ഇസ്രയേലിനെ ഇനി ആര് ഭരിക്കും? ബെഞ്ചമിൻ നെതന്യാഹുവോ, അതോ നെതന്യാഹുവിനെ പുറത്താക്കാൻ മത്സരിച്ച പ്രതിപക്ഷമോ? ഉത്തരമെന്തായാലും അവിടെ നിർണായക സ്വാധീനം ചെലുത്തുന്നത് അറബ് പാർട്ടികളാണ്. തിരഞ്ഞെടുപ്പിൽ അവർ നടത്തിയ മുന്നേറ്റം ഇസ്രയേലിലെ ഇന്നോളമുള്ള അധികാരസമവാക്യങ്ങളെ മാറ്റി എഴുതിയിരിക്കുന്നു. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ നെതന്യാഹു സഖ്യത്തിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. പ്രധാന എതിരാളി ഗാദി ഐസൻകോട്ട് നയിക്കുന്ന പ്രതിപക്ഷ ചേരിക്കും സ്വന്തം നിലയിൽ സർക്കാർ രൂപീകരിക്കാനാവില്ല. അവിടെയാണ് അറബ് പാർട്ടികൾ കിങ് മേക്കറാകുന്നത്. അവരുമായി കൈകോർത്താൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം കടക്കാം. പക്ഷേ, ആ സഹകരണത്തെച്ചൊല്ലി പ്രതിപക്ഷത്തിനുള്ളിൽത്തന്നെ ഭിന്നതയുണ്ട്. ഈ അഭിപ്രായവ്യത്യാസങ്ങൾ മുതലെടുത്ത് നെതന്യാഹു അധികാരം നിലനിർത്തുമോ? അതോ നെതന്യാഹുവിനെ പുറത്താക്കാൻ ജൂത പ്രതിപക്ഷവും അറബ് പാർട്ടികളും കൈകോർക്കുമോ?

To advertise here,

ആദ്യം സീറ്റ് കണക്ക് നോക്കാം; ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ ആകെയുള്ളത് 120 സീറ്റുകൾ. കേവലഭൂരിപക്ഷത്തിന് വേണ്ടത് 61. നെതന്യാഹു സഖ്യത്തിന് ലഭിച്ചത് 53 സീറ്റുകൾ. ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ചേരിക്ക് 48. അറബ് പാർട്ടികൾക്ക് 19. ആ 19 ൽ 11 എണ്ണം യൂസഫ് ജബരീനിന്റെ ജോയിന്റ് ലിസ്റ്റിനും എട്ട് എണ്ണം മൻസൂർ അബ്ബാസിന്റെ റാം പാർട്ടിക്കും.

27 സീറ്റുകൾ ലഭിച്ച നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നിട്ടും അദ്ദേഹത്തിന്റെ സഖ്യത്തിന് ഭൂരിപക്ഷത്തിലെത്താൻ എട്ടുപേരുടെ പിന്തുണ കൂടി വേണം. മറുവശത്ത്, പ്രതിപക്ഷ ചേരിയുടെയും അറബ് പാർട്ടികളുടെയും സീറ്റുകൾ കൂട്ടിയാൽ 67 വരും. പക്ഷേ നെതന്യാഹുവിനെ എതിർക്കുന്ന ഇവരെല്ലാം ഒരൊറ്റ സഖ്യമല്ല. നെതന്യാഹു മാറണമെന്ന ആഗ്രഹം പങ്കിടുമ്പോഴും, പകരം ആരുടെ നേതൃത്വത്തിൽ, ആരുടെ പിന്തുണയോടെ സർക്കാർ ഉണ്ടാക്കണമെന്നതിൽ ഇവർക്കിടയിൽ ധാരണയുമില്ല. അവിടെയാണ് അറബ് പാർട്ടികളുടെ പ്രാധാന്യം. ഇസ്രയേലിലെ ജനസംഖ്യയുടെ ഏകദേശം അഞ്ചിലൊന്ന് അറബ് പൗരന്മാരാണ്. എന്നാൽ അവരുടെ രാഷ്ട്രീയ പ്രാതിനിധ്യവും, സർക്കാർ രൂപീകരണത്തിലെ സ്വാധീനവും പലപ്പോഴും പരിമിതമായിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ നേടിയ മുന്നേറ്റം ആ പഴയ സമവാക്യത്തെ ചോദ്യം ചെയ്യുകയാണ്. മൻസൂർ അബ്ബാസിന്റേയും യൂസഫ് ജബരീനിന്റെയും പാർട്ടികൾ നേടിയ ആ 19 സീറ്റുകൾ ഇസ്രയേലിന്റെ അധികാരസമവാക്യത്തിൽ അറബ് പാർട്ടികളെ നിർണായക ശക്തികളാക്കി.

മുൻകാലങ്ങളിലെ തിരഞ്ഞെടുപ്പ് വിമുഖത വെടിഞ്ഞ് അറബ് പൗരൻമാർ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധകാലത്ത് പലായനം ചെയ്യാതെ സ്വന്തം മണ്ണിൽ തുടർന്ന പലസ്തീനികളുടെ പിൻമുറക്കാരാണ് ഇസ്രായേൽ പൗരത്വമുള്ള ഈ അറബ് ജനത. ഗാസയിലും വെസ്റ്റ് ബാങ്കിലും നെതന്യാഹു സർക്കാർ തുടരുന്ന സൈനിക അതിക്രമങ്ങൾക്കൊപ്പം, ഇസ്രായേലിനുള്ളിലെ അറബ് പൗരന്മാരെ രണ്ടാംതരം പൗരന്മാരായി കാണുന്ന വിവേചനപരമായ നയങ്ങളോടുള്ള കടുത്ത രോഷമാണ് അവർ ബാലറ്റിലൂടെ പ്രതിഫലിപ്പിച്ചത്.

അറബ് മേഖലകളിലെ ഭവനനിർമാണ വിലക്കുകളും അറബ് പട്ടണങ്ങളിൽ പെരുകുന്ന മാഫിയാ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ അവരെ ഭരണകൂടത്തിനെതിരെ തിരിച്ചു. ഈ അനുകൂല സാഹചര്യങ്ങൾ അറബ് പാർട്ടികളുടെ മുന്നേറ്റത്തിനും വഴിവെച്ചു. 2022ൽ 10 എണ്ണമായിരുന്ന സീറ്റുകളാണ് ഇത്തവണ അവർ 19 ലേക്ക് ഉയർത്തിയത്. പക്ഷേ അറബ് പാർട്ടികൾ 19 സീറ്റുകൾ നേടിയെന്നതുകൊണ്ട് അവയെല്ലാം പ്രതിപക്ഷത്തിനും ഐസൻകോട്ടിനും ലഭിക്കുന്ന പിന്തുണയായി കാണാനാവില്ല. മൻസൂർ അബ്ബാസിന്റെ റാമും യൂസഫ് ജബരീനിന്റെ ജോയിന്റ് ലിസ്റ്റും എന്ത് നിലപാടെടുക്കും എന്നതിനൊപ്പം, അവരുടെ പിന്തുണ സ്വീകരിക്കാൻ പ്രതിപക്ഷ കക്ഷികൾ തയ്യാറാകുമോ എന്നതും നിർണായകമാണ്.

മന്ത്രിസഭയിൽ പങ്കാളികളാകുക, പുറത്തുനിന്ന് പിന്തുണ നൽകുക, വിശ്വാസവോട്ടിൽ സഹകരിക്കുക തുടങ്ങിയ വഴികൾ പ്രതിപക്ഷ-അറബ് പാർട്ടികളുടെ ചർച്ചയിൽ വരാം. പക്ഷേ, അറബ് പാർട്ടികളെ ആശ്രയിച്ചുള്ള സർക്കാരിനെ പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷികൾ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് എതിർത്തിരുന്നു. ആ നിലപാട് മാറ്റാനും വോട്ടർമാരോട് അതിന്റെ കാരണം വിശദീകരിക്കാനും നേതാക്കൾക്ക് കഴിയണം. അതുകൊണ്ട് ഐസൻകോട്ടിന് മുന്നിലുള്ള ആദ്യ വെല്ലുവിളി സ്വന്തം ചേരിയെ ഒരുമിപ്പിക്കലാണ്. അതിനുശേഷമേ അറബ് പാർട്ടികളുമായി സർക്കാർ രൂപീകരിക്കാനുള്ള പൊതുധാരണയിലെത്താനാകൂ. അങ്ങനെയെങ്കിൽ മാത്രമേ നെതന്യാഹുവിനെ അകറ്റി ഭരണത്തിലെത്താനാകൂ.

ഇത്തരം സഹകരണത്തിന് ഇസ്രയേലിൽ മുൻപൊരു അനുഭവവുമുണ്ട്. 2021-ൽ നഫ്താലി ബെന്നറ്റും യായിർ ലാപിഡും ചേർന്നുണ്ടാക്കിയ സഖ്യസർക്കാരിൽ മൻസൂർ അബ്ബാസിന്റെ റാം പങ്കാളിയായിരുന്നു. ആ സഖ്യമാണ് നെതന്യാഹുവിന്റെ 12 വർഷത്തെ തുടർഭരണം അവസാനിപ്പിച്ചത്. എന്നാൽ, ഏകദേശം ഒരു വർഷത്തിനുശേഷം സഖ്യം തകർച്ചയിലേക്ക് നീങ്ങി. തുടർന്നുള്ള തിരഞ്ഞെടുപ്പിലൂടെ നെതന്യാഹു വീണ്ടും അധികാരത്തിലെത്തി. ഇത്തവണയും സമാനമായ ധാരണയുണ്ടായാൽ, സർക്കാർ രൂപീകരിക്കുന്നതിനൊപ്പം അത് നിലനിർത്താനാകുമോ എന്ന ചോദ്യവും ഉയരും.

പ്രതിപക്ഷത്തിലെ ഈ ഭിന്നതകളിലാണ് നെതന്യാഹുവിന്റെ പ്രതീക്ഷ. സ്വന്തം സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ കണ്ടെത്തുകയാണ് അദ്ദേഹത്തിന് മുന്നിലുള്ള ഒരു വഴി. പ്രതിപക്ഷത്തിലെ ഏതെങ്കിലും കക്ഷിയെ ഒപ്പം കൊണ്ടുവരാനായാൽ ഭൂരിപക്ഷത്തിലേക്കുള്ള ദൂരം കുറയും. പക്ഷേ, നെതന്യാഹുവിനെ പുറത്താക്കുമെന്ന വാഗ്ദാനവുമായി മത്സരിച്ച നേതാക്കൾ അദ്ദേഹത്തിനൊപ്പം പോകാൻ തയ്യാറാകുമോ എന്നതാണ് തടസ്സം.

മറ്റൊരു സാധ്യത ഐക്യസർക്കാരാണ്. ലിക്കുഡും പ്രധാന പ്രതിപക്ഷ കക്ഷികളും കൈകോർക്കുന്ന സംവിധാനം. എന്നാൽ, ആരാകും പ്രധാനമന്ത്രി? നെതന്യാഹു തന്നെ തുടരുമോ? നിലവിലെ തീവ്രവലതുപക്ഷ, മതാധിഷ്ഠിത സഖ്യകക്ഷികളെ ഒഴിവാക്കാൻ അദ്ദേഹം തയ്യാറാകുമോ? ഇക്കാര്യങ്ങളിലെല്ലാം ധാരണയുണ്ടായാലേ ആ സാധ്യത മുന്നോട്ടുപോകൂ. അതുകൊണ്ട് ഐക്യസർക്കാരും ഇപ്പോൾ ഒരു സാധ്യത മാത്രമാണ്.

ഇനി സർക്കാർ രൂപീകരണ നടപടികളിൽ നിർണായക പങ്ക് പ്രസിഡന്റ് ഐസക് ഹെർസോഗിനാണ്. പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്തിയശേഷം സർക്കാർ രൂപീകരിക്കാൻ കൂടുതൽ സാധ്യതയുള്ള നേതാവിനെ അദ്ദേഹം ക്ഷണിക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിന് തന്നെ ആദ്യ അവസരം നൽകണമെന്ന നിർബന്ധമില്ല. ആദ്യം നിയോഗിക്കപ്പെടുന്ന നേതാവിന് സർക്കാർ രൂപീകരിക്കാൻ 28 ദിവസം ലഭിക്കും. ആവശ്യമെങ്കിൽ 14 കൂടി അനുവദിക്കാം. ആ ശ്രമം പരാജയപ്പെട്ടാൽ മറ്റൊരു നേതാവിന് അവസരം നൽകാം.

തുടർന്നുള്ള നടപടികളിലും സർക്കാർ രൂപപ്പെടുന്നില്ലെങ്കിൽ രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകാം. അതുവരെ നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി തുടരും. അതായത്, തിരഞ്ഞെടുപ്പിലെ തിരിച്ചടി നെതന്യാഹുവിന്റെ ഉടനടിയുള്ള അധികാരനഷ്ടമായി മാറണമെന്നില്ല. പുതിയ സർക്കാർ ഉണ്ടാക്കാൻ എതിരാളികൾക്ക് കഴിയാത്ത ഓരോ ദിവസവും അദ്ദേഹം അധികാരത്തിൽ തുടരും. എന്നാൽ അത് പുതിയ ജനവിധിയിലൂടെ ഭൂരിപക്ഷം നേടിയതിന് തുല്യവുമല്ല.

ഏതായാലും സ്വന്തം പക്ഷത്തേക്ക് പുതിയ പിന്തുണ കൊണ്ടുവരാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി. അതിനിടെ ജുത പ്രതിപക്ഷവും അറബ് പാർട്ടികളും ഒന്നിച്ചാൽ നെതന്യാഹുവിന്റെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ആധിപത്യത്തിനും അന്ത്യമാകും.