ന്യൂഡൽഹി: ചാറ്റ് ജിപിടിയുടെ '80’s വൈബ്' എഐ ചിത്രങ്ങളുടെ ട്രെൻഡ് രാഷ്‌ട്രീയ പോരാട്ടത്തിന് ആയുധമാക്കിമാറ്റി കോൺഗ്രസും ബിജെപിയും. 1980-കളിലെ ഫിലിം ക്യാമറകളിൽ എടുത്ത രീതിയിലുള്ള ഫോട്ടോകൾ നിർമിക്കുന്ന ഈ ട്രെൻഡ് കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും പീയൂഷ് ഗോയലുമടക്കം പരീക്ഷിച്ചത് വൈറലായിരുന്നു.

To advertise here,

കേരളത്തിലെ കോൺഗ്രസ് ഘടകമാണ് നിലവിലെ പോരിന് തുടക്കമിട്ടത്. '80കളിലെ ഗുജറാത്ത് തെരുവ്' എന്ന അടിക്കുറിപ്പോടെ മാരുതി സുസുകി ഓമ്നി വാനിലിരിക്കുന്ന ഒരാളുടെ എഐ ചിത്രം കോൺഗ്രസ് പങ്കുവെച്ചു. സിനിമകളിൽ സ്ഥിരമായി തട്ടിക്കൊണ്ടുപോകാനുപയോഗിക്കുന്ന ഗുണ്ടകളുടെ വാഹനം എന്ന രീതിയിൽ ട്രോളുകളിൽ പ്രശസ്തമായ ഈ വാൻ കാണിച്ചുകൊണ്ട് ബിജെപിയെ പരിഹസിക്കുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. ചിത്ര പശ്ചാത്തലത്തിലെ ചുമരിലുണ്ടായിരുന്ന പോസ്റ്ററിൽ ‘ദില്ലിയിലാണ്, ദയവായി ചിരിക്കൂ’ എന്ന് ഹിന്ദിയിൽ എഴുതിയിരിക്കുന്നതും കാണാം.

ഇതിന് മറുപടിയായി ബിജെപിയുടെ തെലങ്കാന ഘടകം മറ്റൊരു എഐ ചിത്രം പോസ്റ്റ് ചെയ്തു. ബാറിൽ നൃത്തംചെയ്യുന്ന ഒരു സ്ത്രീയുടെ ചിത്രം ‘ലൂസിയാന, ഇറ്റലി, 1970-കൾ’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി പങ്കുവെച്ചത്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജന്മസ്ഥലമാണിത്.