ഡർബൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ 214 റൺസിന്റെ വിജയം സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി ഓസ്‌ട്രേലിയ. 11 മത്സരങ്ങളിൽ ഒമ്പത് വിജയവുമായി 81.81 പോയിന്റ് ശതമാനമാണ് ഓസീസിനുള്ളത്. ആദ്യ ടെസ്റ്റിന് മുമ്പ് 80 പോയിന്റ് ശതമാനവുമായി രണ്ടാമതായിരുന്ന ദക്ഷിണാഫ്രിക്ക തോൽവിയോടെ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. പോയിന്റ് ശതമാനം 60 ആയി കുറയുകയും ചെയ്തു.

To advertise here,

നിലവിൽ 72.22 പോയിന്റ് ശതമാനവുമായി ന്യൂസീലൻഡാണ് രണ്ടാമത്. 55.56 പോയിന്റ് ശതമാനവുമായി ബംഗ്ലാദേശ് നാലാമതും 51.52 പോയിന്റ് ശതമാനവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. 11 മത്സരങ്ങളിൽ ഇന്ത്യ അഞ്ചെണ്ണത്തിൽ വിജയിച്ചപ്പോൾ നാലെണ്ണത്തിൽ പരാജയപ്പെട്ടു. രണ്ട് മത്സരങ്ങൾ സമനിലയിലും അവസാനിച്ചു.

ഡർബനിൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയയുടെ 421 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് 206 റൺസിന് അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ 390 റൺസ് അടിച്ച ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് ആറു വിക്കറ്റിന് 314 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ആദ്യ ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക 284 റൺസാണ് അടിച്ചത്. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഞായാറാഴ്ച മുതൽ സെന്റ് ജോർജ് പാർക്കിൽ നടക്കും.