ഓൺലൈനിലൂടെ തിരിച്ചറിയൽകാർഡുകൾ അപ്‌ലോഡ് ചെയ്ത് രജിസ്റ്റർചെയ്ത സഞ്ചാരികളെമാത്രമേ ട്രെക്കിങ്ങിന് അനുവദിക്കൂ.

മൈസൂരു: കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം. ചിക്കമഗളൂരു ജില്ലയിലെ കുദ്രേമുഖ് ഡിവിഷനുകീഴിലെ കുദ്രേമുഖ്, നേത്രാവതി, കുറിഞ്ഞാൽ, ഗണ്ഡിക്കൽ ട്രെക്കിങ് പാതകളിലാണ് വനംവകുപ്പ് വീണ്ടും നിയന്ത്രണമേർപ്പെടുത്തിയത്.
ഇനി ഗൈഡുകളുടെ സാന്നിധ്യത്തിൽമാത്രമേ സഞ്ചാരികളെ മലകയറാൻ അനുവദിക്കുകയുള്ളൂ. ഗൈഡുകൾ ജി.പി.എസ്. സൗകര്യമുള്ള വാക്കിടോക്കികൾ കൈയിൽ കരുതണം. പരമാവധി ഒരുദിവസം 150 പേരെ മാത്രമേ ഒരുപാതയിൽ മലകയറാൻ അനുവദിക്കുകയുള്ളൂ.
ഗൈഡുകളുടെ സുരക്ഷാനിർദേശങ്ങൾ പൂർണമായും സഞ്ചാരികൾ അനുസരിക്കണം. ഓൺലൈനിലൂടെ തിരിച്ചറിയൽകാർഡുകൾ അപ്‌ലോഡ് ചെയ്ത് രജിസ്റ്റർചെയ്ത സഞ്ചാരികളെമാത്രമേ ട്രെക്കിങ്ങിന് അനുവദിക്കൂ.
തിരിച്ചറിയൽകാർഡും ഓൺലൈൻ രജിസ്‌ട്രേഷനും സ്ഥിരീകരിക്കേണ്ട പൂർണ ഉത്തരവാദിത്വം ഗൈഡുകൾക്കായിരിക്കും. ഇതിൽ വീഴ്ചവരുത്തുന്ന ഗൈഡുകൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് അടച്ചിട്ട ട്രെക്കിങ് കേന്ദ്രങ്ങൾ രണ്ടാഴ്ച മുൻപാണ് പൂർണമായും തുറന്നത്. ഇതോടെ കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നടക്കം സഞ്ചാരികളുടെ പ്രവാഹമായിരുന്നു. രണ്ടുമാസത്തെ വാരാന്ത്യദിനങ്ങളിലേക്കുള്ള ഓൺലൈൻ ബുക്കിങ് മണിക്കൂറുകൾക്കുള്ളിലാണ് തീർന്നത്.
ജോഗ് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ് പാതകൾ അടച്ചു
മൈസൂരു: ശിവമോഗ ജില്ലയിലെ പ്രശസ്തമായ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് വിവിധ കാട്ടുപാതയിലൂടെയുള്ള ട്രെക്കിങ് പാതകൾ വനംവകുപ്പ് അടച്ചു. മഴക്കാലമായതോടെ വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളേറെയാണ്. അതിനാൽ, തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാനടപടികൾ കർശനമാക്കുന്നതിനുമാണ് ട്രെക്കിങ് പാതകൾ അടച്ചത്.
ഉത്തര കന്നഡ ജില്ലയിലെ സിദ്ധാപുരയിൽനിന്നാണ് ജോഗ് വെള്ളച്ചാട്ടത്തിലേക്ക് കൂടുതൽ ട്രെക്കിങ് പാതകളുള്ളത്. ഇത് പൂർണമായും വേലികെട്ടി അടച്ചു. അതിക്രമിച്ചുകടന്ന് വെള്ളച്ചാട്ടം കാണാൻ എത്തുന്നവർക്കെതിരേ കേസെടുക്കുമെന്ന് വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞദിവസം മൂന്ന് സഞ്ചാരികൾ സുരക്ഷാ ബാരിക്കേഡുകൾ മറികടന്ന് വെള്ളച്ചാട്ടത്തിലെ പാറക്കെട്ടിലെത്തി അപകടകരമായരീതിയിൽ വീഡിയോകൾ പകർത്തിയിരുന്നു. ഈ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിലാണ് നടപടി. ഈ മൂന്നുയുവാക്കളുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: Triggered by heavy monsoon showers and escalating threats of landslides, the Karnataka Forest Department has re-enforced strict restrictions across major trekking destinations in the state. Fresh protocols have been rolled out for the highly popular trails in Chikmagalur district, including Kudremukh and Netravathi, while multiple forest routes leading directly to the iconic Jog Falls in Shivamogga have been completely shut down for public safety.
Published: 06 Jul 2026, 07:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented