കൊൽക്കത്ത: ക്രിക്കറ്റിലെ ഭാഗ്യരഹിതരായ ടീമെന്ന ദുഷ്‌പേര് ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കയുടെ ശിരസ്സിൽ. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ തകർത്ത് കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് പക്ഷേ ഒരിക്കൽ കൂടി സെമിയിൽ കാലിടറി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ശക്തരായിരുന്ന പ്രോട്ടീസിന് പക്ഷേ നിർണായകമായ ടി20 ലോകകപ്പ് സെമിയിൽ ആ പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ഫലമോ ഒമ്പതു വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ന്യൂസീലൻഡ് ഫൈനലിൽ. പ്രോട്ടീസ് ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം വെറും 12.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു.
ഫിൻ അലന്റെയും ടിം സെയ്‌ഫെർട്ടിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് കിവീസിന്റെ ജയം അനായാസമാക്കിയത്. ടി20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് കുറിച്ച അലൻ വെറും 33 പന്തിൽ നിന്ന് എട്ടു സിക്‌സും 10 ഫോറുമടക്കം 100* റൺസോടെ പുറത്താകാതെ നിന്നു. 33 പന്തുകൾ നേരിട്ട സെയ്‌ഫെർട്ട് 58 റൺസെടുത്തു. രചിൻ രവീന്ദ്ര 13* റൺസോടെ പുറത്താകാതെ നിന്നു.
ഓപ്പണിങ് വിക്കറ്റിൽ ടിം സെയ്‌ഫേർട്ട് - ഫിൻ അലൻ സഖ്യം വെറും 55 പന്തിൽ നിന്ന് 117 റൺസ് അടിച്ചുകൂട്ടിയപ്പോൾ തന്നെ മത്സരത്തിന്റെ ഫലം ഏതാണ്ട് വ്യക്തമായിരുന്നു. 10-ാം ഓവറിൽ സെയ്‌ഫെർട്ടിനെ കാഗിസോ റബാദ മടക്കിയെങ്കിലും അലൻ അടി തുടർന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ പരസ്പരം കളിച്ചപ്പോൾ അധികം ബുദ്ധിമുട്ടില്ലാതെയാണ് ദക്ഷിണാഫ്രിക്ക ന്യൂസീലൻഡിനെ കീഴടക്കിയത്. അന്ന് വെടിക്കെട്ട് ബാറ്റിങ്ങോടെ ക്യാപ്റ്റൻ എയ്ഡൻ മാർക്രമാണ് ടീമിനെ ജയത്തിലേക്കു നയിച്ചത്. എന്നാൽ നിർണായക മത്സരത്തിൽ പ്രോട്ടീസ് എല്ലാ മേഖലയിലും നിരാശപ്പെടുത്തി. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനൽ കളിച്ച പ്രോട്ടീസിന് അങ്ങനെ ഇത്തവണ സെമിയിൽ മടക്കം. വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനൽ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡ് നേരിടും.
ഇത്തവണത്തെ ടി20 ലോകകപ്പിൽ ആദ്യമായി ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ പ്രതിരോധത്തിലായ മത്സരമായിരുന്നു ഇത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഒരു ഘട്ടത്തിൽ 10.2 ഓവറിൽ അഞ്ചിന് 77 റൺസെന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ 169 റൺസിലെത്തിച്ചത് മാർക്കോ യാൻസന്റെയും ട്രിസ്റ്റൻ സ്റ്റബ്ബ്സിന്റെയും കടന്നാക്രമണമാണ്. 30 പന്തിൽ നിന്ന് അഞ്ചു സിക്സും രണ്ട് ഫോറുമടക്കം 55 റൺസോടെ പുറത്താകാതെ നിന്ന യാൻസനാണ് പ്രോട്ടീസിന്റെ ടോപ് സ്‌കോറർ.
27 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 34 റൺസെടുത്ത ഡെവാൾഡ് ബ്രെവിസും 24 പന്തിൽ നിന്ന് 29 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്ബ്സും ടീമിനായി ഭേദപ്പെട്ട പ്രകടനം നടത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ രണ്ടാം ഓവറിൽ തന്നെ കിവീസ് ഞെട്ടിച്ചു. ഓഫ് ബ്രേക്ക് ബൗളർ കോൾ മക്കോൺചി എറിഞ്ഞ ഓവറിൽ ക്വിന്റൺ ഡിക്കോക്കും (8 പന്തിൽ 10), റയാൻ റിക്കെൽറ്റണും (0) വീണു. പിന്നീട് മൂന്നാം വിക്കറ്റിൽ ബ്രെവിസും ക്യാപ്റ്റൻ ഏയ്ഡൻ മാർക്വും ചേർന്നുളള രക്ഷാപ്രവർത്തനം. എട്ടാം ഓവറിൽ മാർക്രത്തെ വീഴ്ത്തി രചിൻ രവീന്ദ്രയുടെ ഇടംകൈയൻ സ്പിൻ. സ്‌കോർ ചെയ്യാൻ നന്നേ ബുദ്ധിമുട്ടിയ പ്രോട്ടീസ് ക്യാപ്റ്റന് 20 പന്തിൽ നിന്ന് 18 റൺസേ നേടാനായുള്ളൂ.
പിന്നാലെയെത്തിയ ഡേവിഡ് മില്ലറെയും (6 പന്തിൽ 6) മടക്കിയ രവീന്ദ്ര പ്രോട്ടീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. തൊട്ടടുത്ത ഓവറിൽ ബ്രെവിസിനെ ജെയിംസ് നീഷാമും വീഴ്ത്തിയതോടെ 10.2 ഓവറിൽ അഞ്ചിന് 77 റൺസെന്ന ദയനീയ അവസ്ഥയിലായി പ്രോട്ടീസ്.
എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച ട്രിസ്റ്റൻ സ്റ്റബ്ബ്സ് - മാർക്കോ യാൻസൻ സഖ്യം ദക്ഷിണാഫ്രിക്കയെ ചുമലിലേറ്റി. 47 പന്തിൽ നിന്ന് 73 റൺസ് ചേർത്ത ഈ കൂട്ടുകെട്ടിന്റെ ബലത്തിലാണ് പ്രോട്ടീസ് സ്‌കോർ 150 കടന്നത്. ന്യൂസീലൻഡിനായി മാറ്റ് ഹെന്റി, കോൾ മക്കോൺചി, രചിൻ രവീന്ദ്ര എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: South Africa sets a target of 170 for New Zealand in the T20 World Cup semi-final., Marco Jansen (55*) and Tristan Stubbs (29) forged a crucial 73-run partnership., The Proteas recovered from a precarious position of 77 for 5., Rachin Ravindra, Matt Henry, and Cole McConchie took two wickets each for New Zealand.
Published: 04 Mar 2026, 10:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented