വനംവകുപ്പ് തയ്യാറാക്കിയ ട്രാക്കിങ് ആപ്ലിക്കേഷന്‍ മൊബൈല്‍ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുന്നത് എളുപ്പമാക്കാനാണിത്.

ബെംഗളൂരു: സാഹസിക മലകയറ്റത്തിന് (ട്രക്കിങ്) നിബന്ധനകളും വ്യവസ്ഥകളും (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയേഴ്സ്-എസ്.ഒ.പി.) പ്രഖ്യാപിച്ച് കർണാടക വനംവകുപ്പ്.
ട്രക്കിങ് കേന്ദ്രങ്ങളിൽ ആളുകളെ കാണാതാവുന്നതും അപകടത്തിൽപ്പെടുന്നതും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണിത്. കുടകിലെ തടിയൻഡമോൾ മലമുകളിലെ കൊടുംകാട്ടിൽ നാദാപുരം സ്വദേശിയായ ജി.എസ്. ശരണ്യ ട്രക്കിങ്ങിനിടെ കുടുങ്ങിപ്പോയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മൂന്നുരാത്രിയും രണ്ടുപകലും കാട്ടിൽ ഒറ്റപ്പെട്ടുകഴിഞ്ഞ ശരണ്യയെ ഈസ്റ്റർദിനത്തിൽ രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു.
വനംവകുപ്പ് പ്രഖ്യാപിച്ച എസ്.ഒ.പി. പ്രകാരം പത്ത് മലകയറ്റക്കാർക്ക് ഒരു അംഗീകൃത യാത്രാ സഹായി(ഗൈഡ്)വീതം വേണമെന്ന് നിർബന്ധമാക്കി. ഗൈഡുമാർക്ക് ജി.പി.എസ്. പ്രാവർത്തികമാക്കിയ വോക്കി-ടോക്കികൾ ഉണ്ടായിരിക്കണം. യാത്രാസഹായിയില്ലാതെ ഒരാളെയും സംസ്ഥാനത്ത് ട്രക്കിങ്ങിന് അനുവദിക്കില്ലെന്ന് എസ്.ഒ.പി. പുറത്തിറക്കിക്കൊണ്ട് വനംമന്ത്രി ഈശ്വർ ഖാൻഡ്രെ പറഞ്ഞു. ട്രക്കിങ്ങിന് ഒരാൾ മാത്രമേയുള്ളൂവെങ്കിലും യാത്രാസഹായിയെ ലഭ്യമാക്കിയിരിക്കണമെന്നാണ് നിർദേശം.
മലകയറ്റത്തിന് എത്തുന്നവർ വനംവകുപ്പിൽ ഓൺലൈൻ വഴി മുൻകൂട്ടി രജിസ്റ്റർചെയ്യണമെന്നതും നിർബന്ധമാക്കി. വനംവകുപ്പ് തയ്യാറാക്കിയ ട്രാക്കിങ് ആപ്ലിക്കേഷൻ മൊബൈൽഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. അടിയന്തര സാഹചര്യങ്ങളിൽ സഹായമെത്തിക്കുന്നത് എളുപ്പമാക്കാനാണിത്.
ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം, യാത്രയ്ക്ക് എടുക്കുന്ന സമയം, ഭൂപ്രദേശത്തിന്റെ പ്രത്യേകതകൾ, വന്യജീവികളുടെ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കാം തുടങ്ങിയ കാര്യങ്ങൾ ബേസ് ക്യാമ്പിൽവെച്ച് ട്രക്കർമാരെ ബോധവത്കരിക്കണമെന്നും എസ്.ഒ.പി.യിൽ നിർദേശമുണ്ട്.
ട്രക്കിങ് കേന്ദ്രങ്ങളിൽ ശൗചാലയങ്ങൾ, കുടിവെള്ളസൗകര്യങ്ങൾ, അടയാള ബോർഡുകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കണം. ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ, മൂർച്ചയുള്ള വസ്തുക്കൾ, ആയുധങ്ങൾ എന്നിവ കൊണ്ടുപോകാൻ അനുവദിക്കില്ല. ക്യാമ്പ് ഫയറും നിരോധിച്ചു.
ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി, പ്ലാസ്റ്റിക് എന്നിവയും നിരോധിച്ചു. കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതിപത്രം നിർബന്ധമാക്കി. വയോധികർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഗൈഡുമാർ പ്രഥമശുശ്രൂഷാ കിറ്റ് കരുതണം.
Content Highlights: Mandatory certified guide for every 10 trekkers, even for solo travelers., Compulsory online registration via the official Karnataka Forest Department app., Strict ban on campfires, plastic, flash photography, and sharp weapons., Mandatory fitness certificates for seniors and parental consent for minors., Guides must carry GPS-enabled walkie-talkies and first-aid kits.
Published: 18 Apr 2026, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented