ഗോള പ്രതിരോധ രംഗത്ത് സാങ്കേതിക പരമാധികാരവും തന്ത്രപരമായ സ്വയംഭരണവും (Strategic autonomy) ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക്, ഫ്രാൻസുമായി ചേർന്ന് ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിച്ചവരുന്ന സാഹചര്യമാണ് നിലവിൽ. യൂറോപ്പിലെ ഏറ്റവും വലിയ സംയുക്ത യുദ്ധവിമാന പദ്ധതികളിലൊന്നായ ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റം (FCAS) 2026 ജൂണിൽ ഔദ്യോഗികമായി റദ്ദാക്കപ്പെട്ടതോടെയാണ് ഇന്ത്യ- ഫ്രാൻസ് സഹകരണത്തിന്റെ സാധ്യതകൾ തെളിഞ്ഞുവന്നിരിക്കുന്നത്.

To advertise here,

എഫ്.സി.എ.എസ് പദ്ധതിയുടെ തകർച്ചയോടെ, പ്രതിരോധ ഗവേഷണത്തിനും വികസനത്തിനുമായി വലിയ തോതിൽ നിക്ഷേപം നടത്താൻ ശേഷിയുള്ള വിശ്വസനീയമായ തന്ത്രപ്രധാന പങ്കാളിയെ ഫ്രാൻസിനും ആവശ്യമുണ്ട്. ഇന്ത്യയുടെയും ഫ്രാൻസിന്റെയും പ്രതിരോധ മന്ത്രിമാർ 2026 ഫെബ്രുവരിയിൽ നടത്തിയ ഉന്നതതല ചർച്ചകളിൽ ആറാം തലമുറ വിമാന വികസനത്തിന്റെ സാധ്യതകൾ സജീവമായി ചർച്ച ചെയ്തിരുന്നു. ജർമ്മനിയുമായുള്ള തർക്കം കൊടുമ്പിരികൊണ്ടിരിക്കെയാണ് ഫ്രാൻസ് ഇന്ത്യയുമായി വിഷയം ചർച്ച ചെയ്തത്. ഒരുപക്ഷെ, പദ്ധതി അനിവാര്യമായ പതനത്തിലേക്ക് നീങ്ങുകയാണെന്ന് ഫ്രാൻസ് മുൻകൂട്ടി കണ്ടിരിക്കണം.

ഇന്ത്യ നിലവിൽ സ്വന്തമായി അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. എങ്കിലും, ആറാം തലമുറ സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നെറ്റ്‌വർക്കുകൾ, ഡ്രോൺ നിയന്ത്രണ സംവിധാനങ്ങൾ, ആധുനിക ഇലക്ട്രോണിക് വാർഫയർ സംവിധാനങ്ങൾ എന്നിവ വേഗത്തിൽ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകത രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച്, സ്വന്തം യുദ്ധവിമാന പദ്ധതികൾ ഇപ്പോഴും വൈകുന്ന പശ്ചാത്തലത്തിൽ എത്രയും വേഗം ആറാം തലമുറ യുദ്ധവിമാന പദ്ധതിയിലേക്ക് മാറേണ്ടതിന്റെ ആവശ്യകത എന്നത്തേക്കാളും വ്യക്തമാണ്.

ചൈന തങ്ങളുടെ ആറാം തലമുറ യുദ്ധവിമാനങ്ങളുടെ പ്രോട്ടോടൈപ്പുകൾ പ്രദർശിപ്പിച്ച് ലോകത്തെ ഞെട്ടിച്ച പശ്ചാത്തലത്തിൽ എഎംസിഎ പദ്ധതി പോലെയോ തേജസ് പദ്ധതി പോലെയോ കാത്തിരിക്കാനുള്ള സമയം ഇന്ത്യയ്ക്ക് ഒട്ടുമില്ലതാനും. അടുത്തതലമുറ യുദ്ധവിമാന പദ്ധതിയിലേക്ക് വേഗത്തിൽ കടക്കാൻ ഒരു വിദേശ പങ്കാളിയുടെ സഹായം അനിവാര്യമാണെന്ന വിലയിരുത്തൽ ഇന്ത്യയുടെ പ്രതിരോധ വകുപ്പിനുമുണ്ട്. വിദേശ പങ്കാളിയുടെ സഹായത്തോടെ ആറാംതലമുറ യുദ്ധവിമാന പദ്ധതിയിലേക്ക് നീങ്ങണമെന്ന് പ്രതിരോധ വൃത്തങ്ങളിൽനിന്ന് ആവശ്യമുയർന്നു തുടങ്ങിയിട്ടുണ്ട്.

ജർമനിയും ഫ്രാൻസും കുറെ തർക്കങ്ങളും

ആഗോളതലത്തിൽ ലഭ്യമായ മറ്റൊരു പ്രധാന ആറാം തലമുറ വികസന പദ്ധതി യുകെ, ജപ്പാൻ, ഇറ്റലി എന്നിവർ ചേർന്നുള്ള ഗ്ലോബൽ കോംബാറ്റ് എയർ പ്രോഗ്രാം (GCAP) ആണ്. എന്നാൽ, മുൻപ് ജി.സി.എ.പി സഖ്യത്തിലേക്ക് ചേരാൻ സൗദി അറേബ്യ ശ്രമിച്ചപ്പോൾ ജപ്പാൻ അതിനെ എതിർത്ത പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ, സങ്കീർണ്ണമായ ബഹുരാഷ്ട്ര സഖ്യങ്ങളേക്കാൾ ഫ്രാൻസിനെപ്പോലെയുള്ള ഒരൊറ്റ വിശ്വസ്ത പങ്കാളിയുമായി ഉഭയകക്ഷി അടിസ്ഥാനത്തിൽ സഹകരിക്കുന്നതിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്. പ്രതിരോധ വിപണിയിലെ കേവലം വാങ്ങലുകാരും വിൽപ്പനക്കാരും എന്ന പരമ്പരാഗതതലം വിട്ട് സംയുക്ത ഗവേഷണം, സാങ്കേതികവിദ്യാ കൈമാറ്റം, സംയുക്ത വികസനം എന്നിവയിലേക്ക് ഇന്ത്യ-ഫ്രാൻസ് ബന്ധം മാറിയിരിക്കുന്ന ഒരു പശ്ചാത്തലമാണ് ഇപ്പോഴുള്ളത്.

ഫ്രാൻസിന്റെ നിലവിലെ വലിയ ബജറ്റ് കമ്മി (2026-ൽ ജിഡിപിയുടെ 5.2 ശതമാനവും അടുത്ത വർഷം അത് 6.2 ശതമാനവുമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു) കാരണം ഏകദേശം 50 ബില്യൺ ഡോളറിലധികം ചെലവ് പ്രതീക്ഷിക്കുന്ന പുതിയ യുദ്ധവിമാന വികസനത്തിന് സ്വന്തമായി ഫണ്ട് കണ്ടെത്താൻ അവർ ബുദ്ധിമുട്ടുന്നുണ്ട്. ഇന്ത്യയെപ്പോലെ സാമ്പത്തിക ശേഷിയും വലിയ പ്രതിരോധ വിപണിയുമുള്ള ഒരു രാജ്യത്തെ പങ്കാളിയാക്കുന്നത് വഴി ഫ്രാൻസിന് ഈ സാമ്പത്തിക ബാധ്യത പങ്കിടാൻ സാധിക്കും.

2017 ജൂലൈയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അന്നത്തെ ജർമൻ ചാൻസലർ ആംഗല മെർക്കലും ചേർന്ന് എഫ്.സി.എ.എസ് (FCAS) പദ്ധതി പ്രഖ്യാപിക്കുന്നത്. എന്നാൽ, ഈ ബൃഹദ് പദ്ധതി പിന്നീട് കേവലം രൂപരേഖകളിൽ ഒതുങ്ങുകയും, ഒടുവിൽ 2026 ജൂണിൽ പൂർണ്ണമായി റദ്ദാക്കപ്പെടുകയും ചെയ്തു. പദ്ധതിയിലെ പ്രധാന വ്യവസായ പങ്കാളികളായ ഫ്രാൻസിന്റെ ദസ്സോ ഏവിയേഷനും ജർമനിയെ പ്രതിനിധീകരിച്ച എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസും തമ്മിൽ തുടക്കം മുതൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. തങ്ങളുടെ മുൻനിര യുദ്ധവിമാനമായ റഫാൽ രൂപകൽപ്പന ചെയ്ത് വിജയിപ്പിച്ച ദസ്സോ ഏവിയേഷൻ സാങ്കേതിക വിദ്യയിൽ മേധാവിത്വം പിടിക്കാനുള്ള ശ്രമം നടത്തിയതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്.

വ്യോമയാന സാങ്കേതികവിദ്യയിലെയും ബൗദ്ധിക സ്വത്തവകാശത്തിലെയും തങ്ങളുടെ പരമാധികാരം പങ്കിടാൻ ദസ്സോ വിസമ്മതിച്ചു. എയർബസിനെ ഒരു ഉപകരാറുകാരൻ മാത്രമായി കാണാനാണ് ദസ്സോ ശ്രമിച്ചത്. തങ്ങളുടെ വ്യവസായങ്ങൾക്ക് തുല്യ പങ്കാളിത്തവും സാങ്കേതികവിദ്യ കൈമാറ്റവും വേണമെന്ന ജർമനിയുടെ ആവശ്യം ദസ്സോ നിരാകരിക്കുകയും ചെയ്തു.

ഇതിന് പുറമെ ഫ്രാൻസിന്റെയും ജർമ്മനിയുടെയും പ്രതിരോധ ആവശ്യങ്ങൾ വ്യത്യാസമായതും പദ്ധതിക്ക് തിരിച്ചടിയായി. ആണവശേഷിയുള്ള ഒരു രാജ്യമായ ഫ്രാൻസിന് തങ്ങളുടെ പുതിയ യുദ്ധവിമാനത്തിൽ ആണവായുധങ്ങൾ വഹിക്കാനുള്ള ശേഷിയും, വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് ഇത് സുഗമമായി പ്രവർത്തിപ്പിക്കാനുള്ള സംവിധാനങ്ങളും നിർബന്ധമായിരുന്നു. എന്നാൽ ജർമനിയുടെ ആവശ്യം നാറ്റോ മാനദണ്ഡങ്ങൾക്ക് അനുസൃതമായ, പരമ്പരാഗത ആയുധങ്ങൾ മാത്രമുള്ള ഒരു ലാൻഡ് ബേസ്ഡ് പ്രതിരോധ വിമാനമായിരുന്നു.

ഇതിനിടെ ജർമനിയിലെ പുതിയ ഭരണ നേതൃത്വം തങ്ങളുടെ ബജറ്റ് മുൻഗണനകളിൽ കാര്യമായ മാറ്റം വരുത്തുകയും ദീർഘകാല പരീക്ഷണ പ്രൊജക്റ്റുകൾക്ക് പകരം പെട്ടെന്ന് ലഭ്യമാകുന്ന അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നതിനും ഡ്രോൺ സാങ്കേതികവിദ്യകൾക്കുമായി പണം ചിലവഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതോടെ പരീക്ഷണ പറക്കൽ നടത്താൻ പോലും കഴിയാതെ പദ്ധതി പാഴായിപ്പോയി.

ഇന്ത്യ വന്നാലും ദസ്സോ മാറില്ല

എഫ്.സി.എ.എസ് പദ്ധതിയിലെ പരാജയം വിലയിരുത്തുമ്പോൾ, ഇന്ത്യൻ കമ്പനികളുമായി സഹകരിക്കാൻ ഫ്രഞ്ച് കമ്പനികൾ തയ്യാറാകുമോ എന്ന കാര്യത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വ്യോമയാന മേഖലയിലുള്ളത്. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ നിയന്ത്രണം തുല്യമായി പങ്കിടാൻ ഇഷ്ടപ്പെടുന്നവരല്ല ദസ്സോ ഏവിയേഷൻ എന്ന് ഇതിനകം വ്യക്തമാണ്. തങ്ങളുടെ വ്യോമയാന പദ്ധതികൾക്ക് ഫണ്ട് നൽകുന്ന ഒരു സാമ്പത്തിക പങ്കാളിയായി മാത്രമായിരിക്കും ഫ്രാൻസ് ചിലപ്പോൾ ഇന്ത്യയെ കാണുകയെന്ന വിമർശനം ഇന്ത്യൻ പ്രതിരോധ വിദഗ്ദ്ധർക്കിടയിലുണ്ട്.

പദ്ധതിയുടെ ഭാഗമാകുകയാണെങ്കിൽ ആയുധങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും കാര്യത്തിൽ സ്വന്തം തദ്ദേശീയ സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന് ഇന്ത്യ ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ തദ്ദേശീയ മിസൈലുകളും ഡാറ്റാ ലിങ്കുകളും യുദ്ധവിമാനത്തിൽ ഘടിപ്പിക്കാനുള്ള അനുവാദം ഇന്ത്യ കർശനമായി ആവശ്യപ്പെടും. റഷ്യയുമായുള്ള അഞ്ചാം തലമുറ യുദ്ധവിമാന (FGFA) പ്രൊജക്റ്റിൽനിന്ന് ഇന്ത്യ പിന്മാറിയത് പണം നൽകിയിട്ടും തുല്യമായ വർക്ക് ഷെയറിങ്ങും സാങ്കേതിക പങ്കാളിത്തവും ലഭിക്കാത്തതിനാലാണ്. അതിനാൽ, ഫ്രാൻസുമായുള്ള ഏത് പുതിയ സംരംഭത്തിലും വ്യക്തമായി നിർവചിക്കപ്പെട്ട തൊഴിൽ വിഭജനവും തദ്ദേശീയ സ്വകാര്യ കമ്പനികളുടെ ശക്തമായ പങ്കാളിത്തവും ഇന്ത്യ ഉറപ്പുവരുത്തേണ്ടതുണ്ട്.

സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെ കാര്യത്തിൽ മറ്റ് പല പാശ്ചാത്യ രാജ്യങ്ങളെക്കാളും വലിയ സന്നദ്ധത ഫ്രാൻസ് കാട്ടാറുണ്ട്. യു.എസ് നൽകുന്ന ഓഫറുകളിൽ പലപ്പോഴും തന്ത്രപരമായ നിയന്ത്രണങ്ങളും കർശനമായ വ്യവസ്ഥകളും ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന്, തങ്ങളുടെ ജി.ഇ എഫ്414 (GE F414) എഞ്ചിൻ ഇന്ത്യയ്ക്ക് നൽകാമെന്ന് അമേരിക്ക ഏറ്റിട്ടുണ്ടെങ്കിലും അതിൽ  70 ശതമാനം സാങ്കേതികവിദ്യാ കൈമാറ്റം മാത്രമേ ഉൾപ്പെടുന്നുള്ളൂ. നേരെമറിച്ച്, ഫ്രാൻസിന്റെ സഫ്രാൻ (Safran) കമ്പനി ഇന്ത്യയുടെ ഡി.ആർ.ഡി.ഒയുമായി ചേർന്ന് എ.എം.സി.എ യുദ്ധവിമാനത്തിനായി പുതിയ 120-140 കിലോന്യൂട്ടൺ ശക്തിയുള്ള എഞ്ചിൻ വികസിപ്പിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഈ കരാർ പ്രകാരം നൂറ് ശതമാനം സാങ്കേതികവിദ്യാ കൈമാറ്റവും സിംഗിൾ ക്രിസ്റ്റൽ ബ്ലേഡ് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള അതിസങ്കീർണ്ണ ഘടകങ്ങളുടെ നിർമ്മാണ രീതികളും ഇന്ത്യയ്ക്ക് ലഭിക്കും. ഇതിന്റെ പൂർണ്ണ ബൗദ്ധിക സ്വത്തവകാശവും ഇന്ത്യയ്ക്കായിരിക്കും.

ഇത്തരമൊരു ഓഫർ തങ്ങളുടെ പ്രതിരോധ വ്യവസായ ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസ് ഒരു വിദേശ രാജ്യത്തിന് നൽകുന്നത്. എങ്കിലും, ഭാവിയിൽ ഈ എൻജിനിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തണമെങ്കിൽ സഫ്രാന്റെ സഹായം വീണ്ടും ആവശ്യമായി വരുമെന്ന സാങ്കേതിക കെണിയെക്കുറിച്ച് ചില വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

തേജസും എഎംസിഎയും കുറെ പ്രയത്‌നങ്ങളും

സ്വന്തമായി യുദ്ധവിമാനങ്ങളും എഞ്ചിനുകളും രൂപകൽപ്പന ചെയ്യുന്നതിൽ ഇന്ത്യ കഴിഞ്ഞ ദശകങ്ങളിൽ കൈവരിച്ച സാങ്കേതിക വളർച്ച സമാനതകളില്ലാത്തതാണ്. ഇതിന്റെ പൂർണ്ണമായ വ്യാവസായിക വിജയത്തിലും തദ്ദേശീയ ഉത്പാദനത്തിലും രാജ്യം നേരിടുന്ന വെല്ലുവിളികളും വലുതാണ്. ഇന്ത്യ ഏറെ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതിയാണ് കാവേരി (GTRE GTX-35VS) എഞ്ചിൻ പ്രൊജക്റ്റ്. ഇത് 1989-ലാണ് ഔദ്യോഗികമായി ആരംഭിക്കുന്നത്. എന്നാൽ അതിസങ്കീർണ്ണമായ താപനില വ്യതിയാനങ്ങൾ നേരിടുന്നതിലും ആവശ്യമായ 90 കെ.എൻ ത്രസ്റ്റ് കൈവരിക്കുന്നതിലും പരാജയപ്പെട്ടതിനെ തുടർന്ന് 2008-ൽ ഈ പദ്ധതി തേജസ് യുദ്ധവിമാനത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കപ്പെട്ടു.

എങ്കിലും, ഈ പരാജയത്തിൽനിന്ന് രൂപപ്പെടുത്തിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കാവേരി ഡ്രൈ എഞ്ചിൻ (KDE) വിജയകരമായി നിർമ്മിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. ഈ എഞ്ചിൻ ആഫ്റ്റർബർണർ ഇല്ലാതെ 48-51 കെഎൻ ത്രസ്റ്റ് (dry thrust) നൽകുന്നതും, സബ്‌സോണിക് ഡ്രോൺ ദൗത്യങ്ങൾക്ക് അനുയോജ്യവുമാണ്. ഇന്ത്യയുടെ തദ്ദേശീയ സ്റ്റെൽത്ത് അൺമാൻഡ് കോംബാറ്റ് ഏരിയൽ വെഹിക്കിൾ (Ghatak UCAV / RPSA) പ്രൊജക്റ്റിനായി ഈ ഡ്രൈ എഞ്ചിൻ മാറ്റിവെച്ചിരിക്കുകയാണ്.

ലഭ്യമായ വിവരങ്ങൾ പ്രകാരം 60 ഘാതക് ഡ്രോണുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം നൽകിയ 39,000 കോടി രൂപയുടെ പ്രാഥമിക അനുമതി കാവേരി പദ്ധതിക്ക് വലിയൊരു ജീവൻരക്ഷാ മാർഗ്ഗമായി മാറിയിട്ടുണ്ട്. എങ്കിലും അതിസങ്കീർണ്ണമായ പരീക്ഷണങ്ങൾ ഇന്ത്യയിൽ നടത്താനുള്ള 'ഹൈ ആൾട്ടിറ്റിയൂഡ് ടെസ്റ്റിംഗ് ഫെസിലിറ്റി' (high-altitude testing facility) രാജ്യത്തില്ലാത്തതിനാൽ ഇന്നും പരീക്ഷണങ്ങൾക്കായി റഷ്യയെയാണ് ആശ്രയിക്കുന്നത്.

ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയായ എ.എം.സി.എ (AMCA), രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും തന്ത്രപ്രധാനമായ  ഘട്ടത്തിലാണ്. ഈ പദ്ധതിയിൽ പൊതുമേഖല സ്ഥാപനമായ എച്ച്.എ.എൽ (HAL)ന്റെ കുത്തക പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് പ്രതിരോധ മന്ത്രാലയം പുതിയ പ്രോഗ്രാം എക്‌സിക്യൂഷൻ മോഡൽ നടപ്പിലാക്കി. രൂപകൽപ്പന ചെയ്യുന്ന വിമാനത്തിന്റെ ആദ്യ പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കാൻ ഇന്ത്യയിലെ പ്രമുഖ സ്വകാര്യ കമ്പനികളുടെ കൺസോർഷ്യങ്ങൾക്ക് നേരിട്ടാണ് ടെൻഡറുകൾ നൽകിയിരിക്കുന്നത്. എച്ച്.എ.എൽ നിലവിലെ മറ്റ് നിർമാണ കരാറുകളിൽ സജീവമായതിനാലാണ് വികസന ഘട്ടത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ടത്. ഈ പുതിയ മാതൃകയിലൂടെ ആദ്യ പ്രോട്ടോടൈപ്പ് വിമാനത്തിന്റെ പരീക്ഷണ പറക്കൽ കരാർ ഒപ്പിട്ട് 30 മാസത്തിനകം നടത്തണമെന്ന കടുത്ത സമയപരിധിയാണ് നൽകിയിരിക്കുന്നത്. 2035-ഓടെ എ.എം.സി.എ വ്യോമസേനയുടെ ഭാഗമാക്കാനാണ് ലക്ഷ്യം.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാന ബന്ധവും വ്യോമയാന സാങ്കേതികവിദ്യയിലെ ആവശ്യകതകളും പരിശോധിക്കുമ്പോൾ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുന്നത് വളരെ അനുയോജ്യമാണ്. എഫ്.സി.എ.എസ് പദ്ധതിയുടെ തകർച്ച ഫ്രാൻസിന്റെ സാമ്പത്തിക ബലഹീനതയും ദസ്സോയുടെ കർക്കശ സ്വഭാവവും തുറന്നുകാട്ടുന്നുണ്ട്. എങ്കിലും സഫ്രാനുമായുള്ള എഞ്ചിൻ സംയുക്ത വികസന കരാർ കാണിക്കുന്നത് തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ ഫ്രാൻസിന് ഇന്ത്യയുമായി ഉയർന്ന സാങ്കേതികവിദ്യ പങ്കിടാൻ സാധിക്കുമെന്നാണ്.

ഭാവിയിൽ സംയുക്തമായി ഒരു ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാൻ ഇന്ത്യ തയ്യാറാകുകയാണെങ്കിൽ തന്ത്രപ്രധാന ചില കാര്യങ്ങളിൽ ഉറച്ചുനിൽക്കേണ്ടതുണ്ട്. തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും വിവരവിനിമയ സംവിധാനങ്ങളും യുദ്ധവിമാനത്തിൽ ഉപയോഗിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഇന്ത്യയ്ക്കായിരിക്കണം. സാങ്കേതികവിദ്യയുടെ സോഴ്‌സ് കോഡുകളും ബൗദ്ധിക സ്വത്തവകാശവും ഇന്ത്യയ്ക്ക് പൂർണ്ണമായി ലഭിക്കുന്ന തരത്തിലായിരിക്കണം കരാറുകൾ രൂപകൽപ്പന ചെയ്യേണ്ടത്.

ദസ്സോയുടെ മുൻകാല ഏകപക്ഷീയ സമീപനങ്ങൾ കണക്കിലെടുത്ത്, ഇന്ത്യൻ കമ്പനികൾക്ക് തുല്യമായ തൊഴിൽ പങ്കിട്ടു നൽകുമെന്ന് ആദ്യമേ ഉറപ്പുവരുത്തണം. ഈ മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ, ഫ്രാൻസിന്റെ സാങ്കേതിക മേന്മയും ഇന്ത്യയുടെ സാമ്പത്തിക വ്യാവസായിക കരുത്തും ഒത്തുചേർന്ന് ലോകത്തിലെ ഏറ്റവും മികച്ച ആറാം തലമുറ യുദ്ധവിമാനങ്ങളിൽ ഒന്ന് നിർമ്മിച്ചെടുക്കാൻ ഇരു രാജ്യങ്ങൾക്കും സാധിക്കും.

ഫ്രാൻസിന്റെയും ഇന്ത്യയുടെയും ആവശ്യങ്ങൾ ഏതാണ്ട് സമാനമാണ്. രണ്ടു രാജ്യങ്ങൾക്കും ആണവായുധം വഹിക്കാൻ ശേഷിയുള്ള വിമാനവാഹിനി കപ്പലുകളിൽനിന്ന് ഉപയോഗിക്കാനാകുന്ന ആറാം തലമുറ യുദ്ധവിമാനമാണ് വേണ്ടത്. അതിനാൽ ജർമ്മനിയുമായുള്ള സംയുക്ത പദ്ധതി നേരിട്ട പ്രധാന തടസ്സങ്ങളിലൊന്ന് ഒഴിവാകുമെന്ന് പ്രതീക്ഷിക്കാം. ദസ്സോയുടെ മനോഭാവത്തിൽ മാറ്റം വന്നില്ലെങ്കിൽ ആറാം തലമുറ യുദ്ധവിമാന പദ്ധതിയിൽ ഇന്ത്യയുടെ പങ്കാളിത്തവും തുലാസിലാകും. തടസ്സങ്ങൾ മറികടന്ന് മുന്നോട്ടുപോയാൽ അത് വലിയൊരു മാറ്റത്തിന് തുടക്കമാകുകയും ചെയ്യും.