
സഹോദരിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനെത്തിയപ്പോള്‍ വയനാട്ടില്‍ സിപ് ലൈനില്‍ കയറിയ വീഡിയോ പങ്കുവെച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കാരാപുഴയിലെ അഡ്വഞ്ചര്‍ പാര്‍ക്കിലെ സിപ് ലൈനിലാണ് രാഹുല്‍ കയറിയത്. തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
രാഹുലിനൊപ്പം പ്രിയങ്ക, പ്രിയങ്കയുടെ മകന്‍ റെയ്ഹാന്‍ വാദ്ര, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കല്പറ്റ എം.എല്‍.എ. ടി. സിദ്ധിഖ് എന്നിവരും പാര്‍ക്കില്‍ എത്തി. രാഹുല്‍ ക്ഷണിച്ചെങ്കിലും പ്രിയങ്ക സിപ് ലൈനില്‍ കയറിയില്ല.
പാര്‍ക്കിലെത്തിയ രാഹുല്‍, ഉരുള്‍ ദുരന്തം ടൂറിസത്തേയും അതുമായി ബന്ധപ്പെട്ട ജോലികളേയും ബാധിച്ചോയെന്ന് ചോദിച്ചറിഞ്ഞു. തങ്ങളുടെ ജീവനക്കാരും പാര്‍ക്കിനോട് ചേര്‍ന്ന് കട നടത്തുന്നവരും ദുരിതമനുഭവിക്കുന്നതായി പാര്‍ക്കിലെ ജീവനക്കാര്‍ രാഹുലിനോട് പറഞ്ഞു. വയനാട്ടിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്ന് സഞ്ചാരികള്‍ കരുതുന്നതായും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ മറ്റ് ഭാഗത്തുനിന്നുള്ളവരും ഇവിടെ ജോലിചെയ്യുന്നുണ്ടോയെന്ന് കെ.സി. വേണുഗോപാല്‍ ചോദിച്ചതിന് പിന്നാലെ, അരുണാചല്‍ പ്രദേശില്‍നിന്നുള്ള ജീവനക്കാരെ രാഹുല്‍ പരിചയപ്പെട്ടു.
ഇവരോട് സംസാരിച്ചുനില്‍ക്കുമ്പോള്‍ തന്നെ സിപ് ലൈനില്‍ കയറാന്‍ പോവുകയാണോയെന്ന് പ്രിയങ്ക രാഹുലിനോട് ചോദിച്ചു. ആദ്യം സംശയം പ്രകടിപ്പിച്ച രാഹുലിനോട്, പത്ത് മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കാമെന്ന് ജീവനക്കാര്‍ പറഞ്ഞു. രണ്ടു മണിക്കൂറിനുള്ളില്‍ പ്രിയങ്കയ്ക്ക് ഒരു യോഗത്തില്‍ പങ്കെടുക്കാനുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. പത്തുമിനിറ്റല്ലേയുള്ളൂവെന്ന് പ്രിയങ്ക ചോദിച്ചു. രാഹുല്‍ സിപ് ലൈനില്‍ കയറുന്നത് വലിയ സഹായവും പ്രമോഷനുമാവുമെന്ന് ജീവനക്കാര്‍ പറഞ്ഞു. രാഹുലിനൊപ്പമുണ്ടായിരുന്നവര്‍ സമയത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പത്ത് മിനിറ്റിനുള്ളില്‍ തീര്‍ക്കുമെന്ന് ഉറപ്പാക്കാന്‍ രാഹുലിനൊപ്പമുള്ളവര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ രാഹുല്‍ സിപ് ലൈനില്‍ കയറാന്‍ തയ്യാറായി. ഇതിനിടെ ഭക്ഷണം പിന്നീട് കഴിക്കാമെന്ന് പ്രിയങ്ക രാഹുലിനോട് പറഞ്ഞു.
ഇതിനിടയില്‍ രാഹുല്‍ ജീപ്പില്‍വെച്ച് തെരുവ് കച്ചവടക്കാരനില്‍നിന്ന് കപ്പലണ്ടി വാങ്ങുന്നതും മറ്റും വീഡിയോയിലുണ്ട്. ജീപ് യാത്രയ്ക്കിടെ, താന്‍ ഋഷികേശില്‍ ഗംഗയ്ക്ക് കുറുകേയുള്ള സിപ് ലൈനില്‍ കയറിയിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. അവിശ്വാസത്തോടെ രാഹുല്‍ വീണ്ടും ചോദിച്ചപ്പോള്‍ അതേയെന്നും മകള്‍ മിറായയ്‌ക്കൊപ്പമാണെന്നും പ്രിയങ്കയുടെ മറുപടി നല്‍കി. താനത് ശരിക്കും ആസ്വദിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ടൂറിസത്തെ ഉരുള്‍പൊട്ടല്‍ മോശമായി ബാധിച്ചു. ഹോം സ്‌റ്റേ ഉടമകള്‍ അടക്കമുള്ളവര്‍ക്ക് കഴിഞ്ഞ മൂന്നുമാസമായി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടുന്നു. വയനാട് സുരക്ഷിതമാണെന്ന് ഊന്നിപ്പറയേണ്ടതുണ്ട്. വയനാട് വളരേ മനോഹരമാണ്. ആളുകള്‍ വരണം, ഇഷ്ടമാവും', പ്രിയങ്ക പറഞ്ഞു.
'വയനാട്ടില്‍ ഒരു പ്രശ്‌നവുമില്ല. ഉരുള്‍പൊട്ടല്‍ ചെറിയ ഭാഗത്തെ മാത്രമാണ് ബാധിച്ചത്. അതിന്റെ പേരില്‍ ടൂറിസം മേഖല തകരാന്‍ പാടില്ല', രാഹുല്‍ വ്യക്തമാക്കി.
Content Highlights: Congress leader Rahul Gandhi took a zipline ride in Wayanad to promote tourism
Published: 12 Nov 2024, 09:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented