ഞാന്‍ ദരിദ്രനായ പ്രസിഡന്റ് അല്ല; ദരിദ്രന്‍ എന്നാല്‍ ഒരുപാട് ആവശ്യങ്ങളുള്ളയാളാണ്. ഞാന്‍ ലളിത ജീവിതം നയിക്കുന്ന പ്രസിഡന്റാണ്. ജീവിക്കാന്‍ എനിക്ക് അധികമൊന്നും ആവശ്യമില്ല, കാരണം, പ്രസിഡന്റാകുന്നതിന് വളരെ മുന്‍പ് ഞാന്‍ എങ്ങനെ ജീവിച്ചോ അതുപോലെയാണ് ഇപ്പോഴും ജീവിക്കുന്നത്-കഴിഞ്ഞ ദിവസം അന്തരിച്ച ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്ന് ലോകം വിശേഷിപ്പിച്ച ഹോസെ മുഹികയുടെ വാക്കുകളാണിത്.

കറകളഞ്ഞ കമ്യൂണിസ്റ്റ്. വഴിവക്കിലെ കടയില്‍ കയറി കുശലം ചോദിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഒരു പ്രസിഡന്റോ എന്ന് പലര്‍ക്കും അതിശയം തോന്നാം. കഴിഞ്ഞ നൂറ്റാണ്ടിലെ കാര്യമല്ല. യുറുഗ്വായ് എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തെ 2010 മുതല്‍ 2015 വരെ നയിച്ച ഇതിഹാസമായിരുന്നു ഹോസെ മുഹിക. ദരിദ്രനായ പ്രസിഡന്റ് എന്ന വിശേഷണം അദ്ദേഹം നിരസിച്ചിരുന്നു. അങ്ങനെ ഏറ്റവും വിനയാന്വിതനായ പ്രസിഡന്റ് എന്ന വിശേഷണം പെപ്പെ എന്ന് യുറുഗ്വായ് ജനത സ്‌നേഹത്തോടെ വിളിച്ചിരുന്ന മുഹികയില്‍ വന്നുചേര്‍ന്നു. പ്രസിഡന്റായിരിക്കുമ്പോഴും മണിമാളിക ഒഴിവാക്കി തകരമേല്‍ക്കൂരയുള്ള ചെറിയ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. 1987 മോഡല്‍ പഴയ ഇളംനീല ഫോക്‌സ്വാഗന്‍ ബീറ്റില്‍ കാറിലായിരുന്നു എക്കാലവും സഞ്ചാരം. പ്രസിഡന്റായപ്പോഴും അതിന് മാറ്റമുണ്ടായില്ല. അണിയുന്ന വസ്ത്രം പോലും തേച്ച്മിനുക്കുക പോലുമില്ല. പൂക്കൃഷി നടത്തി അത് നാട്ടുചന്തയില്‍ വിറ്റ് ഉപജീവനതേടി. പ്രസിഡന്റെന്ന നിലയില്‍ ലഭിച്ച പ്രതിമാസ ശമ്പളത്തിന്റെ 90 ശതമാനവും അകദേസം 12,000 ഡോളറിന് തുല്യം ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഏകദേശം 10 ലക്ഷം രൂപ അദ്ദേഹം ഇങ്ങനെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ദരിദ്രര്‍ക്കുമായി നീക്കിവെച്ചു. രാഷ്ട്രീയം വിട്ടശേഷവും എളിമയുടെ മാതൃകയായി അദ്ദേഹം ജീവിച്ചു. മാര്‍ക്‌സിസ്റ്റ് ഒളിപ്പോരാളിയില്‍നിന്ന് ആധുനിക യുറുഗ്വായിയുടെ ശില്പിയായി മാറിയ സംഭവബഹുലമായ ജീവിതമായിരുന്നു മുഹികയുടേത്.

പട്ടാളഭരണത്തിന് എതിരെ ഒളിപ്പോര് നടത്തിയാണ് മുഹിക ഗറില്ലാ പോരാട്ടം തുടങ്ങിയത്. 1960-കളില്‍ ഇടത് ഗറില്ലാസംഘമായ ടുപമാരോസിന്റെ നേതൃത്വത്തില്‍ പങ്കാളിയായി ജനകീയവിപ്ലവം നയിച്ചു. ബാങ്ക്കൊള്ളയും ബോംബ് സ്‌ഫോടനങ്ങളും നടത്തി. ഉള്ളവന്റേത് ഇല്ലാത്തവന് വീതിച്ചുകൊടുക്കാന്‍ കാസിനോകള്‍ അടക്കം ആക്രമിച്ച് റോബിന് ഹുഡ് സ്‌റ്റൈല്‍ അനുവര്‍ത്തിച്ചു. വ്യവസായികളെയും രാഷ്ട്രീയക്കാരെയും തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വംനല്‍കി. യുറുഗ്വായിയെ ഫിദല്‍ കാസ്‌ട്രോയുടെ ക്യൂബ പോലെ ഒരു സോഷ്യലിസ്റ്റ് രാജ്യമാക്കിത്തീര്‍ക്കുകയെന്നതായിരുന്നു വിപ്ലവത്തിലൂടെ മുഹിക കണ്ട സ്വപ്നം. തടവിലാക്കപ്പെടുകയും രണ്ട് തവണ തടവ് ചാടുകയും ചെയ്തു. ഒരിക്കല്‍ പ്രക്ഷോഭം തടഞ്ഞ പോലീസിനെ നേരിടുമ്പോള്‍ ആറ് വെടിയുണ്ട ശരീരത്തില്‍ തറച്ചിട്ടും അത്ഭുതകരമായി രക്ഷപെട്ടു. ശസ്ത്രക്രിയ നടത്തിയ സര്‍ജനാണ് ആ ജീവന്‍ രക്ഷിച്ചത്. ആരും തിരിച്ചറിയാത്ത ടുപമാരോസ് സംഘാംഗമായിരുന്നു ആ സര്‍ജനെന്നും കഥകളുണ്ടായിരുന്നു. 1973 മുതല്‍ 1985 വരെ യുറഗ്വായ് ഭരിച്ച വലതുപക്ഷ സൈനിക-സ്വേച്ഛാധിപത്യ ഭരണകൂടം ഗറില്ലാസംഘങ്ങളെ കൂട്ടത്തോടെ വേട്ടയാടി. എല്ലാവരും നോട്ടപ്പുള്ളികളായി. മുഹികയെ പിടികൂടി 15 വര്‍ഷം തുറുങ്കിലടച്ചു. അതില്‍ പത്തുകൊല്ലവും ഏകാന്തതടവായിരുന്നു. ഏകാന്തത ഭ്രാന്തിന്റെ വക്കോളമെത്തിച്ചുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. ഭൂഗര്‍ഭ അറയിലെ ചെറിയ സെല്ലില്‍ ഏകാന്ത ജീവിതത്തില്‍ പലപ്പോഴും ഉറുമ്പുകളായിരുന്നു കൂട്ട്്. പട്ടാളഭരണത്തിന് അന്ത്യമായതോടെ ജയില്‍ മോചിതനായി. രാഷ്ട്രീയത്തില്‍ സജീവമായി. ഇടതുപക്ഷ കൂട്ടായ്മയായ ബ്രോഡ് ഫ്രണ്ടില്‍ ചേര്‍ന്നു. 2005 ല്‍ രാജ്യത്തെ കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി. പ്രസിഡന്റ് സ്ഥാനത്തേക്ക് 52 ശതമാനം വോട്ട് നേടിയാണ് 2010 ല്‍ രാജ്യത്തിന്റെ 40 ാമത്തെ പ്രസിഡന്റായത്. അഞ്ച് വര്‍ഷം കഴിഞ്ഞ അധികാരംവിടുമ്പോള്‍ 60 ശതമാനത്തിലേറെ ജനസമ്മതിയുണ്ടായിരുന്നു അദ്ദേഹത്തിന്. യുറുഗ്വായ് ജനത അദ്ദേഹത്തെ എത്രത്തോളം സ്‌നേഹിച്ചിരുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. അത്രത്തോളം ജനസമ്മതിയുണ്ടായിട്ടും എന്തുകൊണ്ട് അദ്ദേഹം വീണ്ടും പ്രസിഡന്റായില്ല എന്ന ചോദ്യം ന്യായമായും വരാം. യുറുഗ്വായ് ഭരണഘടന പ്രകാരം നിലവിലെ പ്രസിഡന്റിന് വീണ്ടും മത്സരിക്കാന്‍ കഴിയില്ല. അല്ലെങ്കിലും ലാളിത്യത്തിന്റെ സുഗന്ധം പേറുന്ന മുഹിക തുടരാന്‍ ആഗ്രഹിച്ചതുമില്ല.

രാഷ്ട്രീയം 'ജനങ്ങളെ സേവിക്കാനുള്ളതാണ്, പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗമാകരുത്'. രാഷ്ട്രീയം എന്നാല്‍ സമൂഹത്തിന്റെ നന്മയ്ക്കായി റിസ്‌കെടുക്കേണ്ട മേഖലയാണ് എന്നും അദ്ദേഹം പറയുമായിരുന്നു. 1935 മേയ് 20-ന് ദിമെത്രിയോ മുഹിക-ലൂസി കൊര്‍ദാനോ ദമ്പതിമാരുടെ മകനായി മോണ്ടിവിഡിയോയിലായിരുന്നു ജനനം. ചെറുപ്രായത്തില്‍ അച്ഛന്‍ നഷ്ടപ്പെട്ട മുഹികയെ അമ്മയാണ് വളര്‍ത്തിയത്. മുഹികയുടെ തടവുകാലമാണ് യുറഗ്വായന്‍ സംവിധായകന്‍ അല്‍വാരോ ബ്രെഷ്‌നേഴ്‌സിന്റെ 'എ ട്വല്‍വ്-ഇയര്‍ നൈറ്റ്' എന്ന സിനിമയ്ക്കാധാരം. മുന്‍ ഗറില്ലാ പോരാളിയും സെനറ്ററുമായ ലൂസിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കളില്ല. പ്രസിഡന്റായിരുന്നപ്പോഴും സ്ഥാനമൊഴിഞ്ഞ ശേഷവും ഭാര്യക്കും മൂന്നുകാലുള്ള തന്റെ അരുമയായ നായക്കുമൊപ്പമായിരുന്നു വാസം.

യുറഗ്വായ് എന്ന ചെറു ലാറ്റിനമേരിക്കന്‍ രാജ്യം ലോകത്തെത്തന്നെ ഏറ്റവും ആരോഗ്യകരമായ വ്യവസ്ഥിതിയുള്ള സോഷ്യല്‍ ലിബറല്‍ ജനാധിപത്യരാഷ്ട്രമായി ഉയര്‍ന്നത് മുഹിക പ്രസിഡന്റായിരുന്ന കാലത്താണ്. രാജ്യത്തെ ആധുനികതയുടെ പാതയിലേക്കുനയിച്ച മുഹികയെ ജനം 'പെപ്പെ'യെന്ന് വിളിച്ചു. ഉദാരവത്കരണത്തിലേക്ക് ലോകം വഴിമാറിയപ്പോള്‍ മുതലാളിത്തത്തെ അംഗീകരിക്കാനും മുഹികയിലെ കമ്യൂണിസ്റ്റ് തയ്യാറായി. അതിന് പ്രത്യശാസ്ത്രം തടസ്സമായില്ല. മുതലാളിത്തത്തിന്റെ ഗുണഫലങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് ഉറുഗ്വായിയെ വികസനത്തിലേക്ക് അദ്ദേഹം നയിച്ചത്. കഞ്ചാവുപയോഗവും സ്വവര്‍ഗവിവാഹവും നിയമവിധേയമാക്കിയതിന് ജനങ്ങള്‍ അദ്ദേഹത്തെ പുകഴ്ത്തി. എന്നാല്‍ ഈ തീരുമാനങ്ങളുടെ പേരില്‍ വിദേശത്ത് അദ്ദേഹം ഏറെ പഴി കേട്ടു. വിമര്‍ശിക്കപ്പെട്ടു. ബദല്‍ ഊര്‍ജമാര്‍ഗങ്ങള്‍ സ്വീകരിച്ച രാജ്യങ്ങളില്‍ യുറഗ്വായെ ഒന്നാമനാക്കി അദ്ദേഹം. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയ ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമാണ്് യുറഗ്വായ്. കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും ഉത്പാദനവും വിതരണവും സര്‍ക്കാരിന് കീഴിലാക്കുകയും ചെയ്തു. ലോകത്ത് തന്നെ ഇത് ആദ്യമായി നടപ്പിലാക്കിയത് ഉറുഗ്വായിലായിരുന്നു. അതിന് അദ്ദേഹത്തിന്റേതായ ന്യായങ്ങളുമുണ്ടായിരുന്നു. കരിഞ്ചന്തയും കുറ്റകൃത്യം തടയാനുമാണ് അദ്ദേഹം അത് നിയമവിധേയമാക്കിയത്. മയക്കുമരുന്ന് ഉപയോഗത്തെ ന്യായീകരിക്കുന്നില്ല. കാരണം ഇപ്പോള്‍ നമുക്ക് രണ്ട് പ്രശ്‌നങ്ങളുണ്ട്: മയക്കുമരുന്നിന് അടിമയാകുന്ന ജനങ്ങളുടെ സാഹചര്യം. അതൊരു രോഗമാണ് അതിനേക്കാള്‍ മോശമാണ് മയക്കുമരുന്ന് കടത്ത്-ഇതായിരുന്നു അദ്ദേഹത്തിന്റെ നീക്ഷണം. 'കഞ്ചാവ് ഉപയോഗിക്കുന്നതല്ല ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യം, മയക്കുമരുന്ന് വ്യാപാരമാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് അദ്ദേഹം വിശദീകരിച്ചു

അദ്ദേഹത്തിന് കീഴില്‍ രാജ്യം മികച്ച സാമ്പത്തിക വളര്‍ച്ച നേടി, ആളോഹരി വരുമാനം കൂടി. ജിഡിപി 75 ശതമാനം വളര്‍ന്നു. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയായ 5.6 ശതമാനത്തിലേക്ക് ചുരുങ്ങി.  40 ശതമാനത്തോളമായിരുന്ന രാജ്യത്തെ ദാരിദ്ര്യനിരക്ക് 12 ശതമാനമായി കുറഞ്ഞു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ലഭിച്ചു. പ്രസംഗങ്ങളില്‍, ഉപഭോക്തൃസംസ്‌കാരം ഉപേക്ഷിക്കാനും ലാളിത്യം പുലര്‍ത്താന്‍ അദ്ദേഹം ഉറുഗ്വായ് ജനതയോട് ആഹ്വാനം ചെയ്തു. മുഹിഗയുടെ സര്‍ക്കാര്‍ ഉറുഗ്വായില്‍ ഒരു ഹരിത ഊര്‍ജ്ജ വിപ്ലവത്തിനും തുടക്കമിട്ടു. ഇന്ന് ഉറുഗ്വായ് ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ രാജ്യങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. അവിടെ വൈദ്യുതിയുടെ 98% ബയോമാസ്, സൗരോര്‍ജ്ജം, കാറ്റാടി ഊര്‍ജ്ജം എന്നിവയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

'നിങ്ങളെ എങ്ങനെ ഓര്‍മ്മിക്കപ്പെടാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എന്ന ചോദ്യത്തിന് ജീവിതം എത്ര വ്യര്‍ഥം എന്നായിരുന്നു മറുപടി. ലൗകിക കാര്യങ്ങളുടെ നിരര്‍ത്ഥകതയും ശൂന്യതയും ആ വാക്കുകളിലുണ്ടായിരുന്നു. 'ഇതാണ് ജീവിതത്തിന്റെ ട്രാജഡി. ഒരു വശത്ത് അത് മനോഹരമാണ്, എന്നാല്‍ അത് അവസാനിക്കുന്നു. അതിനാല്‍, സ്വര്‍ഗ്ഗം ഇവിടെയാണ്. നരകവും അതുപോലെ തന്നെ.' ദാര്‍ശനികപരമായി അദ്ദേഹം മറ്റൊരിക്കല്‍ ജീവിതത്തെ വിലയിരുത്തി. നിസ്വനായി ജിവിച്ച് നിസ്വനായി മടങ്ങി. മുഹികയുടെ സംഭാവനകള്‍ യുറുഗ്വായിയുടെ ചരിത്രമാണ്.

To advertise here,

In Short: Jose Mujica, Uruguay’s president from 2010 to 2015, passed away recently, leaving a legacy as the “world’s humblest president.” Rejecting the label of “poorest president,” he lived simply in a modest home, drove a 1987 Volkswagen Beetle, and donated 90% of his $12,000 monthly salary (~₹10 lakh) to charity. A former Tupamaros guerrilla, Mujica fought against Uruguay’s military dictatorship, enduring 15 years in prison, including 10 in solitary confinement. As president, he transformed Uruguay into a progressive, green nation, legalizing cannabis and same-sex marriage, reducing poverty from 40% to 12%, and achieving 98% renewable energy usage. His Marxist roots and Robin Hood-style activism shaped his vision, yet he embraced capitalism’s benefits to drive economic growth, with GDP rising 75% and unemployment falling to 5.6%. Loved as “Pepe,” Mujica’s life of simplicity and service remains a global inspiration.