ഫ്രാൻസ് നേതൃത്വം നൽകുന്ന ആറാം തലമുറ യുദ്ധവിമാന പദ്ധതിയായ ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റത്തിൽ (എഫ്‌സിഎഎസ്) പങ്കാളിയാകാൻ ഇന്ത്യ ഒരുങ്ങുന്നു. ജർമ്മനിയും ഫ്രാൻസും തമ്മിലുള്ള തർക്കത്തെ തുടർന്ന് പദ്ധതി പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഇന്ത്യയുടെ നിർണ്ണായക നീക്കം. അത്യാധുനിക വ്യോമയാന സാങ്കേതികവിദ്യയിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കാൻ ഈ പങ്കാളിത്തം സഹായിക്കും.

To advertise here,

2017-ൽ ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങൾ ചേർന്നാണ് 100 ബില്യൺ യൂറോ ചെലവ് പ്രതീക്ഷിക്കുന്ന എഫ്‌സിഎഎസ് പദ്ധതി ആരംഭിച്ചത്. എന്നാൽ, നേതൃത്വത്തെക്കുറിച്ചും ഉത്തരവാദിത്വങ്ങളും അവകാശങ്ങളും പങ്കിടുന്നതിനെക്കുറിച്ചുമുള്ള തർക്കങ്ങൾ പദ്ധതിയെ പ്രതിസന്ധിയിലാക്കി. ആണവായുധങ്ങൾ വഹിക്കാവുന്നതും വിമാനവാഹിനി കപ്പലുകളിൽനിന്ന് പ്രവർത്തിപ്പിക്കാവുന്നതുമായ വിമാനങ്ങൾ വേണമെന്ന് ഫ്രാൻസ് ആവശ്യപ്പെടുമ്പോൾ, ആണവായുധങ്ങളെ എതിർക്കുന്ന നിലപാടാണ് ജർമ്മനി സ്വീകരിക്കുന്നത്.

ജർമ്മനിയുമായുള്ള സഖ്യം പരാജയപ്പെടുകയാണെങ്കിൽ ഫ്രാൻസിനൊപ്പം ചേരാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ വിമാനമായ എഎംസിഎ പദ്ധതിക്ക് ആറാം തലമുറ സാങ്കേതികവിദ്യകൾ കൂടുതൽ കരുത്ത് നൽകും.

മനുഷ്യനിയന്ത്രിത വിമാനങ്ങളും ഡ്രോണുകളും ചേർന്നുള്ള പ്രവർത്തനം (manned-unmanned teaming), കോംബാറ്റ് ക്ലൗഡ് നെറ്റ്‌വർക്കിങ്‌, അത്യാധുനിക പ്രൊപ്പൽഷൻ സിസ്റ്റം, ഉയർന്ന സ്റ്റെൽത്ത് ഫീച്ചറുകൾ എന്നിവയാണ് ഈ പദ്ധതിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുകയും ചൈന-പാക് വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാക്കുകയും ചെയ്യും.

ആറാം തലമുറ യുദ്ധവിമാന പദ്ധതിയായ ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റത്തിന്റെ ഭാഗമായുള്ള ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികവിദ്യകളിൽ ഒന്നാണ് 'കോംബാറ്റ് ക്ലൗഡ്' (Combat Cloud) നെറ്റ്‌വർക്കിങ്‌. ആധുനിക യുദ്ധതന്ത്രമായ നെറ്റ്‌വർക്ക്‌-സെൻട്രിക് വാർഫെയറിന് (network-centric warfare) കോംബാറ്റ് ക്ലൗഡ് സംവിധാനം അത്യാവശ്യമാണ്. ഇത് യുദ്ധഭൂമിയിലെ വിവിധ വിമാനങ്ങൾ, ഡ്രോണുകൾ, മറ്റ് പ്രതിരോധ സംവിധാനങ്ങൾ എന്നിവയെ  ഡിജിറ്റൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നു. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ഡ്രോണുകളെയും 'സ്വാമിങ്‌' (swarming) രീതിയിലുള്ള ആക്രമണതന്ത്രങ്ങളെയും വ്യോമസേനയുടെ പ്രവർത്തനങ്ങളുമായി വേഗത്തിൽ സംയോജിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.

പൈലറ്റുള്ള വിമാനങ്ങളും പൈലറ്റില്ലാത്ത സ്വയംനിയന്ത്രിത ഡ്രോണുകളും തമ്മിൽ ഒരു നെറ്റ്‌വർക്കിലൂടെ ആശയവിനിമയം നടത്താനും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും കോംബാറ്റ് ക്ലൗഡിലൂടെ സാധിക്കും. യുദ്ധഭൂമിയിൽ ശത്രുക്കളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം കൈമാറാനും ഏകോപിതമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ഈ സംവിധാനം സഹായിക്കും.

ചൈനയുടെയും പാകിസ്താന്റെയും ഭീഷണികളെ നേരിടാൻ ഇന്ത്യ-ഫ്രാൻസ് പ്രതിരോധ സഖ്യം ഈ രീതിയിൽ കൂടുതൽ ശക്തിപ്പെടുന്നത് സഹായിക്കും. വിദേശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം തന്നെ ആയുധങ്ങൾ ഇന്ത്യയിൽതന്നെ നിർമ്മിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. ഇത് ഇന്ത്യയുടെ പ്രതിരോധ ഉത്പാദന മേഖലയ്ക്ക് പുതിയ ഊർജ്ജം നൽകും. 1950-കൾ മുതൽ ഫ്രാൻസുമായി ഇന്ത്യ പുലർത്തുന്ന വിശ്വസ്തമായ പ്രതിരോധ ബന്ധം ഈ പുതിയ പങ്കാളിത്തത്തോടെ കൂടുതൽ ശക്തമാകും. ദക്ഷിണേഷ്യയിലെ വ്യോമശക്തിയുടെ തുലനാവസ്ഥ തന്നെ മാറ്റിമറിക്കാൻ പോന്ന ഒന്നായിരിക്കും ആറാം തലമുറ വിമാന ഇടപാടെന്നാണ് വിലയിരുത്തുന്നത്.