നന്നായി തുടങ്ങും, പക്ഷേ പടിക്കൽ കലമുടയ്ക്കും. ക്രിക്കറ്റിൽ നിർഭാഗ്യം എന്ന വാക്കിനെ അടയാളപ്പെടുത്താൻ ഇന്നലെ വരെ ദക്ഷിണാഫ്രിക്കയോളം പോന്ന മറ്റൊരു പേരില്ലായിരുന്നു. ഒടുവിലിതാ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട്, നിർഭാഗ്യമെന്ന ആ ദുർഭൂതത്തെ അടിച്ച് ബൗണ്ടറി കടത്തിയിരിക്കുന്നു പ്രോട്ടീസ്. നീണ്ട 27 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള അവരുടെ ആദ്യ ഐസിസി കിരീടം. അല്ലെങ്കിലും അതങ്ങനെയാണ്, കാത്തിരിപ്പുകൾക്ക് എപ്പോഴും ഒരു അറുതിയുണ്ടാകും. അതാണ് കായികലോകത്തെ കാവ്യനീതി.

To advertise here,

കൈവിട്ടുപോയ കിരീടങ്ങളെക്കുറിച്ചോർത്ത് അവർക്കിന്ന് തെല്ലും സങ്കടമില്ല. മറ്റെല്ലാം മറന്ന് ലോർഡ്‌സിൽ ഉയർത്തിയ ഈ ലോകകിരീടം അവരത്രമേൽ നെഞ്ചോട് ചേർത്തിരിക്കുന്നു. ചോക്കേഴ്‌സ് എന്ന പരിഹാസവും ഇനിയവർ കേൾക്കേണ്ട. ലോകം കീഴടക്കിയ ചാമ്പ്യൻമാരാണവർ.

92 മുതൽ തുടങ്ങിയ നോക്കൗട്ട് ശാപം

ഇന്നും ഇന്നലെയുമല്ല, 1992 ലോകകപ്പ് സെമിഫൈനൽ മുതൽ തുടങ്ങിയതാണ് അവരുടെ നോക്കൗട്ട് ശാപം. അന്ന് സിഡ്നിയിൽ ഇംഗ്ലണ്ടിനെതിരായ സെമിയിൽ മഴയെത്തുടർന്ന് മത്സരം നിർത്തിവെക്കുമ്പോൾ വിജയത്തിലേക്ക് പ്രോട്ടീസിന് വേണ്ടിയിരുന്നത് 13 പന്തിൽനിന്ന് 22 റൺസ്. എന്നാൽ മഴ മാറി മത്സരം പുനരാരംഭിച്ചപ്പോൾ ലക്ഷ്യം ഒരു പന്തിൽ 22 റൺസ്. തീർത്തും ആപ്രാപ്യമായ ലക്ഷ്യം. ഫൈനൽ മോഹം അന്നവിടെ തീർന്നു. 

1999 ലോകകപ്പ് സെമിയിലും നിർഭാഗ്യമെന്ന ദുർഭൂതം അവരെ വേട്ടയാടി. നാല് പന്തിൽ ഒരു റൺസ് മാത്രം വേണമെന്നിരിക്കെ അലൻ ഡൊണാൾഡിന്റെ റണ്ണൗട്ടിൽ പ്രതീക്ഷകൾ വീണുടഞ്ഞു. മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഓസീസ് ഫൈനലിലെത്തി. പിന്നീട് 2007, 2015. 2023 ലോകകപ്പിലും സെമി ശാപം അവരെ വിടാതെ പിന്തുടർന്നു.

കഴിഞ്ഞ വർഷം ടി20 ലോകകപ്പ് ഫൈനലിലെത്തിയിട്ടും ഇന്ത്യയോട് തോൽക്കാനായിരുന്നു അവരുടെ വിധി. 2009, 2014 ടി20 ലോകകപ്പുകളിലും സെമിയിൽ പുറത്തായി. 2000, 2002, 2006, 2013, 2025 വർഷങ്ങളിലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റുകളിലെല്ലാം സെമിയിൽ കടന്നെങ്കിലും ഒരിക്കൽ പോലും ഫൈനൽ കളിക്കാൻ സാധിച്ചില്ല. 

കഴിഞ്ഞ 27 വർഷങ്ങൾക്കിടെ 11 സെമിഫൈനലുകളിലാണ് അവർ വീണുപോയത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇങ്ങനേയും നിർഭാഗ്യം കൂടപ്പിറപ്പായ ടീമാണിപ്പോൾ ആ ചീത്തപ്പേരെല്ലാം തിരുത്തിയെഴുതിയത്. അതും ഐസിസി ഫൈനലുകളിൽ അപകടകാരികളായ, നിലവിലെ ചാമ്പ്യൻമാർ കൂടിയായ ഓസീസിനെ തന്നെ മുട്ടുകുത്തിച്ച്.

വമ്പൻമാരുടെ ആദ്യ ലോകകപ്പ് കിരീടം

വലിയ കിരീട നേട്ടങ്ങൾ കുറവാണെങ്കിലും ക്രിക്കറ്റ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അവരുടേതായ സ്ഥാനമുണ്ട്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കുശേഷം ലോകത്ത് ടെസ്റ്റ് കളിച്ച മൂന്നാമത്തെ രാജ്യമാണ് ദക്ഷിണാഫ്രിക്ക, അതും 1888-89 കാലഘട്ടത്തിൽ. പിന്നീടിങ്ങോട്ട് ഓസ്‌ട്രേലിയ പലവട്ടം പലഫോർമാറ്റുകളിലെ കിരീടം നേടി. ഇംഗ്ലണ്ടും മോശമാക്കിയില്ല. പക്ഷേ, ദക്ഷിണാഫ്രിക്കയ്ക്ക് ആകെയുണ്ടായിരുന്നത് 1998-ൽ സ്വന്തമാക്കിയ നോക്കൗട്ട് ട്രോഫി മാത്രമായിരുന്നു. 

ലോകക്രിക്കറ്റിലെ വലിയ ശക്തികളിലൊന്നാണെങ്കിലും നിർഭാഗ്യം ആ ടീമിനു ചുറ്റും എപ്പോഴും ചിറകുവിരിച്ചു പറന്നു. കൈയ്യെത്തും ദൂരെ നഷ്ടപ്പെട്ട എത്രയെത്ര ലോകകിരീടങ്ങൾ. ആ കണ്ണീർ കഥയ്ക്ക് കൂടിയാണ് ടെംബ ബവുമയും കൂട്ടരും ലോർഡ്സിൽ വിരാമമിട്ടത്.

നേരിട്ട പരിഹാസങ്ങൾ പടവാളാക്കിയ ക്യാപ്റ്റൻ

ഹാൻസി ക്രോണി, ഷോൺ പൊള്ളോക്ക്, ഗ്രെയാം സ്മിത്ത്, എബി ഡിവില്ലിയേഴ്സ്, ജാക്ക് കാലിസ്, ഹാഷിം അംല, അലൻ ഡൊണാൾഡ്, ഡെയ്ൽ സ്റ്റെയിൻ തുടങ്ങിയ ഒരുകൂട്ടം വമ്പൻമാർക്കൊന്നും എത്തിപ്പിടിക്കാനാകാതെ പോയ ലോകകപ്പ് കിരീടമാണ്, ഇന്നോളം പരിഹാസങ്ങൾ മാത്രം കേട്ട ടെംബ ബവുമ എന്ന ക്യാപ്റ്റൻ രാജ്യത്തിനായി സമ്മാനിച്ചത്. കാലിലെ പേശിവലിവ് അലട്ടിയിട്ടും ക്രീസിൽ തുടർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച ബാവുമയുടെ പോരാട്ടവീര്യം മാത്രം മതി ഈ കപ്പ് അവർക്ക് എത്രമാത്രം അനിവാര്യമായിരുന്നുവെന്ന് തിരിച്ചറിയാൻ. സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച ഏയ്ഡൻ മാർക്രത്തിന്റെ ഇന്നിങ്സിന് ഇനി പ്രോട്ടീസിന്റെ ക്രിക്കറ്റ് ചരിത്രത്തിലാണ് സ്ഥാനം.

ആഫ്രിക്കക്കാരനായ ബാവുമയെന്ന ക്യാപ്റ്റൻ ലോർഡ്‌സിൽ കിരീടം ഏറ്റുവാങ്ങുമ്പോൾ ക്രിക്കറ്റിൽ അവർ സൃഷ്ടിച്ച അപമാനത്തിന്റെ കറ മായ്ച്ചു കളയുക കൂടിയായിരുന്നു. ആഫ്രോ വംശജർക്കെതിരായ വർണവിവേചനത്തിന്റെ പേരിൽ ഒരിക്കൽ ലോകക്രിക്കറ്റിൽ വിലക്കുനേടുകയും പാശ്ചാത്യ രാജ്യങ്ങൾക്കുമുന്നിൽ അപമാനിതരാവുകയും ചെയ്ത ടീമാണ് ദക്ഷിണാഫ്രിക്ക. 21 വർഷത്തോളം വിലക്കുനേരിട്ട ടീം 1991-ൽ തിരിച്ചുവന്നെങ്കിലും ലോകകിരീടം കിട്ടാക്കനിയായി. അതേ ടീം ഇപ്പോൾ കിരീടം ഏറ്റുവാങ്ങുമ്പോൾ നായകനായി ആഫ്രിക്കൻ വംശജനാണ് എന്നത് ചരിത്രത്തിന്റെ വിസ്മയകരമായ തിരുത്തുകൂടിയായി.

ശരീര പ്രകൃതംകൊണ്ട് പോലും ക്രിക്കറ്റിൽ ഇങ്ങനെയും പരിഹാസ നേരിട്ട മറ്റൊരു താരം ഉണ്ടാവുമോയെന്നും സംശയമാണ്. ഇക്കാലമത്രയും കളിയാക്കിയവർ തന്നെ ടിവിക്ക് മുന്നിലിരുന്നത് അയാൾക്കായി കൈയ്യടിച്ചു. നിർണായക മത്സരങ്ങളിൽ തോറ്റ് നിർഭാഗ്യവാൻമാരുടെ ടീമായ ദക്ഷിണാഫ്രിക്കയുടെ രക്ഷകനാകാനും ആ അഞ്ചടി നാലിഞ്ചുകാരൻ തന്നെ വേണ്ടിവന്നു. കാലം അയാൾക്കായി കാത്തുവെച്ച കാവ്യനീതി കൂടിയാണത്.

കാത്തിരിന്ന് കാത്തിരുന്ന് കിട്ടുന്ന നേട്ടങ്ങൾക്ക് അല്ലെങ്കിലും മധുരം ഏറെയായിരിക്കും. കായിക ലോകത്ത് കിരീടത്തിനായി വർഷങ്ങൾ കാത്തിരുന്ന ടീമുകളെ അനുഗ്രഹിച്ചൊരു വർഷം കൂടിയാണ് 2025. ക്രിസ്റ്റൽ പാലസും ടോട്ടൻഹാമും പിഎസ്ജിയും ന്യൂകാസിലും ഒടുവിൽ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും കപ്പിൽ മുത്തമിട്ടു. അക്കൂട്ടത്തിലേക്കുള്ള ഏറ്റവും ലെയ്റ്റായ ലേറ്റസ്റ്റ് എൻട്രിയായി ദക്ഷിണാഫ്രിക്കയും.