ക്ടോബർ ഒന്നിന് കോഴിക്കോട്ടു നടക്കുന്ന മാതൃഭൂമി മലബാർ ടൂറിസം കോൺക്ലേവിന്റെ അമരക്കാരിലൊരാൾകൂടിയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ സ്ഥാപകനും ചെയർമാനുമായ എം.പി. അഹമ്മദ് സംസാരിക്കുന്നു.

To advertise here,

മലബാർ മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾ ശരിയായ രീതിയിൽ വിനിയോഗിക്കപ്പെട്ടുവെന്ന് തോന്നുന്നുണ്ടോ?

ഇപ്പോൾ വരുന്നതിന്റെ എത്രയോ ഇരട്ടി സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുവാൻ നമുക്കു കഴിയുമെന്നതിൽ സംശയമില്ല. അത്രത്തോളം സാധ്യതകൾ ഇവിടെയുണ്ട്. പ്രാചീനകാലം തൊട്ടേ യൂറോപ്പ് ഉൾപ്പെടെയുള്ള വൻകരകളിൽനിന്ന് വിദേശവ്യാപാരികൾ ഇങ്ങോട്ടെത്തിയത് മലബാർ വഴിയാണ്. ഇവിടെനിന്ന് നൂറ്റാണ്ട് മുമ്പേ അറബ് നാടുകളിലേക്കും മലേഷ്യ, സിങ്കപ്പൂർ, ഇൻഡൊനീഷ്യ, ബർമ തുടങ്ങിയ രാജ്യങ്ങളിലേക്കും മലബാറികൾ കച്ചവടാവശ്യത്തിനു ചെന്ന് താമസമാക്കിയിരുന്നു. ആ കൊടുക്കൽവാങ്ങലുകൾ ഇന്നും തുടരുന്നു. അങ്ങനെയത് മലബാറിന്റെ സംസ്‌കാരത്തിന്റെ ഭാഗമായിത്തീർന്നു. അതുകൊണ്ടുതന്നെ വിദേശികളെ സ്വീകരിക്കുന്നതിനും അവരുമായി ഇടപെടുന്നതിനുമുള്ള വൈദഗ്ധ്യം ഇന്നാട്ടുകാരുടെ രക്തത്തിലുണ്ട്.

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് നമ്മൾ ഇനിയെന്താണ് ചെയ്യേണ്ടത്?

സഞ്ചാരികളെ ആകർഷിക്കാൻ ഇനി ഇവിടത്തെ കാഴ്ചകൾമാത്രം മതിയാവില്ല. രുചിയുള്ള ഭക്ഷണവും കുടുംബസമേതം ഉല്ലസിക്കുന്നതിനുള്ള അമ്യൂസ്മെന്റ് പാർക്കുകളുമൊക്കെ വേണം. കാലിഫോർണിയയിലെ ഡിസ്‌നി ലാൻഡിലേക്കൊക്കെ ദിനംപ്രതി എത്രത്തോളം ടൂറിസ്റ്റുകളെത്തുന്നുവെന്ന് കണക്കെടുത്തു നോക്കിയാൽമതി.

അതുപോലുള്ള വലിയ അമ്യൂസ്മെന്റ് പാർക്കുകളൊക്കെ ഇവിടെ സാധ്യമാണോ?

കോഴിക്കോട് നഗരമധ്യത്തിലുള്ള സരോവരം വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്ന അമ്യൂസ്‌മെന്റ് പാർക്കാക്കി മാറ്റാനാവും. പരിസ്ഥിതിക്ക് അൽപ്പംപോലും പോറലേൽപ്പിക്കാതെ, കനോലികനാലും പരിസരപ്രദേശവും വൃത്തിയാക്കി ലോകത്തെ അദ്ഭുതപ്പെടുത്തുന്ന അമ്യൂസ്മെന്റ് പാർക്ക് ഉണ്ടാക്കിയെടുക്കാനാവും. പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരത്തിന് മാതൃകയാവുന്ന തരത്തിൽ ഈ പാർക്ക് വികസിപ്പിച്ചെടുക്കുന്നത് വലിയ സാമ്പത്തികബാധ്യതയുള്ള കാര്യമാണ്. അതുകൊണ്ട് സർക്കാർ മുൻകൈയെടുത്ത് താത്പര്യമുള്ളവരിൽനിന്ന് ഓഹരിയായി മൂലധനം കണ്ടെത്തണം. അതുവഴി ഒരുപാടു പേർക്ക് ജോലി ലഭിക്കും. നഗരത്തിലെ ഓട്ടോ, ടാക്‌സി തൊഴിലാളികളും ചെറിയ റസ്റ്ററന്റുകളുടെ നടത്തിപ്പുകാരും ഉൾപ്പെടെയുള്ളവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കും.

വലിയതോതിൽ ജോലിനൽകാൻ കഴിയുന്ന വ്യവസായസംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമുള്ള ഭൂമിയും അസംസ്‌കൃതവസ്തുക്കളും മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് നമുക്കു കുറവാണ്. അങ്ങനെ വരുമ്പോൾ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലുള്ള പ്രധാനമാർഗം ടൂറിസമാണ്. അതിൽവേണം നമ്മൾ ഇപ്പോൾ നിക്ഷേപിക്കാൻ.

ഇനിയും കൂടുതൽ വിദേശസഞ്ചാരികൾ ഇങ്ങോട്ടെത്തുമെന്ന കാര്യത്തിൽ ശുഭാപ്തിവിശ്വാസമുണ്ടോ?

തീർച്ചയായും. നമ്മൾ മനസ്സുവെച്ചാൽ നടക്കുന്ന കാര്യമാണ്. കോഴിക്കോടും കണ്ണൂരുമായി രണ്ട് എയർപോർട്ടുകളുണ്ടല്ലോ? നാഷണൽ ഹൈവേ പൂർത്തിയായിവരുന്നതും പ്രതീക്ഷ നൽകുന്നു. പദ്ധതിയിട്ടിരിക്കുന്ന പാലക്കാട് -കോഴിക്കോട് ഹൈവേകൂടി വന്നാൽ മലബാറിലെ യാത്രാസൗകര്യത്തിൽ കുതിച്ചുചാട്ടമുണ്ടാവും

പിന്നെ കാര്യമായഘടകം കാലാവസ്ഥയാണ്. ഇവിടെ ചൂട് പരമാവധി താഴോട്ടുപോയാൽ 19-20 സെന്റിഗ്രേഡിൽ നിൽക്കും. കൂടിയാൽ ഒരു 33-ഉം. പിന്നെ നമ്മുടെ മൺസൂൺ. ആയുർവേദ ചികിത്സയ്ക്കും മറ്റും ഗുണകരമാണ് മഴക്കാലം. തെയ്യംപോലുള്ള പരമ്പരാഗതകലകൾ, ഉത്സവങ്ങൾ എല്ലാമുണ്ടല്ലോ? ആഘോഷിക്കാനും ആസ്വദിക്കാനും ഒരുപാടു കാര്യങ്ങൾ മലബാറിലുണ്ട്.

മുന്നിൽ കാണുന്ന വലിയ വെല്ലുവിളികൾ എന്താണ്?

ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ട്. നഗരങ്ങളും ഗ്രാമങ്ങളും കൂടുതൽ വൃത്തിയോടെ സൂക്ഷിക്കണം. ക്ലീനായ ഒരു മലബാർ സൃഷ്ടിച്ചുകഴിഞ്ഞാൽ വിദേശികളെ ഇവിടെക്കൊണ്ടുവന്ന് അഭിമാനത്തോടെ നമ്മുടെ നാട് കാണിച്ചുകൊടുക്കാൻ കഴിയും.

കൂടുതൽ മികച്ച ഹോട്ടലുകൾവേണം. സ്റ്റാർഹോട്ടലുകൾ തുടങ്ങാൻ തത്പരരായവർക്ക് സർക്കാരിന്റെ പിന്തുണ ആവശ്യമാണ്. കോർപ്പറേറ്റുകൾ സംഘടിപ്പിക്കുന്ന വലിയ കോൺക്ലേവുകളും മീറ്റിങ്ങുകളും ഇവിടെ നടത്താൻ കഴിയണം. അത്തരം മീറ്റിങ്ങുകൾക്ക് അവരുടെ ജീവനക്കാരും കുടുംബാംഗങ്ങളുമെല്ലാം ഒരുമിച്ചു വരും. അതും സാമ്പത്തികമേഖലയ്ക്ക് ഗുണംചെയ്യുന്ന കാര്യമാണ്.