ഡാർവിൻ: ഓസ്‌ട്രേലിയയ്‌ക്കെതിരെ ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ കുതിപ്പുമായി ബംഗ്ലാദേശ്. പോയിന്റ് ശതമാനം ഉയർത്തിയ ബംഗ്ലാദേശ് നാലാം സ്ഥാനം സുരക്ഷിതമാക്കി. ഡാർവിനിലെ വിജയത്തോടെ 40 പോയിന്റും 66.67 പോയിന്റ് ശതമാനവുമായാണ് ബംഗ്ലാദേശ് നാലാം സ്ഥാനം നിലനിർത്തിയത്. അഞ്ച് ടെസ്റ്റുകളിൽ നിന്ന് മൂന്ന് വിജയവും ഒന്നു വീതം തോൽവിയും സമനിലയുമാണ് അവരുടെ അക്കൗണ്ടിലുള്ളത്.

To advertise here,

ബംഗ്ലാദേശിനെതിരെ തോറ്റെങ്കിലും ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഒമ്പത് ടെസ്റ്റുകളിൽ ഏഴ് വിജയവും രണ്ട് തോൽവിയുമുള്ള ഓസീസിന് 84 പോയിന്റുണ്ട്. 77.78 പോയിന്റ് ശതമാനവുമുണ്ട്. എന്നാൽ ഈ തോൽവിയോടെ അവരുടെ പോയിന്റ് ശതമാനത്തിൽ ഇടിവുണ്ടായി. 87.50 ഉണ്ടായിരുന്ന പോയിന്റ് ശതമാനമാണ് 77.78 ആയി കുറഞ്ഞത്. 75 പോയിന്റ് ശതമാനവുമായി ദക്ഷിണാഫ്രിക്കയും 72.22 പോയിന്റ് ശതമാനവുമായി ന്യൂസീലൻഡും തൊട്ടുപിന്നിലുണ്ട്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിച്ച ഒമ്പത് ടെസ്റ്റുകളിൽ ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ മാത്രം തോൽവിയാണിത്. രണ്ട് തോൽവികളും നാട്ടിലായിരുന്നു.

ഒമ്പത് മത്സരങ്ങളിൽ നാല് വീതം തോൽവിയും വിജയവും ഒരു സമനിലയുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 52 പോയിന്റുള്ള ഇന്ത്യയുടെ പോയിന്റ് ശതമാനം 48.15 ആണ്. ഗോളിൽ നടക്കുന്ന ലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചാൽ പോയിന്റ് ശതമാനം 53.33 ആയി ഉയരും. എന്നാൽ അഞ്ചാം സ്ഥാനം മാറില്ല. അതേസമയം ഇന്ത്യക്കെതിരെ ശ്രീലങ്ക വിജയിച്ചാൽ ഇന്ത്യയെ പിന്നിലാക്കി അവർ അഞ്ചാം സ്ഥാനത്തെത്തും. ഇനി ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിക്കുകയാണെങ്കിൽ ഇരു രാജ്യങ്ങളും അതാത് സ്ഥാനങ്ങളിൽ തുടരും. ഇന്ത്യയ്ക്ക് ഫൈനലിൽ ഇടം നേടണമെങ്കിൽ ഇനി ശേഷിക്കുന്ന ഒമ്പത് മത്സരങ്ങളിൽ ഏഴെണ്ണത്തിലെങ്കിലും വിജയിക്കേണ്ടി വരും.