എത്ര തവണ കണ്ടാലും പുതിയ കാഴ്ചകള്‍ കാത്തുസൂക്ഷിക്കുന്നവയാണ് മഹാനഗരങ്ങള്‍. മനുഷ്യന്‍ സൃഷ്ടിച്ച വിസ്മയങ്ങള്‍ ആ നഗരങ്ങളിലുടനീളം കാണാം. സഞ്ചാരികളെ നഗരങ്ങള്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. അതിന്റെ മായക്കാഴ്ചകളിലേക്ക് വലിച്ചടിപ്പിക്കുന്നു. നൈറ്റ്‌ലൈഫുകള്‍, പാര്‍ട്ടികള്‍, തെരുവ് ഭക്ഷണങ്ങള്‍, കലാപ്രകടനങ്ങള്‍ തുടങ്ങി ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം അവിടെയുണ്ടാവും. ആ നഗര ഹൃദയത്തിലൂടെയുള്ള ഒരു നടത്തം ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കുമുള്ള നടത്തം കൂടിയായിരിക്കും. സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട നാല് മഹാനഗരങ്ങളെ അടുത്തറിയാം.
ഇസ്താംബുള്‍
പൗരാണികതയും ആധുനികതയും ഇഴചേര്‍ന്നു കിടക്കുന്ന ഇസ്താംബുള്‍ നഗരം സഞ്ചാരികളുടെ സ്വപ്ന സ്ഥലമാണ്. യൂറോപ്പിന്റെയും ഏഷ്യയുടെയും സങ്കലനം. തലസ്ഥാനനഗരം അങ്കാറയെങ്കിലും തുര്‍ക്കിയുടെ സാംസ്‌കാരിക തലസ്ഥാനം ഇസ്താംബുള്‍ ആണ്. പുരാതനമായ കൂറ്റന്‍ മതിലുകളുടെ അവശേഷിപ്പുകളാണ് ഇസ്താംബുളില്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇന്നും രാജ്യസംരക്ഷണത്തിനായി അവര്‍ മതിലുകള്‍ പണിഞ്ഞു കൊണ്ടേയിരിക്കുന്നു. പഴയ തെരുവായ ഇസ്തിക്കല്‍ സ്ട്രീറ്റും തുര്‍ക്കിയുടെ താജ്മഹലായ ഹയ സോഫിയയും ബ്ലൂ മോസ്‌കും ഒക്കെ ഇങ്ങനെ നടന്നു കാണാവുന്ന സ്ഥലങ്ങളാണ്. ഇസ്തിക്കല്‍ സ്ട്രീറ്റിലെ തിരക്കും അതീവ രുചികരമായ ഭക്ഷണവും പൗരാണികത തുടിക്കുന്ന കെട്ടിടങ്ങളും ആസ്വദിച്ചു മടങ്ങാം. ഓള്‍ഡ് ടൗണ്‍ ഇസ്താംബുള്‍ റോഡ് മ്യൂസിയങ്ങളും ഓട്ടോമന്‍ തുര്‍ക്കുകളുടെയും ഗ്രീക്ക് സെറ്റില്‍മെന്റുകളുടെയും പാദമുദ്രകളും നിറഞ്ഞയിടമാണ്. സുല്‍ത്താന്‍ അഹ്‌മദ് മോസ്‌ക്, തൊല്‍കാപ്പി മ്യൂസിയം, ഹയ സോഫിയ, ഏതു ലോകോത്തര ബ്രാന്‍ഡ് വസ്ത്രങ്ങളും ലെതറും കരകൗശല വസ്തുക്കളും കിട്ടുന്ന ഗ്രാന്‍ഡ് ബസാര്‍, എല്ലാ സുഗന്ധവ്യഞ്ജനങ്ങളും കിട്ടുന്ന സ്‌പൈസ് മാര്‍ക്കറ്റ്. ഇവയെല്ലാം ഒരു നടത്തത്തില്‍ ഉള്‍പ്പെടുത്താം. പൊതു ഗതാഗതം മികച്ചു നില്‍ക്കുന്ന രാജ്യമാണ് തുര്‍ക്കി. രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് റോഡ്, റെയില്‍, വ്യോമ ഗതാഗത സൗകര്യങ്ങള്‍ ഉണ്ട്
സിംഗപ്പുര്‍
ഇന്ത്യക്കാര്‍ കുടുംബമായി യാത്ര ചെയ്യാന്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍. നൂറുശതമാനം ഫാമിലി ഡെസ്റ്റിനേഷനായ രാജ്യം. കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ട കാഴ്ചകള്‍ സിംഗപ്പൂര്‍ ഒരുക്കിവെച്ചിട്ടുണ്ട്. വൃത്തിയുള്ള തെരുവുകളും അച്ചടക്കമുള്ള ട്രാഫിക്കും നൈറ്റ് ഷോപ്പിങ്ങും രുചിവൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുമെല്ലാമായി ഒരു പെര്‍ഫക്ട് ഡെസ്റ്റിനേഷന്‍. സീസണ്‍ വ്യത്യാസമില്ലാതെ സഞ്ചാരികളെത്തുന്ന രാജ്യമാണ് സിംഗപ്പൂര്‍. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന തെരുവുകള്‍, രസിപ്പിക്കുന്ന വിനോദശാലകള്‍, തീം പാര്‍ക്കുകള്‍, രാത്രിത്തെരുവുകള്‍, കാസിനോകള്‍.. ഏതു രാത്രിക്കും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരം. ഏതു തരം സഞ്ചാരിക്കും അയാളുടെ സാമ്പത്തികത്തിനനുസരിച്ച് സുഖമായി ജീവിക്കാം. ലോകത്തെ പലഭാഗഭങ്ങളില്‍ നിന്നുള്ള ജനങ്ങളും അവരുടെ സംസ്‌കാരവും ഇടകലര്‍ന്ന് ജീവിക്കുന്ന രാജ്യം. ഷോപ്പിങ്ങിന്റെ പറുദീസകൂടിയാണ് സിംഗപ്പൂര്‍. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെയൊക്കെ ഏഷ്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റ്. യാത്രയുടെ ഒരു ദിവസം ഷോപ്പിങ്ങിനായി തന്നെ മാറ്റിവെച്ചാലും തികഞ്ഞില്ലെന്നു വരാം.
ആംസ്റ്റര്‍ഡാം
നെതര്‍ലന്റ്‌സിന്റെ തലസ്ഥാന നഗരമാണിത്. യൂറോപ്യന്‍ നഗരമെന്നു കേട്ടാല്‍ ഏതൊരു സഞ്ചാരിയുടെയും ഹൃദയത്തിലെത്തുന്ന സ്ഥലം.യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തു നോര്‍ത്ത് സീ യോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം. ട്യൂലിപ് പുഷ്പങ്ങളുടെ നാട്. മൂന്ന് പ്രധാന കനാലുകളെ ചുറ്റിപ്പറ്റിയാണ് ആംസ്റ്റര്‍ഡാമിലെ ജീവിതം ചലിക്കുന്നത്. ഹെറെന്‍ഗ്രാട്ട്, കീസേഴ്‌സ്ഗ്രാട്ട്, പ്രിന്‍സെന്‍ഗ്രാട്ട് എന്നിവയാണ് ഈ കനാലുകള്‍. സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്ന സ്ഥലമാണിത്. വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ഈ നഗരം ചുറ്റിക്കാണാനായി സൈക്കിളുകളെയും ആശ്രയിക്കാം. ആംസ്റ്റര്‍ഡാം സെന്‍ട്രല്‍ സ്റ്റേഷന് ചുറ്റും തന്നെ സൈക്കിളുകളും ബോട്ടുകളും വാടകയ്ക്ക് കൊടുക്കുന്ന സ്ഥലങ്ങളുണ്ട്. ഇടയ്ക്ക് ക്ഷീണിക്കുമ്പോള്‍ ഹോപ്പ് ഓണ്‍ ഹോപ് ഓഫ് കനാല്‍ ബസുകളെ ആശ്രയിക്കാം. റൈസ് മ്യൂസിയം, വാന്‍ഗോഗ് മ്യൂസിയം, ഡയമണ്ട് മ്യൂസിയം എന്നിവയെല്ലാം ഒറ്റനടത്തത്തില്‍ കവര്‍ ചെയ്യാം. ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് ആംസ്റ്റര്‍ഡാം കാര്‍ഡ് വാങ്ങിയാല്‍ യഥേഷ്ടം ട്രാമിലും ബസിലും സഞ്ചരിക്കാം. മെട്രോ ട്രെയിനുകളും കനാല്‍ ബസുകളുമായി നഗരം നന്നായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇടയ്ക്കിടെ ട്രാവല്‍ മോഡ് മാറ്റി മാറ്റി സെറ്റ് ചെയ്യാം. ഡാം സ്‌ക്വയര്‍ നിറയെ കനാലുകളും പാലങ്ങളുമാണ്. റോയല്‍ പാലസും ഗോഥിക് ചര്‍ച്ചുകളും നാഷണല്‍ മോണമെന്റും കണ്ട് ഡാംറാക്കില്‍ എത്താം.
ടോക്യോ

കിഴക്കനേഷ്യയിലെ ദ്വീപ് രാഷ്ട്രമായ ജപ്പാനിലെ പഴയ ജാപ്പനീസ് തെരുവുകളില്‍ക്കൂടി നടക്കണമെങ്കില്‍ ടോക്യോ ആണ് തിരഞ്ഞെടുക്കേണ്ടത്. തലസ്ഥാന നഗരമായ ടോക്യോ ലോകത്തെ മനോഹരമായ നഗരങ്ങളിലൊന്നാണ്. അഖിബാരയില്‍ തുടങ്ങി ജപ്പാന്റെ ദേശീയ പുഷ്പമായ ചെറി പുഷ്പങ്ങള്‍ വിരിഞ്ഞു നില്‍ക്കുന്ന ഈനോ പാര്‍ക്കിലവസാനിക്കുന്ന നടത്തം. ചരിത്രത്തിലേക്ക് തിരിച്ചു പോകാന്‍ പുരാതന നഗരമായ എനാക്ക തിരഞ്ഞെടുക്കാം. എയര്‍ ഏഷ്യ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റുകളാണ് ജപ്പാനിലേക്ക് യാത്ര ചെയ്യാന്‍ എല്ലാവരും ഉപയോഗിക്കുന്നത്. ജപ്പാന്‍ അത്യാവശ്യം ചെലവേറിയ രാജ്യം കൂടിയാണ്. ജപ്പാനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമാണ്. ചെന്നൈയിലുള്ള ജപ്പാന്‍ എംബസി മുഖേന കേരളത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് ആറ് മാസം വാലിഡിറ്റിയുള്ള പാസ്‌പോര്‍ട്ട് വേണം. ട്രാവല്‍ പ്ലാന്‍, ആറുമാസത്തെ പേഴ്‌സണല്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഫ്‌ളൈറ്റ് ടിക്കറ്റ്, ആപ്ലിക്കേഷന്‍ ഫോം, ഹോട്ടല്‍ വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കണം. ഡല്‍ഹിയില്‍ നിന്നും നേരിട്ടുള്ള വിമാനങ്ങളുണ്ടെങ്കിലും കൊളംബോ വഴിയോ മറ്റോ ഉള്ള കണക്ഷന്‍ ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കുന്നതാണ് ലാഭകരം. ഇന്ത്യന്‍ സമയത്തേക്കാള്‍ മൂന്നര മണിക്കൂര്‍ മുന്നിലാണ് ജപ്പാന്‍ സമയം.
Content Highlights: Best Cities in the World to Visit
Published: 23 Mar 2024, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented