ടെൽ അവീവ്: ഫ്‌ളൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റിലെ സംഘർഷത്തിന് പിന്നാലെ, യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരാണ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതും സൗദിയിലെ താബൂക്കിൽ സുരക്ഷിതമായി ഇറക്കിയതും. എന്നാൽ, ഈ പെെലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ യാത്രക്കാർ പലരും ഭയന്നുവിറച്ചു. വിമാനം ഹൈജാക്ക് ചെയ്ത്  ഇറാനിലേക്ക് കൊണ്ടുപോകുകയാണോ എന്നതായിരുന്നു യാത്രക്കാരുടെ ഭയത്തിന് കാരണം. 

To advertise here,

കോക്പിറ്റിലെ സംഘർഷത്തിന് പിന്നാലെ യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാർ ചേർന്ന് വിമാനം നിയന്ത്രിച്ചുവെന്ന് യാത്രക്കാരിലൊരാളായ ഡാനിയേൽ ഷ്‌ലിച്‌റ്റെർ പറഞ്ഞു. എന്നാൽ, ആദ്യഘട്ടത്തിൽ അവർ പാലിച്ച നിശ്ശബ്ദത ചില യാത്രക്കാരെയെങ്കിലും ഭയപ്പെടുത്തിയെന്നും ഇവരെ വിശ്വസിക്കാനാകുമോയെന്ന് സംശയത്തിലാഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് അതിൽ ആശങ്കയുണ്ടായിരുന്നു. ഡാനിയേൽ വാർത്താ ഏജൻസിയായ എപിയോടു പറഞ്ഞു. ഇനിയൊരുപക്ഷേ, വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തവർ അത് ഇറാനിലേക്ക് കൊണ്ടുപോകുമോ എന്നായിരുന്നു പേടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്തിൽ രണ്ടാം നിരയിലായിരുന്നു ഡാനിയേലിന്റെ ഇരിപ്പിടം.

ഭീതിജനകവും അതേസമയം അപ്രതീക്ഷിതവുമായ സംഭവവികാസങ്ങളായിരുന്നു കഴിഞ്ഞദിവസം ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്‌ലൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായത്. ജീവനക്കാർ ഉൾപ്പെടെ 182 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ക്രാഷ് ആക്‌സ് ഉപയോഗിച്ച് ആക്രമിച്ചശേഷം വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകർക്കാനുള്ള നീക്കമായിരുന്നു ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമാമി നടത്തിയത്. എന്നാൽ, മച്ചാറിന്റെ സമയോചിതമായ ഇടപെടൽ കോക്ക്പിറ്റിലെ സംഘർഷം യാത്രക്കാർ അറിയാനിടയാക്കി. തുടർന്ന് യാത്രക്കാരിൽ ചിലർ ചേർന്ന് ഹമാമിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് യാത്രക്കാരായി ഉണ്ടായിരുന്ന രണ്ടു പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

അതസമയം, ആപത്ഘട്ടത്തിൽ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്ത രണ്ട് പൈലറ്റുമാരുടെ പേരുവിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ക്രൂ അംഗങ്ങൾ എന്നുമാത്രമേ ഫ്‌ലൈ ദുബായ് ഈ പൈലറ്റുമാരെ കുറിച്ച് പറഞ്ഞിട്ടുള്ളൂ.

'അതൊരു അദ്ഭുതമാണ്. എല്ലാ വിമാനങ്ങളിലും അവർ രണ്ട് എക്‌സ്ട്രാ പൈലറ്റുമാരെ കൊണ്ടുപോകാറില്ല. ഇവിടെ, ടെൽ അവീവിൽനിന്ന് ദുബായിലേക്ക് വിമാനം തിരിച്ചുപറത്താൻ വേണ്ടിയാണ് ഇവരെ കൊണ്ടുപോയത്. അതുകൊണ്ട് മാത്രമാണ് വിമാനത്തിലെ യാത്രക്കാരുടെ കൂട്ടത്തിൽ രണ്ടു പൈലറ്റുമാരുണ്ടായത്’, ഡാനിയേൽ കൂട്ടിച്ചേർത്തു.

യാത്രക്കാർ ചേർന്ന് ഒമാനി പൈലറ്റിനെ കീഴ്‌പ്പെടുത്തവേ, ആദ്യത്തെ പൈലറ്റ് അവരുടെ മുകളിലൂടെ ചാടിക്കടന്നാണ് കോക്പിറ്റിൽ പ്രവേശിച്ചതെന്നും പിന്നാലെ രണ്ടാമത്തെ പൈലറ്റും അവിടേക്ക് എത്തിയെന്നും ഡാനിയേൽ പറഞ്ഞു. ഇരുവരും കോക്പിറ്റിൽ കയറിയ ശേഷം വാതിൽ അടയ്ക്കുകയും ചെയ്തു.

ആദ്യത്തെ പൈലറ്റാണ് ചടുലതയോടെ പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയന്ത്രണം ഏറ്റെടുത്ത് ഏകദേശം 45 മിനിറ്റിനു ശേഷം താബുക്കിൽ ഇറങ്ങുന്നതായി പൈലറ്റുമാർ അനൗൺസ് ചെയ്യുകയും ചെയ്തു. അപ്പോഴാണ് അവരെ വിശ്വാസമായതെന്നും ഡാനിയേൽ കൂട്ടിച്ചേർത്തു.