ബെംഗളൂരു: സാഹസിക മലകയറ്റപ്രേമികളുടെ പറുദീസയാണ് എന്നും കർണാടക. മുല്ലയനഗിരി, കുദ്രേമുഖ്, നന്ദിഹിൽസ്, കുടകിലെ തടിയൻഡമോൾ, ബ്രഹ്‌മഗിരി അങ്ങനെ ഒട്ടേറെ മലനിരകൾ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. എന്നാൽ, ഒട്ടേറെപ്പേരെത്തുന്ന കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളില്ലാത്തത് പലതും അപകടക്കെണിയാകുകയാണ്. മലയാളി ടെക്കി യുവതി ശരണ്യ കുടകിലെ തടിയൻഡമോൾ മലമ്പ്രദേശത്ത് കുടുങ്ങിയതോടെ ട്രെക്കിങ് പാതകളിലെ സുരക്ഷസംബന്ധിച്ച് സഞ്ചാരികളിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.
സന്ദർശകരിൽനിന്ന് ഫീസ് ഈടാക്കിയാണ് കർണാടകയിൽ വനം വകുപ്പും വന്യജീവിബോർഡും ട്രെക്കിങ്ങിന് അനുമതി നൽകുന്നത്. 2024 മുതലാണ് കർണാടക സർക്കാർ ട്രെക്കിങ്ങ് പാതകൾക്ക് പ്രവേശനഫീസ് ഏർപ്പെടുത്തിയത്. പാതകളെ ആശ്രയിച്ച് 350 രൂപമുതൽ 600 രൂപ വരെയാണ് ഫീസ്. പാതകളിലേക്കുള്ള യാത്രയിൽ സർക്കാർ ടൂർ ഗൈഡിനെ നിയമിക്കുന്നത് നിർബന്ധമാക്കുകയും രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ സമയം നിയന്ത്രിക്കുകയും ചെയ്തിരുന്നു.
പാതകളിൽ ദിശാസൂചകങ്ങളോ പ്രദേശത്തെ ഭൂപടങ്ങളോയില്ല. കേരളത്തിൽ വനംസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പാതകളിൽ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തി പരിപാലിക്കുന്ന സ്ഥിരംസംവിധാനമുണ്ട്. ഈ രീതി കർണാടകയിലും അവലംബിക്കണമെന്നാണ് ആവശ്യം. കുമാരപർവത പോലുള്ള ദുർഘടമായ പാതകളിൽ ട്രെക്കിങ് സംഘാടകരുടെ സമ്മർദംമൂലം ഡെപ്യൂട്ടി കമ്മിഷണറുടെ നിർദേശപ്രകാരം ദിശാബോർഡുകൾ സ്ഥാപിച്ചിരുന്നു.
ഇത് എല്ലാ കേന്ദ്രങ്ങളിലും സ്ഥാപിക്കണമെന്നാണ് ആവശ്യം. കൂടാതെ, മിക്ക കേന്ദ്രങ്ങളിലും ആവശ്യത്തിന് റസ്റ്റ് റൂം പോലുമില്ല. ശൗചാലയങ്ങളിൽ സുരക്ഷിതമായ വാതിലുകളോ ആവശ്യത്തിന് വെള്ളമോ ലഭ്യമാകാത്ത സ്ഥിതിയാണ്. ട്രെക്കിങ്ങിനെത്തുന്ന യുവതികൾ ഇതുമൂലം അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.
Content Highlights: Lack of essential signage and trail maps at major trekking sites., Poor maintenance of restroom facilities impacting female trekkers., Call for a forest management committee model similar to Kerala., Safety concerns following recent incidents in Kodagu trekking paths.
Published: 08 Apr 2026, 06:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented