
പയ്യന്നൂർ: തെരുവ് എന്ന വിലാസം മാറി. ദൊരയും കുടുംബവും താത്കാലീക വീട്ടിലേക്ക്. പേടിയില്ലാതെ ഇനി രാത്രി ഉറങ്ങാം. എട്ടു വർഷമായി പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കഴിയുന്ന ദൊരരയും പഞ്ചമിയും ആറു മക്കളും ചൊവ്വാഴ്ച അമ്പലത്തറയിലേക്ക് മാറും. പയ്യന്നൂർ നഗരസഭയും ചെയർപേഴ്സൺ സരിൻ ശശിയും മുൻകൈ എടുത്താണ് മാറ്റുന്നത്.
ആക്രി പെറുക്കലും ടൗണിലെ പീടിക അടിച്ചുവാരുകയുമാണ് ഇവരുടെ ജോലി. സ്വന്തമായി വീടില്ലാത്തതിനാൽ കടത്തിണ്ണയിലെ ഷെഡിലാണ് താമസം. ഇവർക്ക് അഞ്ചു മക്കളുണ്ട്. അനുജത്തി മരണപ്പെട്ടതിനെ തുടർന്ന് അവരുടെ മകളെയും സ്വന്തം മകളെപ്പോലെ കുടുംബം നോക്കുന്നു.
തെരുവ് ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന എല്ലാ കഠിനദുരനുഭവങ്ങളും ഇവർ നേരിട്ടു. മക്കൾക്കായി ഇവർ ഉറങ്ങാതെ കാവലിരുന്നു. രണ്ടു കുട്ടികൾ ഇപ്പോൾ തലശ്ശേരി താമസിച്ചാണ് പഠിക്കുന്നത്. രണ്ടുപേർ പുഞ്ചക്കാട് സെന്റ് മേരീസ് സ്‌കൂളിലും ചെറിയ രണ്ടു കുട്ടികൾ തായത്തുവയൽ അങ്കണവാടിയിലും പഠിക്കുന്നു. താത്കാലിക വീടാണെങ്കിലും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറുന്നതിന്റെ സന്തോഷം ഇവർക്കുണ്ട്. തലശ്ശേരിയിൽ പഠിക്കുന്ന കുട്ടികളും ഇന്നെത്തും.
'വിലാസം' മാറ്റിയവർ
ഇത് ഒരു വീടിന്റെ വാതിൽ തുറക്കുന്നത് മാത്രമല്ല. ആറ് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ഒരു വാതിൽ കൂടി നാളെ തുറക്കുകയാണ്. നഗരസഭാ ചെയർമാൻ സരിൻ ശശിയുടെ ഇടപെടലാണ് തെരുവിൽ നിന്നുള്ള ഈ മോചനത്തിന് പിന്നിൽ.
സുഹൃത്തുക്കളുടെ സഹകരണത്തോടെയും ക്ലാപ്പ് കൗൺസലിങ് ക്ലിനിക്കിന്റെയും പെരുമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും സഹായത്തോടെയാണ് അമ്പലത്തറയിൽ ഇവർക്കായി ഒരു താത്ക്കാലിക വീട് ഒരുക്കിയതെന്ന് സരിൻ ശശി പറഞ്ഞു.
Content Highlights: After 8 years of living on the streets of Payyannur, Dora and her family move into a safe home.
Published: 04 Aug 2026, 12:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented