യു.എസിലെ ടെക്നോളജി പ്രൊഫഷണലായ വിസ്പി പട്ടേൽ ഡോളറിലാണ് സമ്പാദിക്കുന്നത്. സമ്പാദ്യം രൂപയിലേക്ക് മാറുമ്പോൾ കൂടുതൽ സമ്പന്നനായതായി അദ്ദേഹത്തിന് തോന്നുന്നു. ഡോളറിന് 95 രൂപയും പൗണ്ടിന് 130 രൂപയും കടന്ന് വിനിമയ നിരക്ക് മുന്നേറുമ്പോൾ പ്രവാസികൾക്ക് സ്വാഭാവികമായും ആവേശമുണ്ടാകും. എന്നാൽ നിലവിൽ ഇന്ത്യയിലുള്ള അവരുടെ രൂപ അധിഷ്ഠിത നിക്ഷേപങ്ങളുടെ അന്താരാഷ്ട്ര വിപണിമൂല്യം ഇടിയുകയാണ്.

To advertise here,

രൂപ ദുർബലമാകുമ്പോൾ നിങ്ങളുടെ ആസ്തികളുടെ യഥാർത്ഥ മൂല്യം ചോർന്നുപോകുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ മുന്നോട്ട് പോകുന്നത് സാമ്പത്തിക ഭദ്രതയെ ബാധിക്കും. ഈ സാഹചര്യം നിക്ഷേപങ്ങളിലെ കറൻസി റിസ്കിനെക്കുറിച്ച് വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുന്നു.

കറൻസി റിസ്ക്:
നിക്ഷേപങ്ങളിലെ വെല്ലുവിളിമിക്ക പ്രവാസികളും ഇന്ത്യയിൽ നടത്തുന്ന ഓരോ നിക്ഷേപത്തിലും ബോധപൂർവ്വമല്ലാതെ തന്നെ ഒരു 'കറൻസി എക്സ്പോഷർ' കടന്നുകൂടുന്നുണ്ട്. ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ ആകർഷകമാണെന്നതിൽ തർക്കമില്ല. എങ്കിലും ഓരോ രൂപ നിക്ഷേപവും മറികടക്കേണ്ട ലാഭക്ഷമതയുടെ കടമ്പ (Return Hurdle) രൂപയുടെ മൂല്യത്തർച്ചയോടെ വർധിക്കുന്നു.

നിക്ഷേപ നേട്ടത്തിന്റെ കണക്കുകൂട്ടൽ:

  • ഇന്ത്യൻ വിപണിയിലെ നേട്ടം: 12%
  • രൂപയുടെ മൂല്യത്തകർച്ച (ഉദാഹരണത്തിന്): 4%
  • യഥാർത്ഥ ഡോളർ നേട്ടം: 8%

ചുരുക്കത്തിൽ, ഇന്ത്യയിലെ നിക്ഷേപം 12 ശതമാനം ലാഭം നൽകിയാലും രൂപയുടെ മൂല്യം നാലു ശതമാനം ഇടിഞ്ഞാൽ ഡോളർ അധിഷ്ഠിത നിക്ഷേപകനെ സംബന്ധിച്ചിടത്തോളം യഥാർഥ ലാഭം എട്ടു ശതമാനം മാത്രമാകുന്നു. ആഗോള വിപണിയിൽ കുറഞ്ഞ റിസ്കിൽ എട്ടു ശതമാനം ലാഭം ലഭിക്കുന്ന മറ്റ് അവസരങ്ങൾ ലഭ്യമാണെങ്കിൽ, രൂപയുടെ മൂല്യത്തർച്ചയും ഇന്ത്യൻ വിപണിയിലെ ചാഞ്ചാട്ടവും കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ നിക്ഷേപത്തിൽനിന്ന് ഇതിലും ഉയർന്ന ലാഭം ലഭിച്ചാൽ മാത്രമേ കാര്യമുള്ളൂ. അതിനാൽ പ്രവാസികൾ നിക്ഷേപങ്ങളെ ഇന്ത്യൻ വിപണിയുമായി മാത്രം താരതമ്യം ചെയ്യാതെ, ആഗോളതലത്തിലുള്ള നിക്ഷേപ അവസരങ്ങളുമായി താരതമ്യം ചെയ്യേണ്ടതുണ്ട്.

നിക്ഷേപങ്ങൾ വിലയിരുത്താം

കൂടുതൽ മൂലധനം ഇന്ത്യയിലേക്ക് അയക്കുന്നതിനുമുമ്പ്, നിലവിൽ ഇന്ത്യയിൽ എത്രത്തോളം നിക്ഷേപമുണ്ടെന്ന് വിലയിരുത്തേണ്ടതുണ്ട്. നിക്ഷേപം വൈവിധ്യവത്കരിക്കാനും ഒരേ കറൻസിയിൽ പണം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനും താഴെ പറയുന്ന ആസ്തികളെക്കുറിച്ച് വ്യക്തമായ ധാരണ ആവശ്യമാണ്:

  • റിയൽ എസ്റ്റേറ്റ് (ഭൂമി, ഫ്ലാറ്റുകൾ)
  • കുടുംബ ബിസിനസുകളിലെ ഓഹരികൾ
  • ഇൻഷുറൻസ് പോളിസികൾ, പെൻഷൻ ആസ്തികൾ
  • പൈതൃകമായി ലഭിച്ച സ്വത്തുക്കൾ

ബാങ്ക് നിക്ഷേപങ്ങളും മ്യൂച്വൽ ഫണ്ടുകളും

ഇത്രയധികം ആസ്തികൾ ഇന്ത്യയിൽ ഉള്ളപ്പോൾ വീണ്ടും പണം രൂപയിലേക്ക് മാറ്റുന്നത് നിക്ഷേപത്തിന്റെ റിസ്ക് വർധിപ്പിക്കും. എന്നിരുന്നാലും, കുടുംബത്തോടുള്ള കടമകൾ നിറവേറ്റാനോ, ഭാവിയിൽ ഇന്ത്യയിലേക്ക് മടങ്ങാൻ പദ്ധതി ഉള്ളതുകൊണ്ടോ, ഇന്ത്യയുടെ ദീർഘകാല വളർച്ചയിലുള്ള വിശ്വാസം മൂലമോ ഒരാൾക്ക് ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താവുന്നതാണ്. എന്നാൽ ഇത്തരം തീരുമാനങ്ങൾ അറിഞ്ഞുകൊണ്ട് എടുക്കുന്നതാകണം; രൂപയുടെ മൂല്യം കുറഞ്ഞതുകൊണ്ട് മാത്രം സംഭവിക്കുന്നതാകരുത്.

ഭാവിയിലെ ചെലവുകളും കറൻസി അലോക്കേഷനും

നിക്ഷേപത്തിൽനിന്നുള്ള ലാഭത്തോടൊപ്പംതന്നെ പ്രധാനമാണ് ആ പണം ഭാവിയിൽ ഏത് കറൻസിയിലാണ് ചെലവഴിക്കാൻ പോകുന്നത് എന്നത്. വിരമിക്കൽ കാലം എവിടെയായിരിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം കറൻസി അലോക്കേഷൻ തീരുമാനിക്കേണ്ടത്.

ഇന്ത്യയിൽ വിരമിക്കാൻ ആഗ്രഹിക്കുന്നവർക്ക് രൂപയിലുള്ള നിക്ഷേപം അനുയോജ്യമാണ്. എന്നിരുന്നാലും, വിരമിക്കൽ കാലത്ത് ഇടയ്ക്കിടെയുള്ള വിദേശയാത്രകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, വിദേശ കറൻസി മൂല്യത്തിലുണ്ടാകുന്ന വ്യത്യാസം പരിഹരിക്കാൻ നിക്ഷേപത്തിന്റെ ഒരു ഭാഗം വിദേശ കറൻസിയിൽത്തന്നെ സൂക്ഷിക്കണം.

വിദേശത്ത് സ്ഥിരതാമസമാക്കുന്നവർ ഭാവി ചെലവുകൾ നടക്കാൻ പോകുന്ന കറൻസിയിൽത്തന്നെ നിക്ഷേപങ്ങൾ നിലനിർത്താൻ ശ്രദ്ധിക്കണം.

ഗിഫ്റ്റ് സിറ്റിയും ആഗോള നിക്ഷേപ വൈവിധ്യവത്കരണവും

ഇന്ത്യൻ വിപണിയിലെ പരിചയസമ്പത്തും വിദേശ കറൻസിയിലുള്ള സുരക്ഷിതത്വവും ആഗ്രഹിക്കുന്നവർക്ക് ഗിഫ്റ്റ് സിറ്റി (GIFT City) മികച്ച അവസരമാണ്. ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള മാർഗം എന്നതിലുപരി, ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിലൂടെ തന്നെ ഡോളർ അധിഷ്ഠിത ആഗോള ഫണ്ടുകളിൽ (GIFT City-domiciled dollar-denominated global funds) നിക്ഷേപിക്കാനുള്ള അവസരം പ്രവാസികൾക്ക് നൽകുന്നു.

ഇപ്രകാരം വകയിരുത്താം:

  • 15%: ഗിഫ്റ്റ് സിറ്റി PE/VC നിക്ഷേപങ്ങൾ (പ്രൈവറ്റ് ഇക്വിറ്റി / വെഞ്ചർ ക്യാപിറ്റൽ)
  • 10%: വൈവിധ്യവത്കരിച്ച ഇന്ത്യൻ ഇക്വിറ്റി ഫണ്ടുകൾ 10%: ഗിഫ്റ്റ് സിറ്റി പ്രൈവറ്റ് ക്രെഡിറ്റ്
  • 10%: സ്വർണം
  • 55%: ഡോളർ അധിഷ്ഠിത ആഗോള ആസ്തികൾ

നിക്ഷേപത്തിൽ നിന്നുള്ള ലാഭം കണക്കാക്കുമ്പോൾ നികുതിയും ഭരണപരമായ റിസ്‌കുകളും പ്രധാന ഘടകങ്ങളാണ്. റിപ്പോർട്ടിംഗ്, ബ്രോക്കറേജ്, കംപ്ലയൻസ് ആവശ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ ആദായത്തെ ബാധിക്കുന്നു.

യഥാർഥ ലാഭം കണക്കാക്കുന്ന രീതി:

പ്രതീക്ഷിക്കുന്ന ലാഭത്തിൽനിന്ന് കറൻസി ആഘാതം, നികുതി, ചെലവുകൾ, ലിക്വിഡിറ്റി പ്രീമിയം, ഭരണപരമായ വെല്ലുവിളികൾ എന്നിവ കുറയ്ക്കുമ്പോഴാണ് യഥാർഥ ലാഭം ലഭിക്കുന്നത്.

ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികൾ (പ്രത്യേകിച്ച് യു.എ.ഇ., ഒമാൻ) 'ഡീംഡ് റെസിഡൻസി' വ്യവസ്ഥകൾ സൃഷ്ടിക്കുന്ന സങ്കീർണതകൾ പ്രത്യേകം ശ്രദ്ധിക്കണം. ടി.ഡി.എസ്. (TDS) പൊരുത്തക്കേടുകൾ പലപ്പോഴും നിക്ഷേപകരെ വലയ്ക്കാറുണ്ട്. ഫെമ (FEMA) പ്രകാരമുള്ള റെസിഡൻസി പദവിയും ഇൻകം ടാക്സ് നിയമപ്രകാരമുള്ള പദവിയും ഒന്നാണെന്ന് കരുതുന്നത് അപകടമാണ്. ഇവ രണ്ടും കൃത്യമായി വേർതിരിച്ചു മനസ്സിലാക്കിവേണം നിക്ഷേപതീരുമാനമെടുക്കാൻ.

രൂപയുടെ മൂല്യത്തകർച്ചയിൽ പണം കരുതലോടെ കൈകാര്യം ചെയ്യണം. പണം അയക്കുമ്പോൾ നേട്ടമായി തോന്നാമെങ്കിലും, മൊത്തത്തിലുള്ള സമ്പത്തിനെ ഇത് ദോഷകരമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള തീരുമാനമെടുക്കണം. ഇന്ത്യയിലെ നിക്ഷേപങ്ങൾ ഫിക്സഡ് ഡെപ്പോസിറ്റുകളിലോ മ്യൂച്വൽ ഫണ്ടുകളിലോ ഒതുക്കാതെ, ഗിഫ്റ്റ് സിറ്റി പോലുള്ള നൂതന മാർഗങ്ങളിലൂടെ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുക. സമ്പത്ത് വളരുന്നത് കറൻസിയുടെ ഇടിവുകൊണ്ടല്ല, വിവേകപൂർണ്ണമായ ആസ്തി വിന്യാസം കൊണ്ടാണെന്ന് തിരിച്ചറിയണം.