അശ്ലീലം, അപരാധം,നിരോധനം! 'ലേഡി ചാറ്റര്‍ലിയുടെ കാമുകന്' കൊയ്ത ചരിത്രവിജയം
സുന്ദരിയും ബുദ്ധിമതിയും വിദ്യാസമ്പന്നയുമായ കോണി റീഡ്. ബ്രിട്ടനിലെ ഉയര്‍ന്ന മധ്യവര്‍ത്തി കുടുംബത്തില്‍ ജനനം. ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ ക്ലിഫോഡ് ചാറ്റര്‍ലി എന്ന പ്രഭുവുമായുള്ള വിവാഹം. ക്ലിഫോഡ് ചാറ്റര്‍ലി എന്നാല്‍ സമ്പത്തിന്റെ മടിത്തട്ട് തന്നെയായിരുന്നു. മധുവിധു ഒരു മാസം കഷ്ടി കഴിഞ്ഞുകൂടിയെന്നു പറയാം. ക്ലിഫോഡിന് യുദ്ധത്തില്‍ പങ്കെടുക്കാനുള്ള ഉത്തരവ് വന്നു. യുദ്ധം കഴിഞ്ഞ് തിരികെ വന്നത് അരയ്ക്ക് താഴെ തളര്‍ന്ന ശരീരവുമായിട്ടാണ്. പക്ഷേ ക്ലിഫോഡ് പ്രശസ്തനായി, എഴുത്തുകാരനായി, ഉയര്‍ന്ന ബൗദ്ധിക നിലവാരമുള്ളയാളായി. ചാറ്റര്‍ലിയുടെ പ്രഭുമന്ദിരം വലിയ ബുദ്ധിജീവികളുടെ സ്ഥിരം താവളമായി. കോണി ചാറ്റര്‍ലി അതോടെ തികച്ചും ഏകാന്തയായി. വീട്ടില്‍ വരുന്നവരില്‍ പലരും ലേഡി ചാറ്റര്‍ലിക്കുമേല്‍ കൊതിക്കണ്ണുകളെറിഞ്ഞു. ലേഡി ചാറ്റര്‍ലി ആ കണ്ണുകളെയൊക്കെ കൂടുതല്‍ കൊതിയിലേക്കാഴ്ത്തിക്കൊണ്ടേയിരുന്നു. എങ്കിലും വിരസതയുടെ പര്യായമായി താന്‍ സ്വയം മാറിക്കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവില്‍ കോണി തന്റെ മജ്ജയെയും മാംസത്തെയും തിരിച്ചുപിടിക്കാനൊരുങ്ങിപ്പുറപ്പെട്ടു. ബന്ധങ്ങള്‍ സ്ഥാപിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് സംഭവിക്കുന്നതെല്ലാം കോണിയും അഭിമുഖീകരിച്ചു.
ക്ലിഫോഡിന്റെ സ്ഥിരം സന്ദര്‍ശകനായിരുന്ന നാടകകൃത്ത് മിഷേലിസുമായിട്ടായിരുന്നു ആദ്യം കോണിയുടെ ബന്ധം. തികച്ചും ബോറന്‍ പരിപാടി- സംതൃപ്തി എന്നൊന്ന് കോണി അറിഞ്ഞില്ല. പച്ചയായ ഒരു മനുഷ്യനെയായിരുന്നു കോണിക്ക് ആവശ്യം. കൂടുതല്‍ ബുദ്ധിമതിയായതുകൊണ്ടും സാമൂഹികമായി മികച്ച നിലവാരം പുലര്‍ത്തുന്നതുകൊണ്ടും കോണി ആഗ്രഹിക്കുന്നത് ഒരു ബൗദ്ധിക പുരുഷനെയാണെന്ന് മിഷേലിസും കരുതി. സമാന്തരമായി താന്‍ ക്ലിഫോഡില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം കോണി തിരിച്ചറിയുന്നുണ്ടായിരുന്നു. പക്ഷേ എഴുത്തിലും ബൗദ്ധിക വിഷയങ്ങളിലും അവസാന വാക്കായി മാറാന്‍, യശ:പ്രാര്‍ഥനകള്‍ നടത്തിക്കൊണ്ടേയിരിക്കുന്ന ക്ലിഫോഡിന് മറ്റാരെക്കുറിച്ചും ചിന്തിക്കാനുണ്ടായിരുന്നില്ല. ക്ലിഫോഡിന് തല്‍ക്കാലം ഒരു ഹോം നഴ്‌സിനെ മതിയെന്ന് തിരിച്ചറിഞ്ഞ കോണി മിസിസ് ബാള്‍ട്ടനെ അങ്ങ് ഏല്‍പിച്ചുകൊടുത്തു. ക്ലിഫോഡ് മിസിസ് ബള്‍ട്ടനില്‍ ആരെക്കാളും തൃപ്തനായിരുന്നു.
കോണിയുടെ വിരസമായ ജീവിതത്തിലേക്ക് ക്ലിഫോഡ് എസ്‌റ്റേറ്റിന്റെ ഗെയിം കീപ്പറായ ഒലിവര്‍ മെല്ലോഴ്‌സ് എത്തുന്നതോടെയാണ് കഥ വികസിക്കുന്നത്. വികസിക്കുകയെന്നാല്‍ അക്കാലത്തെ വായനക്കാര്‍ക്ക് സങ്കല്പിക്കാന്‍ കഴിയുന്നതിലും അപ്പുറത്തെ വികാസം. ആര്‍മി സേവനം കഴിഞ്ഞെത്തുന്ന മെല്ലോഴ്‌സ് ആദ്യഘട്ടത്തില്‍ കോണിയെ വേണ്ടുവോളം അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ കോണിക്ക് മെല്ലോഴ്‌സ് ഒരു കൗതുകമായിരുന്നു. തമ്മില്‍ സന്ധിക്കാന്‍ പലവട്ടം തക്കമൊരുങ്ങിയെങ്കിലും മെല്ലോഴ്‌സ് ലേഡി ചാറ്റര്‍ലിയെ ഒരു കൈ അകലത്തില്‍ നിര്‍ത്തി, അവര്‍ തമ്മിലുള്ള സാമൂഹികാന്തരം നിരന്തരം മെല്ലോഴ്‌സ് കോണിയെ ഓര്‍മപ്പെടുത്തി. തന്നെക്കുറിച്ച് അത്ര തന്നെയേ ഉറപ്പുണ്ടായിരുന്നുള്ളൂ മെല്ലോഴ്‌സിന്. അപ്രതീക്ഷിതമായി എസ്റ്റേറ്റിലെ ഒരു കുടിലില്‍ എത്തിപ്പെടുന്നു ഇരുവരും. സ്വാഭാവികമായും സംഭവിക്കുന്ന സെക്‌സ്. പിന്നീട് പലവട്ടം പലയിടങ്ങളില്‍ ആവര്‍ത്തിക്കുന്ന രതിപ്പെടലുകള്‍... മാനസികമായി തന്റെയുള്ളില്‍ മെല്ലോഴ്‌സുമായുള്ള അകലം പാറപോലെ ഉറച്ചുകിടപ്പുണ്ടെങ്കിലും തന്റെ ശരീരം മെല്ലോഴ്‌സില്‍ കരുങ്ങിക്കിടക്കുന്നതായി ലേഡി ചാറ്റര്‍ലി തിരിച്ചറിയുകയാണ്. പിന്നീട് സംഭവിക്കുന്നതാണ് കഥ! കഥയ്ക്കപ്പുറം സംഭവിച്ചതാണ് യാഥാര്‍ഥ്യം.
