വാഷിങ്ടൺ: ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് വിക്കിപീഡിയ പേജിലേത് എന്ന് തോന്നിക്കുംവിധം എഡിറ്റ് ചെയ്ത ചിത്രം അദ്ദേഹം പങ്കുവെച്ചത്.
ട്രംപിന്റെ ഫോട്ടോയുടെ താഴെ 2026 ജനുവരി മുതൽ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് എന്ന് എഴുതിയിട്ടുള്ളതായി ചിത്രത്തിൽ കാണാം. യുഎസിന്റെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്റ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ജനുവരി മാസമാദ്യം വെനസ്വേലയ്ക്കെതിരേ യുഎസ് കടുത്ത നടപടികളുമായി രംഗത്തെത്തിയിരുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്ലോറെസിനയേയും ഇരുചെവിയറിയാതെ കടത്തിക്കൊണ്ടുവന്ന് ന്യൂയോർക്കിലെ ജയിലിലാക്കുകയും ചെയ്തിരുന്നു. വെനസ്വേലയിലെ പെട്രോളിയം അടക്കമുള്ള ഊർജസമ്പത്താണ് ട്രെംപിന്റെ ഈ നടപടികൾക്കു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ, വെനസ്വേലൻ എണ്ണ വിറ്റുകിട്ടുന്ന പണം നിയമക്കുരുക്കിൽപ്പെടാതെ സംരക്ഷിക്കുന്നതിനായി ട്രംപ് എക്സിക്യുട്ടീവ് ഉത്തരവിറക്കിയിരുന്നു. എണ്ണയിൽനിന്നുള്ള വരുമാനം വെനസ്വേലയുടെ സ്വത്താണെന്നും ഭരണപരവും നയതന്ത്രപരവുമായ ലക്ഷ്യങ്ങളോടെ യുഎസ് അത് കൈകാര്യംചെയ്യുകയാണെന്നും ഉത്തരവിൽ പറയുന്നു. വെനസ്വേലയ്ക്കു വായ്പനൽകിയവർ ഈ പണത്തിൽ അവകാശമുന്നയിക്കാതിരിക്കുക, കടംവീട്ടുന്നതിനായി വെനസ്വേല ഇത് പിടിച്ചെടുക്കുകയോ നിയമപരമായ അവകാശമുന്നയിക്കുകയോ ചെയ്യാതിരിക്കുക എന്നിവയാണ് നിയമത്തിന്റെ ഉദ്ദേശ്യം.
യുഎസിന്റെ ഉപരോധം കാരണം വിൽക്കാൻകഴിയാതെ വെനസ്വേലയിൽ കെട്ടിക്കിടക്കുന്ന അഞ്ചുകോടിയോളം വീപ്പ പെട്രോളിയം യുഎസ് വിറ്റ് ആ പണം താൻ കൈകാര്യംചെയ്യുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അതുകൂടാതെ, വെനസ്വേലയിൽ നിക്ഷേപിക്കാൻ എണ്ണക്കമ്പനിയുടമകളെ ട്രംപ് ക്ഷണിച്ചിരുന്നു.
Content Highlights: us president donald trump shares photo describing as acting president of venezuela
Published: 12 Jan 2026, 09:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented