ദുബായ്: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് (Flydubai )വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് മാലിദ്വീപ് സ്വദേശികൾ അറസ്റ്റിൽ. എഫ്.ഇസഡ് 1073 വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുമായും ഫ്ലൈദുബായി ആക്രമണത്തിന്റെ ഗൂഢാലോചനയുമായും ബന്ധമുണ്ടെന്ന സംശയത്തിലാണ് രണ്ട് പൈലറ്റുമാരെ യു.എ.ഇ. പോലീസ് കസ്റ്റഡിയിലെടുത്തത്. ഒക്ടോബർ മൂന്നിനാണ് ഇരുവരും അറസ്റ്റിലായത്. എന്നാൽ, സംഭവത്തിൽ ഇവരുടെ പങ്കെന്തെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

To advertise here,

മാലദ്വീപ് സ്വദേശികളായ ആറ് ഫ്ലൈദുബായ് പൈലറ്റുമാരിൽ അടുത്തിടെ ജോലിയിൽ പ്രവേശിച്ചവരാണ് ഇരുവരും. ഇവർ ഒമാനി സഹപൈലറ്റുമൊത്ത് ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്നും ഒരുമിച്ച് ജോലിചെയ്തിരുന്നെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

സെപ്റ്റംബർ 30-നാണ് ദുബായ്-ടെൽ അവീവ് എഫ്.ഇസഡ്-1073 വിമാനത്തിൽവെച്ച് സഹപൈലറ്റ് അൽ ഹമ്മാമി കോക്പിറ്റിലെ കോടാലിയുപയോഗിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ചത്. സ്മിത്ത് മച്ചാർ ധീരമായി ചെറുത്തുനിൽക്കുകയും കോക്പിറ്റ് വാതിൽ തുറന്നുകൊടുക്കുകയുമായിരുന്നു. തുടർന്ന് ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്‌പ്പെടുത്തിയശേഷം വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി. കേസിൽ യു.എ.ഇ.യും ഇന്ത്യയിലെ എൻ.ഐ.എ.യും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.