ഇരുപതാം നൂറ്റാണ്ടിലെ ആധുനികരില്‍ പ്രമുഖനായ ഡേവിഡ് ഹെര്‍ബര്‍ട്് ലോറന്‍സ് എന്ന ഡി.എച്ച് ലോറന്‍സിന്റെ ഏറ്റവും ഒടുവിലത്തെ നോവല്‍- ലേഡി ചാറ്റര്‍ലീസ് ലവര്‍. സണ്‍സ് ആന്‍ഡ് ലവേഴ്‌സ്, ദ റെയിന്‍ബോ, വിമന്‍ ഇന്‍ ലവ് എന്നീ നോവലുകള്‍ക്കുശേഷം അക്ഷരങ്ങളുടെ മജ്ജയും മാംസവും ജീവസ്സും ഓജസ്സും ഡി.എച്ച് ലോറന്‍സ് ജീവിതത്തില്‍ മഷി മുക്കിയെഴുതിയത് ലേഡി ചാറ്റര്‍ലീസ് ലവറിലാണ്. 1928-ല്‍ പരീക്ഷണാര്‍ഥം ആദ്യം ഇറ്റലിയിലെ ഫ്‌ളോറന്‍സിലാണ് ലേഡി ചാറ്റര്‍ലീസ് ലവര്‍ പ്രത്യക്ഷപ്പെടുന്നത്. വെറും രണ്ടായിരം കോപ്പികള്‍. അതേ വര്‍ഷം തന്നെ ബ്രിട്ടനിലും യു.എസ്സിലും ഫ്രാന്‍സിലുമുള്ളവര്‍ക്കായി, തന്റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്കായി മാത്രം, 2000 കോപ്പികള്‍ അച്ചടിച്ചു. പിറ്റെ വര്‍ഷം വെറും 200 കോപ്പികള്‍. പോരാത്തതിന് പൈറേറ്റഡ് കോപ്പികളും സുലഭം. ജീവിച്ചിരിക്കുന്നകാലത്ത് തന്റ അവസാന നോവലിന്റെ കമേഴ്‌സ്യല്‍ സക്‌സസ് കാണാനുള്ള യോഗം ഡി.എച്ച് ലോറന്‍സിനുണ്ടായില്ല. 1930-ല്‍ 44-ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. പ്രണയവും ജീവിതവും രതികാമനകളും ഇരുപതാം നൂറ്റാണ്ടിലെ ബ്രിട്ടന്റെ രാഷ്ട്രീയ, സാമൂഹിക, സദാചാര, മാനുഷിക മൂല്യങ്ങളും വ്യവസായവത്ക്കരണവും പ്രകൃതിസംരക്ഷണവും ഖനിജീവിതവും ചര്‍ച്ച ചെയ്ത നോവല്‍ രണ്ടുവര്‍ഷത്തിനുശേഷം വീണ്ടും ജീവന്‍ വെപ്പിക്കാനുള്ള ശ്രമങ്ങള്‍ ബ്രിട്ടനിലെ പ്രസാധകര്‍ നടത്തിക്കൊണ്ടേയിരുന്നു. 1932-ല്‍ ലോറന്‍സിന്റെ മുഖ്യ പ്രസാധകനായ മാര്‍ട്ടിന്‍ സെക്കര്‍ നോവല്‍ അച്ചടിച്ചു; ബ്രിട്ടീഷ് സമൂഹവും അധികാരവും ആവശ്യപ്പെട്ട അത്രയും എഡിറ്റിങ്ങോടെ.
ഡി.എച്ച് ലോറന്‍സിന്റെ ലേഡി ചാറ്റര്‍ലിയെ ഒരു കുത്തോ കോമയോ വാക്കോ വാചകമോ വെട്ടിക്കളയാതെ പ്രസിദ്ധീകരിക്കാന്‍ ബ്രിട്ടന്‍ പിന്നെയും മുപ്പത്തിരണ്ടുവര്‍ഷം കാത്തിരുന്നു. നീണ്ടകാലത്തെ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍, ഒബ്‌സീന്‍ പബ്ലിക്കേഷന്‍ ആക്ട് 1959-ന്റെ ബലത്തോടെ ആറുദിവസം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍, ബ്രിട്ടനില്‍ ലേഡി ചാറ്റര്‍ലിയുടെ പ്രസിദ്ധീകരണത്തിനുമേല്‍ പെന്‍ഗ്വിന്‍ ബുക്‌സ് വിജയിച്ചു. മൂന്നുമില്യണ്‍ കോപ്പികളാണ് ഒറ്റയടിക്ക് പെന്‍ഗ്വിന്‍ വിറ്റഴിച്ചത്. ആദ്യദിവസത്തെ വില്‍പന രണ്ടു ലക്ഷം കോപ്പികളായിരുന്നു. ബ്രിട്ടനൊപ്പം യുഎസ്സും കാനഡയും ഓസ്‌ട്രേലിയയും ജപ്പാനും എന്തിനേറെപ്പറയുന്നു ഇന്ത്യയും ലേഡി ചാറ്റര്‍ലിയെ നിരോധിച്ചിരുന്നു. തൊഴിലാളി വിഭാഗത്തില്‍പ്പെട്ട നായകനും ഉയര്‍ന്ന മധ്യവര്‍ത്തി വിഭാഗത്തിലെ നായികയും തമ്മിലുള്ള പ്രണയവും രതികാമനകളും ഒരു രാജ്യത്തിനും ദഹിച്ചില്ല. നോവലിന് ബ്രിട്ടനില്‍ ലഭിച്ച വന്‍ സ്വീകാര്യതയില്‍ കുലുങ്ങാതെ കുറച്ചുകാലം കൂടി പിടിച്ചുനില്‍ക്കാന്‍ ഈ രാജ്യങ്ങള്‍ ശ്രമിച്ചുനോക്കി. പക്ഷേ നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ വേണ്ടവര്‍ക്ക് എളുപ്പം ലഭിക്കുന്ന മാര്‍ക്കറ്റുകളും സംവിധാനങ്ങളും നിരോധനം ഏര്‍പ്പെടുത്തിയ കാലം മുതല്‍ക്കേയുള്ളതാണല്ലോ. ഓസ്ര്‌ടേലിയ്ക്ക് അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാനായില്ല. 1965-ല്‍ നിരോധനം നീക്കപ്പെട്ടു. മൂന്നുവര്‍ഷം മുമ്പ് കാനഡയും 1959-ല്‍ യുഎസ്സും 64-ല്‍ ഇന്ത്യയും നിരോധനം നീക്കി. ലോകമെമ്പാടും ലേഡി ചാറ്റര്‍ലിയെ വായിച്ചര്‍മാദിച്ചു.
ലേഡി ചാറ്റര്‍ലി സാംസ്‌കാരികലോകത്ത് ഉണ്ടാക്കി സ്വാധീനം ചില്ലറയൊന്നുമല്ലായിരുന്നു. കവി ഫിലിപ് ലാര്‍കിന്‍ തന്റെ ഏനസ് മിറബിലിസ് എന്ന കവിതയില്‍ ലേഡി ചാറ്റര്‍ലിയുടെ നിരോധനവാദങ്ങളെ പരാമര്‍ശിച്ചുകൊണ്ടെഴുതി; Sexual Intercourse Began in 1963 which was rather late for me Between the end of the Chetterley ban...
1955-ലാണ് ലേഡി ചാറ്റര്‍ലിയെന്ന ടൈറ്റിലില്‍ ഫ്രഞ്ച് സിനിമ ഇറങ്ങുന്നത്. ഇറങ്ങിയപാടേ ന്യൂയോര്‍ക്ക് സിനിമ ബാന്‍ ചെയ്തു. പക്ഷേ ലോകത്തെമ്പാടുമുള്ള സിനിമാ ഇന്റസ്ട്രിയെ സംബന്ധിച്ചിടത്തോളം ലേഡി ചാറ്റര്‍ലി ഒരു മികച്ച സെല്ലിംഗ് പോയിന്റ് തന്നെയായിരുന്നു. ലേഡി ചാറ്റര്‍ലിയുടെ അരികും വക്കും മുക്കും മൂലയും തൊട്ടുകൊണ്ട് പലപല ഭാഷകളില്‍ സിനിമകള്‍ ഇറങ്ങി. ഒരു നോവല്‍ പലതരത്തില്‍ പല രാജ്യങ്ങളിലായി സിനിമകളായി മാറിക്കൊണ്ടേയിരുന്നു. ഇന്നും അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
1967-ലെ ഫാനി ഹില്‍സ് മീറ്റ് ലേഡി ചാറ്റര്‍ലി, 1971-ലെ ലേഡി ചാറ്റര്‍ലി വേഴ്‌സസ് ഫാനി ഹില്‍, 77-ലെ യങ് ലേഡി ചാറ്റര്‍ലി, അതേ വര്‍ഷത്തെ ലേഡി ചാറ്റര്‍ലി ഇന്‍ ടോക്കിയോ, 81-ല്‍ ലേഡി ചാറ്റര്‍ലീസ് ലവര്‍, 85 യങ് ലേഡി ചാറ്റര്‍ലിയുടെ രണ്ടാം ഭാഗം, 89 വീണ്ടും ലേഡി ചാറ്റര്‍ലിയുടെ രണ്ടാം ഭാഗം, 89-ല്‍ ലേഡി ചാറ്റര്‍ലി സ്‌റ്റോറി, 93-ല്‍ ലേഡി ചാറ്റര്‍ലി, 95-ല്‍ ലേഡി ചാറ്റര്‍ലിസ് പാഷന്‍സ് 2, 98-ല്‍ പാഷന്‍സ് 3, മിലേനെക് ലേഡി ചാറ്റര്‍ലി, 2000-ല്‍ ലേഡി ചാറ്റര്‍ലിസ് സ്റ്റോറീസ്, 2006-ല്‍ ലേഡി ചാറ്റര്‍ലി., ഏറ്റവും ഒടുവിലായി 2022-ല്‍ ലേഡി ചാറ്റര്‍ലീസ് ലവര്‍... എഴുതുന്ന കാലത്ത് ഡി.എച്ച് ലോറന്ഡസുപോലും കരുതിയിട്ടുണ്ടാവില്ല തന്റെ നായിക അനശ്വരയായി വാഴ്ത്തപ്പെടുന്ന കാലമാണ് ഇനി വരാന്‍ പോകുന്നതെന്ന്. പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരണാവകാശം നേടിയെടുത്ത പ്രമാദമായ കോടതി നടപടികള്‍ പോലും പിന്നീട് ഡോക്യുഫിക്ഷനായി ചിത്രീകരിക്കപ്പെട്ടു എന്നതാണ് കാലം ആ നോവലിനുമേല്‍ കരുതിവെച്ച നീതി.
ശരീരത്തിനുമേല്‍ തീറവകാശം എഴുതിവാങ്ങുന്നതല്ല ഭര്‍തൃത്വമെന്ന് പ്രസ്താവിച്ച കോണി റീഡ്, ലേഡി ചാറ്റര്‍ലി എന്ന തന്റെ മേല്‍വിലാസത്തില്‍ നിന്നും തിരികെ കോണി റീഡിലേക്കു തന്നെ മടങ്ങുന്ന കാഴ്ച ഇരുപതാം നൂറ്റാണ്ടിലെ സ്ത്രീകള്‍ക്കുനല്‍കിയ വെളിച്ചം ഒരു സൂര്യനോളം വലിപ്പമുള്ളതായിരുന്നു. ഡി.എച്ച് ലോറന്‍സ് തന്റെ വ്യക്തിജീവിതത്തില്‍ കാത്തുസൂക്ഷിച്ച പവിത്രമായ സൗഹൃദങ്ങളില്‍ നിന്നുരുത്തിരിഞ്ഞു വന്നതാണ് ഈ നോവലെന്ന് ലേഡി ചാറ്റര്‍ലിയുടെ പിന്നാമ്പുറം ചികഞ്ഞുപോയവര്‍ കണ്ടെത്തുന്നുണ്ട്. ലോറന്‍സിന്റെ സൗഹൃദത്തിലെ എസ്റ്റീം ക്ലാസ് വനിതകളില്‍ ആരായിരുന്നു ലേഡി ചാറ്റര്‍ലി എന്ന ചോദ്യത്തിന് നിരൂപകര്‍ കണ്ടെത്തുന്ന മറുപടി ലേഡി ഒറ്റോലൈന്‍ വയലറ്റ് ആന്‍ മോറെല്‍ എന്ന പ്രഭ്വി ആയിരുന്നുവെന്നാണ്. ബ്രിട്ടീഷ് പ്രഭുകുടുംബത്തിലെ അംഗവും ബുദ്ധിമതിയും കലാസ്വാദകയും സൊസൈറ്റി ലേഡിയുമായിരുന്ന ലേഡി വയലറ്റ് അക്കാലത്തെ പ്രമുഖ എഴുത്തുകാരായിരുന്ന ആള്‍ഡസ് ഹക്സ്ലി, എസ്. സസ്സൂണ്‍, ടി.എസ് എലിയറ്റ്, ഡി.എച് ലോറന്‍സ് തുടങ്ങിയവരുള്‍പ്പെടുന്ന വന്‍സൗഹൃദത്തിനുടമയായിരുന്നു. സ്വത്വം, സമൂഹം, രതി, പ്രകൃതി, വ്യവസായം, ബൗദ്ധികത, ലോകമഹായുദ്ധം... ഡി.എച്ച് ലോറന്‍സ് തന്റെ ചേരുവകള്‍ക്ക് ഒരു കുറവും വരുത്തിയിട്ടില്ല ഈ നോവലിലും.
പ്രസിദ്ധീകരിച്ച് ഒരു നൂറ്റാണ്ടിന് നാലു വര്‍ഷം ശേഷിക്കെ ഒരു കൃതിക്ക് അതിന്റെ ആയുഷ്‌കാലം കൊണ്ട് നേടാനാവുന്നതെല്ലാം നേടിയെടുത്ത് ഇന്നും അവിസ്മരണീയമായ യാത്ര തുടരുകയാണ് ലേഡി ചാറ്റര്‍ലി.
Inshort: Explore the scandalous story of Lady Chatterley, her passionate affairs, and the societal upheaval caused by D.H. Lawrence`s masterpiece.
Producer- Shabitha
Camera- Ajand P
Edit- Sujeesh M
Content Highlights: lady chatterleys lover by dh lawrence banned novel becoe commercial success
Published: 19 Nov 2024, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented