പ്രതിഭകളുടെ എണ്ണത്തിൽ ലോകത്തെ മറ്റേത് ടീമിനോടും കിടപിടിക്കാവുന്നവരായിരുന്നു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം ലോകോത്തര താരങ്ങൾ നിറഞ്ഞതായിരുന്നു എക്കാലത്തെയും പ്രോട്ടീസ് ടീം. പക്ഷേ ഐസിസി ടൂർണമെന്റുകളിൽ ഇത്രത്തോളം നിർഭാഗ്യം പിന്തുടർന്ന മറ്റൊരു ടീമില്ല. ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ട് ഘട്ടങ്ങളിൽ വീണുപോകുന്നവരെന്ന ചീത്തപ്പേര് ഇത്തവണയും അന്വർഥമാക്കിയാണ് അവർ ഇന്ത്യൻ മണ്ണിൽ നിന്നും മടങ്ങുന്നത്. ഇത്തവണത്തെ ടി20 ലോകകപ്പിൽ തകർപ്പൻ ഫോമിലായിരുന്നു പ്രോട്ടീസ്. ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക തോൽവിയറിയാതെയാണ് അവർ സെമി ഫൈനലിലെത്തിയത്. കളിച്ച ഏഴുമത്സരത്തിലും മികച്ച ജയം. ആഴമുള്ള ബാറ്റിങ്‌നിരയും എതിരാളികളുടെ ചങ്കിടിപ്പിക്കുന്ന ബൗളിങ്‌നിരയും. ബാറ്റിങ്ങിൽ മിന്നുന്ന ഫോമിൽ ക്യാപ്റ്റൻ എയ്ഡൻ മാർക്രം. ബൗളിങ്ങിൽ പേസർമാരായ ലുങ്കി എൻഗിഡിയും കാഗിസോ റബാദയും. എന്നാൽ ന്യൂസീലൻഡിനെതിരായ സെമിയിൽ കളിയുടെ എല്ലാ മേഖലകളിലും അവർ പൂർണമായും പരാജയപ്പെട്ടു.

To advertise here,

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 169 റൺസ് മാത്രം. അതും ഒരു ഘട്ടത്തിൽ 10.2 ഓവറിൽ അഞ്ചിന് 77 റൺസെന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ 169 റൺസിലെത്തിച്ചത് മാർക്കോ യാൻസന്റെയും ട്രിസ്റ്റൻ സ്റ്റബ്ബ്‌സിന്റെയും കൂട്ടുകെട്ടായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഫിൻ അലനും ടിം സെയ്ഫെർട്ടും ചേർന്ന് പ്രോട്ടീസ് സ്വപ്‌നങ്ങൾ അടിച്ചുടച്ചു. പ്രോട്ടീസ് ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം വെറും 12.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കിവീസ് മറികടന്നത്. ടി20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് കുറിച്ച അലൻ വെറും 33 പന്തിൽ നിന്ന് എട്ടു സിക്സും 10 ഫോറുമടക്കം 100* റൺസോടെ പുറത്താകാതെ നിന്നു. 33 പന്തുകൾ നേരിട്ട സെയ്ഫെർട്ട് 58 റൺസെടുത്തു. ആധികാരികമായ ജയം.

കഴിഞ്ഞ വർഷത്തെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയതു മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇക്കാലത്തിനിടെ ആശ്വസിക്കാവുന്ന ഒരു നേട്ടമായി അവശേഷിക്കുന്നത്. 1992, 1999, 2007, 2015, 2023 ഏകദിന ലോകകപ്പുകളിലെല്ലാം സെമി ഫൈനലിൽ അവർക്ക് കാലിടറി. 1996-ലും 2011-ലും ക്വാർട്ടർ ഫൈനലിലും. 2024 ടി20 ലോകകപ്പ് ഫൈനലിലെത്തിയിട്ടും ജയിച്ചെന്ന പ്രതീക്ഷകൾക്കൊടുവിൽ ഇന്ത്യയോട് തോറ്റു. 2009, 2014 ടി20 ലോകകപ്പുകളിലെ സെമി ഫൈനലിൽ തോറ്റ് പുറത്തായി. 2000, 2002, 2006, 2013, 2025 വർഷങ്ങളിലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റുകളിലെല്ലാം സെമി ഫൈനലിൽ കടന്നെങ്കിലും ഒരിക്കൽ പോലും ഫൈനൽ കളിക്കാൻ സാധിക്കാത്തവരായിരുന്നു ദക്ഷിണാഫ്രിക്ക. ഇക്കാലത്തിനിടയ്ക്ക് ഐസിസി ടൂർണമെന്റുകളിൽ രണ്ട് തവണ ക്വാർട്ടറിലും 12 തവണ സെമിയിലും ഒരു തവണ ഫൈനലിലും ദക്ഷിണാഫ്രിക്ക തോറ്റു. ക്രിക്കറ്റ് ചരിത്രത്തിൽ ഇത്രയ്ക്ക് നിർഭാഗ്യം പിന്തുടർന്ന ഒരു ടീമുണ്ടോ എന്നത് സംശയമാണ്.

1992-ലെ ഏകദിന ലോകകപ്പ് സെമിഫൈനൽ, മഴപെയ്ത സിഡ്നിയിൽ അന്ന് കളി നിർത്തിവെക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻവേണ്ടത് 13 പന്തുകളിൽനിന്ന് 22 റൺസ്. മഴമാറി കളിതുടങ്ങുമ്പോൾ അന്നത്തെ മഴനിയമമനുസരിച്ചുള്ള കണക്ക് വലിയ സ്‌ക്രീനിൽ തെളിഞ്ഞു 'ഒരു പന്തിൽനിന്ന് 22 റൺസ്'. ആ പന്ത് നേരിട്ട ബ്രയാൻ മാക്മില്ലൻ നിർവികാരനായി അത് ലെഗ്സൈഡിലേക്ക് തട്ടിയിട്ടു... ഒരു റൺസ് എടുത്ത് ഡ്രസ്സിങ് റൂമിലേക്ക് നടന്നു. ഇന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയത്തിലേക്ക് പ്രോട്ടീസിനെ മുന്നിൽ നിന്ന് നയിച്ച ഏയ്ഡൻ മാർക്രം അന്ന് ജനിച്ചിട്ടില്ല... അന്നത്തെ ആ മഴനിയമം ആ മത്സരത്തിനുശേഷം ചവറ്റുകൊട്ടയിലേക്ക് പോയി പകരമെത്തിയതാണ് 'ഡക്ക്വർത്ത്-ലൂയിസ്'.

അന്നുമുതൽ മൂന്നുപതിറ്റാണ്ടിലേറെ ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക ഫൈനൽ കണ്ടിട്ടില്ല. 'സെമി ശാപം' അവരുടെ തലയ്ക്കുമുകളിൽ എന്നുമുണ്ടായിരുന്നു. അന്നുമുതൽ അവർ വീണുപോയത് ലോകകപ്പുകളിലെ ഏഴു സെമിഫൈനലുകളിലായിരുന്നു.

1999 ഏകദിന ലോകകപ്പ്

സെമിയിൽ ഓസ്ട്രേലിയയുടെ 213 എന്ന സ്‌കോർ പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് നാലുപന്തുകളും ഒരുവിക്കറ്റും ശേഷിക്കെ ഒരു റൺസ് മതിയായിരുന്നു. ലാൻസ് ക്ലൂസ്നർ, പന്ത് നേരേ തട്ടിയിട്ട് ഓടുന്നു. എതിർ എൻഡിലെ അലൻ ഡൊണാൾഡ് ആദ്യം ഓടിയില്ല. ലാൻസ് ക്ലൂസ്നറുടെ ഓട്ടം ഡ്രസ്സിങ് റൂമിലേക്ക് നീണ്ടു. അയാൾക്ക് അറിയാമായിരുന്നു ഒരു റണ്ണൗട്ട് ഉറപ്പാണെന്ന്... മത്സരം ടൈ... നെറ്റ് റൺറേറ്റിൽ ഓസ്ട്രേലിയ ഫൈനലിൽ.

2007 ഏകദിന ലോകകപ്പ്

സെമിയിൽ എതിരാളികൾ വീണ്ടും ഓസ്ട്രേലിയ. വമ്പൻ സ്‌കോർ ചേസ് ചെയ്തിരുന്ന ദക്ഷിണാഫ്രിക്ക ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ, ഇന്നിങ്സ് 149-ൽ ഒതുങ്ങി. ഓസ്ട്രേലിയ ഏഴുവിക്കറ്റിന് ജയിച്ചു.

2009 ട്വന്റി-20 ലോകകപ്പ്

സെമിയിൽ എതിരാളി പാകിസ്താൻ. ന്യൂസീലൻഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഇന്ത്യ ടീമുകളെ തോൽപ്പിച്ചുവന്ന ദക്ഷിണാഫ്രിക്ക ഫേവറിറ്റുകൾ. ഷാഹിദ് അഫ്രിദിയുടെ അർധസെഞ്ചുറിയുടെ മികവിൽ പാക് സ്‌കോർ 149. ഹെർഷൽ ഗിബ്സിനെയും (5) എ.ബി. ഡിവിലിയേഴ്സിനെയും (1) അഫ്രിദിതന്നെ പുറത്താക്കി. 142-ൽ ദക്ഷിണാഫ്രിക്ക പുറത്ത്.

2013 ചാമ്പ്യൻസ് ട്രോഫി

ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു സെമി ഫൈനൽ ദുരന്തം. എട്ട് വിക്കറ്റിന് 80 റൺസെന്ന നിലയിൽ തകർന്നടിഞ്ഞ പ്രോട്ടീസിനെ, ഡേവിഡ് മില്ലറും റോറി ക്ലെയിൻവെൽട്ടും ചേർന്ന് 175 എന്ന നിലയിലെത്തിച്ചു. പക്ഷേ, മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ജോനാഥൻ ട്രോട്ടിന്റെ 82 റൺസ് ബലത്തിൽ ഏഴ് വിക്കറ്റും 12 ഓവറും ബാക്കിയിരിക്കേ വിജയിച്ചു. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് മുകളിൽ ഒരു ഇരുണ്ട മൂടൽമഞ്ഞ് തൂങ്ങിക്കിടക്കുന്നുണ്ടെന്ന് അന്നത്തെ തോൽവിയോടെ കോച്ച് ഗാരി കിർസ്റ്റൺ പറഞ്ഞു.

2014 ട്വന്റി-20 ലോകകപ്പ്

സെമിയിലെ എതിരാളി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 172 എന്ന മികച്ച സ്‌കോർ ഉയർത്തി. ഇന്ത്യൻ ഇന്നിങ്സിൽ വിരാട് കോലിയുടെ 72 (44) താണ്ഡവമായിരുന്നു. അഞ്ചുപന്തുകൾ ശേഷിക്കെ ഇന്ത്യൻ വിജയം.

2015 ഏകദിന ലോകകപ്പ്

എതിരാളി ന്യൂസീലൻഡ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്‌കോർ 281. മഴനിയമത്തിൽ ന്യൂസീലൻഡിന് ലക്ഷ്യം 43 ഓവറിൽ 298 ആയി. ഒടുവിൽ ഒരു പന്തുമാത്രം ശേഷിക്കെ ഡെയ്ൽ സ്റ്റെയിനിനെ സിക്സടിച്ച് ഗ്രാൻഡ് എലിയട്ടിന്റെ വിജയസ്മിതം.

2023 ഏകദിന ലോകകപ്പ്

സെമിയിൽ എതിരാളി വീണ്ടും ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് ടൂർണമെന്റിലെതന്നെ കുറഞ്ഞ സ്‌കോറുകളിലൊന്നായ 212-ൽ ഒതുങ്ങി. ഓസ്ട്രേലിയയും ഈഡൻ ഗാർഡൻസിലെ ആ പിച്ചിൽ തപ്പിത്തടഞ്ഞു. ഒടുവിൽ 48-ാം ഓവറിലാണ് ഏഴുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടത്.

ഇതിനു ശേഷം 2024 ടി20 ലോകകപ്പ് ഫൈനലിൽ ജയിച്ചെന്ന ഘട്ടത്തിൽ നിന്ന് കളി കൈവിട്ട ദക്ഷിണാഫ്രിക്ക ഏഴു റൺസിന് തോറ്റു. പിന്നാലെ ഈ വർഷം ചാമ്പ്യൻസ് ട്രോഫി സെമിയിൽ ന്യൂസീലൻഡിനോട് 50 റൺസിന് തോറ്റ് പുറത്തായി. ഇപ്പോഴിതാ 2026 ടി20 ലോകകപ്പ് സെമിയിലും അവർക്ക് കാലിടറിയിരിക്കുന്നു.