കുറേകാലം മുമ്പ് വിസ എന്നാൽ മലയാളിക്ക് ഗൾഫായിരുന്നു. കാലം മാറി. കോവിഡിനുശേഷം ലോകം മൊത്തം കറങ്ങിനടക്കുക എന്നായി മലയാളിയുടെ ശീലം. റിവഞ്ച് ടൂറിസം. അപ്പോഴെല്ലാം ആദ്യകടമ്പയായി വിസ മുന്നിൽവന്നു. പലരും ട്രാവൽ ഏജൻസികളുടെ സഹായം തേടി. വിസയില്ലാതെ പോകാൻ പറ്റുന്ന രാജ്യങ്ങളുണ്ടെന്ന് പിന്നീട് മനസ്സിലായി(വിസ ഫ്രീ). ചില രാജ്യങ്ങളിൽ വിമാനമിറങ്ങിയും വിസ എടുക്കാമെന്ന് അറിഞ്ഞു(വിസ ഓൺ അറൈവൽ).

To advertise here,

ഇതുകൂടാതെയുള്ള രീതിയാണ് ഇ- വിസ. കാര്യങ്ങൾ ലളിതമാണെന്ന് അറിഞ്ഞതോടെ ഇപ്പോൾ പലരും ഏജൻസികളുടെ സഹായം കൂടാതെ ഇ- വിസ എടുക്കാൻ തുടങ്ങിയിട്ടുണ്ട്.

കയ്യിലെ സ്മാർട്ട്ഫോണിലോ ലാപ്ടോപ്പിലോ കുറച്ചു ക്ലിക്കുകൾ കൊണ്ട് പല ലോകരാജ്യങ്ങളുടെയും വാതിലുകൾ കൂളായി തുറക്കാൻ സാധിക്കുന്നതാണ് ഇ- വിസ. എംബസിയിലോ വിസ സെന്ററുകളിലോ നേരിട്ട് പോകേണ്ട. പൂർണ്ണമായും ഓൺലൈനായി അപേക്ഷിച്ച് ഡിജിറ്റലായി ലഭിക്കുന്ന യാത്രാ അനുമതിയാണിത്. പോകേണ്ട രാജ്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആദ്യം സന്ദർശിക്കണം. ഔദ്യോഗിക ഗവൺമെന്റ് ഇ-വിസ പോർട്ടൽ തന്നെയെന്ന് ഉറപ്പുവരുത്താൻ മറക്കരുത്.

തുടർന്ന് പാസ്പോർട്ട് വിവരങ്ങൾ, യാത്രാ തീയതികൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ തെറ്റില്ലാതെ പൂരിപ്പിക്കുക. ഡിജിറ്റൽ പാസ്പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ടിന്റെ മുൻ-പിൻ പേജുകളുടെ സ്‌കാൻ ചെയ്ത കോപ്പി, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവ നൽകുക. ഇന്റർനാഷണൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫീസ് ഓൺലൈനായി അടയ്ക്കുക. അത്രേയുള്ളൂ. 24 മുതൽ 72 മണിക്കൂറിനുള്ളിൽ (ചില രാജ്യങ്ങൾക്ക് ഏതാനും ദിവസങ്ങൾ) വിസ ഇ-മെയിലിൽ പിഡിഎഫ് രൂപത്തിൽ ലഭിക്കും. ഇതിന്റെ പ്രിന്റൗട്ട് എടുത്ത് യാത്രയിൽ കരുതുക.

ഇന്ന് 60-ലധികം രാജ്യങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് ഇ-വിസ അല്ലെങ്കിൽ ഇ-ട്രാവൽ ഓതറൈസേഷൻ (eTA) സൗകര്യം നൽകുന്നുണ്ട്. ഇന്റർനെറ്റും അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനവുമുള്ള ഏതൊരാൾക്കും സ്വന്തമായി അപേക്ഷിക്കാം. രാജ്യത്തിനും വിസയുടെ കാലാവധിക്കും അനുസരിച്ച് ഇ-വിസ നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന്, യുഎഇയിലേക്ക് ആറായിരം രൂപ മുതൽ ഒമ്പതിനായിരം രൂപവരെ നൽകണം. (30 ദിവസത്തെ ടൂറിസ്റ്റ് വിസ) മലേഷ്യയിലേക്ക് 1500 രൂപ മുതൽ 3000 രൂപ വരെ (സീസൺ അനുസരിച്ച് ഇളവ്). വിയറ്റ്‌നാം 2000 മുതൽ 2500 രൂപവരെ. ഈജിപ്ത് / തുർക്കി 4000 രൂപ മുതൽ 7000 രൂപവരെ.

പ്രധാന വ്യവസ്ഥകൾ: യാത്ര ചെയ്യുന്ന തീയതി മുതൽ കുറഞ്ഞത് ആറുമാസത്തെ കാലാവധി പാസ്പോർട്ടിന് ഉണ്ടായിരിക്കണം. അപ്‌ലോഡ്‌ ചെയ്യുന്ന ഫോട്ടോയും പാസ്പോർട്ട് കോപ്പിയും മങ്ങലില്ലാത്തതും നിർദ്ദേശിച്ച സൈസിലുള്ളതുമായിരിക്കണം. മിക്ക രാജ്യങ്ങളും മടക്കയാത്രയ്ക്കുള്ള എയർ ടിക്കറ്റും താമസത്തിനാവശ്യമായ പണം കയ്യിലുണ്ടെന്നതിന്റെ തെളിവും (ബാങ്ക് സ്റ്റേറ്റ്‌മെന്റ്/ക്രെഡിറ്റ് കാർഡ്) പരിശോധിക്കാറുണ്ട്. ഗൂഗിളിൽ തിരയുമ്പോൾ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പകരം ഫേക്ക് ഏജൻസി വെബ്സൈറ്റുകൾ വരാൻ സാധ്യതയുണ്ട്. .gov അല്ലെങ്കിൽ അതാത് രാജ്യങ്ങളുടെ ഔദ്യോഗിക ഡൊമെയ്ൻ തന്നെയെന്ന് ഉറപ്പാക്കുക.