ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കായി ഇ-വിസ സംവിധാനം ഏര്‍പ്പെടുത്തി ജപ്പാന്‍. ഇതോടെ വിസകള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ ചെയ്യുന്ന രീതിയും അവസാനിപ്പിച്ചു. പുതിയ സംവിധാനപ്രകാരം ജപ്പാനിലേക്ക് പോകുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ വിസയ്ക്ക് അപേക്ഷിക്കാം. ഈ ഡിജിറ്റല്‍ വിസയിലൂടെ ജപ്പാനിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒറ്റത്തവണ 90 ദിവസം വരെ താമസിക്കാം. ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്കുമാണ് വിസ നേടാനുള്ള അര്‍ഹതയുണ്ടായിരിക്കുക.
ജപ്പാന്‍ വിസ ആപ്ലിക്കേഷന്‍ സെന്ററിന്റെ ഒഫിഷ്യല്‍ വെബ്‌സൈറ്റിലാണ് വിസ അപേക്ഷ ഫോം ലഭിക്കുക. അപേക്ഷ സമര്‍പ്പിച്ച ശേഷം വിസ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും പുതിയ സംവിധാനത്തില്‍ ഓപ്ഷനുണ്ട്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. വിസ അപേക്ഷയുടെ ഫലം രജിസ്റ്റേഡ് ഇ മെയില്‍ വിലാസത്തിലേക്ക് അയയ്ക്കും. അഭിമുഖത്തിനായി അപേക്ഷകന്റെ താമസസ്ഥലത്തിന്റെ അധികാര പരിധിയിലുള്ള ജാപ്പനീസ് നയതന്ത്ര സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായുള്ള ഡിജിറ്റല്‍ നൊമാഡ് വിസ സ്‌കീമിന്റെ ഭാഗമായാണ് ഇന്ത്യക്കാര്‍ക്കും ഇ-വിസകള്‍ ലഭിക്കുക.
Also Read
പുതിയ ടൂറിസം നിയമങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും
അന്താരാഷ്ട്ര ടൂറിസം മാര്‍ക്കറ്റിലെ ഏറ്റവും പുതിയ സെന്‍സേഷനാണ് ജപ്പാന്‍. കാഴ്ചകളുടെ വൈവിധ്യങ്ങളും കുലീനമായ സംസ്‌കാരവും വ്യത്യസ്തമായ ഭക്ഷണവും മനോഹരമായ ഭൂപ്രകൃതിയുമൊക്കെയാണ് ജപ്പാനെ ലോകടൂറിസത്തില്‍ അടയാളപ്പെടുത്തുന്നത്. കോവിഡാനന്തരം ജപ്പാനിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സഞ്ചാരികള്‍ വര്‍ധിച്ചത് കൊണ്ട് തന്നെ ടൂറിസവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ജപ്പാന്‍ പല മാറ്റങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈ നിയമങ്ങള്‍ കൃത്യമായി മനസ്സിലാക്കാതെ ജപ്പാനില്‍ സഞ്ചാരികള്‍ നിയമക്കുരുക്കുകളില്‍ പെടാനുള്ള സാധ്യതകളുണ്ട്. ജപ്പനിലെ ടൂറിസം നിയമങ്ങളിലെ പ്രധാന മാറ്റങ്ങള്‍ പരിശോധിക്കാം.
ഫുജി പര്‍വതത്തിലെ നിയന്ത്രണങ്ങള്‍
ജപ്പാനിലെ ഏറ്റവും ഉയരമേറിയതും പ്രശസ്തവുമായ പര്‍വതമാണ് ഫുജി. എല്ലാ വര്‍ഷവും നിരവധി പര്‍വതാരോഹകരും സഞ്ചാരികളും ഈ പര്‍വതം കയറാനായി എത്താറുണ്ട്. ഈ സമീപകാലത്താണ് ഫുജി പര്‍വതത്തില്‍ ജപ്പാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ നിശ്ചിത എണ്ണം സഞ്ചാരികളെ മാത്രമേ പര്‍വതത്തിലേക്ക് കയറ്റിവിടുകയുള്ളു. അതോടൊപ്പം പര്‍വതത്തിലേക്ക് പ്രവേശിക്കാന്‍ ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമിതമായ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഈ നടപടി. സഞ്ചാരികള്‍ ഫുജിയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പര്‍വാതാരോഹണത്തിനിടെ പരിക്കേല്‍ക്കുന്നതും നിത്യ സംഭവമായതോടെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടല്‍. ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്ന സീസണിലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുക. ജപ്പാന്റെ സംസ്‌കാരത്തില്‍ ഏറെ പ്രധാനപ്പെട്ട പര്‍വതമാണ് 3,776 മീറ്റര്‍ ഉയരമുള്ള മൗണ്ട് ഫുജി. ചില വിഭാഗങ്ങള്‍ക്ക് ഇതൊരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്. വര്‍ഷത്തില്‍ പകുതിയും മഞ്ഞുമൂടിക്കിടക്കുന്ന ഫുജി ഒരു സജീവ അഗ്നിപര്‍വതമാണ്.
ഗെയ്ഷകളെ അപമാനിച്ചാല്‍ പിടിവീഴും
ജപ്പാന്റെ സാംസ്‌കാരിക സൗന്ദര്യത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന ക്യോട്ടോ അതിമനോഹരമായ നിരവധി കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. സുന്ദരമായതെല്ലാം ക്യോട്ടോയിലാണ് ഉണ്ടായതെന്നൊരു ചൊല്ലുണ്ട് ജപ്പാനില്‍. മൂന്നു വശം മലകളും രണ്ടു മഹാനദികളും കാക്കുന്ന ഈ മനോഹരനഗരത്തിലാണ് ജാപ്പനീസ് ശില്‍പ്പകലയും നൃത്തകലയും സംഗീതവുമൊക്കെ തഴച്ചുവളര്‍ന്നത്. 1300 വര്‍ഷം പഴക്കമുള്ള കിയോമിസു ദേര ക്ഷേത്രവും 600 വര്‍ഷം പഴക്കമുള്ള കിന്‍കാ കൂജി സുവര്‍ണക്ഷേത്രവും ജപ്പാന്‍ ഇംപീരിയല്‍ പാലസും ഇവിടെയാണ്. ഗെയ്ഷകളെന്ന മനോരഞ്ജിനികളായ കലാദേവതകളുടെ നഗരംകൂടിയാണ് ക്യോട്ടോ.
ഗെയ്ഷകളെ കാണാനായി ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ക്യോട്ടോയിലെ ഗിയോണ്‍ ജില്ലയിലെത്താറുണ്ട്. എന്നാല്‍ ഇവരുടെ സംരക്ഷിത ഭവനങ്ങളിലേക്കുള്ള അമിതമായ സഞ്ചാരി പ്രവാഹവും ഗെയ്ഷകളോടുള്ള മോശമായ പെരുമാറ്റവും കാരണം കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ സമീപകാലത്ത് കൊണ്ടുവന്നത്. ഗിയോണിന്റെ പല പ്രദേശങ്ങളിലും ഇപ്പോള്‍ സഞ്ചാരികള്‍ക്ക് സമ്പൂര്‍ണ വിലക്കാണ്. പ്രവേശനങ്ങളുള്ള പല സ്ഥലങ്ങളിലും ഫോട്ടോഗ്രാഫിക്ക് വിലക്കുകളുണ്ട്. അനുമതിയില്ലാതെ ചിത്രങ്ങളെടുത്താല്‍ കടുത്ത പിഴയും ഈടാക്കും.
Content Highlights: Japan starts issuing eVisas for Indian tourists
Published: 05 Apr 2024, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented