ്ങളിലെയും ഉന്നത നേതൃത്വത്തിന്റെ പങ്ക് നിർണായകമാണ്.

ഇന്ത്യൻ വ്യോമസേനയ്ക്ക് അനുവദിക്കപ്പെട്ട സ്‌ക്വാഡ്രണുകളുടെ എണ്ണം 42 ആണ്. എന്നാൽ, നിലവിൽ 29 സ്‌ക്വാഡ്രണുകൾ മാത്രമേ ഉള്ളൂ. മിഗ്-21 പോലുള്ള പഴയ വിമാനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കിയതോടെ യുദ്ധവിമാനങ്ങളുടെ കുറവ് വർധിച്ചിട്ടുമുണ്ട്. അതുകൊണ്ടാണ് 114 പുതിയ മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ പദ്ധതിയിട്ടിട്ടുള്ളത്. ഈ മത്സരത്തിൽ റഫാൽ തന്നെയാണ് ഏറ്റവും മുൻപന്തിയിലുള്ളത്. വ്യോമസേന നിലവിൽ 36 റഫാൽ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നു എന്നതാണ് ഈ നിർദ്ദിഷ്ട ഇടപാടിലെ ഏറ്റവും ശ്രദ്ധേയമായ വശം. 114 വിമാനങ്ങളിൽ 94 എണ്ണവും ഇന്ത്യയിലായിരിക്കും നിർമ്മിക്കുക. ഇതിനായി ദസ്സാൾട്ട് ഏവിയേഷൻ ഒരു ഇന്ത്യൻ കമ്പനിയുമായി കൈകോർത്തേക്കാമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ബാക്കിയുള്ള വിമാനങ്ങൾ ഫ്രാൻസിൽനിന്ന് നേരിട്ട് എത്തും.

ഈ പദ്ധതിയിൽ ഏകദേശം 50 ശതമാനം പ്രാദേശികവൽക്കരണമാണ് (localisation) പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്. അതായത്, നിരവധി ഇന്ത്യൻ സംവിധാനങ്ങളും ആയുധങ്ങളും വിമാനങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കും. ഇത് 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' പദ്ധതികളിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് കണക്കാക്കപ്പെടുന്നത്.

ഇതാദ്യമായല്ല ഇന്ത്യയും ഫ്രാൻസും റഫാലിൽ സഹകരിക്കുന്നത്. 2016-ൽ 36 റഫാൽ വിമാനങ്ങൾക്കായി ഇരുരാജ്യങ്ങളും കരാറൊപ്പിട്ടിരുന്നു. ആ വിമാനങ്ങളുടെയെല്ലാം കൈമാറ്റം പൂർത്തിയായിക്കഴിഞ്ഞു. അവ അംബാല, ഹാഷിമാര വ്യോമതാവളങ്ങളിലായാണ് വിന്യസിച്ചിരിക്കുന്നത്. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും പരിശീലനം ലഭിച്ച പൈലറ്റുമാരും പുതിയ റഫാലുകളെ വ്യോമസേനയുടെ ഭാഗമാക്കുന്നത് എളുപ്പമാക്കുമെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇന്ത്യൻ വ്യോമസേനയുടെ പക്കൽ നിലവിൽ 36 റഫാൽ വിമാനങ്ങളുണ്ട്. ഇതിനുപുറമെ, നാവികസേനയ്ക്കായി 26 റഫാൽ-എം വിമാനങ്ങൾ വാങ്ങാനുള്ള കരാറിലും ഒപ്പിട്ടിട്ടുണ്ട്. 114 പുതിയ വിമാനങ്ങൾക്കായുള്ള കരാർ നടപ്പായാൽ ഇന്ത്യയ്ക്ക് ആകെ 176 റഫാൽ വിമാനങ്ങൾ ഉണ്ടാകും. ഇത് ഇന്ത്യയുടെ വ്യോമശക്തിയെ കൂടുതൽ കരുത്തുറ്റതാക്കും. ചൈന, പാകിസ്താൻ അതിർത്തികളിൽ വ്യോമസേനയുടെ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.