വടക്കുകിഴക്കൻ മലനിരകളും തടാകങ്ങളും താഴ്വരകളും ആസ്വദിച്ച് മഞ്ഞുകാലത്ത് യാത്ര പോയാലോ? 'കിഴക്കിന്റെ സ്വിറ്റ്സർലാന്റ്' എന്നറിയുന്ന നാഗാലാന്റിൽ ഡിസംബറിൽ ഹോൺബിൽ ഫെസ്റ്റിവൽ വരികയാണ്.

To advertise here,

17 നാഗാ ഗോത്ര വിഭാഗങ്ങൾ പുരാതനമായ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്ന ' ഉൽസവങ്ങളുടെ ഉൽസവം'. തലസ്ഥാനമായ കൊഹിമയിൽ നിന്ന് അൽപ്പം മാറി കിസാമ ഹെറിറ്റേജ് വില്ലേജിലാണ് ആഘോഷങ്ങൾ നടക്കുക.

തലയിൽ വേഴാമ്പലിന്റെ തൂവലുകൾ ചൂടി, പരമ്പരാഗത വേഷവിധാനങ്ങളണിഞ്ഞ് നാഗാ യുവാക്കൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ, നാടൻ പാട്ടുകൾ, അന്താരാഷ്ട്ര റോക്ക് സംഗീതമേള - ഇവയെല്ലാം ഹോൺബിൽ ഫെസ്റ്റിവലിന്റെ ആകർഷണമാണ്. 10°C മുതൽ 15°C വരെ താപനില താഴുന്ന മഞ്ഞുകാലത്ത്, തദ്ദേശീയമായി തയ്യാറാക്കുന്ന ചൂടുള്ള നാഗാരുചികളും മുളങ്കൂമ്പ് വിഭവങ്ങളും ആസ്വദിക്കാം.

മറ്റു പ്രധാന ഇടങ്ങൾ:

സൂക്കോ വാലി ( Dzukou Valley) : പച്ചപ്പുല്ലുമേഞ്ഞ കുന്നിൻനിരകളിലൂടെ ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് പോകാവുന്ന താഴ്വര.

ഖോനോമ ഗ്രീൻ വില്ലേജ് (Khonoma): ഏഷ്യയിലെ ആദ്യത്തെ 'ഗ്രീൻ വില്ലേജ്'. ഗ്രാമീണ നാഗാ ജീവിതവും ചരിത്രവും നേരിട്ടറിയാം.

കൊഹിമ വാർ സെമട്രി (Kohima War Cemetery): രണ്ടാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മകൾ ഉറങ്ങുന്ന ഇടം.

മോൺ ജില്ല (Mon District): ടാറ്റുവിന് പേരു കേട്ട കോന്യാക് (Konyak) ഗോത്രവിഭാഗക്കാരുടെ പ്രദേശം.

എങ്ങനെ പോകാം?

വിമാന മാർഗ്ഗം: കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ഗുവാഹത്തി അല്ലെങ്കിൽ കൊൽക്കത്ത വഴി ദിമാപ്പൂരിലേക്ക് (Dimapur Airport - DMU) കണക്റ്റിംഗ് ഫ്‌ളൈറ്റുകൾ ലഭ്യമാണ്.

ട്രെയിൻ മാർഗ്ഗം: സിൽച്ചാർ അരോണായ് എക്‌സ്പ്രസ് (Trivandrum - Silchar Aronai Express), ദിബ്രൂഗഡ് വിവേക് എക്‌സ്പ്രസ് (Dibrugarh Vivek Express) എന്നിവ തിരഞ്ഞെടുക്കാം. മൂന്ന് ദിവസത്തോടടുത്ത് യാത്രാസമയമെടുക്കും.

ദിമാപ്പൂർ റെയിൽവേ സ്റ്റേഷൻ/ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്ന് ഷെയറിംഗ് ടാക്സികളിലോ (300 - 500) പ്രൈവറ്റ് ടാക്സികളിലോ (2,000 - 3,000) മൂന്ന് മണിക്കൂർ കൊണ്ട് (74 കി.മീ) കൊഹിമയിലെത്താം.

യാത്രാവിവരങ്ങൾ

നാഗാലാന്റിൽ പ്രവേശിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് ഇന്നർ ലൈൻ പെർമിറ്റ് (ILP ) നിർബന്ധമാണ്. epap.nagaland.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി 200 രൂപ നൽകി ഓൺലൈനായി മുൻകൂട്ടി പെർമിറ്റ് എടുക്കാം.

താമസം: നാട്ടുജീവിതം അടുത്തറിയാൻ കൊഹിമയിലും ഖോനോമ, കിസാമ ഗ്രാമങ്ങളിലും ഹോംസ്റ്റേകൾ ധാരാളമുണ്ട്. ബാക്ക്പാക്കർമാർക്കായി കിസാമയിൽ ക്യാംപിംഗ് ടെന്റുകളും ലഭ്യമാണ്.

മുൻകരുതലുകൾ: കടുത്ത തണുപ്പായതിനാൽ വിന്റർ വസ്ത്രങ്ങൾ കരുതുക. സീസണായതിനാൽ താമസസൗകര്യങ്ങളും ടാക്സിയും മുൻകൂട്ടി ബുക്ക് ചെയ്യുക.