പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണ്ണർമാർ കുരിശായി മാറും എന്ന് മുൻകൂട്ടിക്കാണാൻ നമ്മുടെ ഭരണഘടനാ ശിൽപികൾക്ക് കഴിയാതെ പോയി. ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങളായിരിക്കും ഭാവിയിൽ കേന്ദ്ര സർക്കാരിനെയും ഗവർണ്ണർമാരെയും നയിക്കുക എന്ന് അംബദ്കറോ നെഹ്രുവോ പട്ടേലോ ഒരിക്കലും കരുതിയിരുന്നില്ല.

1949-ൽ ഭരണഘടന നിർമ്മാണ അസംബ്ളിയിൽ ഗവർണർ പദവിയെക്കുറിച്ച് ചൂടുപിടിച്ച വാദപ്രതിവാദങ്ങളുണ്ടായി. കർണാടകത്തിൽ നിന്നുള്ള എച്.വി. കാമത്ത് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതിന് എതിരായിരുന്നു. സംസ്ഥാനത്തെ ഭരണം തടസപ്പെടുന്നതിന് ഇതിടയാക്കുമെന്ന് കാമത്ത് ചൂണ്ടിക്കാട്ടിയപ്പോൾ മഹാരാഷ്ട്രയിൽനിന്നുള്ള പി.എസ്. ദേശ്മുഖ് അതിനോട് യോജിച്ചില്ല:
''ദൈനം ദിന ഭരണത്തിൽ ഒരു ഗവർണറും ഇടപെടാൻ പോകുന്നില്ല.''
''എന്തുറപ്പാണ് ഇതിനുള്ളത്?'' കാമത്ത് ചോദിച്ചു.
ഇതിനുള്ള ദേശ്മുഖിന്റെ മറുപടി ശ്രദ്ധേയമായിരുന്നു: ''ഗവർണറുടെയും ഗവർണറെ നിയമിക്കുന്നവരുടെയും വിവേകമാണ് ഇതിനുള്ള ഉറപ്പ്.''
അംബദ്കറും നെഹ്രുവും പട്ടേലും രാജേന്ദ്ര പ്രസാദുമൊക്കെ ദേശ്മുഖിന്റെ ചിന്താധാര പങ്കുവെയ്ക്കുന്നവരായിരുന്നു. ഓരോ സംസ്ഥാനത്തും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുള്ള മാർഗമായാണ് ഗവർണർ പദവിയെ ഇവരെല്ലാം കണ്ടത്. ഗവർണർമാർക്ക് നിറവേറ്റാൻ പ്രത്യേക ദൗത്യങ്ങളൊന്നുമില്ലെന്നും എന്നാൽ കടമകളുണ്ടെന്നുമാണ് അംബദ്കർ പറഞ്ഞത്.
വിഭജനത്തെ തുടർന്ന് വർഗീയ കലാപങ്ങളിൽ രാഷ്ട്രം അസ്ഥിരമായിരിക്കെ സുശക്തമായ കേന്ദ്രം വേണമെന്നതിൽ ഭരണഘടനാ ശിൽപികൾ മിക്കവാറും ഒറ്റക്കെട്ടായിരുന്നു. കൂടുതൽ അധികാരങ്ങൾ കേന്ദ്രത്തിനെന്ന സമീപനം അങ്ങിനെയാണ് ഉടലെടുത്തത്. എന്നാൽ ഭരണഘടനയുടെ അന്തഃസത്തയിൽ ഫെഡറലിസം എന്ന ആശയം ഉൾച്ചേർന്നിരുന്നു. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം തുടങ്ങുന്നതുതന്നെ 'ഇന്ത്യ എന്ന ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ' എന്ന പ്രസ്താവനയോടെയാണ്. സഹകരണ ഫെഡറലിസമാണ് അംബദ്കർ വിഭാവനം ചെയ്തത്. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ഈ ആശയത്തിന്റെ നിറവേറൽ അനിവാര്യമാണെന്നതിൽ അംബദ്കറിന് സംശയമുണ്ടായിരുന്നില്ല. സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഇടയിൽ ഒരു രാസത്വരകം പോലെ വർത്തിക്കുന്നവരാവണം ഗവർണർമാർ എന്നായിരുന്നു അംബദ്കറിന്റെ നിരീക്ഷണം.
അംബദ്കറും നെഹ്രുവും കാണാതെ പോയത്
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ കുരിശായി മാറുമെന്ന് മുൻകൂട്ടിക്കാണാൻ നമ്മുടെ ഭരണഘടനാ ശിൽപികൾക്ക് കഴിയാതെ പോയി. ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങളായിരിക്കും ഭാവിയിൽ കേന്ദ്ര സർക്കാരിനെയും ഗവർണർമാരെയും നയിക്കുകയെന്ന് അംബദ്കറോ നെഹ്രുവോ പട്ടേലോ ഒരിക്കലും കരുതിയിരുന്നില്ല. രാജേന്ദ്ര അർലേക്കർമാരും ആർ.എൻ. രവിമാരുമൊക്കെ ഇവരുടെ മനോവിചാരങ്ങളിലേക്ക് കടന്നുവരികയെന്നത് ഏറെക്കുറെ അസാദ്ധ്യമായിരുന്നു.
മോദി സർക്കാരിന് മുമ്പും ഗവർണർമാർ കേന്ദ്രത്തിന്റെ അഭീഷ്ടങ്ങൾ നിറവേറ്റാൻ കൈവിട്ട കളികൾ കളിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാന സർക്കാരുകളുടെ ദൈനംദിന പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിൽ ഗവർണർമാർ ഇടങ്കോലിടാൻ തുടങ്ങിയത് ഇക്കഴിഞ്ഞ 11 വർഷങ്ങളിലാണ്. തമിഴ്നാട്ടിൽ ഗവർണർ ആർ.എൻ. രവി സംസ്ഥാനം പാസാക്കിയ പത്ത് ബില്ലുകളിൽ രണ്ടും മൂന്നും വർഷമൊക്കെയാണ് അടയിരുന്നത്. ഇതിൽ പൊറുതിമുട്ടിയാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസിലാണ് കഴിഞ്ഞ ഏപ്രിൽ എട്ടിന് ജസ്റ്റിസുമാരായ ജെ.ഡി. പർദിവാലയും ആർ. മഹാദേവനും അടങ്ങിയ ബഞ്ച് വിധി പ്രസ്താവിച്ചത്.
സംസ്ഥാനം പാസ്സാക്കുന്ന ബില്ലുകൾ നിയമമാകുന്നത് ഗവർണർ ഒപ്പുവെയ്ക്കുമ്പോഴാണ്. തീരുമാനമെടുക്കുന്നതിൽ ഗവർണർമാർക്ക് ഭരണഘടന വിവേചനാധികാരം നൽകുന്നുണ്ട്. വേണമെങ്കിൽ ബില്ലിൽ ഒപ്പുവെയ്ക്കാതെ ഗവർണർക്ക് തിരിച്ചയക്കാം. എന്നാൽ, നിയമസഭ വീണ്ടും ഇതേ ബിൽ പാസ്സാക്കിയാൽ ഗവർണർ അതിന് സമ്മതം നൽകണമെന്നാണ് പൊതുവെയുള്ള ധാരണ. കൂടുതൽ വ്യക്തതതയ്ക്കായി ബിൽ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കാനും ഗവർണർക്കാവും.
ബില്ലുകൾ അനിശ്ചിതമായി വെച്ചുതാമസിപ്പിക്കുക എന്ന തന്ത്രമാണ് തമിഴ്നാട്ടിൽ ഗവർണർ രവി ചെയ്തത്. ഇതിനുള്ള പ്രതിവിധിയാണ് ജസ്റ്റിസുമാരായ പർദിവാലയും മഹാദേവനും മുന്നോട്ടുവെച്ചത്. മൂന്നു മാസത്തിനുള്ളിൽ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കിൽ ബില്ലിന് ഗവർണർ സമ്മതം നൽകിയതായി കണക്കാക്കാമെന്നുമാണ് വിധിയിലുണ്ടായിരുന്നത്. ഗവർണർ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം സുഗമമാക്കുകയാണ് വേണ്ടതെന്നും സർക്കാരിന്റെ സുഹൃത്ത്, വഴികാട്ടി, ദാർശനികൻ എന്നീ നിലകളിലാണ് പ്രവർത്തിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ വിധിയുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു സുപ്രീം കോടതിയുടെ അഭിപ്രായം തേടിയത്. രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിക്കാനാവുമോയെന്നും ഗവർണറുടെ വിവേചനാധികാരം ചോദ്യം ചെയ്യാനാവുമോയെന്നും രാഷ്ട്രപതി ചോദിച്ചു. മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചാണ് ഇക്കാര്യം പരിശോധിച്ചത്. സമയപരിധി നിശ്ചയിക്കാനാവില്ലെന്നും മൂന്നു മാസത്തിനുള്ളിൽ സമ്മതം നൽകിയില്ലെങ്കിൽ ബിൽ നിയമമായി മാറുമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അഞ്ചംഗ ബഞ്ച് വ്യക്തമാക്കി. ഇതോടെ ജസ്റ്റിസുമാരായ പർദിവാലയും മഹാദേവനും അടങ്ങിയ ബഞ്ച് പുറപ്പെടുവിച്ച വിധി അപ്രസക്തമായി.
ഒരു ബില്ലിലും ഗവർണർമാർക്ക് അനിശ്ചിത കാലത്തേക്ക് അടയിരിക്കാനാവില്ലെന്ന് അഞ്ചംഗ ബഞ്ച് പറയുന്നുണ്ട്. എന്നാൽ ഈ 'അനിശ്ചിത കാലം' എത്രയാണെന്ന് വ്യക്തമാക്കാൻ ബഞ്ച് തയ്യാറായില്ല. അനിശ്ചിത കാലത്തിന് നിർവ്വചനം നൽകാതിരുന്നതോടെ ബില്ലുകളിൽ എത്ര കാലത്തേക്ക് വേണമെങ്കിലും തീരുമാനമെടുക്കാതിരിക്കാനുള്ള ഗവർണർമാരുടെ അധികാരം ശരിവെയ്ക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.
ഭരണഘടനയുടെ മൗനങ്ങൾ
സമയപരിധിയെക്കുറിച്ച് ഭരണഘടന പറയാത്ത അവസ്ഥയിൽ അങ്ങിനെയാരു വ്യവസ്ഥ കൊണ്ടുവരുന്നത് ഭരണഘടനയ്ക്കെതിരാണെന്നാണ് ജസ്റ്റിസ് ഗവായിയുടെ നേതൃത്വത്തിലുള്ള ബഞ്ച് ചൂണ്ടിക്കാട്ടിയത്. ഭരണഘടനയുടെ ഉള്ളടക്കം അതേപടി വായിക്കുകയാണ് അഞ്ചംഗ ബഞ്ച് ചെയ്തിരിക്കുന്നതെന്നും ഇതിലൂടെ ഭരണഘടനയുടെ മൗനങ്ങളും വിടവുകളും പൂരിപ്പിക്കുക എന്ന ധർമ്മത്തിൽനിന്നു സുപ്രീം കോടതി പിന്നാക്കം പോയിരിക്കുകയാണെന്നുമാണ് ഭരണഘടന വിദഗ്ധനും സുപ്രീം കോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ദുഷ്യന്ത് ദവെ പറയുന്നത്.
ഗവർണറുടെ അധികാര ദുർവിനിയോഗമാണ് തമിഴ്നാടും കേരളവുമുൾപ്പെടെയുള്ള സംസ്ഥനങ്ങളിൽ നടന്നതെന്നും ഇതിന് പരിഹാരം കണ്ടെത്തുന്നതിന് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാവാതെ പോയത് ആത്യന്തികമായി ഫെഡറൽ സംവിധാനത്തെയാണ് ദുർബ്ബലപ്പെടുത്തുന്നതെന്നും ദവെ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ മൂന്ന് തൂണുകളായ നിയമ നിർമ്മാണ കേന്ദ്രങ്ങൾ, എക്സിക്യൂട്ടിവ്, ജുഡീഷ്യറി എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥ തകർക്കപ്പെടാതെ നോക്കേണ്ടത് സുപ്രധാനമാണെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് പറയുന്നുണ്ട്.
മൂന്ന് സ്ഥാപനങ്ങളുടെയും അധികാരം കൃത്യമായി നിർവ്വചിക്കപ്പെട്ടിട്ടുണ്ടെന്നും നിയമങ്ങൾ നിർമ്മിക്കേണ്ടത് പാർലമെന്റും നിയമസഭകളുമാണെന്നും ഈ ഇടത്തിലേക്ക് സുപ്രീം കോടതിക്ക് കടന്നുകയറാനാവില്ലെന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിക്കണമെങ്കിൽ അതിന് പാർലമെന്റ് പുതിയ നിയമം കൊണ്ടുവരണമെന്നാണ് ജസ്റ്റിസ് ഗവായ് സൂചിപ്പിച്ചത്.
എന്നാൽ, ഈ നിലപാടിൽ ചില പ്രശ്നങ്ങളുണ്ടെന്നാണ് അഭിഭാഷകരായ ഇന്ദിര ജെയ്സിങ്ങും ദവെയും ചൂണ്ടിക്കാട്ടുന്നത്. ചില സവിശേഷ ഘട്ടങ്ങളിൽ ഇവിടെപ്പോലും സുപ്രീം കോടതിക്ക് ഇടപെടാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിലും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിലും ഇതാണ് ദൃശ്യമാകുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതിനുള്ള കമ്മിറ്റിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അംഗമായിരിക്കണമെന്നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും നീതിപൂർവ്വവുമായ പെരുമാറ്റത്തിന് ഇത് അനിവാര്യമാണെന്ന സമീപനമായിരുന്നു ഈ വിധിക്ക് പിന്നിൽ. പിന്നീട് ഈ വിഷയത്തിൽ പുതിയ നിയമ ഭേദഗതി കൊണ്ടുവന്നാണ് കേന്ദ്ര സർക്കാർ വിധി മറിടന്നത്.
സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ 1997-ലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. 2013-ൽ കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത് വരെ സുപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങളായിരുന്നു ഈ വിഷയത്തിൽ നിയമസംഹിതയായി നിലകൊണ്ടതും സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതും. സമയപരിധി വിഷയത്തിലും പാർലമെന്റ് നിയമ വ്യക്തത വരുത്തുന്നതുവരെ സുപ്രീം കോടതി രണ്ടംഗ ബഞ്ചിന്റെ വിധി മാർഗ്ഗദർശിയാകുമായിരുന്നെന്നും എന്നാൽ, അഞ്ചംഗ ബഞ്ചിന്റെ അഭിപ്രായം ഈ സാദ്ധ്യത ഇല്ലാതാക്കിയെന്നും നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ജനങ്ങളുടെ ഇച്ഛയും അഭിലാഷവും
ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ ചട്ടുകങ്ങളായി മാറിയതാണ് പുതിയ പ്രതിസന്ധികൾ ഉയർത്തിയത്. രാജ്ഭവനുകൾ കേന്ദ്ര സർക്കാർ ഓഫീസ് പോലെ ആയെന്നും ഇഡി, സിബിഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളെപ്പോലെ രാഷ്ട്രീയ പ്രതിയോഗികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ തുടങ്ങിയെന്നുമുള്ള ആരോപണങ്ങൾക്കിടയിലായിരുന്നു ജസ്റ്റിസുമാരായ പർദിവാലയും മഹാദേവനുമടങ്ങിയ ബഞ്ചിന്റെ വിധി വന്നത്. പൊതുവെ ദുർബ്ബലമായിക്കൊണ്ടിരുന്ന ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന് വലിയൊരാശ്വാസവും ഉത്തേജനവുമായാണ് ഈ വിധി വിലയിരുത്തപ്പെട്ടത്. ഗവർണറുടെ ഓഫീസ് അട്ടിമറിക്കുകയല്ല തങ്ങൾ ചെയ്യുന്നതെന്നും ജനങ്ങൾ അധികാരത്തിലേറ്റിയ സർക്കാരിന്റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കുന്നതിലൂടെ ജനങ്ങളുടെ ഇച്ഛയും അഭിലാഷവും ആദരിക്കുകയാണെന്നും വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ പതിനൊന്ന് കൊല്ലങ്ങളിൽ ഫെഡറലിസം നേരിട്ട തിരിച്ചടികൾ കാണാതിരിക്കാനാവില്ലെന്ന് അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറയുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ രണ്ടാക്കിയ കേന്ദ്ര സർക്കാർ നടപടിയിലേക്ക് സ്റ്റാലിൻ വിരൽചൂണ്ടുകയും ചെയ്തു. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചരുന്നു. ഇവിടെയും സമയ പരിധി നിശ്ചയിക്കാതിരുന്നതിനെത്തുടർന്ന് കേന്ദ്ര സർക്കാർ ഇപ്പോഴും ഇക്കാര്യത്തിൽ സമൂർത്തമായ നടപടിയിലേക്ക് നീങ്ങിയിട്ടില്ല.
ബില്ലുകൾ പാസ്സാക്കുന്നതിൽ ഗവർണർമാർ സമയക്രമം പാലിക്കണമെന്ന സുപ്രീം കോടതി വിധി വലിയ ആഹ്ളാദത്തോടെയാണ് ജനാധിപത്യ വിശ്വാസികൾ വരവേറ്റത്. എന്നാൽ, രാഷട്രപതിയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലൂടെ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് ഫെഡറലിസത്തിന്റെ വഞ്ചിയെ വീണ്ടും തിരുനക്കരയിലേക്ക് എത്തിച്ചിരിക്കുന്നു. സുപ്രീം കോടതിയുടെ അഭിപ്രായം പുറത്തുവന്ന നവംബർ 20 ഇന്ത്യൻ റിപ്പബ്ളിക്കിന് മോശം ദിവസമായിരുന്നുവെന്ന് പത്രപ്രവർത്തകൻ ഹരിഷ് ഖരെ നിരീക്ഷിക്കുന്നത് ഈ പരിസരത്തിലാണ്.
വഴിയിൽ കേട്ടത്: ബിഹാറിൽ എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കുമെന്ന് അസദുദ്ദിൻ ഒവൈസി. തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ത്യ സഖ്യത്തെ ഒരു വഴിക്കാക്കി, ഇനിയിപ്പോൾ ബി ടീമിന് പ്രസക്തിയില്ല!
Content Highlights: Explore the growing crisis in Indian federalism as governors challenge state autonomy. Understand the constitutional debates and Supreme Court rulings on the governor`s powers.
Published: 25 Nov 2025, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented