ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയശേഷം പ്രിയങ്കഗാന്ധി വയനാട്ടില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ്. വയനാട്ടില്‍ വീടും ഓഫീസും സജ്ജീകരിക്കാനാണ് അവര്‍ ഒരുങ്ങുന്നത്. പ്രിയങ്കഗാന്ധി കേരളത്തില്‍ കേന്ദ്രീകരിക്കുന്നത് എന്തു ചലനമുണ്ടാക്കും..?

To advertise here,

പ്രിയങ്കഗാന്ധി വയനാട്ടില്‍ തങ്ങുമ്പോള്‍

''എന്റെ എല്ലാം നിങ്ങള്‍ തന്നതാണ്. നിങ്ങളെന്നും എന്നെ നിങ്ങളുടേതായി കാണുന്നു. പ്രിയ സഹോദരീ, സഹോദരന്‍മാരേ ഇത്തവണ എന്റെ മകനെ നിങ്ങള്‍ക്കുതരുന്നു. രാഹുല്‍ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.' നീണ്ട 20 വര്‍ഷം റായ്ബറേലിയുടെ എം.പി.യായിരുന്ന സോണിയാ ഗാന്ധി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് വോട്ടുതേടിയപ്പോള്‍ വികാരനിര്‍ഭരമായി പറഞ്ഞു. സമാനമായിരുന്നു ഏറെ പ്രിയപ്പെട്ട വയനാടിനെ ഉപേക്ഷിച്ചുപോവുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെയും വാക്കുകള്‍. 'ഞാന്‍ പ്രിയങ്കയെ നിങ്ങളെ ഏല്‍പ്പിക്കുകയാണ്...''
  
''മുത്തശ്ശി മരിക്കുമ്പോള്‍ എനിക്ക് വയസ്സ് 12, ചേട്ടന് 14. ഇപ്പോഴും ആ ഓര്‍മകള്‍ എന്റെയുള്ളില്‍ വിങ്ങുന്നുണ്ട്. രാഹുലിനെ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുകയാണ്.. '' 2019-ല്‍  രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ സഹോദരനോടുള്ള സ്നേഹവും കരുതലുമത്രയുമുണ്ടായിരുന്നു പ്രിയങ്കയുടെ വാക്കുകളില്‍. ആ വാക്കുകള്‍ ഹൃദയത്തിലേറ്റുവാങ്ങിയാണ് വയനാട്ടുകാര്‍ രാഹുലിനെ ഏറ്റെടുത്തത്. രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട ശേഷം വയനാടിന്റെ എം.പി. സ്ഥാനം ഉപേക്ഷിക്കുമ്പോള്‍ പ്രിയങ്കയെത്തന്നെ പകരം നല്‍കിയാണ് രാഹുലും നെഹ്റു കുടുംബവും വയനാടിനോടുള്ള കടപ്പാട് വ്യക്തമാക്കിയത്.

ആളും ആരവവുമൊഴിഞ്ഞ് ഇനിയൊരങ്കത്തിന് ബാല്യമില്ലെന്ന് തോന്നിപ്പിക്കുംവിധം പരിക്ഷീണമായിരുന്നു 2019 -ല്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ കോണ്‍ഗ്രസ്. ഹിന്ദി ഹൃദയഭൂമിയില്‍ കാക്കക്കാലിന്റെ തണലുപോലുമില്ലാതെ വിയര്‍ത്തുനിന്ന പാര്‍ട്ടിക്ക് അതിന്റെ പടനായകനെ പാര്‍ലമെന്റില്‍ എത്തിക്കാനുള്ള എളുപ്പവഴിയായിരുന്നു കേരളത്തിലെ സുരക്ഷിതമണ്ഡലം. കോണ്‍ഗ്രസ് ജയിക്കുമെന്നും രാഹുല്‍ പ്രധാനമന്ത്രിയാവുമെന്നുമുള്ള പ്രതീക്ഷ വയനാട്ടിലും കേരളത്തിലും അലയടിച്ചതിന്റെ തെളിവായിരുന്നു അന്നദ്ദേഹം നേടിയ വമ്പന്‍ ഭൂരിപക്ഷം. കേരളത്തിനുപുറത്തുള്ള രാജ്യത്ത് ഒരു പ്രതീക്ഷയുടെയും ഭാരമില്ലാതിരുന്ന കോണ്‍ഗ്രസും കൂട്ടാളികളും ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കാത്ത ഫലവും ആ തിരഞ്ഞെടുപ്പ് നല്‍കി.

placeholder
സോണിയയും രാഹുലും പ്രിയങ്കയും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ. ഫോട്ടോ: മാതൃഭൂമി

തിരിച്ചുവരവിന്റെ കാലം

പിന്നീടു നയിച്ച പോരാട്ടങ്ങളുടെയെല്ലാം തുടക്കം രാഹുലിന് വയനാട്ടില്‍ നിന്നായിരുന്നു. കര്‍മഭൂമിയായിരുന്ന ഉത്തര്‍പ്രദേശിലെ അമേഠിയിലെ പരാജയം പോലും മറികടക്കും വിധം തിരിച്ചുവരാനുള്ള ഊര്‍ജവും വയനാട് രാഹുലിന് നല്‍കി. വയനാട്ടില്‍ വന്ന് ഒളിച്ചുനില്‍ക്കുന്നുവെന്ന ബി.ജെ.പി.യുടെ അക്രമണത്തെ ചെറുക്കാന്‍ ഉത്തരേന്ത്യയിലെ തിരിച്ചുവരവ്, പക്ഷേ, പ്രധാനമാണെന്ന് അദ്ദേഹത്തെപ്പോലെ കോണ്‍ഗ്രസിനും അറിയാമായിരുന്നു. അതിന് റായ്ബറേലിയെ തിരഞ്ഞെടുക്കുമ്പോഴാണ് പകരം പ്രിയങ്കയെ വയനാട്ടിലേക്ക് നിയോഗിച്ചത്. പാര്‍ലമെന്ററി രംഗത്തേക്ക് നെഹ്റു കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി വന്നുവെന്നതാണ് പ്രിയങ്കയുടെ വിജയത്തിന്റെ പ്രത്യേകത. ആ കുടുംബത്തിന്റെ കുത്തക മണ്ഡലങ്ങള്‍ക്കൊപ്പം വയനാടും ചേര്‍ക്കപ്പെടുന്നു എന്നതാണ് മറ്റൊന്ന്.

വയനാട്ടില്‍ വിസിറ്റിങ്ങ് എം.പി. എന്ന ആക്ഷേപം പലപ്പോഴും രാഹുല്‍ ഗാന്ധി നേരിടേണ്ടിവന്നിട്ടുണ്ട്. ദേശീയതലത്തിലുള്ള തിരക്കുകള്‍ക്കിടെ വന്നുപോയപ്പോഴും രാഷ്ട്രീയക്കാരനായല്ല അദ്ദേഹം വയനാട്ടിലെത്തിയത്. ദേശീയതലത്തില്‍ ഒന്നിച്ചുനില്‍ക്കുന്ന ഇടതുപക്ഷത്തെ പരമാവധി അക്രമിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഇടതുപക്ഷത്തോട് പോരടിക്കുന്ന കേരളത്തിലെ തന്റെ അണികളെ നിരാശരാക്കാതിരിക്കാന്‍ ചിലപ്പോഴൊക്കെ കടുത്ത പ്രയോഗങ്ങള്‍ നടത്തിയെങ്കിലും.

പ്രിയങ്ക ഫുള്‍ ടൈം എം.പി.

വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച ശേഷം വയനാട്ടില്‍ പരമാവധി തങ്ങാനാണ് പ്രിയങ്കഗാന്ധിയുടെ മനസ്സിലിരുപ്പ്. റായ്ബറേലിയില്‍ പ്രവര്‍ത്തിച്ച സോണിയാ ഗാന്ധിയുടെ ഓഫീസ് പോലെ ഓഫീസും വീടും സജ്ജീകരിക്കാനാണ് അവര്‍ ആലോചിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചനകള്‍. സുരക്ഷാകാരണങ്ങള്‍ കൂടി കണക്കിലെടുത്ത് കൂടുതല്‍ക്കാലം വയനാട്ടില്‍ തങ്ങാനാണ് അവരാലോചിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്തുതന്നെ ദിവസം ഒരു മലയാളം വാക്ക് പഠിക്കാനും അവര്‍ ശ്രമിച്ചിരുന്നു. ഇതിനായൊരു അധ്യാപികയെ വെക്കണമെന്ന നിര്‍ദേശവും അവര്‍ക്കു മുന്നിലെത്തി. പ്രിയങ്കഗാന്ധി വയനാട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കേരളത്തിലും വയനാടിനോട് അതിര്‍ത്തിപങ്കിടുന്ന കര്‍ണാടകത്തിലുമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഏറെ ആവേശം പകരും. അടുത്തുതന്നെ നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടുന്ന കേരളത്തില്‍ അവരുടെ സാന്നിധ്യം പകരുന്ന ഊര്‍ജത്തിന് പകരംവെക്കാനുള്ള ആയുധം മറ്റൊന്നില്ലെന്നതും യാഥാര്‍ഥ്യം. കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും വിയോഗവും എ.കെ. ആന്റണിയുടെ വിശ്രമജീവിതവും കാരണം ക്രൗഡ് പുള്ളര്‍മാരില്ലാത്ത കോണ്‍ഗ്രസിന്റെ കേരളനേതൃത്വത്തിന് പ്രിയങ്കയോളം നല്ലൊരു സാന്നിധ്യം വേറെ കിട്ടാനില്ല. ഉത്തരേന്ത്യയില്‍ രാഹുലും ദക്ഷിണേന്ത്യയില്‍ പ്രിയങ്കയും പടനയിച്ച് രാജ്യതലസ്ഥാനത്തേക്ക് വഴി വെട്ടാമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്.

അലഹബാദ് മുതല്‍ വയനാട് വരെ

ജവാഹര്‍ലാല്‍ നെഹ്റു 1952- ല്‍ മത്സരിച്ച അലഹബാദിലാണ് ഗാന്ധി-നെഹ്റു കുടുംബത്തിന്റെ കുത്തകമണ്ഡലങ്ങളുടെ തുടക്കം. അദ്ദേഹം തന്നെ മത്സരിച്ച ജോന്‍പുര്‍, ഫുല്‍പുര്‍, ഇന്ദിരാഗാന്ധിയും ഫിറോസ് ഗാന്ധിയും സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും കയ്യിലൊതുക്കിയ റായ്ബറേലി, സഞ്ജയ് ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും രാഹുലിന്റെയും അമേഠി, വിജയലക്ഷ്മി പണ്ഡിറ്റ് മത്സരിച്ചു ജയിച്ച ലക്നൗ, അങ്ങനെ ഈ മണ്ഡലങ്ങളുടെ പട്ടിക നീളും. ഫിറോസ് ഗാന്ധി മത്സരിച്ച പ്രതാപ്ഗഡ്, മനേകാഗാന്ധി  തോല്‍ക്കുകയും ജയിക്കുകയും ചെയ്ത പിലിബിത്ത്, സുല്‍ത്താന്‍പുര്‍ (രണ്ടിടത്തും മകന്‍ വരുണ്‍ഗാന്ധിയും ജയിച്ചു) എന്നിവയും ഈ പട്ടികയില്‍ വരും.

placeholder
പ്രിയങ്ക വയനാട്ടിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. ഫോട്ടോ:മാതൃഭൂമി

കേരളത്തിന്റെ റായ്ബറേലി

കര്‍ണാടകയിലെ ചിക്മംഗളൂര്‍, ആന്ധ്രയിലെ മേദക്ക് എന്നിവിടങ്ങളാണ് ദക്ഷിണേന്ത്യയില്‍ ഇന്ദിരാഗാന്ധി കണ്ടെത്തിയ മണ്ഡലങ്ങള്‍. പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇന്ദിര 1978-ല്‍ ചിക്മംഗളൂരിലെ ഉപതിരഞ്ഞെടുപ്പില്‍ അങ്കം കുറിച്ചാണ് രാഷ്ട്രീയപുനര്‍ജന്മം നേടിയത്. ''എക് ഷെര്‍ണി, സൗ ലംഗൂര്‍, ചിക്മംഗളൂര്‍, ചിക്മംഗളൂര്‍'' (ഒരു സിംഹിണി, നൂറു കുരങ്ങുകള്‍, ചിക്മംഗളൂര്‍, ചിക്മംഗളൂര്‍) എന്ന മുദ്രാവാക്യം അവരുടെ തിരിച്ചുവരവിനായി തയ്യാറാക്കപ്പെട്ടു. ഒരു വശത്ത് ഇന്ദിരയും മറുഭാഗത്ത് ജനതാപാര്‍ട്ടിയും പ്രതിഷ്ഠിക്കപ്പെട്ടു. കൊടുങ്കാറ്റിന്റെ വേഗത്തില്‍ അവര്‍ തിരിച്ചുവന്നു. പാര്‍ട്ടി പരീക്ഷീണമായി കിടന്ന കാലത്ത് സമാനമായ രീതിയിലാണ് രാഹുലിനായി വയനാട്ടിലേക്ക് കോണ്‍ഗ്രസിന്റെ
കണ്ണെത്തിയത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ ഒരു തവണ സോണിയാഗാന്ധിയും വെന്നിക്കൊടി പാറിച്ചെങ്കിലും അതിനൊന്നും തുടര്‍ച്ചയുണ്ടായില്ല. പക്ഷേ, വയനാടിനോടുള്ള രാഹുലിന്റെ വൈകാരികമായ അടുപ്പമാണ് വയനാട്ടില്‍ കുടുംബത്തുടര്‍ച്ച ഉറപ്പാക്കിയത്. അതിനൊപ്പം അത്രയെളുപ്പും ജയിക്കാവുന്നൊരു മണ്ഡലം കൈവിട്ടുകളയുന്നതിലെ ബുദ്ധിശൂന്യതയും തീര്‍ച്ചയായും പരിഗണിക്കപ്പെട്ടിരിക്കും. സമീപകാലത്തൊന്നും വയനാടിനെ പ്രിയങ്കയും ഉപേക്ഷിക്കാനിടയില്ലെന്നതിനാല്‍ വയനാട് കേരളത്തിലെ റായ്ബറേലിയായി നെഹ്റു കുടുംബത്തിന്റെ അക്കൗണ്ടില്‍ത്തന്നെ കിടക്കും. മണ്ഡലത്തില്‍ വീടുകണ്ടെത്താനുള്ള പ്രിയങ്കയുടെ തീരുമാനവും അതിന് അടിവരയാണ്.

നെഹ്റു കുടുംബത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഭൂരിപക്ഷമാണ് പ്രിയങ്കയ്ക്ക്  ഉപതിരഞ്ഞെടുപ്പില്‍ വയനാട് നല്‍കിയത്. 4,10,931. സ്വന്തം മണ്ഡലങ്ങള്‍ നല്‍കിയതിനേക്കാള്‍ ഭൂരിപക്ഷം നെഹ്റുകുടുംബത്തിന് നല്‍കിയതും വയനാട് തന്നെയാണ്. 2019 ല്‍ രാഹുലിനെ ജയിപ്പിച്ചുവിട്ട 4,31,770 വോട്ടിന്റെ ഭൂരിപക്ഷം. സഹോദരങ്ങള്‍ക്കിടയില്‍ ഭൂരിപക്ഷത്തില്‍ രണ്ടാംസ്ഥാനത്ത് അമ്മ സോണിയയാണ്. 2006 ല്‍ റായ്ബറേലി ഉപതിരഞ്ഞെടുപ്പില്‍ നേടിയ 4,17,888. കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ കൂടിയ ഭൂരിപക്ഷത്തിന്റെ കാര്യത്തിലും രാഹുലിന് തൊട്ടുപിന്നില്‍ രണ്ടാംസ്ഥാനത്താണ് പ്രിയങ്ക.

പ്രതിസന്ധികളിലെല്ലാം പോര്‍മുഖത്ത് ഉറച്ചുനിന്ന സ്ഥൈര്യമാണ് പ്രിയങ്കഗാന്ധിയെ മുത്തശ്ശി ഇന്ദിരയോട് സാമ്യപ്പെടുത്തുന്നത്. ഇന്ദിരയുടെ മുഖഛായയും അഴകും ഗാംഭീര്യവും അവരുടെ അടയാളങ്ങള്‍. റായ്ബറേലിയില്‍ സോണിയയുടെ പകരക്കാരിയാവുമെന്നും വാരാണസിയില്‍ നരേന്ദ്രമോദിയോട് ഏറ്റുമുട്ടുമെന്നും രാജ്യം കണക്കുകൂട്ടിയ പ്രിയങ്ക പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കു വരാന്‍ ഏറ്റവും സുരക്ഷിതമായ വയനാടിനെയാണ് തിരഞ്ഞെടുത്തത്. അമ്മയ്ക്കും സഹോദരനും വേണ്ടിമാത്രം പ്രചാരണരംഗത്തിറങ്ങിയ അവര്‍ രാജ്യത്താകെ പാര്‍ട്ടിയ്ക്കുവേണ്ടി ഓടിയെത്താന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ജനപ്രതിനിധിയെന്ന നിലയില്‍ ഇനി വയനാട്ടില്‍ തമ്പടിക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖം പ്രിയങ്കയുടെ മുഖമാവും. അതിന്റെ ആദ്യഅനുരണനങ്ങള്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലാവും പ്രകടമാവുക.