
വിശാലമായ കടൽത്തീരവും പശ്ചിമഘട്ട മലനിരകളും ഇടവിട്ടുള്ള പുഴകളും മലബാറിലെ സഹസിക വിനോദ സഞ്ചാരത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നതായി വിദഗ്ധർ. ‘വൈൽഡ് ട്രെയിൽസ്, ഹിഡൻ ടെയിൽസ്’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഗോവയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിലെ അസി. പ്രൊഫസർ ഡോ. രവീന്ദർ ഡോഗ്ര, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (കെഎടിപിഎസ്) സിഇഒ ബിനു കുര്യാക്കോസ് എന്നിവർ പങ്കെടുത്ത ചർച്ചയാണ് ഈ അഭിപ്രായം മുന്നോട്ടുവെച്ചത്.
തൃശ്ശൂർമുതൽ കാസർകോടുവരെ സാഹസിക വിനോദസഞ്ചാരത്തിന് കെഎടിപിഎസ് നൂറോളം സ്ഥാനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അതിൽ കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന വൈറ്റ് വാട്ടർ കയാക്കിങ്ങിന് ലോകത്തിൽത്തന്നെ സമാനതകളില്ലാത്ത സ്ഥാനമാണെന്നും ബിനു കുര്യാക്കോസ് അഭിപ്രായപ്പെട്ടു.
സാഹസിക വിനോദസഞ്ചാരത്തിന് ഒട്ടേറെ സാധ്യതകളുള്ള കേരളവും പ്രത്യേകിച്ച് മലബാറും ഇപ്പോഴും അവ വിനിയോഗിക്കുന്നില്ലെന്ന് ഡോ. രവീന്ദർ ഡോഗ്ര പറഞ്ഞു.
പ്രകൃതിയുടെ ഭാഗമായ പ്രദേശങ്ങളെ സാഹസികവിനോദത്തിന് ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും ആ പ്രകൃതിയെ അതുപോലെ നിലനിർത്തി സംരക്ഷിക്കാൻ അതിന്റെ ഗുണഭോക്താക്കളായ നാട്ടുകാർതന്നെ മുന്നിട്ടിറങ്ങും. ആവേശത്തോടൊപ്പം നാടിന് അത് ഒരു വരുമാനമാർഗംകൂടിയാണ്. വയനാടിന്റെയും പാലക്കാടിന്റെയും മലനിരകൾ ട്രക്കിങ്, ഹൈക്കിങ് എന്നിവയ്ക്ക് വാതിൽ തുറന്നിടുന്നു. വയനാട്ടിലെ കോഫി പ്ലാന്റേഷൻ പാതകൾ ഓഫ് റോഡ് സഞ്ചാരികളെ ആകർഷിക്കും. എന്നാൽ, അപകടസാധ്യതയും അതുപോലെ ഏറെയാണ് -രവീന്ദർ ഡോഗ്ര കൂട്ടിച്ചേർത്തു.
സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മികച്ച പരിശീലനം നൽകുന്നതിനും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും സർക്കാർ പ്രത്യേകശ്രദ്ധ നൽകുന്നുണ്ടെന്ന് ബിനു കുര്യാക്കോസ് പറഞ്ഞു. ലോകശ്രദ്ധയാകർഷിച്ച ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്, മലബാർ റിവർ ഫെസ്റ്റ്, ഓഫ്റോഡ് നാഷണൽ ചാമ്പ്യൻഷിപ്പ്, കാളപൂട്ട്, വണ്ടിപ്പൂട്ട്, മഴനടത്തം, മഡ്ഫുട്‌ബോൾ, ചൂണ്ടയിടൽ, വടംവലി, സൈക്കിൾറാലി തുടങ്ങിയ ഒട്ടേറെ ഇനങ്ങൾ സാഹസിക വിനോദത്തിന്റെ ഭാഗമായി കെഎടിപിഎസ് വൻ ജനപങ്കാളിത്തത്തോടെ നടത്തുന്നുണ്ടെന്നും ബിനു കുര്യാക്കോസ് പറഞ്ഞു.
മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ് മോഡറേറ്ററായിരുന്നു.
Content Highlights: Experts discuss the untapped potential of Malabar for adventure tourism
Published: 24 Aug 2025, 10:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented