ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഫ്രാൻസിലെ നൈസിൽ (Nice) വെച്ച് നടത്തിയ കൂടിക്കാഴ്ച ആഗോള ശ്രദ്ധ നേടുന്നു. നൈസിൽ നിന്നുള്ള സെൽഫിക്കൊപ്പം ആദിത്യ ധറിന്റെ 'ധുരന്ധർ' എന്ന ചിത്രത്തിലെ ബോളിവുഡ് ഹിറ്റ് ഗാനമായ 'ആരി ആരി' ഉൾപ്പെടുത്തി മാക്രോൺ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നയതന്ത്ര ചർച്ചകൾക്ക് ബോളിവുഡ് ടച്ച് നൽകിയ മാക്രോണിന്റെ നടപടിയെ നിരവധി പേർ പ്രശംസിച്ചു.

To advertise here,

നീസിലെ ചരിത്രപ്രസിദ്ധമായ വില്ല കെറിലോസിൽ വെച്ച് മോദിയും മാക്രോണും തമ്മിൽ നടന്ന വിശദമായ ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. മോദിയുടെ ഫ്രാൻസിലെ പരിപാടികളുടെ ചിത്രങ്ങൾ, മാക്രോണുമായുള്ള ഇടപെഴകലുകൾ, പ്രധാന നയതന്ത്ര, നൂതന വികസന പരിപാടികളിലെ പങ്കാളിത്തം എന്നിവ ഉൾപ്പെടെയുള്ള ദൃശ്യങ്ങലാണ് വീഡിയോയിലുള്ളത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'സ്‌പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്' (Special Global Strategic Partnershiു) എന്ന നിലയിലേക്ക് ഈ വർഷം ആദ്യം ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായി 'ഇന്നൊവേഷൻ റോഡ്മാപ്പ് 2030' എന്ന പദ്ധതി രേഖ ഇരുനേതാക്കളും അംഗീകരിച്ചു. സാങ്കേതികവിദ്യ, പ്രതിരോധം, ബഹിരാകാശ ഗവേഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ ദീർഘകാല സഹകരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇന്നൊവേഷൻ റോഡ്മാപ്പ് 2030'.

പ്രതിരോധ മേഖലയിൽ വെറും കയറ്റുമതിക്കപ്പുറം, അത്യാധുനിക സൈനിക പ്ലാറ്റ്ഫോമുകൾ സംയുക്തമായി രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും ഇരുരാജ്യങ്ങളും ധാരണയായി. ബഹിരാകാശ ഗവേഷണത്തിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കാനും മനുഷ്യ ബഹിരാകാശ യാത്രകളിൽ സഹകരിക്കാനും തീരുമാനിച്ചു. ഇന്ത്യയുടെ പുതിയ 'ശാന്തി നിയമം' (SHANTI Act) പ്രകാരം ചെറുകിട ആണവ റിയാക്ടറുകളുടെ വികസനത്തിലും ഫ്രാൻസ് സഹകരിക്കും.

ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ യൂറോപ്യൻ നിക്ഷേപകരുമായി ബന്ധിപ്പിക്കുന്ന 'ഭാരത് ഇന്നൊവേറ്റ്‌സ്' (Bharat Innovates) പദ്ധതിക്ക് ഇരുനേതാക്കളും ചേർന്ന് തുടക്കം കുറിച്ചു. കൂടാതെ, ഫ്രാൻസിൽ ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യുപിഐ കൂടുതൽ വ്യാപകമാക്കുന്നതിനെ മാക്രോൺ സ്വാഗതം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഫ്രഞ്ച് സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ തുറക്കാൻ പ്രധാനമന്ത്രി മോദി ക്ഷണം നൽകി. ഫ്രഞ്ച് വിമാനത്താവളങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാത്ത ട്രാൻസിറ്റ് സൗകര്യം ഏർപ്പെടുത്തിയതിന് മാക്രോണിന് അദ്ദേഹം നന്ദിയും അറിയിച്ചു. കൂടാതെ, കാൺപൂരിൽ വിമാനയാന മേഖലയിലെ നൈപുണ്യ വികസനത്തിനായി ഒരു 'സെന്റർ ഓഫ് എക്‌സലൻസ്' സ്ഥാപിക്കാനും ഇരുനേതാക്കളും തമ്മിൽ ധാരണയായി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിക്ക് മാക്രോൺ വിരുന്നൊരുക്കി. യുക്രെയ്ൻ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ സംഘർഷങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. എവിയനിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയുടെ ഒരുക്കങ്ങളിൽ ഇന്ത്യയെ പങ്കാളിയാക്കിയതിന് പ്രധാനമന്ത്രി മോദി നന്ദി രേഖപ്പെടുത്തി.