കോഴിക്കോട്: മലബാറിന്റെ വിനോദസഞ്ചാര സാധ്യതകൾക്കു കുതിപ്പേകിയ മാതൃഭൂമി ടൂറിസം കോൺക്ലേവിന്റെ രണ്ടാം എഡിഷന് മുന്നോടിയായി കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിൽ ടൂറിസം വിദ്യാർഥികളുമായി സംവാദം സംഘടിപ്പിച്ചു.
മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗ്രൂപ്പ് പബ്ലിക് അഫയേഴ്സ് മേധാവിയും ടൂറിസം വകുപ്പ് മുൻ ഡയറക്ടറുമായ യു.വി. ജോസ് എന്നിവർ വിദ്യാർഥികളോട് ടൂറിസം സാധ്യതകളെ കുറിച്ച് സംസാരിച്ചു. പരിസ്ഥിതിയെ നോവിക്കാതെ നമ്മുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മലബാറിൽ ടൂറിസം സർക്യൂട്ട് ഉണ്ടായാൽ മാത്രമേ ഈ രംഗത്ത് വികസനമുണ്ടാകൂ എന്ന ആശയമാണ് സംവാദത്തിൽ പൊതുവെ ഉയർന്നുവന്നത്.
ലോകത്ത് വികസനം വന്ന നാടുകളിൽ ടൂറിസത്തിന് വലിയ പ്രധാന്യമുണ്ടെന്ന് എം. പി. അഹമ്മദ് പറഞ്ഞു. ടൂറിസത്തിന്റെ ലക്ഷ്യം സന്തോഷമാണെന്നും നമ്മുടെ കലയും സംസ്‌കാരവും ഭക്ഷണവുമെല്ലാം ടൂറിസ്റ്റുകൾക്കായി നൽകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഴിക്കോടും കണ്ണൂരും വിമാനത്താവളങ്ങളുണ്ട്. അവിടെനിന്നുള്ള കണക്ടിവിറ്റി പ്രധാനമാണ്. വലിയ ബീച്ചുണ്ട്. മലയോരത്ത് ഫാം ടൂറിസത്തിന് സാധ്യതയുണ്ട്. തൊഴിലും വരുമാനവും കൂടിയായി ടൂറിസം മാറണം. അതിലൂടെ സന്തോഷസൂചിക ഉയർത്താം. നിയമം പാലിച്ച്, പ്രകൃതിയെ നശിപ്പിക്കാതെ സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്ന ഇ.എസ്.ജി. (എൻവിറോൺമെന്റൽ സോഷ്യൽ ആൻഡ് ഗവേണൻസ്) മാതൃകയാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ടൂറിസം വളർച്ചയ്ക്ക് കേന്ദ്ര, കേരള സർക്കാരുകളുടെ കൂട്ടായ നീക്കം വേണം. കോഴിക്കോടും മലബാറും വളരണമെങ്കിൽ ടൂറിസം സെക്ടർ കൂടുതൽ വളരണം. ഹോട്ടലുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിങ്ങനെ ഹാപ്പിനസ് പോയിന്റുകൾ വരണം. ലോക ടൂറിസം സംസ്‌കാരം ഇവിടെയും കൊണ്ടുവരാൻ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജൈവവൈവിധ്യത്താൽ സമ്പന്നമായിട്ടും മലബാറിന്റെ ടൂറിസം വളരാത്തതിനെ കുറിച്ചായിരുന്നു എം.വി. ശ്രേയാംസ് കുമാർ സംസാരിച്ചത്. കൊച്ചി കേന്ദ്രീകരിച്ചാണ് ഇപ്പോഴും പ്രധാന ടൂറിസം. മട്ടാഞ്ചേരിയും മൂന്നാറും വർക്കലയുമെല്ലാമുള്ള സർക്യൂട്ടാണത്. മലബാറിൽ ഇങ്ങനെയൊരു സർക്യൂട്ട് ഇല്ല. എങ്ങനെ ഒരു ടൂറിസ്റ്റ് സർക്യൂട്ട് മലബാറിൽ ഉണ്ടാക്കാം എന്നാണ് നോക്കേണ്ടത്. ഇതിനായി മികച്ച ടൂറിസം ഇക്കോ സിസ്റ്റം ഉണ്ടാക്കിയെടുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകൃതിഭംഗി ആസ്വദിക്കാന്നാണ് ആളുകൾ കേരളത്തിലേക്ക് എത്തുന്നത്. അതിനാൽ പ്രകൃതിയെ സംരക്ഷിക്കണം. പ്രകൃതി ഇല്ലെങ്കിൽ ആരും പിന്നീട് ഇങ്ങോട്ട് വരില്ല. തീരവും കാടും കായലുമെല്ലാം കാണാൻ തന്നെയാണ് സഞ്ചാരികളെത്തുന്നത്. അതില്ലെങ്കിൽ ആരും വരില്ല. സ്വാഭാവിക വനം ഇല്ലാതാകുന്നതാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന് കാരണമാകുന്നത്. ശുദ്ധമായ വെള്ളവും വായുവും വൃത്തിയുമെല്ലാം ചേർന്ന എക്കോസിസ്റ്റം ഉണ്ടാവണം. അമേരിക്കയുൾപ്പെടെ ഡാറ്റ സെന്ററുകളെ എതിർക്കുമ്പോൾ ഇന്ത്യ അതിനെ സ്വീകരിക്കുന്നതിന്റെ അപകടത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. വെള്ളം, ഊർജം, മാലിന്യപ്രശ്നം ഇതൊന്നും കാണാതെ പോകരുതെന്നും ശ്രേയാംസ് കുമാർ ഓർമിപ്പിച്ചു. മലബാറിലെ ടൂറിസം ഇനിയുമേറെ വളരണമെന്നും അതിലൂടെ സാമൂഹിക-സാമ്പത്തികമാറ്റം ഉണ്ടാക്കാമെന്നും പി.വി. ചന്ദ്രൻ പറഞ്ഞു.
ടൂറിസം സർക്യൂട്ട് ഇല്ലാത്തതിന്റെ പോരായ്മയാണ് യു.വി. ജോസും ചൂണ്ടിക്കാട്ടിയത്. വയനാടും കാസർകോടുമെല്ലാം ടൂറിസം വളർന്നപ്പോൾ കോഴിക്കോട് അതുണ്ടായില്ല. ഇപ്പോഴും മികച്ച താമസസൗകര്യമില്ലാത്തത് ഒരു പോരായ്മയാണ്. ഇവിടെ വിഭവങ്ങളുണ്ട്. അത് പ്രയോജനപ്പെടുത്തണം. ടൂറിസം വളർച്ചയ്ക്കായി പ്രത്യേകമായി പ്രവർത്തിക്കുന്നവർ മലബാറിൽ കുറവാണ്. കൂട്ടായ പ്രവർത്തനം ഉണ്ടായാലേ ടൂറിസം വികസിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏകദേശം 50000 കോടി രൂപ പ്രതിവർഷം ടൂറിസത്തിലൂടെ കേരളത്തിന് വരുമാനം ലഭിക്കുന്നുണ്ട്. ഇത് കേരളത്തിന്റെ ജിഡിപിയുടെ 10 ശതമാനമാണ്. ഒരുവർഷം ഏകദേശം 50 ലക്ഷത്തിലധികം ആഭ്യന്തര വിനോദ സഞ്ചാരികളും എട്ട് ലക്ഷത്തോളം വിദേശ സഞ്ചാരികളും കേരളത്തിലെത്തുന്നുണ്ട്. എന്നാൽ, മലബാറിലേക്ക് വരുമ്പോൾ വിദേശ സഞ്ചാരികളുടെ എണ്ണം 50000 മാത്രമാണ്. ആഭ്യന്തര സഞ്ചാരികളിൽ ഏകദേശം എട്ട് ലക്ഷത്തോളമാണ് മലബാർ മേഖലകളിലെത്തുന്നത്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം മലബാറിൽ വളരെ കുറവാണ്. സഞ്ചാരികൾക്ക് പുതിയ ടൂറിസം അനുഭവങ്ങൾ കൊടുക്കാൻ സാധിക്കണം. മലബാറിന്റെ ടൂറിസം ഹബ്ബായി കോഴിക്കോടിനെ മാറ്റാൻ എല്ലാം ഇവിടെത്തന്നെ ഉണ്ട്, അദ്ദേഹം പറഞ്ഞു.
ഹവായിൽ മുൻപ് ടൂറിസം പഠിക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവവും യു.വി. ജോസ് ചേർത്തുവെച്ചു. തെങ്ങിൽ കയറി തേങ്ങ പറിക്കുന്നതും അത് പൊതിച്ച് പൊട്ടിച്ച് തേങ്ങ ചിരകി പാൽ പിഴിഞ്ഞെടുത്ത് അവിടെയുള്ളവർ കാണിച്ചപ്പോൾ പല സഞ്ചാരികളും അത് അദ്ഭുതത്തോടെ നോക്കിയതും അദ്ദേഹം വിവരിച്ചു. ആ സഞ്ചാരികൾ തേങ്ങാപ്പാൽ അമൃത് പോലെ കുടിക്കുന്നത് കണ്ടപ്പോഴാണ് നമ്മുടെ ചുറ്റിലുമുള്ള വിഭവങ്ങളെ കുറിച്ച് ചിന്തിച്ചുതുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Mathrubhumi Tourism Conclave 2026 focuses on unlocking Malabar's untapped tourism potential., Experts emphasize creating a sustainable Malabar tourism circuit without harming the environment., Kozhikode and surrounding regions need better connectivity, happiness points, and eco-friendly infrastructure., Malabar currently attracts low international tourists compared to southern Kerala, highlighting the need for unique tourist experiences.
Published: 23 Sept 2026, 06:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented