വേനല്‍ കനക്കുകയാണ്. ഈ കാലാവസ്ഥയ്ക്ക് യോജിച്ച ഡെസ്റ്റിനേഷനുകളിലേക്കായിരിക്കണം ഈ സമയത്തെ യാത്രകള്‍. കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതി കൊണ്ടും യാത്രാനുഭവങ്ങള്‍ കൊണ്ടും വേനല്‍ക്കാല ടൂറിസത്തിന് യോജിച്ച ചില ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം.
ആന്ധ്രയിലെ 'ഊട്ടി' അരകു
Also Read
ആന്ധ്രാപ്രദേശിലെ ഒരാദിവാസി മലയോര നഗരമായ അരകു താഴ്‌വരയ്ക്ക് 'ആന്ധ്രയിലെ ഊട്ടി' എന്നൊരു വിശേഷണം കൂടിയുണ്ട്. ഭൂരിപക്ഷം ജനങ്ങളും ആദിവാസികളാണ്. ഇവിടത്തെ ക്യാമ്പിങ്ങും ടെന്റ് ഹൗസുകളും നൈറ്റ് ലൈഫും ഏറെ പ്രസിദ്ധമാണ്. ചുരങ്ങളും കാപ്പിത്തോട്ടങ്ങളും താഴ്‌വാരങ്ങളുമൊക്കെയായി മനംനിറക്കുന്ന കാഴ്ചകളാണ് അരകുവിലുള്ളത്. കാപ്പി മ്യൂസിയവും ട്രൈബല്‍ മ്യൂസിയവും പദ്മാപുരം ബൊട്ടാണിക്കല്‍ ഗാര്‍ഡനും ശ്രദ്ധേയമാണ്. ആന്ധ്രയുടെ പതിവ് ചൂടില്‍ നിന്നും മാറി തണുപ്പുള്ള പ്രദേശമായതുകൊണ്ടാണ് ആന്ധ്രയുടെ ഊട്ടി എന്ന് അരകു വാലി അറിയപ്പെടുന്നത്. കാടിനു നടുവിലെ ചാപാറൈ വെള്ളച്ചാട്ടവും മനോഹരമാണ്. അരകുവിന്റെ സൗന്ദര്യം ഒറ്റയടിക്കു കാണമങ്കില്‍ പോകാന്‍ പറ്റിയ ഇടമാണ് ഗലികൊണ്ട വ്യൂ പോയന്റ്.
ജക്കറാന്തകള്‍ പൂത്ത മൂന്നാര്‍

താരതമ്യേനെ സുഖകരമായ കാലാവസ്ഥയിലാണ് ഇപ്പോള്‍ മൂന്നാര്‍. നിറയെ ജക്കറാന്ത പൂത്തിരിക്കുകയാണ്. മനോഹരമായ തേയില തോട്ടങ്ങള്‍ക്കിടയില്‍ കടുംനീല നിറത്തില്‍ ജക്കറാന്ത പൂത്തിരിക്കുന്നത് മനോഹരമായ കാഴ്ചയാണ്. മൂന്നാര്‍ ചിന്നക്കനാല്‍, തലയാര്‍, പള്ളിവാസല്‍, ലക്കം എന്നിവിടങ്ങളിലെല്ലാം നീല വാക എന്നും അറിയപ്പെടുന്ന ജക്കറാന്ത പൂക്കള്‍ കാണാനാവും. ജക്കറാന്ത കാഴ്ചകള്‍ പിന്നിട്ടാല്‍ മാട്ടുപ്പെട്ടിയില്‍ ബോട്ടിങ് നടത്താം. സ്പീഡ് ബോട്ടുകള്‍, പെഡല്‍ ബോട്ടുകള്‍, ഫാമിലി ബോട്ടുകള്‍ തുടങ്ങി വിവിധതരം ബോട്ടുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുണ്ടള ജലാശയത്തില്‍ പെഡല്‍ ബോട്ട്, ശിക്കാര തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. മാട്ടുപ്പട്ടി അണക്കെട്ടില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. പുല്‍മേടുകള്‍ നിറഞ്ഞ സ്ഥലമാണിത്. ശബ്ദതരംഗങ്ങളെ പ്രതിധ്വനിപ്പിക്കുന്ന ഇവിടം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. നിരവധി പൂന്തോട്ടങ്ങളും മൂന്നാര്‍ മേഖലയിലുണ്ട്. മൂന്നാര്‍ പട്ടണത്തോട് ഏറ്റവുമടുത്തുള്ള ഉദ്യാനമാണ് ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടിന് സമീപത്തുള്ള ഹൈഡല്‍ പാര്‍ക്ക്. 16 ഏക്കറോളം പരന്നുകിടക്കുന്ന ഈ പാര്‍ക്കില്‍ നിരവധി അലങ്കാരച്ചെടികള്‍ ഒരുക്കിയിട്ടുണ്ട്. മാട്ടുപ്പട്ടി റോഡില്‍ വനംവകുപ്പിന് കീഴിലുള്ള റോസ് ഗാര്‍ഡനും ദേവികുളം റോഡിലെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനും പ്രശസ്തമാണ്. ഇവയ്‌ക്കൊക്കെ പുറമെ രാജമലയും കൊളുക്കുമലയും വട്ടവടയുമെല്ലാമുള്‍പ്പടെ നിരവധി സാധ്യതകളും മൂന്നാറിലുണ്ട്.
കാപ്പിമണം പരക്കുന്ന കൂര്‍ഗ്

പശ്ചിമഘട്ടത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 1525 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഷിക വിനോദസഞ്ചാര കേന്ദ്രമാണ് കൂര്‍ഗ് എന്ന കുടക്. കാപ്പിത്തോട്ടങ്ങള്‍ക്കും തേയില തോട്ടങ്ങള്‍ക്കും പേരുകേട്ട കൂര്‍ഗ് വെള്ളച്ചാട്ടങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, കോട്ടകള്‍ എന്നിവയ്ക്കും പ്രശസ്തമാണ്. ക്യാമ്പിങ്, ട്രെക്കിങ്, വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് പോലുള്ള സാഹസിക വിനോദ സഞ്ചാരത്തിനും കൂര്‍ഗ് മികച്ച സാധ്യതയാണ്. തെക്ക്പടിഞ്ഞാറന്‍ കര്‍ണാടകയില്‍ പശ്ചിമഘട്ട നിരകളില്‍ ഏകദേശം 4,100 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലായിട്ടാണ് കൂര്‍ഗ് സ്ഥിതി ചെയ്യുന്നത്. വയനാട് കല്‍പ്പറ്റയില്‍ നിന്നും 130 കിലോമീറ്ററാണ് കുടകിലേക്കുള്ള ദൂരം. മഴക്കാലത്തും മഞ്ഞുകാലത്തുമാണ് കൂര്‍ഗില്‍ സഞ്ചാരികളുടെ പ്രവാഹമുണ്ടാവുന്നതെങ്കിലും വേനലിലും സന്ദര്‍ശിക്കാന്‍ യോജിച്ച സ്ഥലമാണ് ഇവിടം. ഇവിടുത്തെ പ്ലാന്റേഷന്‍ ടൂറിസവും ലോകപ്രശസ്തമാണ്. കാപ്പിത്തോട്ടങ്ങള്‍ക്ക് നടുവില്‍ വില്ലകളും ഹോം സ്റ്റേകളും ഒരുക്കി ടൂറിസ്റ്റുകളെയും കൂര്‍ഗ്ഗ് വരവേല്‍ക്കും. കൂര്‍ഗിലെ മഴക്കാലം അങ്ങിനെവിനോദ സഞ്ചാരികളുടെയും പ്രിയ ഇടമായി മാറുകയാണ്. കൂര്‍ഗിന്റെതായ തനത് ഭക്ഷണ രീതികളും വശ്യമാണ്. ഏഴ് തട്ടുകളായി അബ്ബി വെള്ളച്ചാട്ടം, മടിക്കേരിയിലെ രാജാക്കന്മാരുടെ ശവകുടീരങ്ങള്‍ നില്‍ക്കുന്ന ഗദ്ദിഗെ, മുസ്ലിം വാസ്തുമാതൃകയില്‍ നിര്‍മിക്കപ്പെട്ട ഓംകാരേശ്വരക്ഷേത്രം, ഇംഗ്ലീഷ് വാസ്തുശൈലിയില്‍ നിര്‍മിക്കപ്പെട്ട കൊട്ടാരമായ മടിക്കേരി കോട്ട, രാജാസീറ്റ്, കാവേരിയിലെ ഒരു ദ്വീപായ നിസര്‍ഗ്ഗധാം, ഹാരങ്കി ഡാം, ദുബാരെ ആനക്യാമ്പ് എന്നിവയാണ് കുടകിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍.
ആലപ്പുഴയിലെ ഹൗസ്‌ബോട്ടുകള്‍

ആലപ്പുഴയിലെ പുരവഞ്ചി യാത്രകള്‍ ലോകപ്രശസ്തമാണ്. വേമ്പനാട്ട് കായലില്‍ ഹൗസ്‌ബോട്ട് യാത്ര നടത്താനായി സീസണുകളുടെ വ്യത്യാസമില്ലാതെ സഞ്ചാരികളെത്തുന്നു. ഒരിക്കല്‍ വന്നവര്‍ തന്നെ വീണ്ടും വീണ്ടും വരുന്നു. വേനല്‍ക്കാലത്തും വേമ്പനാട്ട്കായലും പുരവഞ്ചികളും സഞ്ചാരികള്‍ക്കായി വിസ്മയങ്ങള്‍ കാത്തുസൂക്ഷിക്കുന്നു. മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ നീളുന്ന ഹൗസ് ബോട്ട് പാക്കേജുകള്‍ ലഭ്യമാണ്. ശീതികരിച്ച ആഡംബര സൗകര്യങ്ങളുള്ള മുറികളുള്ള ഹൗസ്‌ബോട്ടുകള്‍ കായലിലൂടെ ഒഴുകുന്നു. കായല്‍ വിഭവങ്ങളും കള്ളും കലാപരിപാടികളുമൊക്കെയായി ഒരു സമ്പൂര്‍ണ 'വിനോദ' യാത്ര തന്നെയാണ് ഹൗസ്‌ബോട്ട് അനുഭവങ്ങള്‍ സമ്മാനിക്കുക. കുടുംബമായിട്ടും സുഹൃത്തുക്കളുമായിട്ടുമെല്ലാം ഒരുപോലെ കായല്‍ സൗന്ദര്യം ആസ്വദിക്കാം.
വാഗമണ്‍- കാഴ്ചയുടെ വസന്തം

ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ പശ്ചിമഘട്ടമലനിരകളുടെ തുടര്‍ച്ചയായി മീനച്ചില്‍ താലൂക്കിലേക്ക് വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് വാഗമണ്‍. വാഗമണ്‍ പട്ടണം ഉള്‍പ്പെടെ വാഗമണ്‍ മലനിരകളുടെ ഭൂരിഭാഗവും ഇടുക്കി ജില്ലയുടെ അതിര്‍ത്തിയിലാണ്. സമുദ്ര നിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് വാഗമണ്‍ സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെയാണ് ഇവിടം. പൈന്‍മരങ്ങളും തേയിലത്തോട്ടങ്ങളും മലനിരകളുമായി കാഴ്ചകളുടെ വിരുന്നാണ് വാഗണ്‍ ഒരുക്കുക. കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡുകളിലൂടെയുള്ള യാത്ര മികച്ച അനുഭവമായിരിക്കും. സിനിമാക്കാരുടെ പ്രധാന ലൊക്കേഷനുകളിലൊന്ന് കൂടിയാണ് വാഗമണ്‍. ടൗണിന് സമീപത്ത് തന്നെയുള്ള ടീ ഗാര്‍ഡന്‍ ലെയ്ക്ക് എന്ന തടാകവും കാണേണ്ടത് തന്നെയാണ്. തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യവുമുണ്ട്. പൈന്‍മരക്കാടുകളിലും മൊട്ടക്കുന്നുകളിലും അലഞ്ഞ് തിരിയുന്നതിന്റെ ഭംഗിയും ഒന്ന് വേറെ തന്നെയാണ്. വ്യത്യസ്ത യാത്രാനുഭവം നല്കുന്ന മാര്‍മല വെള്ളച്ചാട്ടവും ഹൈക്കിങ്ങിന്റെ അനുഭവം നല്കുന്ന ഇല്ലിക്കല്‍കല്ലും ഇവിടേക്കുള്ള യാത്രയില്‍ സന്ദര്‍ശിക്കാം. സൂഫി സന്യാസിയായിരുന്ന ഹസ്രത്ത് ഷെയ്ഖ് ഫരീദുദ്ദീന്‍ ബാബയുടെ വിശ്രമസ്ഥലമായിരുന്ന തങ്ങളുപാറയും കണ്ടിരിക്കേണ്ടത് തന്നെയാണ്. സാഹസിക നടത്തം, പാരാഗ്ലൈഡിംഗ്, പാറ കയറ്റം എന്നിങ്ങനെ സാഹസിക വിനോദങ്ങള്‍ക്കു പറ്റിയ സ്ഥലമാണ് വാഗമണ്‍. തങ്ങള്‍മല, കുരിശുമല, മുരുകന്‍ മല എന്നിങ്ങനെ മൂന്നു പ്രധാന മലകള്‍ വാഗമണ്ണിന്റെ അടയാളങ്ങളാണ്. കുരിശുമലയിലെ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഒരു കന്നുകാലി ഫാം നടത്തുന്നുണ്ട്.
Content Highlights: summer travel destinations in south india
Published: 27 Mar 2024, 07:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented