'ഇത് നിങ്ങളുടെ ക്യാപ്റ്റനാണ് സംസാരിക്കുന്നത്. നിങ്ങളുടെ ഫ്ലെെറ്റ് ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. നമ്മളെല്ലാവരും സുരക്ഷിതരായി തിരികെ വീട്ടിലെത്തുമെന്ന് ഉറപ്പാക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ദയവായി വിശ്വസമർപ്പിക്കൂ.' കാഠ്മണ്ടുവിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച ഇന്ത്യൻ എയർലെെൻസ് 814 വിമാനത്തിന്റെ ക്യാപ്റ്റൻ യാത്രക്കാർക്ക് നൽകിയ സന്ദേശമാണിത്. 1999 ഡിസംബർ 24-നാണ് 176 യാത്രക്കാരുമായി പോയ ഒരു ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടത്. രാജ്യത്തെയാകെ ഞെട്ടിച്ച പിടിച്ചുലച്ച, പിന്നീട് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയ, ഒരാഴ്‌ച നീണ്ട പ്രതിസന്ധിയായി ഇത് മാറി. വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലാണ് ഭീകരർ ലാൻഡ് ചെയ്തത്. തുടർന്ന് യാത്രക്കാരെ രക്ഷിക്കാനുള്ള കഠിനമായ പോരാട്ടം. ഇത് ഫ്ലൈറ്റ് ഐസി-814 ൻ്റെ കഥയാണ്, ചരിത്രത്തിൽ ഇന്ത്യ ഒരിക്കലും മറക്കാത്ത ചതിയുടെ, ആക്രമണത്തിന്റെ കഥ.

To advertise here,

1999 ഡിസംബർ 24
ക്രിസ്മസിന്റെ തലേദിവസം

നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 814 ന്യൂഡൽഹിയിലേക്കുള്ള ഒരു ഷോർട്ട് ഫ്ലൈറ്റിന് തയ്യാറെടുക്കുകയാണ്. എയർബസ് A300 ആണ് വിമാനം. കോക്ക്പിറ്റിൽ, പ്രീ-ഫ്ലെെറ്റ് ചെക്കുകൾ നടത്തുന്ന തിരക്കിലായിരുന്നു 37 വയസ്സുകാരനായ ക്യാപ്റ്റൻ ദേവി ശരൺ. അദ്ദേഹത്തോടൊപ്പം ഫസ്റ്റ് ഓഫീസർ രജീന്ദർ കുമാറും ഫ്ലൈറ്റ് എഞ്ചിനീയർ അനിൽ കുമാർ ജഗ്ഗിയയും കോക്പിറ്റിലുണ്ട്.

ടെർമിനലിനുള്ളിൽ, സുരക്ഷാ പരിശോധനകൾ ആരംഭിച്ചിരുന്നു. വരിയിൽ നിന്നിരുന്ന അഞ്ച് പേർ, ഓരോരുത്തരും, അവരുടെ ഓരോ ബാഗും ഡിറ്റക്ടറിലൂടെ കടന്നുപോയിട്ടും അവരുടെ കെെയിൽ തോക്കുകള്‍ അടക്കമുള്ള മാരകായുധമുണ്ടായിരുന്നിട്ടും സെക്യൂരിറ്റി ഓഫീസർ കണ്ട ഭാവം പോലും നടിച്ചില്ല. അതിന് പിന്നിൽ പാകിസ്താനിൽ നിന്ന് വന്ന ഒരു ഫോൺകോളായിരുന്നു എന്ന് ഫ്രണ്ട് ലൈൻ റിപ്പോർട്ടു ചെയ്തു. ഹെെജാക്കിന് 4 ആഴ്ച മുൻപ്. രണ്ട് ബിസിനസ് ക്ലാസ്, മൂന്ന് എക്കോണമി ക്ലാസ് എന്നിങ്ങനെ അഞ്ച് ടിക്കറ്റുകളാണ് ഭീകരർ വാങ്ങുന്നത്. ടിക്കറ്റിലെ പേരുകൾ വ്യാജമായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ മാസ്റ്റർമെെൻഡായ ദാവൂദ് ഇബ്രാഹിമിന്റെ ഒരു ഫോൺ കോൾ കാഠ്മണ്ഡുവിലെ അയാളുടെ സഹായിക്ക് ലഭിച്ചു. ത്രിഭുവൻ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിലൂടെ ഈ അഞ്ച് പേരെയും യാതൊരു ചോദ്യങ്ങളും ചോദിക്കാതെ കടത്തിവിടണമെന്ന നിർദേശമായിരുന്നു അത്. ഇത് തന്നെയാണ് സെക്യൂരിറ്റി ഓഫീസർ ഒരു തരത്തിലുള്ള ചെക്കിങ്ങും ഇല്ലാതെ ഇവരെ കടത്തിവിട്ടതിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, നേപ്പാളിലെ ഇന്ത്യൻ ഇൻ്റലിജൻസ് ദാവൂദിന്റെ ഈ സന്ദേശം ചോർത്തിയെടുത്തതായും റിപ്പോർട്ടുണ്ടായിരുന്നു. കാഠ്മണ്ഡുവിൽ ഒരു ഇന്ത്യൻ വിമാനം റാഞ്ചാനുള്ള പദ്ധതി നടക്കുകയാണെന്ന് അവർ മനസ്സിലാക്കി. എന്നാൽ, ഏത് വിമാനം, ഏത് സമയത്താണ് റാഞ്ചാൻ പദ്ധതിയിട്ടത് എന്ന കാര്യത്തിൽ അവർക്ക് വ്യക്തതയില്ലായിരുന്നു. കാഠ്മണ്ഡുവിലെ ഇന്ത്യൻ ഇൻ്റലിജൻസ് കൈകാര്യം ചെയ്യുന്നത് റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്, അഥവാ RAW ആണ്. ശശി ഭൂഷൺ തോമർ എന്ന സീനിയർ റോ ഓഫീസർക്കായിരുന്നു കാഠ്മണ്ഡുവിലെ ചാർജ്. റാഞ്ചലിനെക്കുറിച്ചുള്ള രഹസ്യവിവരം തോമറിന് ഇന്റലിജൻസ് ഓഫീസർമാർ കെെമാറി. പക്ഷേ, എത് വിമാനമാണെന്നോ എപ്പോഴാണെന്നോ ഉള്ള യാതൊരു വിവരവുമില്ലാത്തതിനാൽ ഇതൊരു വ്യാജ സന്ദേശമാണെന്ന് അദ്ദേഹം കരുതി. അതുകൊണ്ടുതന്നെ ഇത് ഡൽഹിയിലെ റോ നേതൃത്വത്തിന് കൈമാറിയതുമില്ല.

വിമാനം റാഞ്ചൽ

176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രിസ്മസ് അവധിക്കാലമായതിനാൽ കൂടുംബവുമായി നിരവധി പേർ വീട്ടിലേക്ക് മടങ്ങുന്ന സമയവുമായിരുന്നു. വൈകിട്ട് നാലിനാണ് വിമാനം കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെടുന്നത്. വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് പിന്നാലെ  ബിസിനസ് ക്ലാസിൽ സ്‌കീ മാസ്‌ക് ധരിച്ചിരുന്ന ഭീകരരിൽ ഒരാൾ ഫ്ലൈറ്റ് അറ്റൻഡൻ്റ് അനിൽ ശർമ്മയെ ആക്രമിച്ച് കീഴ്പ്പെടുത്തി. തൻ്റെ പക്കൽ ഒരു ബോംബുണ്ടെന്നും എല്ലാ ജീവനക്കാരും തങ്ങൾ പറയുന്നത് അനുസരിക്കണെന്നും നിർദേശം നൽകി. വിമാനത്തിൻ്റെ പിൻഭാഗത്ത് മറ്റ് റാഞ്ചികളും ഇതേ രീതിയിൽ പദ്ധതി നടപ്പിലാക്കി. യാത്രക്കാർക്കും ജീവനക്കാർക്കും നേരെ തോക്കുകൾ ചൂണ്ടി അവരെ ഭീഷണിപ്പെടുത്തി കണ്ണ് കെട്ടാൻ ആവശ്യപ്പെട്ടു.

അഞ്ച് റാഞ്ചികൾ പരസ്‌പരം അഭിസംബോധന ചെയ്തത് കോഡ്നേമുകൾ ഉപയോഗിച്ചായിരുന്നു - ചീഫ്, ബർഗർ, ഡോക്ടർ, ശങ്കർ, ഭോല എന്നിങ്ങനെയായിരുന്നു ഈ പേരുകള്‍. മുഖ്യ വിമാനംറാഞ്ചിയുടെ നിർദേശമനുസരിച്ച് ഫ്ളെെറ്റ് അറ്റന്‍ഡൻ്റ് അനിൽ ശർമ്മ അവരെ കോക്പിറ്റിലേക്ക് കൊണ്ടുപോയി. 2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം നിലവില്‍ കോക്പിറ്റില്‍ സജ്ജീകരിച്ചിരിക്കുന്നത് പോലെയുള്ള സുരക്ഷാക്രമീകരണങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. അവർ കോക്പിറ്റിലേക്ക് ഇരച്ചുകയറി ക്യാപറ്റൻ ശരണിന്റെ തലയിൽ തോക്കുവെച്ച് വിമാനം പാകിസ്താനിലെ ലാഹോറിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. ഇല്ലെങ്കിൽ ഒരു യാത്രക്കാരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിയുമുയർത്തി.

placeholder
തീവ്രവാദികള്‍ റാഞ്ചിയ വിമാനം (ഫയല്‍ ചിത്രം) | Photo: AFP

എന്നാൽ ഇന്ത്യൻ വ്യോമാതിർത്തി വിട്ടുപോകുന്നത് സേഫ് അല്ലെന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ ശരൺ ലാഹോറിലേക്ക് പോകാൻ ആവശ്യമായ ഇന്ധനം ഇല്ലെന്ന് അവരെ അറിയിച്ചു. എത് വിമാനത്താവളത്തിലേക്കാണ് പോകാൻ സാധിക്കുക എന്ന് ചോദിച്ച ഭീകരനോട് മുംബൈയിലേക്ക് പോകാനുള്ള ഇന്ധനമുണ്ടെന്നാണ് ക്യാപ്റ്റൻ ശരൺ പറഞ്ഞത്. മുംബൈയേക്കാൾ ഡൽഹിക്ക് അടുത്താണ് ലാഹോർ. മുംബൈയിലേക്ക് ആവശ്യമായ ഇന്ധനമുണ്ടെങ്കിൽ, ലാഹോറിലേക്ക് ആവശ്യമായ ഇന്ധനം അവരുടെ പക്കലുണ്ട് എന്ന് റാഞ്ചികൾ മനസ്സിലാക്കിയതോടെ ക്യാപ്റ്റന്റെ പ്ലാൻ പൊളിഞ്ഞു. അതേസമയം മറ്റ് ഭീകരർ ക്യാബിനിനുള്ളിൽ പുരുഷന്മാരെ വിമാനത്തിൻ്റെ മുൻവശത്തേക്കും സ്ത്രീകളെയും കുട്ടികളെയും പിന്നിലേക്കും മാറ്റിയിട്ടുണ്ടായിരുന്നു.

കോഡ്-7500

ഇന്ത്യൻ സമയം വൈകിട്ട് 4.40ന് റാഞ്ചികൾ കാണാതെ, ക്യാപ്റ്റൻ ശരൺ ട്രാൻസ്‌പോണ്ടറിൽ ഹൈജാക്ക് കോഡായ - 7500 സെറ്റ് ചെയ്തു. IC814 റാഞ്ചിയത് ഇന്ത്യൻ എയർ ട്രാഫ്ക് കൺട്രോൾ ആദ്യമായി അറിയുന്നത് അപ്പോഴാണ്. ക്യാപ്റ്റനെ ഡൽഹി എടിസിയുമായി സംസാരിക്കാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല.്രാഞ്ചിയ ഇന്ത്യൻ എയർലൈൻസ് വിമാനം ഇപ്പോൾ പാകിസ്താനിലേക്ക് പറക്കുന്നത് മാത്രമാണ് എടിസിക്ക് കാണാൻ കഴിഞ്ഞത്.

യൂണിയൻ സെക്രട്ടറി പ്രഭാത് കുമാറിൻ്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ ക്രൈസിസ് മാനേജ്‌മെൻ്റ് ഗ്രൂപ്പുമായി ഡൽഹി ATC ബന്ധപ്പട്ടു. എന്നാൽ CMG ഇന്റർവെൻഷന് ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വേണ്ടിവരും. എന്നാൽ മുൻപ് റാഞ്ചലുകൾ കൈകാര്യം ചെയ്ത് പരിചയമുള്ള ഇന്ത്യയുടെ ഇൻ്റലിജൻസ് ബ്യൂറോയെയോ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിനെയോ (റോ) സംഭവം അറിയിക്കാൻ അധികൃതർ ശ്രമിച്ചില്ല. അധികാരികളിൽ നിന്ന് യാതൊരു പിന്തുണയും അപ്പോഴും ക്യാപ്റ്റൻ ശരണിന് ലഭിക്കുന്നുണ്ടായിരുന്നില്ല.

വിമാനത്തെ പരമാവധി നേരം ഇന്ത്യൻ അതിർത്തിക്കുള്ളിൽ നിർത്താൻ വിമാനത്തിൻ്റെ വേഗത 40% വരെ ക്യാപറ്റൻ കുറച്ചിരുന്നു. വിമാനം പഞ്ചാബിലെത്തിയപ്പോൾ ലാഹോർ എടിസിയോട് ക്ലിയറൻസ് ചോദിച്ചിട്ടും ഹെെജാക് കോഡിലുള്ള വിമാനമായിരുന്നതിനാൽ അവർ ലാൻഡിങ്ങിന് അനുമതി നൽകിയില്ല. കാർഗിൽ യുദ്ധം കഴിഞ്ഞ് അഞ്ചുമാസം പോലും കഴിയാത്ത സാഹചര്യമായിരുന്നു അത്, അന്ന് പാകിസ്താന്റെ മനോനില പറയേണ്ടതില്ലല്ലോ. മാത്രമല്ല അന്ന് ലാഹോർ എയർസ്പേസ് പൂർണമായും അടക്കുകയും ചെയ്തു.

നഷ്ടമാക്കിയ അവസരം

വിമാനത്തിൽ ഇന്ധനം വളരെ വേഗത്തിൽ തന്നെ കുറഞ്ഞുതുടങ്ങി. ഇതോടെ അവർ അമൃത്സറിൽ ലാൻഡ് ചെയ്യാൻ നിർബന്ധിതരായി. അമൃത്സറിൽ റീഫ്യൂവലിങ് വെെകിപ്പിച്ച് ഒരു കമാൻഡോ ഓപ്പറേഷനിൽ യാത്രക്കാരെ രക്ഷപ്പെടുത്തുക എന്നതായിരുന്നു പ്ലാൻ. എന്നാൽ അപ്പോൾ 500 കി,മി ദൂരെയുള്ള ഡൽഹിയിൽ നിന്ന് സ്പെഷ്യൽ കമാൻഡോകൾ പുറപ്പെടുക പോലും ചെയ്തിരുന്നില്ല. ടേക്ക് ഓഫിന് നേരം വെെകിയതോടെ യാത്രക്കാരെ വധിക്കുമെന്ന് അവർ ക്യാപ്റ്റനെ ഭീഷണിപ്പെടുത്തി. ഇതോടെ അമൃത്സർ ക്രെെസിസ് മാനേജ്മെന്റ് ടീമിന് വേണ്ടത് ചെയ്യാൻ നിർദ്ദേശം നൽകി.

placeholder
കാണ്ഡഹാര്‍ വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യം | AFP

അവർ ഫ്യുവൽ ടാങ്കറുകളിലൊളിച്ച് വിമാനത്തിനരികിലെത്തി ടയറുകൾ നശിപ്പിച്ച് വിമാനം പറന്നുയരാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്യാൻ തയ്യാറെടുത്തു. പ്രാദേശിക കമാൻഡോകളുമായി ഇന്ധന ട്രക്ക് വിമാനത്തിന് അടുത്തേക്ക് പോയി. ട്രക്ക് വലിയ വേഗതയിൽ വിമാനത്തിനടുത്തേക്ക് പോയാൽ സംശയിക്കുമെന്നതിനാൽ വേഗത കുറയ്ക്കാൻ ഡ്രൈവറോട് നിർദ്ദേശിച്ചു. ഇത് ഡ്രൈവറെ ആശയക്കുഴപ്പത്തിലാക്കുകയും അയാൾ പെട്ടെന്ന് റൺവേയുടെ മധ്യത്തിൽ ട്രക്ക് നിർത്തുകയും ചെയ്തു.

ഇതോടെ സെെന്യം വിമാനം ആക്രമിക്കാൻ പോകുകയാണെന്ന് ബോധ്യപ്പെട്ട ഹെെജാക്കർമാർ പരിഭ്രാന്തരാകുകയും ക്യാപ്റ്റനോട് ഉടൻ പുറപ്പെടാൻ നിർദേശിക്കുകയും ചെയ്തു. ഇന്ധനം ബാക്കിയില്ലാത്തതിനാൽ ക്യാപ്റ്റൻ ശരൺ വിസമ്മതിച്ചു. ഇതോടെ റാഞ്ചികളിൽ ഒരാളായ ഡോക്ടർ, ബിസിനസ് ക്ലാസ് ക്യാബിനിലേക്ക് കയറി, ഹണിമൂൺ കഴിഞ്ഞ് മടങ്ങുകയായിരുന്ന 25 വയസ്സുകാരൻ രൂപിൻ കട്യാലിനെ അയാൾ കുത്തി. വിമാനറാഞ്ചലിലെ എക മരണം അതായിരുന്നു. ടേക്ക് ഓഫ് ചെയ്തില്ലെങ്കിൽ ഇനിയും ആൾക്കാരെ കൊന്നാടുക്കുമെന്നായിരുന്നു  ഭീഷണി. ഗത്യന്തരമില്ലാതെ ക്യാപ്റ്റൻ വിമാനം പറത്തി.

പ്രധാനമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം

വിമാനം അവസാനം ഇന്ത്യൻ മണ്ണിൽ നിന്ന് പറന്നുയർന്നു, അതോടെ വിമാനത്തിലുള്ള ആളുകളെ രക്ഷിക്കാനുള്ള മികച്ച അവസരം ഇന്ത്യയ്ക്ക് നഷ്‌ടമായി. ഇതിനെതിരെ വലിയ വിമർശനങ്ങളും ആരോപണങ്ങളുമുയർന്നു. അതിന് കാരണം ഫ്ലെെറ്റിനുള്ളിലുണ്ടായിരുന്ന ഒരാൾ പ്രധാനമന്ത്രിയുടെ സെക്രട്ടറിയുടെ ബന്ധുവായതായിരുന്നു എന്നതായിരുന്നു. നേരത്തെ വിമാനം റാഞ്ചൽ നടക്കുമെന്ന് സൂചന ലഭിച്ചിട്ടും അത് വ്യാജമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ നേപ്പാളിലെ RAW ഉദ്യോഗസ്ഥൻ ശശിഭൂഷൺ തോമർ ആയിരുന്നു അത്. അദ്ദേഹവും യാദൃച്ഛികമായി ഫ്ലെെറ്റിനുള്ളിലുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സെക്രട്ടറി എൻകെ സിങ്ങിൻ്റെ സഹോദരിയെയാണ് ശശിഭൂഷൺ തോമർ വിവാഹം കഴിച്ചത്. തൻ്റെ ഭാര്യാസഹോദരൻ്റെ സുരക്ഷ ഉറപ്പാക്കാൻ വിമാനത്തിൽ കമാൻഡോ പ്രവർത്തനങ്ങൾ നടത്താൻ എൻകെ സിങ്ങ് സമ്മതിച്ചില്ലെന്നും ഇത് കമാൻഡോകൾ അമൃത്സറിലെത്താൻ കാലതാമസമുണ്ടാക്കിയെന്നുമെല്ലാം ആരോപണങ്ങൾ ഉയർന്നു. ഇതെല്ലാം അധികൃതർ പിന്നീട് നിഷേധിക്കുകയും ചെയ്തു.

ലാഹോർ

ഇതേസമയം വിമാനം അടച്ചിട്ട ലാഹോർ എയർസ്‌പേസിലേക്ക് പ്രവേശിച്ചു. വിമാനം ലാൻഡ് ചെയ്യുന്നത് തടയാനായി എല്ലാ റൺവേ ലെെറ്റുകളും നാവിഗേഷൻ സിസ്റ്റവും അവർ ഓഫ് ചെയ്തു. പാകിസ്താനിൽ പറക്കുന്നത് തുടർന്നാൽ വിമാനം വെടിവെച്ചിടുമെന്ന് അവർ ക്യാപ്ററനെ ഭീഷണിപ്പെടുത്തി. ഒടുവിൽ 5 മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രം ബാക്കിനിൽക്കെ രണ്ടും കൽപ്പിച്ച് എയർപോർട്ട് റൺവേ ആണെന്ന് കരുതി വിമാനം ഒരു ഹെെവേയിൽ ലാൻഡ് ചെയ്യാനൊരുങ്ങി. അപകടം മനസ്സിലാക്കിയ ലാഹോർ എടിസി ഒടുവിൽ വിമാനം ഇന്ധനം നിറയ്ക്കാൻ മാത്രം താൽകാലികമായി ഫ്ലെെറ്റ് ലാൻഡ് ചെയ്യാൻ അനുമതി നൽകി. അങ്ങനെ എട്ട് മണിയോടെ പാകിസ്താനിൽ വിമാനം ലാൻഡ് ചെയ്തു. ഇതോടെ പാകിസ്താൻ കമാൻഡോകൾ വിമാനം വളഞ്ഞു.
 
സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റ യാത്രക്കാരനെയും അവിടെ ഇറക്കാൻ ക്യാപ്റ്റൻ ശരൺ അഭ്യർഥിച്ചെങ്കിലും പാകിസ്താൻ വിസമ്മതിച്ചു. റാഞ്ചലുമായി എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടെന്ന് കരുതപ്പെടാൻ അവർ ആഗ്രഹിച്ചിരുന്നില്ല. വിമാനം എത്രയും വേഗം തങ്ങളുടെ രാജ്യം വിടണമെന്ന് അവർ നിർദേശിച്ചു. ഇന്ധനം നിറച്ചാൽ ഉടനെ രാജ്യം വിടാനും നിർദേശിച്ചു. ക്യാബിനിൽ, പരിക്കേറ്റ രുപിൻ കത്യാൽ എന്ന യാത്രക്കാരൻ രക്തം വാർന്നു മരിച്ചു. ഹണിമൂൺ ആഘോഷിച്ച് മടങ്ങിവരികയായിരുന്നു ദമ്പതികൾ. മുൻവശത്ത് തന്റെ ഭർത്താവിന് പരിക്കേറ്റതും മരിച്ചുകൊണ്ടിരിക്കുന്നതും പിൻവശത്തേക്ക് മാറ്റപ്പെട്ട ഭാര്യ അറിഞ്ഞിരുന്നില്ല.

placeholder
വിമാനത്തിന് സമീപത്തുനിന്നുള്ള ദൃശ്യം | AFP

മുന്ന് മണിക്കൂറിന് ശേഷം ലാഹോറിൽ നിന്ന് പറന്നുയർന്ന വിമാനം കാബൂളിലേക്ക് പോകാൻ ഭീകരർ നിർദേശിച്ചു. എന്നാൽ കാബൂളിൽ രാത്രി വിമാനമിറങ്ങുന്നതിനുള്ള സംവിധാനമുണ്ടായിരുന്നില്ല. അതോടെ ഒമാനിലേക്ക് വിമാനം തിരിച്ചുവിടാൻ അവർ ആവശ്യപ്പെട്ടു. പാകിസ്താനെ പോലെ തന്നെ ഒമാനും ആവശ്യം നിരസിച്ചു. തുടർന്ന് ഫ്ലെെറ്റ് യുഎഇയിലേക്ക് തിരിച്ചു. അവിടെ എത്തുന്നതിന് മുൻപ് തന്നെ രുപിൻ കത്യാൽ മരിച്ചിരുന്നു.

യുഎഇ വിമാനം അൽ മിനാദ് എയർ ഫോഴ്സ് ബേസിൽ ഇറക്കാൻ അനുമതി നൽകി. അവിടെ കമാൻഡോ ഓപ്പറേഷൻ നടത്താൻ ഇന്ത്യ അനുമതി ചോദിച്ചെങ്കിലും തങ്ങളുടെ മണ്ണിൽ അത് അനുവദിക്കാൻ അവർ തയ്യാറായില്ല. പക്ഷേ, ഇന്ധനത്തിന് പകരമായി ചില യാത്രക്കാരെയും രുപിൻ കത്യാലിന്റെ മൃതദേഹവും പുറത്തിറക്കാൻ ഭീകരരുമായി ധാരണയാക്കാൻ അവർക്ക് കഴിഞ്ഞു. അതിനുശേഷം എങ്ങോട്ടെന്നില്ലാതെ വിമാനം അവിടെ നിന്ന് പറന്നുയർന്നു. അങ്ങനെ രണ്ടാം ദിനം വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ എയർപോർട്ടിൽ ലാൻഡ് ചെയ്തു. അടുത്ത അഞ്ച് ദിവസം വിമാനം അവിടെതന്നെ നിർത്തിയിട്ടു. തിരക്കിട്ട വിലപേശലുകളും പ്ലാനിങ്ങുകളും നടന്നു.

കാണ്ഡഹാറിലേക്ക്

1999ൽ താലിബാനായിരുന്നു അഫ്ഗാൻ നിയന്ത്രിച്ചിരുന്നത്. ഇന്ത്യ താലിബാൻ ഭരണം അംഗീകരിച്ചിരുന്നില്ല. താലിബാൻ ചർച്ചകൾക്ക് ഇടനിലക്കാരാകാമെന്ന് പറഞ്ഞിരുന്നെങ്കിലും വിവേക് കട്ജു അടങ്ങുന്ന നെഗോഷ്യേഷൻ ടീമിനെ ഇന്ത്യ അയച്ചു. അജിത് ഡോവലും ഈ ടീമിലുണ്ടായിരുന്നു. അതേസമയം ഫ്ലെെറ്റിലുള്ളവരുടെ കാര്യം പരിതാപകരമായിരുന്നു. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ല. ടോയിലറ്റുകൾ നിറഞ്ഞുകവിഞ്ഞിരുന്നു. അവരെ വിമാനത്തിന്റെ വിൻോ തുറക്കാൻ പോലും അനുവദിച്ചിരുന്നില്ല. മരണമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് പലരും വിശ്വസിച്ചു.

മൂന്നാം ദിനംമായപ്പോഴേക്കും ഇന്ത്യൻ ഗവൺമെൻ്റിന്മേൽ സമ്മർദ്ദം വർദ്ധിച്ചു. റാഞ്ചികളുമായി സമ്പർക്കമുണ്ടാക്കാൻ പോലും കഴിയാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. വിമാനത്തിലെ ആളുകളുടെ അവസ്ഥ എന്താണെന്ന് പോലും ആർക്കും അറിയാത്ത സാഹചര്യം. 1999 ഡിസംബർ 26ന് , വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് വിമാനറാഞ്ചലിനെക്കുറിച്ച് ഒരു പത്രസമ്മേളനത്തിൽ യാത്രക്കാരുടെ ബന്ധുക്കൾ ഇരച്ചുകയറി. ഇന്ത്യൻ സർക്കാർ ഭീകരരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി വാജ്‌പേയി ഇതിനെതിരായിരുന്നു. 'റാഞ്ചികൾക്ക് എന്താണ് വേണ്ടതെന്ന് ഞങ്ങൾക്ക് ഇതുവരെ അറിയില്ല, എന്നാൽ അത് എന്തായാലും, ഇതല്ല അത് നേടിയെടുക്കാനുള്ള വഴി. ഈ തന്ത്രങ്ങൾക്കും ഭീഷണികൾക്കും ഇന്ത്യ വഴങ്ങില്ല'. ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

വിലപേശല്‍, ഭീകരരുടെ മോചനം
റാഞ്ചലിന്റെ നാലാം ദിവസം, ഡിസംബർ 27-ന്, ഇന്ത്യൻ ഗവൺമെൻ്റിൻ്റെ നെഗോസിയേഷൻ ടീം അഫ്ഗാനിസ്ഥാനിൽ ലാൻഡ് ചെയ്തു. ആ വിമാനത്തിൽ രഹസ്യമായി ഇന്ത്യൻ എലീറ്റ് ബ്ലാക്ക് ക്യാറ്റ് കമാൻഡോസും ഉണ്ടായിരുന്നു. പക്ഷേ, ഇന്ത്യൻ വിമാനം എത്തിയതോടെ താലിബാൻ സെെന്യം വിമാനത്തിന് ചുറ്റും നിലയുറപ്പിച്ചതിനാൽ ആ ദൗത്യവും പാളി. ഒടുവിൽ ഇന്ത്യൻ ടീം റാഞ്ചികളുമായി രണ്ട്  ദിവസത്തിലധികം ചർച്ച നടത്തുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

placeholder
ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറില്‍ | Reuters

മൂന്ന് തീവ്രവാദികൾക്ക് പകരമായി യാത്രക്കാരെ മോചിപ്പിക്കാമെന്നായിരുന്നു അവരുടെ ആവശ്യം - ഹർക്കത്ത് ഉൾ മുജാഹുദ്ദീൻ സ്ഥാപകൻ മൗലാന മസൂദ് അസ്ഹർ, കശ്മീരിൽ വിദേശ പൗരന്മാരെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ മസൂദ് അസ്ഹറിൻ്റെ അനുയായി ബ്രിട്ടീഷ് പൗരനായ അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്,  തീവ്രവാദി ഗ്രൂപ്പ് അൽ-ഉമർ മുജായ്ദീൻ മുഖ്യ കമാൻഡർ മുസ്താഖ് അഹമ്മദ് സർഗർ എന്നിവരായിരുന്നു അത്. ഒടുവിൽ കനത്ത സമ്മർദ്ദം കാരണം ഇന്ത്യൻ സർക്കാരിന് ഇത് അനുവദിക്കേണ്ടി വന്നു.
 
മൂന്ന് തീവ്രവാദികളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജയിലുകളിൽ നിന്ന് മോചിപ്പിച്ച് ഡൽഹിയിലേക്ക് കൊണ്ടുവന്നു. അവിടെ നിന്ന്, അവർ ഒരു വിമാനത്തിൽ കാണ്ഡഹാറിലേക്ക് കൊണ്ടുപോയി. വിമാനത്തിൽ അവർക്കൊപ്പം വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗും അനുഗമിച്ചു.

ഒടുവില്‍ മോചനം

അങ്ങനെ ഡിസംബർ 31-ന്, തടവുകാരെ മോചിപ്പിക്കുകയും വിമാനത്തിലുള്ളവരെ സ്വതന്ത്രരാക്കുകയും ചെയ്തു. റാഞ്ചികളെ താലിബാൻ അറസ്റ്റ് ചെയ്യുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല. താലിബാൻ നേതാക്കൾ അഞ്ച് റാഞ്ചികളെ ഒരു കാറിൽ കയറ്റി പാകിസ്താൻ അതിർത്തിയിലേക്ക് കൊണ്ടുപോകുകയും അവരെ കാണ്ഡഹാറിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തു എന്നുള്ളത് ഇന്ത്യയെ അത്ഭുതപ്പെടുത്തി. ഭീകരരെ മോചിപ്പിച്ചതിലൂടെ യാത്രക്കാരെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ഭാവിയിൽ ഇന്ത്യ കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്.

മൗലാനാ മസൂദ് അസർ‌

പാകിസ്താനിലേക്ക് മൗലാനാ മസൂദ് അസ്ഹർ തിരികെ പോയി ജയ്ഷ്-ഇ-മുഹമ്മദ് എന്ന തീവ്രവാദ സംഘടന സ്ഥാപിച്ചു. 2001-ൽ ഏഴ് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇന്ത്യൻ പാർലമെൻ്റിന് നേരെ ആക്രമണം നടത്തിയതും പദ്ധതി ആവിഷ്കരിച്ചതും മസൂദ് ആണ്. 44 സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ 2019ലെ പുൽവാമ ആക്രമണത്തിനുത്തരവാദിയും ഈ സംഘടന തന്നെയാണ്. ഇയാൾ ഇപ്പോഴും പാകിസ്താനിൽ സ്വതന്ത്രനായി ജീവിക്കുന്നു.

സെപ്തംബർ 11-ന് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൻ്റെ ആസൂത്രണത്തിൽ പ്രധാന പങ്ക് വഹിച്ചത് മോചിപ്പിക്കപ്പെട്ടവരിൽ ഒരു ഭീകരനായ ഒമർ ഷെയ്ഖ് ആണ്. എന്നാൽ മാധ്യമപ്രവർത്തകനായ ഡാനിയൽ പേളിൻ്റെ കൊലപാതകത്തിൽ 2002-ൽ  ഇയാൾ അറസ്റ്റിലായി. ഇയാൾ ഇപ്പോൾ പാകിസ്താനിൽ ജയിലിലാണ്.

placeholder
മസൂദ് അസര്‍ | ഫോട്ടോ: എ.എഫ്.പി
മസൂദ് അസര്‍ | ഫോട്ടോ: എ.എഫ്.പി

തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിൽ മുഷ്താഖ് അഹമ്മദ് സർഗർ ഇപ്പോഴും സജീവമാണ്, റാഞ്ചികൾ പാകിസ്താനിലേയ്ക്ക്  രക്ഷപ്പെട്ടതിനുശേഷം മറ്റ് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, യാത്രക്കാരിലൊരാളായ രൂപിൻ കത്യാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഡോക്ടർ എന്ന് വിളിപ്പേരുള്ള ഹെെജാക്കർ സഹൂർ മിസ്ത്രി ഇബ്രാഹിം 2022 മാർച്ചിൽ കറാച്ചിയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇന്ത്യക്ക് പാഠങ്ങളും മുറിവുകളും അവശേഷിപ്പിക്കുന്ന ഒരു സംഭവമായിരുന്നു കാണ്ഡഹാർ വിമാനം റാഞ്ചൽ. ഇന്ത്യൻ എയർലെെൻസ് ഫ്ലൈറ്റ് ഐസി-814 എല്ലായ്പ്പോഴും ചരിത്രത്തിലെ ഓർമ്മിക്കപ്പെടുന്ന ഒരു അധ്യായമായിരിക്കും. ജാഗ്രതയും സുരക്ഷയും എത്രമാത്രം വലുതാണെന്ന് ഇന്ത്യയെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാകും കാണ്ഡഹാർ ഹെെജാക്ക്.

In Short | A detailed account of the Kandahar hijacking of Indian Airlines Flight IC-814 in 1999, unraveling the terror, negotiations, and aftermath of the week-long ordeal that changed India's counterterrorism strategy.