പയ്യന്നൂർ: ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐ.സി.എഫ്.) ഇനി വന്ദേസ്ലീപ്പർ പദ്ധതി. അടുത്തവർഷം 40 വന്ദേസ്ലീപ്പർ നിർമിക്കും. ജനുവരിയിൽ പ്രവൃത്തി തുടങ്ങും. ഐ.സി.എഫിന്റെ മേൽനോട്ടത്തിൽ വിദേശ സഹകരണത്തോടെയാണ് പദ്ധതി. രാജ്യത്തിന്റെ ന്യൂജെൻ പതിപ്പായ വന്ദേഭാരതിന്റെ നിർമാണം ഐ.സി.എഫ്. നിർത്തിയതോടെ വന്ദേസ്ലീപ്പറിലാണ് ഇനി റെയിൽവേയുടെ ശ്രദ്ധ.
രാജ്യത്തിന്റെ പ്രധാന റൂട്ടുകളിലെല്ലാം വന്ദേഭാരത് എത്തിയതോടെയാണ് വന്ദേഭാരത് നിർമാണം റെയിൽവേ നിർത്തിയത്. വന്ദേസ്ലീപ്പറിനും വന്ദേഭാരത് ട്രെയിൻ സെറ്റുകളുടെ അതേ സാങ്കേതികത്വമാണ്. വന്ദേഭാരതിന്റെ പ്രൊപ്പൽഷൻ സംവിധാനങ്ങളും മറ്റും നിർമിക്കുന്നത് മേധ സർവോ ഡ്രൈവ്സ് പ്രൈവറ്റ് ലിമിറ്റഡാണ്. വാർഷിക അറ്റകുറ്റപ്പണിയും ഈ കമ്പനിയാണ് ചെയ്യുന്നത്. വന്ദേസ്ലീപ്പറിന്റെ ഇലക്ട്രിക്കൽ ഉപകരണങ്ങളടക്കം ആഗോള ടെൻഡർ വിളിക്കാനാണ് പദ്ധതി.
നിലവിൽ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) നിർമിച്ച നാല് വന്ദേസ്ലീപ്പറും പുറത്തിറങ്ങി. ഹൗറ-കമാഖ്യ-ഹൗറ റൂട്ടിൽ രണ്ടും മുംബൈ-ബെംഗളൂരു-മുംബൈ റൂട്ടിലുമാണ് ഇവ ഓടുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ വണ്ടിയാണ് ബെംഗളൂരു-മുംബൈ റൂട്ടിലേത്. 16 കോച്ചുകളിലായി 823 ബെർത്തുകളാണുള്ളത്. മുഴുവൻ ശീതീകരിച്ച കോച്ചുകളാണ്.
ദൂരവും സമയവും പരിഗണിച്ചുള്ള നിലവിലെ പോളിസി പ്രകാരം കേരളത്തിലെ റൂട്ടുകൾക്കും മുൻഗണന കിട്ടും. വന്ദേഭാരതിന്റെ പരിഷ്കരിച്ച പതിപ്പ്-4.0 ഐ.സി.എഫിൽ ഒരുങ്ങുന്നുണ്ട്. ഹൈ സ്പീഡ് കോറിഡോറിൽ 350 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഘടനയിലാണ് രൂപകൽപ്പന.
Content Highlights: ICF Chennai to manufacture 40 Vande Sleeper trains starting next January., BEML has already rolled out four Vande Sleeper trains operating on major routes., Kerala routes to get priority based on distance and travel time policies., Development of Vande Bharat version-4.0 designed for 350 km/h high-speed corridors is underway.
Published: 08 Nov 2026, 07:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented