
കോഴിക്കോട്: മലബാറിന്റെ വിനോദസഞ്ചാര മേഖലകളുടെ സാധ്യതകള്‍ ലോകത്തിനു മുന്നില്‍ തുറക്കുന്ന മാതൃഭൂമി 'ഗേറ്റ് വേ ടു മലബാര്‍ ടൂറിസം കോണ്‍ക്ലേവിന് തുടക്കമായി. ദി റാവിസ് കടവില്‍ നടന്ന ടൂറിസം കോണ്‍ക്ലേവ് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ ആമുഖ പ്രഭാഷണവും മുന്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണവും നടത്തി.
മലബാര്‍ ടൂറിസം വികസനത്തിനായി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് നടത്തുമെന്നും വെല്‍നെസ് കോണ്‍ക്ലേവും റെസ്‌പോണ്‍സിബിള്‍ ടൂറിസം കോണ്‍ക്ലേവും ഇന്റന്‍സീവ് കാമ്പയിനും നടത്തുമെന്നും മന്ത്രി റിയാസ് പറഞ്ഞു. ഇത് മലബാറിന് പ്രത്യേക പരിഗണന നല്‍കുന്നതിന്റെ ഭാഗമല്ലെന്നും അത്തരം പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മലബാറിന്റെ ടൂറിസം സാധ്യതയെകുറിച്ച് ആലോചിക്കാനും ടൂറിസം മാപ്പില്‍ എങ്ങനെ ഇടം കണ്ടെത്താം എന്നതിനെകുറിച്ച് ചര്‍ച്ചചെയ്യാനുമാണ് കോണ്‍ക്ലേവെന്ന് എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു.
ഇങ്ങനെ ഒരു പരിപാടി സംഘടപ്പിച്ചതില്‍ മാതൃഭൂമിക്ക് അഭിനന്ദനം. വിവാദങ്ങള്‍ ടൂറിസം മേഖലയെ എളുപ്പം ബാധിക്കും. ചൂരല്‍മല ദുരന്തം വയനാട് ദുരന്തം എന്ന ഹാഷ്ടാഗ് വന്നതോടെ ജില്ലയെ ആകെ ബാധിച്ചു. വളരെ പ്രയാസപ്പെട്ടാണ് അതിനെ മറികടന്നത്. മലബാറിന്റെ ടൂറിസം വികസിച്ചാല്‍ അത് കേരളത്തിന് ഗുണം ചെയ്യും. കേരളത്തിലെ ജനങ്ങളുടെ ഐക്യവും ആതിഥേയമര്യാദയും 100 പേര്‍ കേരളത്തില്‍ വന്നാല്‍ ആറു പേര്‍ മാത്രം മലബാറില്‍ വരുന്നതിന്റെ കാരണമാണ് നോക്കേണ്ടണ്ടത്. ഇത് ഗൗരവകരമായ പരിശോധനയ്ക്ക് വിധേയമാക്കണം. മലബാറില്‍ വിനോദസഞ്ചാരികള്‍ എത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. മലബാറിന് പ്രത്യേക പരിഗണന നല്‍കണം. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗ് വള്ളംകളിയെ കുറിച്ച് ഉയരുന്നത് അനാവശ്യവിവാദമാണ്. ഇതൊന്നും ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യില്ല. മലബാറിലേക്ക് വള്ളംകളി കൊണ്ടുവരും. CBL കാസര്‍കോഡും നടത്തും. 30 കോടിയിലധികം രൂപ റസ്റ്റ്ഹൗസുകളിലൂടെ സര്‍ക്കാരിന് അധിക വരുമാനം ലഭിച്ചു. NH66 പൂര്‍ത്തിയായാല്‍ മലബാറിലെ ടൂറിസം സാധ്യതകൂടും. ലോകമെങ്ങുമുള്ള മലയാളിയുടെ പ്രതീക്ഷയാണ് തുരങ്കപാത. ആഗസ്റ്റ് 31-ന് ഉദ്ഘാടനം ചെയ്യും. പാരീസ് പോലെ യാത്രചെയ്യാന്‍ കഴിയുന്ന സാഹചര്യം കോഴിക്കോട് ഉണ്ടാവും. കനാല്‍ സിറ്റി യാഥാര്‍ഥ്യമാവും. കോഴിക്കോട് എല്ലാകാലവും ഓര്‍ക്കുന്ന ഓണാഘോഷമാവും 2025-ലെ മാവേലിക്കസ്. പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് നിക്ഷേപം മലബാറില്‍ കൊണ്ടുവരും. 2030 ആവുമ്പോഴേക്കും കാലിക്കറ്റ് ന്യൂ കാലിക്കറ്റ് ആവും. ടൂറിസം പ്രതിസന്ധിപരിഹരിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായി 15% മുന്നേറ്റമുണ്ടായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലബാറിന്റെ ടൂറിസം സാധ്യതയെകുറിച്ച് ആലോചിക്കാനും ടൂറിസം മാപ്പില്‍ എങ്ങനെ ഇടം കണ്ടെത്താം എന്നതിനെകുറിച്ച് ചര്‍ച്ചചെയ്യാനുമാണ് കോണ്‍ക്ലേവ്. ഇന്ത്യയിലെ പ്രധന ടൂറിസം കേന്ദ്രമല്ല കേരളം. മലബാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ടൂറിസം കാമ്പയിനില്‍ മലബാറിന്റെ സാന്നിധ്യം കുറവാണ്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഉള്‍പ്പടെ മലബാറില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് നോക്കേണ്ടതുണ്ട്. മലബാറിന്റെ ഭക്ഷണവൈവിധ്യവും പ്രയോജനപ്പെടുത്താന്‍ കഴിയും. ഇന്ത്യയുടെ ടൂറിസം മാപ്പില്‍ എങ്ങനെ എത്തിക്കാം എന്നതില്‍ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കാനാണ് കോണ്‍ക്ലേവ്. എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു.
മലബാര്‍ ടൂറിസത്തെ എന്തുകൊണ്ട് കേരള ടൂറിസത്തിന്റെ നിലയിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല എന്ന് നമ്മള്‍ ആലോചിക്കണം. ആളുകള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ കെടിഡിസിക്ക് മാത്രം കഴിയില്ല. ആ മേഖലയില്‍ കൂടുതല്‍ പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് നടത്തണം. രണ്ടോ മൂന്നോ ഹോട്ടലുകള്‍ കോഴിക്കോട് ഉണ്ടായാല്‍ അത് കൂടുതല്‍ പ്രയോജനപ്പെടും. പ്രകൃതി ഭംഗിയും ഹെല്‍ത്ത് ടൂറിസം സാധ്യതയും ബാക്ക് വാട്ടര്‍ ടൂറിസം പ്രയോജനപ്പെടുത്താനും ഉള്ള സാധ്യതകളും മലബാറില്‍ നമുക്കുണ്ട്. മാര്‍ക്കറ്റിങിലും ഇന്‍ഫ്രാസ്ട്രക്ച്ചറിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സര്‍ക്കാരിന് കഴിയണം. കൂടുതല്‍ നൂലാമാലകള്‍ ഉണ്ടാവാതെ പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കൊണ്ടുവരാന്‍ കഴിയണം. ഇവിടെ നിന്നും വയനാട് കഴിഞ്ഞാല്‍ എല്ലാവരും പോകുന്നത് എറണാകുളത്തേക്കും മൂന്നാറിലേക്കും ആലപ്പുഴയിലേക്കുമാണ്. ആ ഒഴുക്ക് തിരിച്ച് ഇങ്ങോട്ടും ഉണ്ടാവണം. അതിന് കൂടുതല്‍ താമസസൗകര്യം ഒരുക്കണം. പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവെ യാഥാര്‍ഥ്യമായാല്‍ കണക്ടിവിറ്റി കൂടുതല്‍ എളുപ്പമാവും. ലോകത്തേക്ക് മുഴുവന്‍ മലയാളി സഞ്ചാരിക്കുമ്പോള്‍ ലോകസഞ്ചാരികള്‍ കേരളത്തിലേക്ക് എത്തുന്ന നാളെയെ സ്വപ്നം കാണാനും അതിന് വേണ്ടി പ്രവര്‍ത്തിക്കാനും കഴിയണം. അതിനുള്ള നല്ല തുടക്കമാവട്ടെ ഇത്. അനില്‍ കുമാര്‍ പറഞ്ഞു.

മലബാര്‍ ചരിത്രം ഉറങ്ങുന്ന പ്രദേശമാണ്. അര്‍ബന്‍ ടൂറിസത്തിന് മലബാറില്‍ വലിയ സാധ്യതകളുണ്ട്. കോഴിക്കോട് ആദ്യം വരേണ്ടത് ഫൈവ് സ്റ്റാര്‍ ഹോട്ടലും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്കുമാണ്. അതോടുകൂടി ഫാമിലി എന്റര്‍ടൈന്‍മെന്റ് സെന്ററായി കോഴിക്കോട് വളരും. സരോവരത്തെ ഭൂമി പ്രകൃതിക്ക് കോട്ടംതട്ടാതെ ടൂറിസം സെന്ററാക്കി മാറ്റാന്‍ കഴിയണം. വിദേശ യൂണിവേഴ്‌സിറ്റികളുടെ സെന്ററുകള്‍ ഇവിടെ തുടങ്ങാനാവണം. അവിടെ സമരങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാതെ പഠിക്കാനാവണം. അതോടെ എഡ്യുക്കേഷന്‍ ടൂറിസം സെന്ററായി ഉയര്‍ത്താന്‍ കഴിയണം. പല പദ്ധതികളുടേയും പെര്‍മിറ്റുകള്‍ ഫയലുകളില്‍ കുടുങ്ങിക്കിടക്കുന്നത് നമുക്ക് ശാപമാണ്. ഡിജിറ്റലൈസേഷനിലൂടെ ഇത്തരം കാര്യങ്ങള്‍ എളുപ്പത്തിലാവണം. ഇന്‍വെസ്റ്റ്‌മെന്റ് നടത്താന്‍ ആളുകളുണ്ട് അത് പ്രയോജനപ്പെടുത്താന്‍ കഴിയണം, മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ആയ എം.പി. അഹമ്മദ് പറഞ്ഞു.
ഈ കോണ്‍ക്ലേവ് ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കും. ടൂറിസം മേഖലയില്‍ കൂടുതല്‍ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ ഊരാളുങ്കലിന് താത്പര്യമുണ്ട്. ഐടി പാര്‍ക്ക് പോലെ വിജയിച്ച ഒരുപാട് കഥകള്‍ ഊരാളുങ്കലിന് പറയാനുണ്ട്. ചാലിയം മുതല്‍ ഇരിങ്ങല്‍ വരെയുള്ള ടൂറിസം സര്‍ക്യൂട്ട് ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും. വികസനകുതിച്ച് ചാട്ടത്തിലേക്ക് മലബാര്‍ ടൂറിസത്തെ എത്തിക്കാന്‍ കഴിയും, യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു.
മലബാറിന്റെ ടൂറിസം സാധ്യതകളെ കുറിച്ചും ടൂറിസത്തിന്റെ ഭാവിയെ കുറിച്ചും കേരള ടൂറിസം എഡിജി ശ്രീധന്യ സുരേഷ് ഐഎഎസ് സംസാരിച്ചു. ടൂറിസം വിദഗ്ധന്‍ സി.പി. മൂസ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് റീജിയണല്‍ സെയില്‍സ് ഹെഡ് സച്ചിന്‍ രമേശന്‍ എന്നിവരും സംസാരിച്ചു.
Content Highlights: Kerala`s Malabar region tourism potential showcased at the Gateway to Malabar Tourism Conclave
Published: 23 Aug 2025, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented