മുംബൈ: മഹാരാഷ്ട്രയിലെ മാതേരാൻ ഹിൽ റെയ്ഞ്ചിലെ പെബ് ഫോർട്ടിലേക്കുള്ള ട്രെക്കിങ്ങിനിടെ ചെങ്കുത്തായ ചെരിവിൽ കുടുങ്ങിയ മലയാളിക്ക് രക്ഷകരായി മലയാളി യുവാക്കളുടെ സംഘം. ബുധനാഴ്ച കേരളത്തിൽനിന്നെത്തിയ ദമ്പതികളിൽ ഭർത്താവാണ് അപകടത്തിൽപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെ വൈറലായ പെബ് ഫോർട്ടും റിവേഴ്സ് വാട്ടർഫോൾസും കാണാനായി എത്തിയതായിരുന്നു ഇവർ.

To advertise here,

പെബ് ഫോർട്ടിലേക്കുള്ള യാത്രയ്ക്കിടെ ഒരു കുരങ്ങൻ ഇദ്ദേഹത്തിന്റെ ബാഗ് തട്ടിയെടുത്ത് മലഞ്ചരിവിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. ബാഗ് തിരിച്ചുപിടിക്കാനുള്ള വെപ്രാളത്തിൽ കുരങ്ങന് പിന്നാലെ ചരിവിലേക്ക് ഇറങ്ങിയ ഇദ്ദേഹം, മുന്നോട്ട് പോകാനോ തിരിച്ചു കയറാനോ കഴിയാത്തവിധം കുടുങ്ങിപ്പോവുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ പരിഭ്രാന്തയായി കരയുന്നത് കണ്ടാണ് കോഴിക്കോട് നിന്നുള്ള മലയാളി യുവാക്കളുടെ സംഘം സഹായത്തിനെത്തുന്നത്.

ചെറിയ പാറയിൽ അള്ളിപ്പിടിച്ചുനിന്ന ഇദ്ദേഹത്തെ കോഴിക്കോട് പേരാമ്പ്ര സ്വദേശിയും മാതൃഭൂമി പെരിന്തൽമണ്ണ റിപ്പോർട്ടറുമായ സി.കെ. ജിജിലും കൈനാട്ടി സ്വദേശി വിഷ്ണു പ്രദീപും മറ്റൊരു മലയാളി യുവാവും ചേർന്ന് താഴേക്കിറങ്ങി കൈകോർത്ത് പിടിച്ച് സുരക്ഷിതമായി മുകളിലെത്തിക്കുകയായിരുന്നു. പ്രണവ്, ജിതിൻ, ഹനീൻ, അദ്വൈദ്, അഖിൽ എന്നിവരും രക്ഷാസംഘത്തിലുണ്ടായിരുന്നു.