അതികഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ സഞ്ചാരികൾ യൂറോപ്പിന്റെ വടക്കൻ മേഖലകളിലേക്ക് പോകുന്നതാണ് പുതിയ ട്രെന്റ് . അതിന്റെ പേരാണ് 'കൂൾക്കേഷൻ' (Coolcation).'കൂൾ' (Cool), 'വെക്കേഷൻ' (Vacation) എന്നീ വാക്കുകൾ ചേർത്തുവെച്ചത്. തണുപ്പിൽ കഴിയുക, വലിയ ജനത്തിരക്കില്ലാതെ പ്രകൃതിയെ തൊട്ടറിയുക, സുഖകരമായ ഉറക്കവും മാനസികാരോഗ്യവും ഉറപ്പാക്കുക എന്നിവയാണ് കൂൾക്കേഷന്റെ പ്രധാന ആകർഷണങ്ങൾ. മെഡിറ്ററേനിയൻ രാജ്യങ്ങളായ സ്‌പെയിൻ, ഇറ്റലി, ഗ്രീസ്, തെക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ ഉഷ്ണതരംഗവും കാട്ടുതീയും വ്യാപകമായി പടർന്നിരുന്നതും കൂൾക്കേഷന് കാരണമായി. പല തെക്കൻ യൂറോപ്യൻ നഗരങ്ങളിലും ഇക്കഴിഞ്ഞ വേനൽക്കാലത്ത് താപനില 40°C മുതൽ 45°C വരെയായിരുന്നു ചൂട്. 

To advertise here,

എന്നാൽ,ഐസ്‌ലാന്റ്‌, നോർവേ, സ്വീഡൻ, ഫിൻലാൻഡ്  തുടങ്ങിയ സ്‌കാൻഡിനേവിയൻ/നോർഡിക് രാജ്യങ്ങളിൽ ഏറ്റവും കഠിനമായ വേനൽക്കാല മാസങ്ങളായ ജൂലൈ-ഓഗസ്റ്റിൽ പോലും താപനില 15°C മുതൽ മാത്രമായിരുന്നു. ഈ സുഖകരമായ കാലാവസ്ഥയാണ് സഞ്ചാരികളെ നോർഡിക് രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നത്.

യൂറോപ്യൻ യാത്രകൾ പ്ലാൻ ചെയ്യുന്ന ഇന്ത്യൻ സഞ്ചാരികളുടെ മുൻഗണനകളിലും വലിയ മാറ്റമുണ്ട്. മുമ്പ് സ്വിറ്റ്സർലൻഡും പാരീസും തെക്കൻ യൂറോപ്പും തിരഞ്ഞെടുത്ത സ്ഥാനത്ത്, ഇന്ന് ഇന്ത്യക്കാർ വടക്കൻ മേഖലകളിലേക്ക് വഴിമാറുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യയിൽ നിന്നുള്ള സ്‌കാൻഡിനേവിയൻ പാക്കേജ് ബുക്കിംഗുകളിൽ 40% മുതൽ 50% വരെ വർധനവുണ്ടായെന്ന് ഗ്ലോബൽ ടൂറിസം ഡാറ്റ വ്യക്തമാക്കുന്നു. വിദേശയാത്ര പ്ലാൻ ചെയ്യുന്ന 38 ശതമാനം ഇന്ത്യൻ സഞ്ചാരികളും വേനൽക്കാലത്ത് ചൂടേറിയ തെക്കൻ യൂറോപ്പിനു പകരം വടക്കൻ രാജ്യങ്ങളാണ് തിരഞ്ഞെടുക്കുന്നത്.

നോർവേയിലെ പ്രകൃതിദത്ത കായൽ പ്രവിശ്യകളായ ഫിയോർഡുകൾ (Fjords), ഐസ്ലൻഡ്, ഫിൻലാന്റ്, തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഇന്ത്യൻ യാത്രികർ കൂടുതലായി ബുക്ക് ചെയ്യുന്നത് .മുൻ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പുള്ള യാത്രാ കേന്ദ്രങ്ങൾക്കായുള്ള ഓൺലൈൻ തിരച്ചിലിൽ 74% വർധനവുണ്ടായെന്ന് കണക്കുകൾ പറയുന്നു.

ഗ്ലോബൽ ട്രാവലർ സർവേ പ്രകാരം 42% ആളുകളും അതികഠിനമായ ചൂട് കാരണം തങ്ങളുടെ യാത്രാ പ്ലാനുകൾ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് മാറ്റി.സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ അടുത്ത കാലത്തായി 35% വരെയാണ് വളർച്ചയുണ്ടായത്.