വടക്കുകിഴക്കൻ ഇന്ത്യയിലെ ഹിമാലയൻ മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദി. ടിബറ്റിൽ ആ നദിക്ക് പേര് യാർലങ് സാങ്പോ. അരുണാചൽ പ്രദേശിൽ സിയാങ്. അസ്സമിലെത്തുമ്പോൾ നമുക്കേറെ പരിചിതമായ ബ്രഹ്‌മപുത്ര. അരുണാചൽപ്രദേശിലെ 'ആദി' ഗോത്രവിഭാഗക്കാരുടെ പവിത്രനദി. തങ്ങളെ ഊട്ടി വളർത്തുന്ന ആ നദിയെ അവർ 'അനേ സിയാങ്' എന്ന് വിളിച്ചു. അനേ എന്നാൽ അമ്മയെന്നാണർത്ഥം. ആ അമ്മയുടെ മടിത്തട്ടിലെ കൃഷിയിടങ്ങളാണ് അവരുടെ വയറുനിറയ്ക്കുന്നത്. നേരത്തെ പറഞ്ഞപോലെ മൂന്ന് സംസ്ഥാനങ്ങളിലേയും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാഡി.

To advertise here,

ഈ നദിയെച്ചൊല്ലി വലിയൊരു സമരം നടക്കുകയാണ് അരുണാചൽ പ്രദേശിൽ. സിയാങ് നദിക്ക് കുറുകേ നിർമിക്കാനുദ്ദേശിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്റ്റ് അഥവാ SUMP ആണ് വിഷയം. അരുണാചലിലെ ഗോത്രവിഭാഗക്കാർ ഡാം പ്രൊജക്ടിനെതിരെ ദിവസങ്ങളായി പ്രതിഷേധിക്കുകയാണ്. ഡാം പണിതുയർത്തുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ടതൊക്കെയും വെള്ളത്തിനടിയിലായേക്കാവുമെന്നവർ ഉറച്ചുവിശ്വസിക്കുന്നുണ്ട്. എല്ലുമുറിയെ പണിതെടുത്ത മണ്ണും ഗ്രാമമാകെയും നഷ്ടപ്പെടുന്നതിന്റെ വേദന ഇനിയേത് ഭാഷയിൽ ഏത് രീതിയിൽ പറയണമെന്നവർ ചോദിക്കുന്നുണ്ട്. എന്താണ് സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്ട്? ഈ പദ്ധതി നമുക്കാവശ്യമാണോ? വികസനക്കുതിപ്പിൽ, നല്ലനാളേക്കായി കോംപ്രമൈസ് ചെയ്യാവുന്ന ചെറിയൊരു നഷ്ടം മാത്രമാണോ ആദി ഗോത്രവിഭാഗത്തിനുണ്ടാവുന്നത്?

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട്- ചൈനയുടെ മെഡോഗ്. ഇന്ത്യൻ അതിർത്തിയിൽ നിന്ന് വെറും 50 കിലോമീറ്റർ മാത്രം അകലെ അരുണാചൽ അതിർത്തിയോട് ചേർന്നുള്ള അണക്കെട്ട്. നേരത്തെ പറഞ്ഞ ടിബറ്റിലെ യാർലങ് സാങ്പോ നദിക്ക് കുറുകേ നിർമിക്കുന്ന അണക്കെട്ട് നിർമാണം പക്ഷേ ഇന്ത്യയുടെ സമ്മതത്തോടെയോ അറിവോടെയോ അല്ല.

ഇന്ത്യയിലേക്കൊഴുകുന്ന, പല സംസ്ഥാനങ്ങളുടേയും ജീവനാഡിയായ ഒരു നദിയുടെ മുകൾത്തട്ടിൽ ചൈന ഇത്രയും വലിയൊരു ഡാം നിർമ്മിക്കുമ്പോൾ അത് ഇന്ത്യയെ ബാധിക്കുമെന്നും പരിസ്ഥിതിയേയും കാലാവസ്ഥയെയും സ്വാധീനിക്കുമെന്നും വിദഗ്ധർ പറയുന്നു. സിയാങ് നദിയുടെ മുകൾഭാഗത്ത് ഈ അണക്കെട്ട് പണിതാൽ, ഇന്ത്യയിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ നിയന്ത്രണം പൂർണ്ണമായും ചൈനയുടെ കൈയിലാകും. വെള്ളം തുറന്നുവിട്ടാൽ അത് അതിർത്തിക്കപ്പുറത്തുനിന്ന് വിടുന്ന ഒരു 'വാട്ടർ ബോംബ്' ആയിരിക്കുമതെന്നും വിദഗ്ധർ കണക്കാക്കുന്നു.

ചൈനയുടെ ഈ ഏകപക്ഷീയമായ ഈ നീക്കത്തെ തടയാനാണ് ഇന്ത്യ അരുണാചൽ പ്രദേശിലെ സിയാങ് നദിയിൽ 'സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രൊജക്റ്റ്' എന്ന പേരിൽ 11,200 മെഗാവാട്ടിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് ഇന്ത്യ പ്രഖ്യാപിക്കുന്നത്. ചൈനയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തെ തടഞ്ഞുനിർത്താനും രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാനുമായി ഒരു രക്ഷാ കവചം. സിയാങ് നദിയിലെ 65 ശതമാനത്തോളം ജലം വരുന്നത് ചൈനയിൽ നിന്നായതിനാൽ, മഴക്കാലത്ത് അപ്രതീക്ഷിതമായി വെള്ളം തുറന്നുവിട്ടാലുണ്ടാകുന്ന പ്രളയവും വേനൽക്കാലത്തെ ജലക്ഷാമവും നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് നദീതടത്തിൽ വലിയൊരു ബഫർ ജലസംഭരണി ആവശ്യമാണെന്നാണ് സർക്കാർ വാദം.

1982-ൽ ബ്രഹ്‌മപുത്ര ബോർഡ് മൂന്ന് ചെറിയ പദ്ധതികളായി നിർദ്ദേശിച്ച പദ്ധതി പിന്നീട് 2017-ൽ 'സിയാങ് അപ്പർ സ്റ്റേജ്-I', 'സ്റ്റേജ്-II' എന്നിവയാക്കി മാറ്റിയിരുന്നു. ഇത് സംയോജിപ്പിച്ചാണ് SUMP എന്ന വലിയ പദ്ധതിയാക്കിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ National Hydroelectric Power Corporation ആണ് ഇതിന്റെ പ്രീ-ഫീസിബിലിറ്റി സർവേ നടത്തിവരുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി സിയാങ് മാറും. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയായ ടെഹ്രി അണക്കെട്ടിന്റെ ശേഷി 2,400 മെഗാവാട്ട് മാത്രമാണെങ്കിൽ സിയാങ്ങിൽ അത് 11200 ആണ്. വൈദ്യുതി ഉൽപ്പാദനത്തിന് പുറമെ, വെള്ളപ്പൊക്ക നിയന്ത്രണത്തിനും വൻതോതിൽ ജലം സംഭരിക്കാനുമുള്ള ജലസംഭരണിയായി ഇത് പ്രവർത്തിക്കും. ഒപ്പം അന്താരാഷ്ട്ര നദീജല നിയമങ്ങൾ അനുസരിച്ച് നദിയുടെ താഴേക്കുള്ള ഒഴുക്കിലെ പ്രധാന ഉപയോക്താവ് downstream userഎന്ന നിലയ്ക്ക് ഇന്ത്യയുടെ അവകാശം കൂടുതൽ ശക്തമാക്കാനും ലക്ഷ്യമിടുന്നുണ്ട്. 

പക്ഷേ പദ്ധതിയുടെ വിവരങ്ങൾ പുറത്തുവന്നതോടെ ഭീതിയിലാണ് സിയാങ് താഴ്വരയിലെ ഗ്രാമങ്ങൾ. പദ്ധതി നടപ്പിലായാൽ അപ്പർ സിയാങ് ജില്ലയിലെ 20 ഗ്രാമങ്ങളും സിയാങ് ജില്ലയിലെ 7 ഗ്രാമങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലാകും. കൂടാതെ 52 ഗ്രാമങ്ങളെ പരോക്ഷമായി ബാധിക്കും. സംസ്ഥാന ജനസംഖ്യയുടെ 11%-ത്തോളം വരുന്ന ഏകദേശം 1.5 ലക്ഷം ആളുകൾ കുടിയൊഴിപ്പിക്കപ്പെടും. ആദി ഗോത്രവിഭാഗങ്ങളുടെ ഉപജീവനവും ഭൂമിയും സാംസ്‌കാരിക പൈതൃകവും സിയാങ് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 'അനേ സിയാങ്' എന്ന വിളിപോലും അതിൽനിന്നുണ്ടായതാണ്. തങ്ങളുടെ പൂർവ്വിക ഭൂമിയും കൃഷിയിടങ്ങളും ആരാധനാകേന്ദ്രങ്ങളും മുങ്ങിപ്പോകുന്നത് തങ്ങളുടെ വംശീയ സ്വത്വത്തിന്റെ നാശത്തിന് കാരണമാകുമെന്ന് അവർ ഭയപ്പെടുന്നു. കൃഷിയും വനവിഭവങ്ങളും നദിയുമാണ് ആദി സമൂഹത്തിന്റെ പ്രധാന ജീവനോപാധി. ഭൂമി നഷ്ടപ്പെടുന്നതോടെ അവരുടെ ഉപജീവനമാർഗ്ഗം പൂർണ്ണമായി അടയും. മാത്രമല്ല പ്രദേശത്ത് അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിരിക്കുന്നതിനാൽ പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടെന്നും, ഗ്രാമീണർക്ക് തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് പോകാനോ പണിആയുധങ്ങൾ കൊണ്ടുപോകാനോ സാധിക്കുന്നില്ലെന്നും അവർ പറയുന്നു. ഇതോടെ പ്രതിഷേധങ്ങൾ കനത്തു. പദ്ധതിയുടെ പ്രാരംഭ സർവേ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സിയാങ് ഇൻഡിജീനസ് ഫാർമേഴ്സ് ഫോറവും SUMP Affected Area Youth Association നുമാണ് പ്രതിഷേധത്തിന് മുന്നിലുള്ളത്. വിവിധ വിദ്യാർത്ഥി യൂണിയനുകളും ഗോത്ര സംഘടനകളും പിന്തുണയ്ക്കുന്നുമുണ്ട്.

'ഞങ്ങൾ വികസനത്തിന് എതിരല്ല. പക്ഷേ, ഞങ്ങളുടെ വംശനാശത്തിന് കാരമാകുന്ന ഒരു വികസനവും ഞങ്ങൾക്ക് വേണ്ട. അതിലും നല്ലത് ഈ മണ്ണിൽ മരിച്ചുവീഴുന്നതാണ്!' എന്നാണ് സിയാങ് ഇൻഡിജീനസ് ഫാർമേഴ്‌സ് ഫോറം പറയുന്നത്.

മുൻപ് നടന്ന പ്രതിഷേധങ്ങളിൽ അറസ്റ്റ് ചെയ്യപ്പെടുകയോ തടങ്കലിൽ വെക്കപ്പെടുകയോ ചെയ്ത മുഴുവൻ ആളുകളെയും നിരുപാധികം മോചിപ്പിക്കുക, പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രീ-ഫീസിബിലിറ്റി റിപ്പോർട്ട് സർവേ നടപടികൾ ഉടൻ നിർത്തിവെക്കുക, ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും വിന്യസിച്ചിരിക്കുന്ന കേന്ദ്ര സായുധ പോലീസിനെ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി ഇപ്പോഴും സമരരംഗത്താണവർ.

ഒക്ടോബർ 23-ന് പാസിഘട്ടിൽ നടന്ന 12 മണിക്കൂർ ബന്ദിന് ശേഷം കാര്യങ്ങൾ അക്രമാസക്തമായി. പ്രതിഷേധക്കാർ NHPC ഓഫീസിനും ഒരു പോലീസ് സ്റ്റേഷനും തീയിടുകയും ജനപ്രതിനിധികളുടെ വീടുകൾ ആക്രമിക്കുകയും ചെയ്തു. ഇതേ തുടർന്ന് 30-ലധികം പ്രതിഷേധക്കാരെ Arunachal Pradesh Unlawful Activities Prevention Atc പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ഗാമീണർക്ക് സ്വന്തം കൃഷിയിടങ്ങളിലേക്ക് പോകാൻ പോലും സുരക്ഷാ സേന തടസ്സം നിൽക്കുന്നുവെന്നും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് അപ്പർ സിയാങ് ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും അധികൃതർ റദ്ദാക്കി.

ഒക്ടോബർ 29-ന് തലസ്ഥാനമായ ഇറ്റാനഗറിലെ ഇന്ദിരാഗാന്ധി പാർക്കിൽ ആയിരക്കണക്കിന് തദ്ദേശീയർ പങ്കെടുത്ത് ഐക്യദാർഢ്യ റാലി നടത്തി. ഡൽഹിയിലെ അരുണാചൽ ഭവന് മുന്നിൽ പ്രതിഷേധക്കാർ ഗെരാവോ നടത്തുകയും ഗുവഹാത്തിയിൽ പിന്തുണ പ്രകടനങ്ങൾ നടക്കുകയും ചെയ്തു.സമരം അപ്പർ സുബൻസിരി ജില്ലയിലെ മെംഗാ അണക്കെട്ട് പദ്ധതിക്കെതിരെയുമുള്ള പ്രക്ഷോഭങ്ങളിലേക്കും വ്യാപിച്ചു. പ്രതിപക്ഷമായ കോൺഗ്രസ് മാത്രമല്ല, ഭരണകക്ഷിയായ ബി.ജെ.പി.യിലെ മുതിർന്ന നേതാക്കൾ പോലും പദ്ധതിയെ എതിർക്കുന്നുണ്ട്. ഈസ്റ്റ് സിയാങ്ങിലെ മുതിർന്ന ബി.ജെ.പി നേതാവും മുൻ ജില്ലാ പ്രസിഡന്റുമായ ഒയം ദായ് (Oyem Dai), സിയാങ് അണക്കെട്ട് നിർമ്മിച്ചാൽ തദ്ദേശീയരായ ആദി സമൂഹം സ്വന്തം നാട്ടിൽ അഭയാർത്ഥികളാകുമെന്നും സർക്കാർ ഇത് അടിയന്തരമായി നിർത്തിവെക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ടു.

പദ്ധതിക്ക് തദ്ദേശീയരുടെ പിന്തുണയുണ്ടെന്ന് വരുത്തിതീർക്കാൻ സർക്കാർ വ്യാജ സമ്മതപത്രങ്ങൾ ഉണ്ടാക്കിയതായി അരുണാചൽ ഫ്രോണ്ടിയർ ട്രൈബൽ ഫ്രണ്ട് ആരോപിക്കുന്നുണ്ട്. പദ്ധതിക്ക് അനുകൂലമായി ജനവികാരം സൃഷ്ടിക്കുന്നതിനും പ്രാദേശിക ശബ്ദങ്ങളെ അടിച്ചമർത്തുന്നതിനുമായി NHPC 10.9 കോടി രൂപ ചെലവഴിച്ച് മുംബൈ ആസ്ഥാനമായുള്ള പി.ആർ ഏജൻസിയെ നിയമിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പാസിഘട്ടിൽ നടത്തിയ 12 മണിക്കൂർ ബന്ദ് സംഘർഷത്തിലേക്ക് നീങ്ങി. പാസിഘട്ട് സംഭവം റിപ്പോർട്ട് ചെയ്ത 'ദി അരുണാചൽ ടൈംസ്' ഡെപ്യൂട്ടി എഡിറ്റർ തോംഗം റീന അടക്കമുള്ളവർക്കെതിരെ പോലീസ് അന്വേഷണ വാറന്റുകൾ പുറപ്പെടുവിച്ചു.

സിസ്മിക് സോൺ V-ൽ പെടുന്ന കടുത്ത ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് സിയാങ് താഴ്‌വര. ഇവിടെ കൂറ്റൻ അണക്കെട്ട് നിർമ്മിക്കുന്നത് വൻ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ചൈനീസ് പദ്ധതിയുടെ യാഥാർത്ഥ രൂപരേഖയോ പ്രവർത്തന രീതിയോ അറിയാതെ ഊഹങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യ കൂറ്റൻ അണക്കെട്ട് നിർമ്മിക്കുന്നത് ശരിയായ രീതിയില്ലെന്ന് South Asia Network on Dams, Rivers and People പ്രതിനിധി ഹിമാൻഷു ഠാക്കൂർ വ്യക്തമാക്കുന്നു. നദിയുടെ താഴത്തെ ഒഴുക്കിലുള്ള രാജ്യമെന്ന നിലയിൽ ചൈനയോട് പദ്ധതിയുടെ സമഗ്ര വിവരങ്ങൾ ആവശ്യപ്പെടാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറയുന്നു. ആഗോളതലത്തിൽ വലിയ അണക്കെട്ടുകൾ ഡീകമ്മീഷൻ ചെയ്യുന്ന കാലത്ത് പുതിയ ഡാം കൊണ്ടുവരുന്നത് വിമർശനങ്ങൾക്ക് ആക്കം കൂട്ടുന്നു. ചൈനയുടെ 60,000 MW ശേഷിയുള്ള ഭീമൻ അണക്കെട്ടിന് മുന്നിൽ ഇന്ത്യയുടെ 11,200 MW അണക്കെട്ടുകൊണ്ട് വലിയ പ്രയോജനമുണ്ടാകില്ലെന്ന് വാദിക്കുന്നവരുമുണ്ട്. അങ്ങനെ വെള്ളം തുറന്നുവിട്ടാൽ അണക്കെട്ടിന് അത് താങ്ങാനായില്ലെങ്കിൽ ഉണ്ടാകുന്ന ദുരന്തം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ 'മനുഷ്യനിർമ്മിത മഹാദുരന്തമായി' മാറുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനുപകരം, നയതന്ത്രതലത്തിൽ ചൈനയുമായി ചർച്ചകൾ നടത്തുകയും, ഒരു സംയുക്ത നദീജല കരാറിലോ ഇരുരാജ്യങ്ങളും ചേർന്നുള്ള ആഘാത പഠനത്തിലോ എത്തുന്നതാണ് സുരക്ഷിതമെന്നും ഇവർ വാദിക്കുന്നു. ആളുകളെ കുടിയൊഴിപ്പിക്കാത്ത ചെറുകിട ജലവൈദ്യുത പദ്ധതികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും നദിയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തി് പരിസ്ഥിതിസൗഹൃദ നദീതട പരിപാലനം ഉറപ്പാക്കുകയാണ് വേണ്ടതെന്നും വാദിക്കുന്നവരുണ്ട്. 2014ൽ പാസിഘട്ടിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ട് ചെറുകിട പദ്ധതികളിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിരുന്നു.

എന്നാൽ അണക്കെട്ട് നിർമ്മാണത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി പെമ ഖണ്ഡു അറിയിച്ചത്. വിശദമായ പൊതുജന കൂടിയാലോചനകളും തദ്ദേശീയരായ ആദി സമൂഹത്തിന്റെ അനുമതിയും വാങ്ങിയതിന് ശേഷം മാത്രമേ പദ്ധതി മുന്നോട്ട് കൊണ്ടുപോവൂ എന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ നടക്കുന്നത് സാങ്കേതിക ശാസ്ത്രീയ സാധ്യതാ പഠനമായ പ്രീ-ഫീസിബിലിറ്റി റിപ്പോർട്ട് തയ്യാറാക്കൽ മാത്രമാണെന്നും നിർമ്മാണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഠനത്തിൽ പദ്ധതി അനുയോജ്യമല്ലെന്ന് കണ്ടെത്തിയാൽ സർവേകൾക്കപ്പുറത്തേക്ക് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ഫീസിബിലിറ്റി ഘട്ടം കഴിഞ്ഞാൽ മാത്രമേ പാരിസ്ഥിതിക ആഘാത പഠനവും സാമൂഹിക ആഘാത പഠനവും നടത്തുകയുള്ളൂ. 2013-ലെ ന്യായമായ നഷ്ടപരിഹാര നിയമവും 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമവും പാലിച്ചുകൊണ്ട് മാത്രമായിരിക്കും തീരുമാനമെടുക്കുകയെന്നും കുടുംബങ്ങളെ ബലമായി കുടിയൊഴിപ്പിക്കുമെന്നോ അനുമതിയില്ലാതെ ഭൂമി പിടിച്ചെടുക്കുമെന്നോ ഉള്ള പ്രചാരണങ്ങൾ തെറ്റാണെന്നും പെമ ഖണ്ഡു പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളെയും ജനാധിപത്യപരമായ ചർച്ചകളെയും സർക്കാർ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ബന്ദുകളും അക്രമങ്ങളും പൊതുമുതൽ നശിപ്പിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പും മുഖ്യമന്ത്രി നൽകുന്നുണ്ട്.
വികസനപദ്ധതികൾ പലപ്പോഴും എതിർക്കപ്പെടുന്നത് അത് ബാധിക്കപ്പെടുന്നവരുട ആധിയും ആശങ്കയും വേണ്ടവിധം പരിഹരിക്കപ്പെടാതിരിക്കുമ്പോഴാണ്. ഒരു സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ പത്തിലൊന്ന് പേരെ നേരിട്ട് ബാധിക്കുന്ന ഒരു പദ്ധതി എത്രമാത്രം തന്ത്രപ്രധാനവും അത്യന്താപേക്ഷിതവുമാണെങ്കിലും പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ബദൽനിർദേശങ്ങളായാലും നിർദിഷ്ട പദ്ധതിയായാലും പ്രാദേശിക ജനതയെ വിശ്വാസത്തിലെടുത്തും അവരെക്കൂടി ഉൾപ്പെടുത്തിയും മുന്നോട്ട് പോകുമ്പോഴേ പദ്ധതി പൂർണവിജയത്തിലെത്തൂ. എല്ലാത്തിനുമപ്പുറം പരിസ്ഥിതിക്ക് ആഘാതം ഏൽപിക്കാതെയുള്ള സുസ്ഥിരവികസനപദ്ധതികൾക്ക് നാം മുൻഗണന കൊടുത്തേ മതിയാവൂ